ലാ ലിസ്റ്റാ (ജോസഫ്‌ എബ്രഹാം)

Published on 28 December, 2021
ലാ ലിസ്റ്റാ (ജോസഫ്‌ എബ്രഹാം)
(ഇ-മലയാളി കഥാമത്സരത്തിൽ രണ്ടാം  സമ്മാനം നേടിയ കഥ)  
 
"അബോട്ട് ഹോമില്‍* നിന്നും  തന്ന നോട്ടുബുക്കില്‍ അടുത്ത പത്തു വര്‍ഷത്തില്‍ എന്നെക്കുറിച്ച് കാണുന്ന സ്വപ്നങ്ങള്‍ എഴുതിവയ്കാന്‍ കെയര്‍ടേക്കറായ  മിസ്  വില്‍ക്സന്‍ പറഞ്ഞിരുന്നു.
“അങ്ങിനെ  എഴുതിവച്ച സ്വപ്നങ്ങള്‍  ഇടയ്ക്കിടയ്ക്ക് ഞാന്‍ മറിച്ചു നോക്കും.  എന്‍റെ വക്കീലായ ഹന്നയെപ്പോലെ എനിക്കുമൊരു വക്കീലാവണം. അതാണെന്‍റെ സ്വപ്നം.”
 
മറിയയുടെ ഹ്രസ്വവും മധുരവുമായ പ്രസംഗം അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയായിരുന്ന.
 
"എന്‍റെ ഇഷ്ട്ട നിറമായ, പിങ്കിലുള്ള സ്യൂട്ട് അണിഞ്ഞുകൊണ്ട്  എന്നെപ്പോലുള്ള കുട്ടികള്‍ക്കു വേണ്ടി കോടതികളില്‍ കേസുവാദിക്കണം.  ഞങ്ങള്‍ പെണ്‍കുട്ടികള്‍ വീറുള്ള  പോരാളികളാണ്, ഞങ്ങളങ്ങിനെ തോറ്റു കൊടുക്കില്ല”.
 
മറിയ പ്രസംഗം അവസാനിപ്പിച്ച്‌ പോഡിയത്തില്‍ നിന്നും ചുറ്റുംനോക്കി.  ആരും അനങ്ങുകയോ കൈയടിക്കുകയോ ചെയ്യുന്നില്ല. എല്ലാകണ്ണുകളും അവളില്‍ തറഞ്ഞു നിന്നു. ഹൈസ്കൂള്‍ ഗ്രാജുവേഷന്‍ ചടങ്ങിനായി ഗൌണും തൊപ്പിയും അണിഞ്ഞു ആഹ്ളാദത്തോടെ എത്തിയ അവളുടെ സ്കൂളിലെ കുട്ടികളും അവരുടെ രക്ഷിതാക്കളും  മ്ലാനവദരരായി. ചില കോണുകളില്‍ നിന്നും അടക്കിപ്പിടിച്ച ഏങ്ങലടികള്‍. എല്ലാ കണ്ണുകളും സജലമായിരുന്നു.
 
കൌണ്ടി സ്കൂള്‍ സൂപ്രണ്ട്  വേദിയില്‍ നിന്നും എഴുന്നേറ്റു പോഡിയത്തിനടുത്തേയ്ക്ക് നടന്നു ചെന്നു. കൈപിടിച്ച് പോഡിയത്തില്‍ നിന്നും അവളെ താഴെയിറക്കി. ആറടിയിലധികമുള്ള സൂപ്രണ്ടിന്‍റെ നെഞ്ചിനൊപ്പമേ അവള്‍ക്കുയരമുള്ളൂ. സൂപ്രണ്ടവളെ നെഞ്ചോട്‌ ചേര്‍ത്ത് ആശ്ലേഷിച്ചപ്പോള്‍ അതുവരെ അടക്കിപ്പിടിച്ചിരുന്ന അവളുടെ സങ്കടമെല്ലാം പെരുമഴയായി.
 
സദസ് മുഴുവന്‍ ഇളകിമറിഞ്ഞു. നീണ്ട കരഘോഷങ്ങളും എങ്ങലടികളും അവസാനിക്കാന്‍ പതിനഞ്ചോളം മിനുട്ടുകള്‍ വേണ്ടിവന്നു. ആ സമയം മുഴുവന്‍ അവള്‍  കരയുകയായിരുന്നു.
 
കൌണ്ടിയിലെ ഏറ്റവും മികച്ച വിദ്യാര്‍ഥിയായ മറിയക്കു ഗ്രാജുവേഷന്‍ ചടങ്ങിലെ വേദിയില്‍ ഇടം കൊടുത്തപ്പോഴും, ഒരു അഭയാര്‍ഥിയായി എത്തിയ തന്‍റെ ജീവിതത്തെകുറിച്ച് പറയുവാന്‍ അഞ്ചു മിനുട്ട് സമയം  അനുവദിച്ചപ്പോഴും ആരും കരുതിയില്ല വൈകാരികമായ ഒരു രംഗം  അവിടെ അരങ്ങേറുമെന്ന്.
 
പ്രസംഗത്തിന്റെ  അവസാനം അവള്‍ക്കായി സ്കൂള്‍ അധികൃതര്‍ വിശേഷപ്പെട്ട ഒരു സമ്മാനം കൂടി ഒരുക്കിയിട്ടുണ്ടായിരുന്നു.
 
"ഹണീ, എന്‍റെ പ്രിയപ്പെട്ട ചിക്കന്‍ വിംഗ്."
 
ഉറക്കെയുള്ള ആ വിളി വേദിയുടെ ഒരരികില്‍ നിന്നു കേട്ടപ്പോള്‍ തന്നെ അവള്‍ ആ ശബ്ദത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞു.
 
മിസ്. വില്‍ക്സന്‍.  
 
അവരുടെ മാറില്‍ അമരവേ, വേദിയിലേക്ക് കടന്നു വരുന്ന ഹന്ന വക്കീലിനെയും, എന്നോ നഷ്ട്ടപ്പെട്ടെന്നു കരുതിയ തന്‍റെ  അമ്മ ഗബ്രിയേലയെയും അവള്‍ കണ്ടു. എഴുന്നേറ്റു നിന്ന് കരഘോഷം മുഴക്കുന്ന ആളുകള്‍ക്കിടയിലൂടെ അവളുടെ കണ്ണുകള്‍ പ്രതീക്ഷയോടെ വീണ്ടും പരതി,  പ്രിയപ്പെട്ട ചിലരെ കൂടി.
 
ചടങ്ങുകള്‍  കഴിഞ്ഞു.
 
തന്റെ വീട്ടില്‍ ചെന്ന് ആഹാരം കഴിച്ചിട്ട് പോയാല്‍ മതിയെന്ന് ഹന്ന മറിയയോടും അമ്മയോടും നിര്‍ബന്ധിച്ചു പറഞ്ഞു.  മിസ്. വില്‍ക്സനോട്  തല്‍കാലം യാത്രപറഞ്ഞവര്‍  ഹന്നയുടെ കാറില്‍ കയറി.
 
 കുറച്ചു  ദൂരം ചെന്നപ്പോള്‍  ഹന്നയുടെ ഫോണില്‍ മിസ്. വില്‍ക്സണിന്റെ ഒരു സന്ദേശം.   അതെന്താണെന്നു നോക്കാന്‍ ഹന്ന മറിയയോട്  പറഞ്ഞു.
 
സന്ദേശം വായിച്ചപ്പോള്‍ മറിയയ്ക്ക് തന്റെ സന്തോഷം അടക്കാന്‍ കഴിഞ്ഞില്ല. അവളുടെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം ഏതാനും നിമിഷത്തിനുള്ളില്‍  റേഡിയോ പ്രക്ഷേപണം ചെയ്യുന്നു.
 
ഹന്ന  റേഡിയോ ഓണ്‍ ചെയ്തു.
 
മറിയയുടെ ആത്മവിശ്വാസമുള്ള മധുരശബ്ദം റേഡിയോയില്‍ കേട്ടു തുടങ്ങി.
 
"പ്രിയപ്പെട്ടവരേ,
 
അതൊരു വെള്ളിയാഴ്ചയായിരുന്നു, സാധാരണമായ ഒരുദിവസം  പക്ഷേ  എനിക്കതൊരു ദുഖവെള്ളിയാഴ്ചയായി."
 
മറിയ കാറിനുള്ളിലിരുന്ന എല്ലാവരെയും നോക്കി.
 
‘The little girl tripped over the crack in the pavement.’
 
ഇംഗ്ലീഷ് ടീച്ചര്‍ പഠിക്കാനായി നല്‍കിയ വാചകങ്ങള്‍ വായിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാന്‍. സമയം രാത്രി എട്ടുമണിയായെന്ന് തോന്നുന്നു. പഠനം ബോറടിച്ചു തുടങ്ങിയപ്പോള്‍ ആര്‍ട്ട് ടീച്ചര്‍ സമ്മാനമായി  നല്‍കിയ കടലാസില്‍ പിങ്ക് നിറമുള്ള ഒരു ചെമ്പരത്തി പൂവിന്‍റെ ചിത്രം വരച്ചു തുടങ്ങി.
 
‘ഹായ് ചിക്കന്‍ വിംഗ്,  നിനക്കൊരു ഫോണ്‍ കാളുണ്ട്.'
 
ആ സമയം മുറിയുടെ വാതില്‍ക്കല്‍  എത്തിയ ഹഡ്സന്‍ അബോട്ട് ഹോമിലെ ജീവനക്കാരിയും എന്‍റെ കെയര്‍ടേക്കറുമായ മിസ്‌. വില്‍ക്സന്‍  എന്‍റെ ചെല്ലപ്പേര്‍ വിളിച്ചുകൊണ്ട് പറഞ്ഞു.
 
‘ചിക്കന്‍ വിംഗ്’.
അച്ഛനും അമ്മയും ചേച്ചിയുമൊക്കെ ചിക്കന്‍ വിംഗ് തിന്നാനുള്ള എന്‍റെ കൊതികണ്ട് ഓമനിച്ചു വിളിച്ചിരുന്ന പേര്.
 
അബോട്ട്‌ ഹോമില്‍ എത്തിയപ്പോള്‍ ഞാന്‍ തന്നെയാണ് മിസ്. വില്‍ക്സനോട് അമ്മ വിളിക്കുന്ന ആ ചെല്ലപ്പേര് പറഞ്ഞുകൊടുത്തത്. അതോടെ അവരും ചിക്കന്‍ വിംഗ് എന്നു വിളിക്കാന്‍ തുടങ്ങി.
 
 
അങ്ങിനെ വിളിക്കുന്നതായിരുന്നു എനിക്കും ഇഷ്ട്ടം. അതു കേള്‍ക്കുമ്പോള്‍ സ്വന്തം വീട്ടിലാണു താമസിക്കുന്നതെന്നെ തോന്നലാണ്.
 
പതിനൊന്നാമത്തെ  വയസ്സില്‍ അവിടെ എത്തുമ്പോള്‍, അവരുടെ ആ വിളിപ്പേര് കേട്ട് എന്‍റെ മുഖത്ത് എപ്പോഴും വലിയ ചിരിവിടരുമായിരുന്നെന്ന് മിസ്. വില്‍ക്സന്‍ പറയാറുണ്ട്.
 
“ഹണീ, ഞാനുടനെ അവിടെ എത്തും. അതിനു മുന്‍പ് ഇമിഗ്രേഷന്‍ ഓഫീസര്‍മാര്‍ ആരെങ്കിലും വന്നാല്‍ നീ അവരോടു സംസാരിക്കേണ്ട, അവര്‍ നല്‍കുന്ന ഒരു പേപ്പറിലും ഒപ്പിടാനും നില്‍ക്കണ്ട, ഓക്കെ?”
 
വിളിച്ചത് എനിക്കു വേണ്ടി നിയമസഹായം ചെയ്യുന്ന വക്കീല്‍ ഹന്നാ മേം ആയിരുന്നു. എന്നെപ്പോലുള്ള അഭയാര്‍ഥിക്കുട്ടികള്‍ക്ക് നിയമസഹായം ചെയ്തുകൊടുക്കുന്ന ഒരു സംഘടനയിലുള്ള വക്കീലാണവര്‍."
 
മറിയ മുഖം ചരിച്ച് ഹന്നയെ നോക്കി. മന:പൂര്‍വം മറിയയുടെ മുഖത്ത് നോക്കാതെ ഹന്ന  സജലമായ തന്റെ കണ്ണുകള്‍ മുന്നിലെ റോഡില്‍ത്തന്നെ ഉറപ്പിച്ചു നിര്‍ത്തി.
 
"അന്നു രാത്രിയില്‍ എന്നെ നാടുകടത്താനുള്ള വാറണ്ട് നടപ്പിലാക്കാന്‍ ഇമിഗ്രേഷന്‍ വകുപ്പുകാര്‍ എത്തുമെന്ന വിവരം എങ്ങിനെയോ ഹന്ന വക്കീലിന് ചോര്‍ന്നു കിട്ടിയിരുന്നു.
 ‘ന്യൂ ആര്‍ക്ക്’  വിമാനത്താവളത്തില്‍നിന്നും  വെളുപ്പിന് മൂന്ന് മണിക്കു ടെക്സസിലേക്കു പുറപ്പെടുന്ന വിമാനത്തില്‍ കൊണ്ടുപോകാനും അവിടെനിന്നു എന്‍റെ നാടായ ഹോണ്ടുറാസിലേക്ക് നാടുകടത്താനുമായിരുന്നു  അവരുടെ പദ്ധതി.
 
ഹന്നാ മേം വരുമെന്ന ധൈര്യത്തിലായിരുന്നു എന്‍റെ ഇരിപ്പ്. പക്ഷെ പ്രതീക്ഷയെ തകിടം മറിച്ചുകൊണ്ട് അതിന് മുന്‍പേ തന്നെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അബോട്ട് ഹോമിലെത്തി.
 
ഇടനാഴിയിലെ മരപ്പലകകളെ ഞെരിച്ചുകൊണ്ടു കനത്ത കാലടികള്‍ നടന്നടുക്കുന്ന ശബ്ദം അടച്ചിട്ട മുറിക്കകത്തിരുന്നു ചങ്കിടിപ്പോടെ ഞാന്‍ കേട്ടു.
 
പരിചയമില്ലാത്ത താളത്തിലുള്ള, അധികാരത്തിന്‍റെ സ്വരം വാതിലില്‍ തട്ടിയപ്പോള്‍  എന്‍റെ ഹൃദയത്തിന്‍റെ താളവും തെറ്റി.
 
ചെറുപ്രായത്തിലേ മുറിവേല്‍പ്പിച്ചുകൊണ്ട്‌ കടന്നുപോയ വൈകാരിക അനുഭവങ്ങളില്‍ നിന്നുണ്ടായ മാനസിക ആഘാതത്തിന് എനിക്ക് അബോട്ട് ഹോമില്‍ ചികിത്സയുണ്ടായിരുന്നു.
 
ജീവിത പ്രശ്നങ്ങളെ എങ്ങിനെ ചെറുതും ഇടത്തരവും വലുതുമായി തരം തിരിച്ചു കാണാമെന്നുള്ള പരിശീലനവും കൂട്ടത്തില്‍ ധ്യാനവും എന്റെ പരിശീലകന്‍ നല്‍കി വരുന്നുമുണ്ടായിരുന്നു.
 
“ചിക്കന്‍ വിംഗ്, ഹണീ...വാതില്‍  തുറക്കൂ!”
 
മിസ്. വില്‍ക്സന്റെ ശബ്ദത്തില്‍ പരിഭ്രാന്തി നിറഞ്ഞിരുന്നു. വാതില്‍ തുറന്നപ്പോള്‍ അവര്‍ക്കൊപ്പം അപരിചിതരായ രണ്ടുപേരെ കൂടി കണ്ടു.
 
എല്ലാവരും എന്നെക്കാണുമ്പോള്‍ ചിരിക്കാറുണ്ട്. എന്നാല്‍ അവര്‍ രണ്ടുപേരും ചിരിക്കാനറിയാത്ത മനുഷ്യരായിരുന്നു. അവരുടെ മുഖം നിര്‍വികാരതയാല്‍ മരവിച്ചിരുന്നു.
 
അതില്‍ ഒരാളുടെ കൈയില്‍ പിടിച്ചിരുന്ന മഞ്ഞനിറത്തിലുള്ള മനിലാ ലക്കോട്ടില്‍ എന്‍റെ ഫോട്ടോ ക്ലിപ്പ് ചെയ്തിട്ടുണ്ട്. ആ ലക്കോട്ടില്‍ നിന്നും ജീവിതത്തിലെ അപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നം, പതുങ്ങിയിരിക്കുന്ന ഒരു സര്‍പ്പത്തെപ്പോലെ എന്‍റെ നേരെ തലനീട്ടി.
 
മറ്റേയാളുടെ കയ്യില്‍ കൊച്ചു കുട്ടികള്‍ക്കായുള്ള ഒരു ചെറിയ സ്ട്രോളി ബാഗുണ്ട്. അതില്‍ എനിക്ക് വേണ്ടുന്ന അത്യാവശ്യ സാധനങ്ങള്‍ ഔദാര്യപൂര്‍വ്വം നിറച്ചിട്ടുണ്ടായിരുന്നു.
 
ഞാന്‍ പ്രതീക്ഷയോടെ കണ്ണുകളുയര്‍ത്തി അബോട്ട് ഹോമിലെ അധികാരികളെ ഉറ്റുനോക്കി. പക്ഷെ ഉദ്യോഗസ്ഥര്‍ നാടുകടത്തല്‍ വാറണ്ട് കാണിച്ചതോടെ അവര്‍ നിസ്സഹായരായി കാണപ്പെട്ടു.
 
ഹൃദയം തകര്‍ന്നുപോകുമെന്ന് ഞാന്‍ ഭയപ്പെട്ടു. മുഖം ചോരവറ്റി വിളറിപ്പോയിരുന്നു. ഉദ്യോഗസ്ഥര്‍ക്കൊപ്പം പാര്‍ക്കിംഗ് ലോട്ടിലേക്ക് നടക്കുന്ന ഓരോ ചുവടുവയ്പ്പിലും പുറകിലേക്ക് തിരിഞ്ഞുനോക്കിക്കൊണ്ടിരുന്നു. ആരെങ്കിലും ഓടിവന്നു എന്നെ കൊണ്ടുപോകുന്നത് തടയുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു.
 
മിസ്. വില്‍ക്സന്‍ കരഞ്ഞുകൊണ്ട്‌ മുറ്റത്ത് തളര്‍ന്നിരുന്നത് കണ്ടപ്പോള്‍, ഉറക്കെക്കരഞ്ഞുകൊണ്ട് ഞാന്‍ പിന്തിരിഞ്ഞോടി. ഒപ്പം നടന്ന പോലീസുകാരി അത് തടഞ്ഞു. എന്നെ ബലമായി പിടിച്ചു മുന്നോട്ടു നടത്തിച്ചു.
 
വാന്‍ അബോട്ട് ഹോമിന്‍റെ ഗേറ്റ് കടന്നപ്പോള്‍ ഹന്ന വക്കീലിന്റെ വെളുത്ത കാര്‍ അവിടെയ്ക്ക് എത്തുന്നതുകണ്ടു. കാറില്‍  നിന്നും ചാടിയിറങ്ങി വാനിനെ നോക്കി നില്‍ക്കുന്ന ഹന്ന വക്കീലും അവരുടെ കാറും പുറത്തെ റോഡിലെ ഇരുളില്‍ ഒരു വെള്ളപ്പൊട്ട് പോലെ മാഞ്ഞു പോകുന്നതും  കണ്ടു.
 
ഹന്ന മിഴികള്‍ തുടയ്ക്കുന്നത് മറിയ ശ്രദ്ധിച്ചു
 
"എന്നെ കൊണ്ടുപോയി ഇരുത്തിയ ഓഫീസ് കെട്ടിടത്തില്‍ നിന്നും രാത്രി പന്ത്രണ്ടു മണിയോടെ വീണ്ടും അവര്‍ എന്നെ വാനിലേക്ക് കയറ്റി. ഇനി എയര്‍പോര്‍ട്ടിലേക്കുള്ള യാത്രയാണ്.
 
"പുലര്‍ച്ചെ മൂന്ന് മണിനേരത്താണ് വിമാനം പുറപ്പെടുക എന്നറിയിച്ചിരുന്നു.  വാനിലിരുന്നു പുറത്തേക്ക് നോക്കിയപ്പോള്‍ രൂപങ്ങളില്ലാത്ത വെളിച്ച ചീളുകളായി  നഗരക്കാഴ്ചകള്‍ കണ്ണില്‍ കൊണ്ടുകയറി. കണ്ണുവേദനിച്ചപ്പോള്‍ കണ്ണടച്ചു സീറ്റിലേക്ക് ചാഞ്ഞു.
 
കുറച്ചു കഴിഞ്ഞപ്പോള്‍ വാന്‍ ഒരു കെട്ടിടത്തിനു മുന്നില്‍ നിര്‍ത്തി. അങ്കലാപ്പോടെ കണ്ണുതുറന്നു നോക്കി. വളരെ പരിചയമുള്ള ഇടം. ഏതാണെന്ന് പെട്ടന്ന് തിരിച്ചറിയാന്‍ പറ്റുന്നില്ല.
 
യാത്രയുടെ തുടക്കത്തിലേ അറ്റുപോയ കാഴ്ചയും തലച്ചോറുമായുള്ള ബന്ധം അപ്പോഴും വീണ്ടെടുത്തിരുന്നില്ല. ആര്‍ത്തലച്ചു ഒരു കൊടുങ്കാറ്റുപോലെ പാഞ്ഞു വന്ന മിസ്‌. വില്‍ക്സന്‍ പെയ്തിറങ്ങി നനച്ചപ്പോഴാണ് തിരികെ ഞാന്‍ അബോട്ട്‌ ഹോമില്‍ തന്നെയാണ് എത്തിയതെന്ന് മനസ്സിലായത് .
 
നാടുകടത്തുന്നത് താല്‍ക്കാലികമായി വിലക്കികൊണ്ടുള്ള ജഡ്ജിയുടെ ഉത്തരവ് ഹന്ന വക്കീലിന്റെ കയ്യില്‍ കിട്ടിയപ്പോഴേക്കും പാതിരാവായിരുന്നു. രാത്രിയില്‍ അടിയന്തിരമായി ജഡ്ജിയുടെ വീട്ടില്‍ വച്ച് കേസു കേട്ട് ലഭിച്ച ആ ഉത്തരവ് ഹോംലാന്‍ഡ് സെക്യൂരിറ്റി ഓഫിസിലേക്കു ഫാക്സ് ചെയ്തിട്ടവര്‍ അവിടേയക്ക് കുതിച്ചു.
 
പക്ഷെ അവര്‍ എത്തിയപ്പോഴേക്കും എന്നെയും കൊണ്ട് ഉദ്യോഗസ്ഥര്‍ എയര്‍പോര്‍ട്ടിലേക്ക് തിരിച്ചിരുന്നു. ഫാക്സ് സന്ദേശം കണ്ടില്ല എന്ന ഒഴുക്കന്‍ മറുപടിയാണ്‌ അവര്‍ക്കു ലഭിച്ചത്."
 
കാറിന്‍റെ പിന്‍സീറ്റില്‍ നിന്നും  അമ്മ ഗബ്രിയേലയുടെ  പൊട്ടിക്കരച്ചില്‍ ഉയര്‍ന്നപ്പോള്‍ ഹന്നയുടെ കണ്ണുകളും ഈറനണിഞ്ഞു.
 
"റേഡിയോ സന്ദേശം കൊടുക്കുമെന്നു അവിടെയുള്ളവര്‍ അറിയിച്ചെങ്കിലും  ഹന്ന വക്കീല്‍ എയര്‍പോര്‍ട്ടില്‍ കാത്തുനിന്നു. ഞാന്‍ സുരക്ഷിതയായി അബോട്ട് ഹോമില്‍ എത്തിയെന്ന സന്ദേശം ലഭിച്ചശേഷം മാത്രമാണവര്‍ തിരികെ വീട്ടിലേക്കു കാറോടിച്ചത്.
 
തിരിച്ചെത്തിയെങ്കിലും എന്‍റെ ദിവസങ്ങള്‍ പഴയതുപോലായില്ല. നാടുകടത്തപ്പെടുമെന്ന ഭയത്തിലായിരുന്നു  സദാസമയവും കഴിഞ്ഞിരുന്നത്.
 
 ഹോണ്ടുറാസില്‍  അമ്മ ഗബ്രിയേല നടത്തിയ  രാഷ്ട്രീയ പ്രവര്‍ത്തനം ഞങ്ങള്‍ക്കുചുറ്റും  വളരെയധികം ശത്രുക്കളെ  സൃഷ്ട്ടിച്ചിരുന്നു.
 
'ഇതുവേണ്ട എല്ലാം മതിയാക്കു' എന്ന അച്ഛന്റെ ഉപദേശം അമ്മ സ്വീകരിച്ചപ്പോഴേക്കും  ഏറെ താമസിച്ചു പോയിരുന്നു.
 
ഒരുനാള്‍ രാവിലെ ഒരു കപ്പ് കാപ്പിയുമായി മുറ്റത്തിറങ്ങി പതിവ് സിഗാര്‍ ആസ്വദിക്കാന്‍ തുടങ്ങും മുന്‍പേതന്നെ അച്ഛന്റെ ഇടത്തെ നെഞ്ചില്‍ നിന്നും പുകയുയര്‍ന്നു. റോഡിനപ്പുറത്തു നിന്നും പാഞ്ഞെത്തിയ ഒരു വെടിയുണ്ട എന്‍റെ പ്രിയപ്പെട്ട അച്ഛന്റെ നെഞ്ചില്‍ തറഞ്ഞു കയറി.
 
ഓടിയെത്തി  കെട്ടിപ്പിടിച്ച എന്‍റെ കൈകളിലേക്ക് അച്ഛന്‍ ചാഞ്ഞു. എന്‍റെ കുഞ്ഞു ദേഹത്തിനു താങ്ങാന്‍ ആവുന്നതിലും ഭാരമായിരുന്നത്. അച്ഛനോടൊപ്പം ഞാനും മുറ്റത്തു വീണുപോയി. എന്‍റെ മുഖം അച്ഛന്റെ നെഞ്ചില്‍ നിന്നും  ഒഴുകിയ ചോരയില്‍ കുതിര്‍ന്നപ്പോഴും അച്ഛന്റെ നെഞ്ചോടു മുഖം ചേര്‍ത്തുപിടിച്ചുകൊണ്ട്  എന്തു ചെയ്യണമെന്നറിയാതെ ഞാന്‍ കിടന്നു. അന്നു ചിന്തിത്തെറിച്ച എന്‍റെ തന്നെയായ  ചോരയുടെ ഉപ്പുരസം ഇന്നും  നാവില്‍ നിന്നും കെട്ടുപോയിട്ടില്ല.
 
ചേച്ചി പൌളീന അന്ന് പതിനെട്ടിലേക്ക് കടന്നതേയുണ്ടായിരുന്നുള്ളൂ. മൂന്ന് കൌമാരക്കാര്‍ അവളെ മാറിമാറി ബലാല്‍സംഗം ചെയ്യുന്നത് കട്ടിലില്‍ കിടന്നു ആസ്വദിച്ചുകൊണ്ട്‌ കേസന്വേഷണച്ചുമതലയുള്ള പോലീസ് ഓഫീസര്‍ വിചിത്രമായരീതിയില്‍    കാമ സംതൃപ്തി നേടി.
 
“പിടയ്ക്കാതെ കിടക്കെടി കൊടിച്ചീ,  മര്യാദയ്ക്ക് കിടന്നു ഇതൊക്കെ ആസ്വദിച്ചു കൂടെ നിനക്ക്?”
 
കുതറി മാറാന്‍ പാഴ്ശ്രമം നടത്തിയ പൌളീനയുടെ കരണത്തടിച്ചുകൊണ്ട് അയാള്‍ ചോദിച്ചു.
 
“നീ ഇതുകണ്ടോ, മര്യാദയ്ക്കല്ലേല്‍ അടുത്തീ കിടക്കയില്‍ കിടക്കുന്നത് ഇവരായിരിക്കും.”
അയാളുടെ കൈയ്യില്‍ എന്‍റെയും അമ്മയുടെയും ഫോട്ടോകള്‍ കണ്ടതോടെ അവള്‍ നിശബ്ദയായി, അവര്‍ക്കു കീഴടങ്ങി.
 
ഞങ്ങള്‍ ടെക്സസിലേക്ക് കടക്കാനായുള്ള അതിര്‍ത്തിയില്‍ എത്തി. അതുവരെ നേടിയതെല്ലാം ഉപേക്ഷിച്ചു കൈയില്‍ കിട്ടിയവ മാത്രം വാരിക്കെട്ടിയുള്ള പലായനമായിരുന്നത്.
ഇനി ‘ലാ ലിസ്റ്റ’യില്‍  പേരു ചേര്‍ക്കപ്പെടണം. മെക്സിക്കോ അമേരിക്കന്‍ അതിര്‍ത്തിയിലെ അഭയാര്‍ഥി ക്യാമ്പിനു വെളിയില്‍  അമ്മ ഗബ്രിയേല ഞങ്ങളെയും ചേര്‍ത്ത് പിടിച്ചു ‘ലാ ലിസ്റ്റ’യില്‍ പേരുചേര്‍ക്കാനുള്ള നീണ്ടവരിയുടെ ഒരറ്റത്ത് കാത്തുനിന്നു.
 
‘ലാ ലിസ്റ്റാ’ എന്നത് അഭയം തേടുന്നവരുടെ ബൈബിളാണ്. അത്ര വെടിപ്പില്ലാത്ത കൈപ്പടകളില്‍ പേരുകള്‍ എഴുതിച്ചേര്‍ത്ത ഒരു തടിച്ച രജിസ്റ്റര്‍ ബുക്ക്. അഭയാര്‍ഥികള്‍ക്കതു ജീവന്‍റെ പുസ്തകമാണ്. അതില്‍ പേരു ചേര്‍ക്കപ്പെടാത്ത ആര്‍ക്കും തെക്കേ അതിര്‍ത്തികളിലൂടെ അമേരിക്ക എന്ന അവരുടെ സ്വര്‍ഗ്ഗരാജ്യത്തിലേക്കുള്ള പ്രവേശനം അസാദ്ധ്യം.
 
അഭയാര്‍ത്ഥികള്‍ തന്നെയാണ് ‘ലാ ലിസ്റ്റ’ എന്ന രജിസ്റ്റര്‍ ബുക്കിന്റെ ഉപജ്ഞാതാക്കളും നടത്തിപ്പുകാരും. സര്‍ക്കാരുകള്‍ക്ക് യാതൊരു പങ്കുമില്ലാത്ത അനൌദ്യോഗികമായ ഒരു രജിസ്റ്റര്‍.
 
ലാ ലിസ്റ്റയില്‍  പേരു ചേര്‍ക്കപ്പെടുന്ന നാള്‍വഴി നോക്കിയാണ്, അപേക്ഷകരും അമേരിക്കന്‍ ഉദ്യോഗസ്ഥരും തമ്മിലുള്ള   കൂടിക്കാഴ്ചയുടെ നാളുകള്‍ നിശ്ചയിക്കപ്പെടുന്നത്.  ഓരോ ദിവസവും വൈകുന്നേരം മെക്സിക്കന്‍ ബോര്‍ഡര്‍ പട്രോള്‍ ഉദ്ധ്യോഗസ്ഥര്‍ ഈ ബുക്ക്‌ ‘സേഫ് കസ്റ്റഡിയായി’ സൂക്ഷിക്കും. രാവിലെ തിരികെ നല്‍കും.
 
അങ്ങിനെ അഭയം തേടല്‍ നടപടിയില്‍ നിര്‍ണ്ണായക പങ്കുള്ള ആ തടിച്ച ബുക്കില്‍ പേര് എഴുതിച്ചേര്‍ത്തപ്പോള്‍ ഒരു കീറ്റു കടലാസില്‍ എഴുതിയ ഒരു നമ്പര്‍ കിട്ടി. ഞങ്ങളുടെ വിധിനിര്‍ണ്ണയിക്കാന്‍ മാത്രം കരുത്തുള്ള ഒരു ചെറിയ സംഖ്യ.
 
പിന്നെ കാത്തിരിപ്പിന്‍റെ നാളുകളായി. അതു ചിലപ്പോള്‍ ആഴ്ചകള്‍ കടന്നു മാസങ്ങളില്‍ എത്തിയേക്കാം. അതിനവസാനം ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുമായി കൂടികാഴ്ചയ്ക്കും, അഭയം തേടിയുള്ള അപേക്ഷ സമര്‍പ്പിക്കാനുമുള്ള അവസരം കിട്ടിയേക്കാം.
 
അതിര്‍ത്തിയിലെ അഭയാര്‍ത്ഥി ഷെല്‍ട്ടറില്‍ കാലുകുത്താന്‍ ഇടമില്ല. കിടക്കാന്‍ ഇടമില്ലാത്തതിനാല്‍ അമ്മമാര്‍ കുഞ്ഞുങ്ങളെ മടിയില്‍ കിടത്തി ഇരുന്നാണുറങ്ങുന്നത്. ചിലര്‍ക്കു കാര്‍ഡ് ബോര്‍ഡുകള്‍  വിരിച്ചുള്ള കിടപ്പിന്റെ ആഡംഭരമുണ്ട്."
 
ഗബ്രിയേലാ കാറിന്‍റെ  പിന്‍സീറ്റില്‍  മുന്നോട്ടാഞ്ഞിരുന്നു.  ഇരു കൈകൊണ്ടും അവള്‍ മറിയയുടെ തലയില്‍ മെല്ലെ തടവി.
 
"ആള്‍ക്കൂട്ടത്തിനിടയില്‍ തനിക്കും പെണ്മക്കള്‍ക്കുമായി ഒരിടം കാണാനാവാതെ എന്‍റെ അമ്മയന്നു  പൊട്ടിക്കരഞ്ഞു. ഒരു സ്ത്രീ വന്നമ്മയുടെ കൈയില്‍ പിടിച്ചു കൊണ്ടുപോയി. ഒരു പനയുടെ ചുവട്ടിലെ അവളുടെ പ്ലാസ്റ്റിക്‌ കൂടാരത്തിലെ   അല്പം ഇടം ഞങ്ങള്‍ക്കുമായി പങ്കിട്ടു.
 
അമ്മയും ഞാനും ഒരുമിച്ചും, പ്രായപൂര്‍ത്തി ആയതുകൊണ്ട് ചേച്ചി പൌളീന തനിയെയുമാണ് അഭയം തേടിയുള്ള അപേക്ഷ കൊടുത്തത്. പൌളീനയുടെ അപേക്ഷ നിരസിക്കപ്പെട്ടു. ഏറെ ഭയപ്പെട്ടിരുന്ന നാട്ടിലേക്കുതന്നെ  ചെറുപ്പകാരിയായ അവള്‍ നാടുകടത്തപ്പെട്ടു.
 
അവള്‍ക്കിനി എന്താണ് സംഭവിക്കുക?  ഹോണ്ടുറാസിലെ ഞങ്ങളുടെ വീട് ഗുണ്ടാസംഘങ്ങള്‍ കയ്യേറിയിട്ടുണ്ടാകും.
 
'പൌളീന, അവള്‍ ഇപ്പോള്‍ എവിടെ ആയിരിക്കും' ഭ്രാന്തു പിടിപ്പിക്കുന്ന ചിന്തയുമായി അമ്മ എന്നെ ചേര്‍ത്തു പിടിച്ചു കരഞ്ഞു."
 
ആ വാക്കുകളുടെ തുടര്‍ച്ചയെന്നോണം പിന്‍സീറ്റില്‍ നിന്നും ഒരു തേങ്ങിക്കരച്ചില്‍ ഉയര്‍ന്നുകേട്ടു.
 
"മാസങ്ങളുടെ കാത്തിരിപ്പിനു ശേഷം അമ്മയുടെ അപേക്ഷ പരിഗണനയ്ക്കെടുത്തു. മൂന്ന് പ്രാവശ്യം അവള്‍ ജഡ്ജിയുടെ മുന്‍പില്‍ ഹാജരായി. അപേക്ഷയുടെ തീര്‍പ്പില്‍ തനിക്കനുകൂലമായി തീരുമാനം ഉണ്ടാകാനിടയില്ല എന്ന സൂചന ലഭിച്ചതോടെ ഇളയ മകളായ എന്നെയെങ്കിലും രക്ഷിക്കാന്‍ അമ്മ ആഗ്രഹിച്ചു.
 
ഒരു ദിവസം പുലര്‍ച്ചെ, അമ്മ എന്നെയും കൂട്ടി ടെക്സസിലേക്ക് കടക്കുന്ന പാലത്തിന്റെ അടുത്തെത്തി. ഓജസുവറ്റി ചെറുനീര്‍ച്ചാല്‍ പോലെ ഒഴുകിക്കൊണ്ടിരുന്ന ‘റിയോ ഗ്രാന്‍ഡെ’ നദിയുടെ കുറുകെയുള്ള പാലത്തിലേക്ക് അമ്മ എന്‍റെ  കൈപിടിച്ചു നടന്നു.
 
‘വാസാ എസ്ടാര്‍ ബിയെന്‍ ചിക്കന്‍ വിംഗ്’ ( vas a estar bien chicken wing!)
 
“You are going to be OK, chicken wing എന്നു പറഞ്ഞു വിങ്ങിപ്പൊട്ടിക്കൊണ്ട് അമ്മ എന്നെ തനിച്ചാക്കി തിരിച്ചു നടന്നു. ഒന്നു തിരിഞ്ഞുപോലും  നോക്കാതെ വേഗത്തില്‍ നടന്ന്,  അമ്മ മരങ്ങള്‍ക്കിടയിലെ ഇരുളില്‍  മറഞ്ഞു.
 
 ഇരുളിന്‍റെ മാളത്തില്‍നിന്നും തലനീട്ടിക്കൊണ്ട്, പിന്നിലേക്ക്‌  തിരിഞ്ഞു നോക്കിക്കൊണ്ട് പതിയെ നടന്നുമറയുന്ന ബാലികയായ മകളെ നോക്കി അമ്മ ചങ്കുപൊട്ടി കരഞ്ഞിട്ടുണ്ടാകും. ഒരു മകളെങ്കിലും രക്ഷപ്പെടുമായിരിക്കും എന്ന പ്രതീക്ഷയായിരുന്നു അമ്മയ്ക്കപ്പോള്‍.
 
മറിയ പിന്‍സീറ്റിലേക്ക് നോക്കിയപ്പോള്‍ അവളുടെ അമ്മ കൈകളില്‍ മുഖം പൂഴ്ത്തി വെച്ച് ഏങ്ങലടിയ്ക്കുന്നത് കണ്ടു. ഹന്നയും തിരിഞ്ഞു നോക്കി.
 
ഇരുളില്‍ ഇടറിയകാലുകളുമായി, ഭയത്തോടെ  നടന്നകന്നു പോകുന്ന ഒരു പതിനൊന്നു വയസുകാരിയുടെ  കരള്‍ പിളര്‍ത്തുന്ന   രൂപമായിരുന്നല്ലോ ഈ നിമിഷം വരെ ഗബ്രിയേലയെ നോവിച്ചുകൊണ്ടിരുന്നത്.
 
അവരെ ആശ്വസിപ്പിക്കാന്‍ ഹന്ന വക്കീല്‍ വാക്കുകള്‍ക്കായി  പരതി.
 
"ഒരു കാര്യത്തില്‍ മാത്രം അമ്മയ്ക്കല്‍പ്പം ആശ്വാസമുണ്ടായിരുന്നു. കൂടെ ആരും ഇല്ലാതെ അഭയം തേടുന്ന പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ അതേപോലെ തിരിച്ചയക്കാന്‍ അമേരിക്കയുടെ നിയമം അനുവദിക്കുന്നില്ല. അതുകൊണ്ട്, അധികാരികള്‍ക്ക് താല്‍ക്കാലികമായിട്ടെങ്കിലും  എന്നെ  സ്വീകരിച്ചേ മതിയാവൂ.
 
"മാന്‍ഹാട്ടനിലെ 57-സ്ട്രീറ്റ് സബ്-വേ സ്റ്റേഷനില്‍ എങ്ങിനെ എത്തിചേര്‍ന്നുവെന്നു എനിക്കറിയില്ല. അബോട്ട് ഹോമിലെ കുട്ടികളെ ന്യൂയോര്‍ക്ക് നഗരം കാണിക്കാന്‍ കൊണ്ടുപോയപ്പോള്‍ ഒരിക്കല്‍ എല്ലാവരുടെയും കൂടെ ‘എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ്ങി’ന്റെ 86-മത്തെ നിലയിലെ നിരീക്ഷണത്തട്ടില്‍ നിന്നുകൊണ്ട് നഗരത്തെ നോക്കിക്കണ്ടതാണ് ആകെയുള്ള നഗരപരിചയം.
 
സ്റ്റേഷനില്‍ പല പല പ്ലാറ്റ്ഫോമുകളിലായി എങ്ങുനിന്നോ പെട്ടെന്ന് ചില കുഞ്ഞന്‍ ട്രെയിനുകള്‍ വന്നു നില്‍ക്കുന്നു. അതിന്‍റെ വയര്‍ പിളര്‍ന്നു അവിടെ നില്‍ക്കുന്ന മുഴുവന്‍ ആളുകളെയും അകത്താക്കി ഝിടുതിയില്‍ എവിടേക്കോ പാഞ്ഞുപോകുന്നു. വീണ്ടും അവിടം ആളുകളെക്കൊണ്ട് നിറയുന്നു, ഉടന്‍ തന്നെ അവരെല്ലാം എവിടേയ്ക്കോ പോകുന്നു. എവിടെനിന്നാവും ഈ ആളുകളെല്ലാം വരുന്നത്? അവരെല്ലാം എവിടേയ്ക്കാണ് തിടുക്കത്തില്‍ പോകുന്നത്?
 
എന്തു ചെയ്യണമെന്നറിയില്ല. വരും വരായ്കകള്‍ ഒന്നും ആലോചിച്ചിട്ടുമില്ല. അബോട്ട്‌ ഹോമില്‍ താമസിച്ചാല്‍ ചിരിക്കാന്‍ അറിയാത്ത മരവിച്ച മുഖമുള്ള മനുഷ്യര്‍ ഇനിയും വന്നു അന്നത്തെപ്പോലെ പിടിച്ച് വാനില്‍ കയറ്റി കൊണ്ടുപോകുമെന്ന ഭയമായിരുന്നു എനിക്കപ്പോള്‍.  അവര്‍ ഇനിയും വരുന്നതിനു മുന്‍പ് എങ്ങിനെയും രക്ഷപ്പെടണം എന്ന ആഗ്രഹം മാത്രമേ മുന്‍പില്‍ ഉണ്ടായിരുന്നുള്ളൂ."
 
ആ കാലങ്ങള്‍ ഓര്‍ത്തപ്പോള്‍ അന്നത്തെ  ഭയം മറിയയെ  അപ്പോഴും ഗ്രസിച്ചു.
 
"ചിലയാളുകള്‍ ശ്രദ്ധിച്ചുനോക്കുന്നത് കണ്ടപ്പോള്‍ വല്ലാതെ ഭയന്നു.  എന്‍റെ നാട്ടിലും മെക്സിക്കന്‍ അതിര്‍ത്തിയിലും ഇത്തരം നോട്ടങ്ങള്‍ കണ്ടിട്ടുണ്ട്. ഒരിക്കല്‍ ഞാനും അമ്മയും ഞങ്ങളെ പിന്തുടരുന്ന നോട്ടങ്ങളില്‍ നിന്നും രക്ഷപ്പെടാനായി ഒരു കടയിലെ സ്റ്റോര്‍റൂമിലെ കാര്‍ഡ് ബോര്‍ഡു പെട്ടികള്‍ക്കിടയില്‍ കയറി കുറെ നേരം ഭയപ്പാടോടെ ഒളിച്ചിരുന്നിട്ടുണ്ട്. തുറിച്ചു നോക്കുന്ന കണ്ണുകളുടെ നോട്ടം ഭയപ്പെടുത്തിയപ്പോള്‍ ഒരു തൂണിന്റെ മറവില്‍ കൂനിക്കൂടിയിരുന്നു. ചില നിഴലുകള്‍ അടുത്തേയ്ക്ക് നീങ്ങിവരുന്നതായി കണ്ടപ്പോള്‍ ഭീതിയോടെ കണ്ണുകള്‍ ഇറുക്കിയടച്ചു.
 
“ഈ ഹൊ ഡെ പുട്ടാ പിയര്‍ ദ സെ”
(hijo de puta Piérdase-* കൊടിച്ചിയുടെ മകനെ തുലഞ്ഞുപോ)
                                                                                                                    
ഉച്ചത്തിലുള്ള സ്പാനിഷ്‌ തെറികേട്ടാണ് കണ്ണു തുറന്നു നോക്കിയത്. സ്ത്രീയുടെ വേഷവും പുരുഷന്റെ ആകാരവുമുളള ഒരാള്‍ പുറംതിരിഞ്ഞു നിന്നുകൊണ്ട് ആരോടോ വഴക്കു കൂടുന്നതുകണ്ടു. ആരോ അവളുടെ   വഴക്ക് കേട്ട് അവിടെ നിന്നും വേഗത്തില്‍ നടന്നു പോകുന്നതും കണ്ടു."
 
ഉച്ചത്തില്‍ സൈറന്‍  മുഴക്കിക്കൊണ്ട് ഒരു പോലീസ് വാഹനം അവരുടെ കാറിനു പിന്നാലെ വന്നപ്പോള്‍ ഹന്ന കാര്‍ ഒരു അരികിലേക്കൊതുക്കി. എവിടെയോ അപകടമോ അക്രമമോ ഉണ്ടായിക്കാണണം.
 
"അവിടെ അവള്‍ എന്‍റെ രക്ഷകയായി.  പിന്നെ  അവള്‍ക്കൊപ്പം ഞാനും  യാത്രയായി. വണ്ടിയില്‍ കയറിയ ഉടനെ ഉറങ്ങിപ്പോയി. കുറെ നാളുകളായിരുന്നു ഭയമില്ലാതെ ഉറങ്ങിയിട്ട്. കണ്ണു തുറന്നപ്പോള്‍ പരിചയമില്ലാത്ത ഭാഷയിലുള്ള പാട്ട് കേള്‍ക്കുന്നുണ്ട്. നാലുവരിപാതയിലൂടെ അതിവേഗം ട്രക്ക് ഓടിക്കുന്നതിനിടയിലും ഡ്രൈവറായ തലേക്കെട്ടുകാരന്‍ പാട്ടിനനുസരിച്ചു അയാളുടെ തലകൊണ്ട് താളം പിടിക്കുന്നുണ്ട്. സബ്-വേ സ്റ്റേഷനില്‍ നിന്നും പരിചയപ്പെട്ട മിസ്. ഡയസ് തുടയില്‍ താളം പിടിച്ചുകൊണ്ടു പുറത്തേക്ക് നോക്കിയിരിക്കുന്നു. ഉറക്കം വിട്ടു എഴുന്നേറ്റതു കണ്ട ഡ്രൈവര്‍ ചോദിച്ചു.
 
“ഹലോ ഹൌ ആര്‍ യു യെംഗ് ലേഡി?  യു ലൈക്‌ പഞ്ചാബി സോംഗ്സ് ? ഇറ്റ്‌ ഈസ്‌ ഗുഡ് റൈറ്റ് ?
 
അയാളുടെ ഒരുമിച്ചുള്ള എല്ലാ ചോദ്യത്തിനുമുള്ള ഉത്തരമായി ആണെന്നു തലയാട്ടി. കയ്യിലെ സഞ്ചി തുറന്നുനോക്കി വരച്ചുകൊണ്ടിരുന്ന പിങ്ക് ചെമ്പരത്തിയുടെ പടവും സ്കെച്ചു പേനകളും ടീച്ചര്‍ നല്‍കിയ പടം വരയ്ക്കാനുള്ള കടലാസുകളും അതില്‍ കണ്ടതോടെ ആശ്വാസമായി. എന്തുകൊണ്ടെന്നറിയില്ല എപ്പോഴും വരച്ചിരുന്നത് പിങ്ക് നിറത്തിലുള്ള ചെമ്പരത്തി പൂവുകള്‍ മാത്രമായിരുന്നു.
 
 ടാമ്പയിലെ ബീച്ചിലെ മണലില്‍ നുരകള്‍ ചിതറി പതിയെ നുഴഞ്ഞുകയറുന്ന അറ്റ്-ലാന്റിക്കിലെ നീല തിരകളിലൂടെ കാലടികള്‍ നനച്ചുകൊണ്ട് ഞാന്‍ മിസ്. ഡയസിനൊപ്പം നടന്നു.
 
ബീച്ചിലെ ചെറിയ കടയില്‍ നിന്നും അപ്പോള്‍ ഉണ്ടാക്കികിട്ടിയ ചൂടുള്ള ‘സോഫ്റ്റ്‌ പ്രസ്റ്റല്‍സ്’ എരിവുള്ള ചൂടന്‍ ചീസില്‍ മുക്കി കടിച്ചു കൊണ്ട്  മിസ്‌. ഡയസിന്‍റെ നിഴലില്‍ വെയില്‍ കൊള്ളാതെ ബീച്ചിലെ മണലില്‍ അടുത്തടുത്തായിരുന്നു.
 
“മിസ്‌. ഡയസ് നിങ്ങള്‍ ഇതുവരേയ്ക്കും എന്നെക്കുറിച്ച് ചോദിച്ചതല്ലാതെ നിങ്ങളെക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ”
 
“എന്‍റെ ചക്കരക്കുട്ടി, വല്ലതും പറയണമെങ്കില്‍ എനിക്ക് വല്ലതും ഓര്‍മ്മയില്‍ വേണ്ടേ? എങ്കിലല്ലേ പറയാനൊക്കൂ?”
 
“അതെന്താ അങ്ങിനെ, എനിക്കെല്ലാം ഓര്‍മ്മയുണ്ടല്ലോ?”
 
“ഓര്‍ത്തിരിക്കാന്‍ വേണ്ടത് നല്ല കാര്യങ്ങളാണ്‌. അതൊന്നും ഇതുവരെയില്ല. പിന്നെ എന്തു ഓര്‍മ്മിക്കാനാണ് ?
 
“കഴിഞ്ഞ കാലങ്ങളില്‍ ഒരു പാട് ദുരന്തങ്ങള്‍ നടന്നു, അവയൊക്കെത്തന്നെ ഓര്‍മ്മയില്‍ നിന്നും മാഞ്ഞുപോയി കാരണം നമ്മുടെ ശ്രദ്ധ എപ്പോഴും തൊട്ടു മുന്‍പിലുള്ള ദുരന്തത്തിലായിരിക്കും.”
 
കുറച്ചു ദിവസത്തെ അന്വോഷണങ്ങള്‍ക്കു ശേഷം മിസ്‌. ഡയസിന്റെ സഹായത്തോടെ  മയാമിയിലുള്ള എന്‍റെ ബന്ധുവിനെ ഞാന്‍ കണ്ടെത്തി. എപ്പോഴെങ്കിലും  കാണാന്‍ വരാം എന്നും പറഞ്ഞ് എന്നെ എന്‍റെ ബന്ധുവിന്റെ വീട്ടിലാക്കി മിസ്. ഡയസ് പോയി."
 
മിസ്. ഡയസ് ഉപയോഗിച്ചിരുന്ന ലാവന്‍ഡര്‍ പെര്‍ഫ്യൂമിന്‍റെ ഗന്ധം എവിടെ നിന്നോ അപ്പോള്‍ വീണ്ടും മറിയ അനുഭവിച്ചു.
 
"മിസ്‌. ഡയസ് പറഞ്ഞത് ശരിയെന്നിപ്പോള്‍ തോന്നിത്തുടങ്ങി. ദുരന്തങ്ങള്‍ ഒന്നിന് പുറകെ ഒന്നായി വരുന്നതിനാല്‍ പലതും മറന്നു. ഇപ്പോള്‍ തൊട്ടു മുന്നില്‍ ഉള്ളതിലാണു ശ്രദ്ധ. കഴിഞ്ഞ കാലങ്ങളില്‍ ഒരു പാട് കാര്യങ്ങള്‍ നടന്നു. അവ എന്റെ ഓര്‍മ്മയില്‍ നിന്നും മറഞ്ഞുതുടങ്ങി. അമ്മ അമേരിക്കയില്‍ എവിടയോ ഒളിച്ചു താമസിക്കുന്നുണ്ട്. ചേച്ചി പൌളീന ഹോണ്ടുറാസില്‍ എവിടെയെങ്കിലും നരകിച്ചു കഴിയുന്നുണ്ടാകും.
 
“എന്‍റെ ആഗ്രഹം ഞങ്ങള്‍ ഒരുമിച്ചു ചേര്‍ന്ന് ഒരേ തീന്‍മേശയില്‍ നിന്നും ആഹാരം കഴിക്കണമെന്നാണ്.”
 
അന്നത്തെ പിങ്ക് ചെമ്പരത്തി പൂവിന്‍റെ ചിത്രം ഇപ്പോഴും ഞാന്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്. അതിന്‍റെ അടിയില്‍ എന്‍റെ ടീച്ചര്‍ ഇങ്ങനെ എഴുതിയിരുന്നു. “Woman warriors don’t let themselves be defeated… Be strong. Be brave”
 
മിസ്. ഡയസിനെ പലപ്രാവശ്യം അവരുടെ ഫോണ്‍ നമ്പറില്‍ വിളിച്ചു നോക്കിയിരുന്നു. എങ്കിലും കിട്ടുകയുണ്ടായില്ല.
 
അവര്‍ക്ക്‌ ആപത്തൊന്നും ഉണ്ടാകരുതേന്നു ഞാന്‍ ഗ്വാഡലൂപ്പയിലെ മാതാവിനോട് എന്നും അപേക്ഷിക്കാറുണ്ട്. മിസ്‌. ഡയസ് ഒരിക്കല്‍ തേടിവരും. അവള്‍ വരുമ്പോള്‍ കൊടുക്കാന്‍ വിശേഷപ്പെട്ടൊരു പിങ്ക് ചെമ്പരത്തിയുടെ പടം ഞാന്‍ വരച്ചു വച്ചിട്ടുമുണ്ട്."
 
മറിയയുടെ പ്രസംഗം അതിന്റെ പരിസമാപ്തിയിലെത്തി.
നിശ്ചയദാര്‍ഢ്യത്തോടെയുള്ള അവസാന വാക്കുകള്‍ റേഡിയോയില്‍ നിന്ന് മുഴങ്ങിക്കേട്ടപ്പോള്‍ അവള്‍ അഭിമാനത്തോടെ പിന്നിലെ സീറ്റിലിരിക്കുന്ന  തന്റെ അമ്മയെ നോക്കി.
തന്നെപ്പോലെ ഒരു വക്കീലാകണം അവള്‍ക്കുമെന്ന് കേട്ടപ്പോള്‍ കാറ് നിര്‍ത്തി ഹന്ന അവളെ കെട്ടിപ്പിടിച്ചു.
 
 മറിയ അവളുടെ ബാഗ് തുറന്ന്  മിസ്. ഡയസിന് കൊടുക്കാനായി താന്‍ വരച്ചുവച്ചിരിക്കുന്ന  ചെമ്പരത്തിപൂവ് ഒരിക്കല്‍ കൂടി നോക്കി.
 
അതിന്റെ കവിളും അഭിമാനം കൊണ്ട്  അപ്പോള്‍ കൂടുതല്‍ തുടുത്തിരുന്നു.  
 
*അബോട്ട് ഹോം- കുട്ടികള്‍ക്ക്  സംരക്ഷണം നല്‍കുന്ന ഒരു സ്ഥാപനം
---------------------------
 
ജോസഫ് എബ്രഹാം
സുല്‍ത്താന്‍ ബത്തേരി സ്വദേശി. ഇപ്പോള്‍ അമേരിക്കയിലെ മേരിലാന്‍ഡില്‍  സ്ഥിര താമസം. 2016 മുതല്‍ ആനുകാലികങ്ങളില്‍ കഥകള്‍ എഴുതി വരുന്നു.  ‘അന്യായ പട്ടിക വസ്തു’ എന്ന പേരില്‍ കഥകളുടെ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്  (സൈകതം ബുക്സ്).
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക