Image

ജഡ്ജ് ബിജു ജോൺ കോശി: വിനയവും മികവും കൈമുതൽ

Published on 23 December, 2021
ജഡ്ജ് ബിജു ജോൺ  കോശി: വിനയവും മികവും കൈമുതൽ

ന്യു യോർക്ക്: ന്യു യോർക്ക് സിറ്റിയിൽ ജഡ്ജിമാരായി രണ്ട് ഇന്ത്യാക്കാരുടെ നിയമനം സമൂഹത്തിനു, പ്രത്യേകിച്ച് മലയാളികൾക്ക്, അഭിമാനമായി. സ്റ്റേറ്റ്  യൂണിഫൈഡ് കോർട്ട് സിസ്റ്റത്തിലേക്കാണ് ബിജു ജോൺ  കോശിയുടെയും ശ്രീവിദ്യ പാപ്പച്ചൻറെയും നിയമനം. തെരെഞ്ഞെടുക്കപ്പെടുന്ന ജഡ്ജിമാരും നിയമിക്കപ്പെടുന്ന ജഡ്ജിമാരുമുണ്ടെന്നതിനാൽ കുറച്ച് സങ്കീർർണമാണ് ഈ സിസ്റ്റം മനസിലാക്കാൻ.

ഏഴു വർഷത്തേക്കാണ് ജഡ്ജിമാരുടെ നിയമനം.

മാരാമൺ മുണ്ടക്കൽ കുടുംബാംഗം ജോൺ  കോശിയുടെയും അന്തരിച്ച ആലീസ് കോശിയുടെയും ഏക സന്താനമാണ് ജഡ്ജ് ബിജു ജോൺ  കോശി. പത്തനംതിട്ട പൂക്കൊട്ട്  ലിനോ കോശിയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.  ബാങ്ക് ഓഫ് അമേരിക്കയിൽ വൈസ് പ്രസിഡന്റാണ് ലിനോ കോശി.

സ്ഥാനമൊഴിയുന്നതിനു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മേയർ ബിൽ ഡി ബ്ളാസിയോ നിയമനം നടത്തിയതിൽ ജഡ്ജ് ബിജു കോശി അദ്ദേഹത്തിന്  നന്ദി പറഞ്ഞു.

മികച്ച പ്രാക്ടീസുള്ള അറ്റോർണി ആയിരിക്കുന്നതാണോ ജഡ്ജി ആകുന്നതാണോ നല്ലത് എന്ന ചോദ്യത്തിന്  ജഡ്ജി പദവി പണവുമായി ബന്ധപ്പെട്ടതല്ലെന്നു ജഡ്ജ് കോശി ചൂണ്ടിക്കാട്ടി. സമൂഹത്തെ സേവിക്കാൻ കിട്ടിയ ഒരവസരമായിട്ടാണ് താൻ ഇതിനെ കാണുന്നത്.

ലോ എൻഫോഴ്‌സ്‌മെന്റ് രംഗത്തുള്ള മലയാളികളൊക്കെ വലിയ വെല്ലുവിളികൾ നേരിടുന്നവരാണ്. തന്റെ കാര്യവും വ്യത്യസ്തമല്ലെന്നദ്ദേഹം പറഞ്ഞു. ഡിസ്ട്രിക്ട് അറ്റോർണിയുടെ ഓഫീസിൽ ചീഫ് എന്ന നിലയിൽ ഏറെ ഉത്തരവാദിത്വങ്ങൾ വഹിക്കേണ്ടി വന്നു. അപ്പോൾ വെല്ലുവിളികളും കൂടും.  വംശീയത മുതൽ എതിർപ്പ് കണ്ടുവെന്ന് വരും. പക്ഷെ ജോലിയിൽ സത്യസന്ധതയും   ആത്മാര്ഥതയും  കാണിക്കുമ്പോൾ എതിർപ്പുകൾ തനിയെ കെട്ടടങ്ങും.  സ്വന്തം ജോലി ഏറ്റവും മികച്ച രീതിയിലും നിർഭയമായും നിഷ്പക്ഷമായും ചെയ്യുമ്പോൾ വിമര്ശനങ്ങൽ ഇല്ലാതാകും. ഇതാണ് തന്റെ അനുഭവം-അദ്ദേഹം ചൂണ്ടിക്കാട്ടി.

ജഡ്ജി എന്ന നിലയിലും ഈ പ്രവർത്തനം തുടരണമെന്നാഗ്രഹിക്കുന്നു. ഒട്ടേറെ കടമ്പകൾ കടന്നാലേ ജഡ്ജി ആയി നിയമനം ലഭിക്കൂ. തെരെഞ്ഞെടുപ്പിനേക്കാൾ പ്രയാസം. അവ വിജയകരമായി തരണം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.

സ്റ്റാറ്റൻ ഐലണ്ടിൽ താമസിക്കുന്ന ജഡ്ജ് കോശി നേരത്തെ ന്യു ജേഴ്‌സി മാർത്തോമ്മാ ചർച്ച് അംഗമായിരുന്നു. അവിടെ മികച്ച ഡ്രം പ്ലേയർ  ആയിരുന്നുവെന്ന് ചർച്ച്  അംഗമായ സോമൻ തോമസ്  അനുസ്മരിക്കുന്നു. ചെറുപ്പത്തിലേ തന്നെ സ്വഭാവ വൈശിഷ്ട്യവും നേതൃപാടവവും കാണിച്ച ബിജു കോശി ഇത്തരം മികച്ച സ്ഥാനങ്ങളിൽ എത്തിയതിൽ അതിശയമില്ല. ഇനിയും ഈ നേട്ടങ്ങൾ ആവർത്തിക്കുകയും അത് സമൂഹത്തിനു ഗുണകരമാകുകയും ചെയ്യട്ടെ എന്ന് സോമൻ തോമസ് ആശംസിച്ചു.

ബിജു ജോൺ  കോശി, ശ്രീവിദ്യ പാപ്പച്ചൻ, ന്യു യോർക്ക് സിറ്റിയിൽ ജഡ്ജിമാർ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക