Image

ജിമ്മി ജോർജ്: കാലത്തിനു മായ്ക്കാൻ കഴിയാത്ത മുറിവ്  (ഫിലിപ്പ് ചെറിയാൻ)

Published on 09 December, 2021
ജിമ്മി ജോർജ്: കാലത്തിനു മായ്ക്കാൻ കഴിയാത്ത മുറിവ്  (ഫിലിപ്പ് ചെറിയാൻ)

കവി  പറഞ്ഞതുപോലെ മരണം രംഗ ബോധം ഇല്ലാത്ത കോമാളിയാണ്.   
വോളിബോൾ ഇതിഹാസം ജിമ്മി ജോർജിന്റെ  ചരമ വാർഷികം  നവംബര് 30 നായിരുന്നു. ആ ധന്യജീവിതം വിടവാങ്ങിയിട്ട് 34 വര്ഷം പിന്നിട്ടു. 1955 മാർച്ച് 8 മുതൽ 1987  നവംബർ 30 വരെ മാത്രം നമ്മോടോപ്പും ജീവിച്ച വ്യക്തി.

അതിരുകൾ ഇല്ലാതെ അനുപമായ കേളി ശൈലിയിലൂടെ കാണികളുടെ മനം കവർന്ന താരം. സഹോദരങ്ങൾ എല്ലാം മികച്ച വോളീബോൾ താരങ്ങൾ. ചിലർ ദേശീയ, അന്തർദേശീയ താരങ്ങൾ. അപൂർവങ്ങളിൽ അപൂർവമായ കുടുംബ പാരമ്പര്യ൦. അഞ്ചാമത്തെ മകൾ ജാൻസി, പത്താമത്തെ മകൾ സിൽവിയ അടക്കം പത്തുപേർ അടങ്ങുന്ന കുടുംബം. 

ജിമ്മിയുടെ ഇളയ സഹോദരന്റെ ഭാര്യ അഞ്ജു   ജോർജ് ഏതൻ‌സ് ഒളിമ്പിക്സിൽ (2004) ലോംഗ് ജംപിൽ നാഷണൽ റിക്കാർഡ് ഹോൾഡർ ആണെന്ന വസ്തുതയും  വിസ്മരിച്ചു കൂടാ.  2003 ൽ ലോക അത്‌ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ ബ്രോൺസ് നേടി. ഈ നേട്ടം കൈവരിച്ച ഏക ഇന്ത്യൻ അത്ലറ്റാണ്.

 21 -)൦ വയസിൽ മറ്റൊരു താരത്തിനും ലഭിക്കാത്ത അർജുന അവാർഡ്. ടെഹ്‌റാൻ, ബാങ്കോക്ക്, സോൾ ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീമിൽ. സോൾ ഏഷ്യാഡിൽ ജപ്പാനെതിരെയുള്ള ജിമ്മിയുടെ പ്രകടനം വര്ണനാതീതം.1958, 62 നു ശേഷം മെഡൽ നേടിയ ടീം. 1986 ലെ ടീം 1979-82 വരെ അബുദബിയിൽ. 1982 മുതൽ 87 വരെയുള്ള വർഷങ്ങളിൽ ഇറ്റലിയിലെ വിവിധ ക്ലബ്ബുകൾക്കായി കളി. യൂറോപ്യൻ ലീഗിൽ കളിച്ച ആദ്യ ഇന്ത്യക്കാരൻ. 

1970 -78 വരെ യൂണിവേഴ്സികൾക്കായി കളിച്ചു. ദേശീയ വോളീബോൾ ചാമ്പ്യൻ ഷിപ്പിൽ 1971-78. 1985 വർഷങ്ങളിൽ വോളിബോളിനോടുള്ള ആവേശം മെഡിക്കൽ പഠനം ഉപേക്ഷിക്കാൻ കാരണം. തുടർന്ന് കേരള പോലീസിൽ ഓഫീസറായി തന്റെ കായിക ജീവിതം സമ്പന്നമാക്കി. ഏതൊരു വ്യക്തിക്കും മാത്രകയാക്കാവുന്ന പെരുമാറ്റവും ജീവിത ചിട്ടകളും ഉള്ള മറ്റൊരാളെ താരതമ്യം  ചെയ്യാൻ എന്റെ അറിവിൽ നിത്യ യൗവനം പ്രേം നസീർ മാത്രം.

ജിമ്മിയും കളിക്കാരായ എട്ടു സഹോദരരും  മാതാപിതാക്കൾക്കൊപ്പം

പേരാവൂർ ഗ്രാമത്തിൽ ജനിച്ചു അതിർത്തികൾ ഭേദിച്ചു യൂറോപിയൻ ലീഗ് വരെ എത്തി. ഇന്ത്യൻ വോളിബാളിന്റെ ലോക മുഖമായി. ലോകം കണ്ട മികച്ച 10 സ്പൈകർമാരിൽ ഗ്രീക്ക് ഗോഡ് ഹെർമിസ് എന്ന് വിശേഷിപ്പിക്കാറുള്ള ജിമ്മി. 1987 നവംബര് 30 നു ഇറ്റലിയിൽ ഉണ്ടായ കാറപകടത്തിൽ നിനച്ചിരിക്കാതെ 32-)o വയസിൽ വിടവാങ്ങി. തന്റെ ചുരുങ്ങിയ കാലത്തിനുള്ളിൽ ഇന്ത്യൻ കായികരംഗത്തു ഇതിഹാസമായി മാറി. 

ജിമ്മിയുടെ മൂത്ത സഹോദരൻ മുൻ ഐ .ജി.  ജോസ് ജോർജ് ഭാര്യയോടും ലേഖകനോടോപ്പം  ന്യു യോർക്കിൽ

വോളി ബോളിന്റെ പര്യായമായിരുന്നു ജിമ്മി ജോർജ്. നേടിയതിനേക്കാൾ ഒരുപാടു നേടാൻ ബാക്കി ഇരിക്കെയാണ് അദ്ദേഹം നമ്മെ വിട്ടു പോയത്. കളിക്കളത്തിലും ജീവിതത്തിലും സമാനതകളില്ലാത്ത അതുല്യ പ്രതിഭ. നെറ്റിന് മുകളിലേക്ക് സ്മാഷ് ചെയുവാൻ കുതിക്കുമ്പോൾ മറ്റാർക്കുമില്ലാത്ത ഒരസാമാന്യമായ പാടവം. വായുവിൽ നിമിഷങ്ങൾ ബാലൻസ് ചെയ്യുന്നതുപോലെ. വായുവിൽ ഉയർന്നു നിന്ന് തൊടുത്തുവിടുന്ന കോർട്ടിനെ വിറപ്പിക്കുന്ന സ്മാഷുകളിൽ നിന്നും പരിക്കേൽക്കാതെ രക്ഷപെടാൻ, എതിർവശത്തുള്ള കളിക്കാർ ശ്രെമിക്കുന്നതു ഞാൻ കണ്ടിട്ടുണ്ട്. 

ത്രസിപ്പിക്കുന്ന ഓർമ്മകൾ. പാലായിൽ നടന്നിട്ടുള്ള അഖിലേന്ത്യ വോളീബോൾ ടൂര്ണമെന്റുകളും, മണര്കാട് മെമ്മോറിയൽ ടൂര്ണമെന്റുകളും, ഇന്റർ കോളേജിയേറ്റ് ഉൾപ്പെട മറ്റു മത്സരങ്ങൾക്കും ഞാൻ സാക്ഷിയായിരുന്നിട്ടുണ്ട്. 

ജിമ്മിയുടെ ഇളയ സഹോദരൻ സെബാസ്റ്റിയൻ ജോർജ് ന്യു യോർക്കിൽ ലേഖകനൊപ്പം 

ആ കുടുംബവുമായുള്ള എന്റെ അടുപ്പം മറ്റാർക്കും അമേരിക്കയിൽ ഉണ്ടെന്നു ഞാൻ കരുതുന്നില്ല. അമേരിക്കയിൽ ജിമ്മി ജോർജ്  മെമ്മോറിയൽ ടൂർണമെന്റിൽ കളിക്കുന്നവരോ സംഘാടകരോ അദ്ദേഹത്തെ കണ്ടിട്ടുണ്ടാകില്ല. ഫിലഡല്ഫിയയിലുള്ള ജിമ്മിയുടെ ഇളയ പിതൃ സഹോദരൻ കുര്യാച്ചനുമായുള്ള അടുപ്പം  ഞാൻ സൂക്ഷിക്കുന്നു. അദ്ദേഹം നാട്ടിൽ അഭിഭാഷകൻ ആയിരുന്നു. ജിമ്മിയുടെ കുടുംബവുമായും വലിയ ആത്മബന്ധമാണെനിക്കുള്ളത്.

ജിമ്മിയുടെ കുടുംബചിത്രം 

പ്രീ ഡിഗ്രിക്ക് ശേഷം പാല സെന്റ്  തോമസ് കോളേജിൽ തന്നെ 1973 ൽ ഞാൻ ഡിഗ്രിക്ക് ചേർനു. 1970-73 കാലഘട്ടത്തിനു ശേഷം ദേവഗിരി സെന്റ് ജോസഫ് കോളേജിൽ നിന്നും ജിമ്മിയും അദ്ദേഹത്തിന്റെ ജേഷ്ട സഹോദരനൊപ്പം പാലാ സെന്റ്  തോമസിൽ വരുന്നു. കോളേജിലെ മറ്റു പ്രമുഖ കളിക്കാരോടോപ്പും ഒരു നല്ല ടീം ഉണ്ടാക്കിയെടുക്കുക എന്ന ആശയം അന്നത്തെ പി ഇ ആയിരുന്ന ജോസഫ് സാറിന് മാത്രം സ്വന്തം. ഞങ്ങളുടെ സീനിയർസ് ആയ സോജനും, ജോർജ് മാത്യുവും  പിന്നെ മറ്റു പ്രമുഖ  കളിക്കാരെ ചേർത്ത് നല്ലൊരു ടീം തന്നെ ജോസഫ് സർ മെനഞ്ഞെടുത്തു.   

ജിമ്മിയുടെ വിവാഹ ദിവസം സഹോദരരൊത്ത് 

ക്ലാസ് തുടങ്ങി ആഴ്ചകൾക്കു ശേഷം ബോട്ടണി ക്ലാസ്സിൽ ചേർന്ന ജിമ്മിയുടെ ഇരിപ്പിടം ക്ലാസിലും പ്രാക്ടിക്കൽ ക്ലാസിലും എന്റെ അടുത്ത് തന്നെ. ടാക്സോണമി എടുത്തിരുന്ന തെള്ളി സാറിന്റെ പ്രാക്ടിക്കൽ ക്ലാസ്സിൽ റെക്കോർഡ് ബുക്കിൽ പടം വരക്കേണ്ടതുണ്ട്. വരക്കാനുള്ള അദ്ദേഹത്തിന്റെ ബുദ്ധിമുട്ടു ഞാൻ മനസിലാക്കുന്നതിന് മുൻപ് തന്നെ ജിമ്മി എന്നോടു പറഞ്ഞിരുന്നു. ഒരിക്കൽ തെള്ളി സർ പറഞ്ഞത് ഞാൻ ഓർമ്മിക്കുന്നു. "വലിയ കളിക്കാരൻ ആണെന്നറിയാം, എന്റെ ക്ലാസ്സിൽ റെക്കോർഡ് ബുക്കിൽ പടം വരച്ചിരിക്കണം".  

എന്റെ അച്ചായന്റെ പോലീസ് ഉദ്യോഗവുമായി ബന്ധപെട്ടു 1971-83 കാലയളവിൽ ഞാൻ അന്ന് പാലാ പോലീസ് ക്വാർട്ടേഴ്സിലാണ് താമസിച്ചിരുന്നത്. അന്ന് പല വോളീബോൾ ടൂര്ണമെന്റുകളും പാലയിലാണ്  നടത്താറ്. സെന്റ്  വിൻസെന്റ് സ്കൂളിന് സമീപമുള്ള പള്ളിയിൽ സന്ധ്യ സമയങ്ങളിൽ ജിമ്മി സ്ഥിരമായി വരാറുള്ളതും, മടങ്ങി  പോകുമ്പോൾ സ്ഥിരമായി ക്വാർട്ടേഴ്സിൽ താമസിച്ചുരുന്ന എന്നെ പല പ്രവാശ്യും സന്ദർശിച്ചിരുന്നതും ഞാൻ ഓർമ്മിക്കുന്നു. കൂടെ ഉണ്ടായിരുന്ന പലരെയും ഓര്മിച്ചെടുക്കാൻ പ്രായം  എന്നെ അനുവദിക്കുന്നില്ല. 

രണ്ടു ഹോസ്റ്റലുകളാണ് അന്ന് സെന്റ് തോമസ് കോളേജിനുണ്ടായിരുന്നത്. സി ആർ ഹോസ്റ്റലും, മീനച്ചിലാറിനു സമീപമുള്ള  ഫാത്തിമ ഹോസ്റ്റലും. അതിലൊന്നിലായിരുന്നു ജിമ്മി താമസിച്ചിരുന്നത്. ചക്ക ഇടുക, വാഴക്കുല  വെട്ടുക ഇവയൊക്കെ ഹോസ്റ്റൽ ജീവിതത്തിലെ രസകരമായ അനുഭവങ്ങൾ തന്നെ. ചിലപ്പോഴൊക്കെ കൂട്ടുകാരോടൊപ്പം ജിമ്മിയും കൂടിയിട്ടുണ്ടാകാം. കോളേജിൽ അന്നുണ്ടായിരുന്ന പ്രമുഖ കളിക്കാരിൽ ചിലരെ ഓർമ്മവരുന്നു. സോജൻ, ജോർജ് മാത്യു, ജിമ്മി ജോർജ് , ജോസ് ജോര്ജ, ശങ്കരൻ നായർ ഗോപിനാഥ്. വോളി ബാളിന്റെ ചരിത്രം പറയുമ്പോൾ, ഉദയകുമാർ, സെബാസ്റ്റ്യൻ ജോർജ്, രമണ റാവു, ബെൽവന്ത് സിംഗ് ( 6'.6" )  അങ്ങിനെ നിരന്നു  പോകുന്നു. 

പാലായിലെ എം എൽ എ ആയ മാണി സി കാപ്പനെ മാറ്റി നിർത്തി ഈ ലേഖനം പൂർത്തി ആക്കാൻ ആകില്ല.  പകരക്കാരനായി ഗോപിനാഥും കോളേജിൽ വന്നിരുന്നത് ഞാൻ ഓർമ്മിക്കുന്നു. അദ്ദേഹവുമായുള്ള ബന്ധം FB ലൂടെ ഞാൻ സൂക്ഷിക്കുന്നു.

എന്നെക്കാൾ വളരെ പ്രായക്കുറവുള്ള മാണി സി കാപ്പൻ പതിനഞ്ചു   പതിനാറു വയസുള്ളപ്പോൾ  എന്റെ അച്ചായനോടോപ്പും വീട്ടിൽ വന്നിരുന്നതും ഞാൻ ഓർമ്മിക്കുന്നു. അദ്ദേഹത്തിന്റെ മൂത്ത സഹോദരങ്ങളോടാണ് എനിക്ക് കൂടിതൽ അടുപ്പം. അവരെ എല്ലാം ഞാൻ ഓർമ്മിക്കുന്നു. മാണിയുടെ പിതാവ് എം പി ആയിരുന്നു. ജിമ്മിയോടൊപ്പം പല സ്‌റ്റേജുകളും അദ്ദേഹം പങ്കിട്ടിട്ടുണ്ട്.  ഏതാനും  ആഴ്ച  മുൻപേ ഇന്ത്യാ പ്രസ് ക്ലബ്  കൺവെൻഷന് അദ്ദേഹം  അമേരിക്ക സന്ദർശിച്ചിരുന്നു. ചിക്കാഗോയിൽ നടന്ന സമ്മേളനത്തിൽ എനിക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ല. അതിനു അടുത്ത ആഴ്ച ന്യൂയോർക്കിൽ നടത്തിയ പുഷ്പ ശ്രീ, കർഷക ശ്രീ അവാർഡ് ദാനത്തിൽ അദ്ദേഹം വന്നിരുന്നു. മറ്റു ചില പ്രശ്നങ്ങളാൽ അന്ന് അദ്ദേഹത്തിൽ നിന്നും അവാർഡ് വാങ്ങാൻ എനിക്ക്  കഴിഞ്ഞില്ല. 

പാലായിൽ സാം എന്നദ്ദേഹം അറിഞ്ഞിരുന്ന ഫിലിപ്പ് ചെറിയാൻ ഞാൻ ആണെന്ന് ചിലപ്പോൾ പേര് കേട്ടപ്പോൾ അദ്ദേഹം അറിഞ്ഞിരിക്കില്ല. സംഘാടകരോടും അതിൽ പങ്കെടുത്ത പലരോടും സൂചിപ്പിച്ചിരുന്നെങ്കിൽ കൂടി, അതൊക്കെ  സൂചിപ്പിക്കാൻ അവർക്കെവിടെ സമയം?  

ചെങ്ങന്നൂർ സ്വദേശിയായ എന്റെ ജീവിതം പാലായിൽ തുടങ്ങി. 1971 ൽ തുടങ്ങി അച്ചായൻ പോലീസിൽ നിന്നും വിരമിച്ചതോടുകൂടി 1984 ൽ സ്വദേശമായ ചെങ്ങന്നൂരിലേക്കു മടക്കം. അമ്പതു വര്ഷത്തിലേറെയുള്ള എന്റെ അടുപ്പം മാണി സി കാപ്പനോട്. 50 വർഷത്തെ എന്റെ അടുപ്പം മറ്റൊരാളുമായി ഇവിടെ കപ്പാനുണ്ടോ എന്നെനിക്കറിയില്ല.  

കൊച്ചിയിൽ സെലിബ്രിറ്റികളുടെ വസ്ത്ര സ്ഥാപനം  മെൻ ഇൻ കെയുവിൽ.    ഇടതു നിന്ന്: ലേഖകൻ, ഓണർ നൗഷാദ്, മോഹൻ ഡാനിയൽ (ന്യു യോർക്ക്), ബാബു, ജോസ് ജോർജിന്റെ മകൾ മരിയ സിനോജ്

ജിമ്മിയുടെ മൃതശരീരം തിരൂപനന്തപുരം എയർ പോർട്ടിൽ നിന്നും കേരള ഗവേര്മെന്റിനു വേണ്ടി ഏറ്റുവാങ്ങിയതും മാണി സി കാപ്പനെണെന്ന വസ്തുത വിസ്മരിച്ചു കൂടാ. 
പാലാ സെന്റ് തോമാസിലെ ചുരുങ്ങിയ കാലയളവിനുള്ളിൽ ജിമ്മയും ജോസും കോട്ടയത്ത്  മെഡിക്കൽ പഠനം ആരംഭിച്ചു.  താമസിയാതെ ജിമ്മിയും, ജോസും, ഗോപിനാഥും, ഉദയകുമാറും മറ്റും പോലീസിൽ ചേരുന്നു. ജോസ് ജോർജ് കണ്ണൂർ റേഞ്ച് ഐജി ആയി റിട്ടയർ ചെയ്തു.  അധികം താമസിയാതെ ഗോപിയും ഐജി ആയി റിട്ടയർ ചെയ്തു. 

എന്റെ ഓര്മ ശരിയയാണെങ്കിൽ DySP ആയിരുന്ന സമയത്താണ് ജിമ്മി മരണപ്പെടുന്നത്. ഞാൻ  കോട്ടയത്ത്  ട്രാസ്പോർട് ബസിൽ യാത്ര ചെയ്യുമ്പോളാണ് കൂട്ടുകാരോടോപ്പും സ്റ്റാൻഡിൽ നിൽക്കുന്ന ജിമ്മയെ  അവസാനമായി കാണുന്നത് .

എന്റെ ഡിഗ്രി കാലഘട്ടം 1973-76. ആ കാലഘട്ടത്തിൽ ആയിരുന്നല്ലോ, ജിമ്മിയും, ജോസും  മറ്റും അവിടെ ഉണ്ടായിരുന്നത്. 25 വര്ഷം പിന്നിടുന്ന കോളേജിന്റെ ആഘോഷ വേളയിൽ അന്ന് ഇന്ത്യൻ പ്രധാനമന്തി ഇന്ദിര ഗാന്ധിയുടെ കോളേജ് സന്ദർശനം അക്കാലത്തായിരുന്നു.  ഈ കാലഘട്ടം കോളേജിന്റെ സുവർണ കാലം തന്നെ. ഈ കാലലയളവിനുള്ളിൽ കോളേജിൽ ഒരു ഫുട് ബോൾ ടീം ഞാൻ തട്ടി കൂട്ടിയിരുന്നു. 

ജിമ്മി ഇറ്റലിയിൽ-ഫെയ്‌സ്ബുക്ക് ലിങ്ക് 

https://fb.watch/9O6kmxgd-P/

അതിന്റെ ക്യാപ്റ്റൻ ആയി ഞാൻ എന്നെ തന്നെ അവരോധിക്കുകയും ചെയ്തു. ജിമ്മിയും മറ്റും ഉള്ള സമയം ആയിരുന്നതിനാൽ ഫുട്ബോളിനു ഞാൻ വിചാരിച്ച അത്രയും ശ്രദ്ധ  പി യി ആയിരുന്ന ജോസഫ് സർ തന്നിരുന്നില്ല എന്ന് പറയുന്നതാകും ശരി. എന്റെ നിർബന്ധത്തിനു വഴങ്ങി അദ്ദേഹം ഞങ്ങളെ ആദ്യത്തെ മാച്ചിന് കൊണ്ടു പോയി. തിരുവല്ല മാർത്തോമാ കോളേജിൽ നടന്ന പ്രഥമ മത്സരത്തിൽ റാന്നി കോളേജിനോട് രണ്ടു ഗോളിന് പരാജയപെട്ടു. അതും ഒരു ഓർമയായി ഞാൻ സൂക്ഷിക്കുന്നു.

കുറെ വറ്ഷങ്ങൾക്കു മുൻപ്‌  ജിമ്മിയുടെ പിതു സഹോദരന്റെ വീട്ടിൽ ഉണ്ടായിരുന്ന ജിമ്മിയുടെ മകനുമായി ഞാൻ സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ തിരക്കുകാരണം നേരിൽ കാണാൻ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ മകന്റെ കുഞ്ഞിന്റെ ഫോട്ടോയും ജിമ്മിയുടെ സഹോദരൻ സെബാസ്റ്റ്യൻ എനിക്കയച്ചിരുന്നു.  ജിമ്മി ഇന്നുണ്ടായിരുന്നെങ്കിൽ ഒരു മുത്തച്ഛൻ.

ജിമ്മിയുടെ ഇളയ സഹോദരൻ സെബാസ്റ്റ്യൻ ജോർജും  അതിനു ശേഷം  മൂത്ത സഹോദരൻ ജോസ് ജോർജും ഭാര്യയും അമേരിക്കയിൽ വന്നപ്പോൾ ന്യൂ യോർക്കിൽ വരികയും അവരോടൊപ്പം മൂന്ന് നാലു മണിക്കൂർ മൻഹാട്ടൻ നഗരം  ചുറ്റിയുള്ള ബോട്ടു യാത്രയിൽ  ഒന്നിച്ചു കൂടുകയും ചെയ്തു. ജോസിനെ കാണുന്നത്  47 വര്ഷങ്ങള്ക്കു ശേഷം. കുര്യാച്ചൻ അവരെ എന്നെ ഏല്പിച്ച ശേഷ൦  മടങ്ങി. 

അടുത്ത കാലത്തു എന്റെ കേരള സന്ദർശന വേളയിൽ എറണാകുളത്തു എന്നെ ഷോപ്പിങ്ങിനു സഹായിച്ചതു ജോസിന്റെ മകൾ മരിയ സിനോജ് ആയിരുന്നു. ജോസിന് രണ്ട്‌ മക്കൾ, മകളും മകനും. ജോസിന്റെ മകൾ ഈ ഏപ്രിലിൽ, ഭർത്താവിന്റെ ജോലിയുമായി ബന്ധപെട്ട് മൂന്ന് മക്കളോടോപ്പും ദുബായിലേക്ക് പോകുന്നു. ജോസിന്റെ ഇളയ മകൻ ജോർജ് ജോസ് ന്യൂസിലാൻഡിൽ കുടുംബത്തോടൊപ്പം കഴിയുന്നു.എന്റെ കുടുബത്തോടുള്ള അടുപ്പം പോലെ ജിമ്മിയും കുടുബവും. 

ജിമ്മി, പ്രേം നസീർ, ദാസേട്ടൻ ഇവരുടെ ഒക്കെ കാലത്തു ജീവിക്കാൻ സാധിച്ചത് തന്നെ ചിലർ ഭാഗ്യമായി കരുതുമ്പോൾ, അവരോടൊക്കെ വളരെ അടുത്ത് ഇടപെടുവാൻ എനിക്ക് കഴിഞ്ഞിട്ടുള്ളത്  വലിയ 
ഒരു ഭാഗ്യമായി സൂക്ഷിക്കുന്നു.

ജിമ്മിയുടെ മരണശേഷം അദ്ദേഹത്തിന്റെ ഓർമയായി ഇറ്റലിയിൽ ഒരു ഇൻഡോർ സ്റ്റേഡിയം പണിതുയർത്തി. അതൊക്കെ  കാണുമ്പോൾ നമ്മുടെ കേന്ദ്ര ഗവണ്മെന്റോ കേരള ഗവണ്മെന്റോ അദ്ദേഹത്തിന് വേണ്ടതായ അംഗീകാര൦  കൊടുത്തിട്ടുണ്ടോ എന്നത് ഒരു ചോദ്യമായി അവശേഷിക്കുന്നു.

ലേഖകൻ 

മലയാള സിനിമയെ ഗിന്നസ് ബൂക്കിലൂടെ ലോകത്തിന്റെ നിറുകയിൽ എത്തിച്ച നിത്യ ഹരിതനായകൻ  പ്രേം നസീറിനും അർഹതപെട്ട അംഗീകാരം മാറി മാറി വരുന്ന ഒരു ഗവെർമെന്റും കൊടുത്തിട്ടുണ്ടോ എന്ന സംശയം ഈ ചെറിയ ലേഖനത്തിലൂടെ നിങ്ങളിലേക്ക് ഒരു ചോദ്യ രൂപേണ ഉന്നയിക്കുന്നു. ആരൊക്കെ മറന്നാലും ഇവരൊക്കെ മനുഷ്യൻ ഉള്ളടത്തോളം കാലം പകരക്കാരില്ലാതെ നമ്മുടെ മനസുകളിൽ ജീവിക്കും. അതാണ് അവർക്കു നാം കൊടുക്കുന്ന അംഗീകാരo.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക