പുറത്തെടുക്കുമ്പോള്‍ ജീവനുണ്ടായിരുന്നു ; ബിപിന്‍ റാവത്ത് സ്വന്തം പേര് പറഞ്ഞു

ജോബിന്‍സ് Published on 09 December, 2021
പുറത്തെടുക്കുമ്പോള്‍ ജീവനുണ്ടായിരുന്നു ; ബിപിന്‍ റാവത്ത് സ്വന്തം പേര് പറഞ്ഞു
കൂനൂരില്‍ അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററില്‍ നിന്ന് പുറത്തെടുക്കുമ്പോള്‍ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന് ജീവനുണ്ടായിരുന്നെന്ന് രക്ഷാപ്രവര്‍ത്തന സംഘത്തിലുണ്ടായിരുന്ന ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍. ഹെലികോപ്റ്ററിറെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുക്കുമ്പോള്‍ ബിപിന്‍ റാവത്ത് അദ്ദേഹത്തിന്റെ പേര് പറഞ്ഞിരുന്നുവെന്നും ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേയാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചതെന്നും അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അപകടത്തില്‍ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന 14 പേരില്‍ 13 പേരും മരിച്ചു. ജനറല്‍ ബിപിന്‍ റാവത്തിന് പുറമേ ഭാര്യ ഡോ. മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡ്ഡര്‍, ലഫ് കേണല്‍ ഹര്‍ജീന്ദര്‍ സിംഗ്, നായക് ഗുരു സേവക് സിംഗ് നായക് ജിതേന്ദ്രകുമാര്‍, ലാന്‍സ് നായക് വിവേക് കുമാര്‍, ലാന്‍സ് നായക് ബി. സായി തേജ, ഹവില്‍ദാര്‍ സത്പാല്‍, ജൂനിയര്‍ വാറന്റ് ഓഫീസറും സൂലൂരിലെ ഫ്ളൈ റ്റ് എന്‍ജിനിയറുമായ തൃശ്ശൂര്‍ പുത്തൂര്‍ സ്വദേശി പ്രദീപ്, ജൂനിയര്‍ വാറന്റ് ഓഫീസര്‍ ദാസ്, പൈലറ്റ് വിംഗ് കമാന്‍ഡര്‍ ചൗഹാന്‍, സ്‌ക്വാഡ്രണ്‍ ലീഡര്‍ കുല്‍ദീപ് സിംഗ് എന്നിവരാണ് മരിച്ചത്. ഗ്രൂപ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് മാത്രമാണ് രക്ഷപ്പെട്ടത്. 80 ശതമാനത്തോളം പൊള്ളലോടെ അദ്ദേഹം വെല്ലിങ്ടണിലെ സേന ആശുപത്രിയില്‍ ചികിത്സയിലാണ്.

കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ അന്തരിച്ച സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന്റെ സംസ്‌കാരം നാളെ നടക്കും. ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെ മൃതദേഹം ഇന്ന് വൈകീട്ട് സൈനിക വിമാനത്തില്‍ മൃതദേഹം ഡല്‍ഹിയിലേക്ക് കൊണ്ടുവരും. അന്തരിച്ച മറ്റ് 11 സൈനികരുടെ മൃതദേഹവും ഇന്ന് ഡല്‍ഹിയില്‍ എത്തിക്കും. രാജ്യം ഇന്ന് ദേശീയ ദുഃഖാചരണമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക