റാവത്തിന്റെ മരണം: ദുഃഖത്തില്‍ ഇന്ത്യ ഒറ്റക്കെട്ടെന്ന് രാഹുല്‍, നികത്താനാവാത്ത നഷ്ടം: രാജ്‌നാഥ് സിംഗ്

Published on 09 December, 2021
റാവത്തിന്റെ മരണം: ദുഃഖത്തില്‍ ഇന്ത്യ ഒറ്റക്കെട്ടെന്ന് രാഹുല്‍, നികത്താനാവാത്ത നഷ്ടം: രാജ്‌നാഥ് സിംഗ്
ന്യൂഡല്‍ഹി: ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തില്‍ അനുശോചിച്ച് പ്രമുഖര്‍. ദുഃഖത്തില്‍ ഇന്ത്യ ഒറ്റക്കെട്ടായി നില്‍ക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

'ജനറല്‍ ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തുന്നു. ഇതുവരെ നടന്നിട്ടില്ലാത്ത തരത്തിലുള്ള ദുരന്തമാണ് സംഭവിച്ചത്. ഈ പ്രയാസകരമായ സമയത്ത് ഞങ്ങളുടെ മനസ്സ് അവരുടെ കുടുംബത്തോടൊപ്പമുണ്ട്. ഈ ദുഃഖത്തില്‍ ഇന്ത്യ ഒറ്റക്കെട്ടായി നില്‍ക്കുന്നു', രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

നികത്താനാകാത്ത നഷ്ടമാണ് ബിപിന്‍ റാവത്തിന്റെ വേര്‍പാടെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ട്വിറ്ററില്‍ കുറിച്ചു. 'ഇന്ന് തമിഴ്‌നാട്ടില്‍ നടന്ന നിര്‍ഭാഗ്യകരമായ ഹെലികോപ്റ്റര്‍ അപകടത്തില്‍ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മറ്റ് 11 സായുധ സേനാംഗങ്ങളുടെയും പെട്ടെന്നുള്ള വിയോഗത്തില്‍ അഗാധമായ വേദനയുണ്ട്. അദ്ദേഹത്തിന്റെ ആകസ്മിക മരണം നമ്മുടെ സായുധ സേനയ്ക്കും രാജ്യത്തിനും നികത്താനാവാത്ത നഷ്ടമാണ്', രാജ്നാഥ് സിങ് ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

മാതൃരാജ്യത്തെ അത്യധികം ഭക്തിയോടെ സേവിച്ച ധീരനായ സൈനികരില്‍ ഒരാളായിരുന്നു ബിപിന്‍ റാവത്തെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. അദ്ദേഹത്തിന്റെ വേര്‍പാടില്‍ അഗാധമായി വേദനിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.

'നമ്മുടെ സിഡിഎസ് ജനറല്‍ ബിപിന്‍ റാവത്തിനെ വളരെ ദാരുണമായ ഒരു അപകടത്തില്‍ നമുക്ക് നഷ്ടപ്പെട്ടു. രാജ്യത്തിന് വളരെ സങ്കടകരമായ ദിനമാണിത്. മാതൃരാജ്യത്തെ അത്യധികം ഭക്തിയോടെ സേവിച്ച ധീരനായ സൈനികരില്‍ ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മാതൃകാപരമായ സംഭാവനകളും പ്രതിബദ്ധതയും വാക്കുകളില്‍ വിവരിക്കാനാവില്ല. അദ്ദേഹത്തിന്റെ വേര്‍പാടില്‍ ഞാന്‍ അഗാധമായി വേദനിക്കുന്നു', അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക