Image

ജര്‍മനിയില്‍ മാരത്തണ്‍ വാക്‌സിനേഷന്‍

Published on 28 December, 2021
 ജര്‍മനിയില്‍ മാരത്തണ്‍ വാക്‌സിനേഷന്‍

ബെര്‍ലിന്‍: കൊറോണയ്‌ക്കെതിരായ പോരാട്ടത്തിനിടയില്‍ ജര്‍മനിയിലെ ഒരു ഡോക്ടറും സംഘവും ക്രിസ്മസ് ദിനങ്ങള്‍ ഉള്‍പ്പെടുത്തി 81 മണിക്കൂര്‍ ഇടതടവില്ലാതെ മാരത്തണ്‍ വാക്‌സിനേഷന്‍ നല്‍കിയത് ശ്രദ്ധേയമായി.

ഡൂയീസ്ബുര്‍ഗിലെ 40 കാരനായ ന്യൂറോളജിസ്റ്റ് ഡിസംബര്‍ 24 നു രാവിലെ മുതല്‍ ഡിസംബര്‍ 27 നു വൈകുന്നേരം 6 വരെ രാവും പകലുമായി ഡ്യൂസ്ബര്‍ഗിലെ പ്രധാന റെയില്‍വേ സ്റ്റേഷനിലെ ഒരു ഹോട്ടലിലാണ് വാക്‌സിനേഷന്‍ മാരത്തണ്‍ നടത്തിയത്. ഇതിനായി, അദ്ദേഹം 15 ഓളം ജീവനക്കാരെ നിയമിക്കുകയും വിവിധ നിര്‍മാതാക്കളില്‍ നിന്ന് ആയിരക്കണക്കിന് വാക്‌സിന്‍ ഡോസുകള്‍ ഓര്‍ഡര്‍ ചെയ്യുകയും ചെയ്തുവെന്ന് അഫ്ഗാന്‍ വേരുകളുള്ള ഡോക്ടര്‍ പറഞ്ഞു.

കുട്ടികള്‍ക്കുള്ള വാക്‌സിനും ഇതില്‍ ഉള്‍പ്പെടുന്നു. മൂന്ന് ഷിഫ്റ്റുകളിലായാണ് വാക്‌സിനേഷന്‍ നടത്തിയത്. വാക്‌സിനേഷന്‍ എടുക്കാന്‍ വ്യക്തികള്‍ക്ക് റജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന ഇല്ലന്നതായിരുന്നു ഈ മാരത്തണ്‍ വാക്‌സിനേഷന്റെ പ്രത്യേകത.

ക്രിസ്മസിനോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത സാമ്പത്തികമായും അംഗീകരിക്കപ്പെട്ടു. ഡിസംബര്‍ 24 മുതല്‍ 26 വരെ, സ്‌ററാറ്റിയൂട്ടറി ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് ഫിസിഷ്യന്‍മാരുടെ അസോസിയേഷന്‍ വാക്‌സിനേഷന് സാധാരണ 28 യൂറോയ്ക്ക് പകരം 36 യൂറോയാണ് ഈടാക്കിയിരുന്നത്.

അതേസമയം ജര്‍മനിയിലെ എല്ലാ ഫെഡറല്‍ സംസ്ഥാനങ്ങളിലും ഒമിക്രോണ്‍ വേരിയന്റ് എത്തിയതായി ഭരണകൂടം അറിയിച്ചു. രാജ്യത്ത് ക്രിസ്മസ് തലേന്ന് ഏകദേശം ഏഴു ലക്ഷത്തോളം വാക്‌സിനേഷനുകള്‍ നല്‍കിയതായി റോബര്‍ട്ട് കോഹ് ഇന്‍സ്‌ററിറ്റിയൂട്ട് അറിയിച്ചു.


ഓസ്ട്രിയയുടെ വിന്റര്‍ ടൂറിസം സീസണിന് ഉത്തേജനം നല്‍കിക്കൊണ്ട്, ജര്‍മനിയിലെ റോബര്‍ട്ട് കോഹ് ഇന്‍സ്‌ററിറ്റിയൂട്ട് (ആര്‍കെഐ) ഡിസംബര്‍ 25 മുതല്‍ അയല്‍രാജ്യമായ ഓസ്ട്രിയയെ റിസ്‌ക് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചു. ബെലീസ്, ബോസ്‌നിയ, മലേഷ്യ, സെര്‍ബിയ എന്നീ രാജ്യങ്ങളും ഹൈ റിസ്‌ക് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവയില്‍ പെടുന്നു. അതേസമയം
യുഎസ്എ, സ്‌പെയിന്‍, ഫിന്‍ലാന്‍ഡ്, പോര്‍ച്ചുഗല്‍, സൈപ്രസ്, മൊണാക്കോ എന്നീ രാജ്യങ്ങള്‍ 'ഹൈ റിസ്‌ക്' വിഭാഗത്തിലേക്ക് അപ്‌ഗ്രേഡ് ചെയ്തു.

ജര്‍മനിയിലെ പല സംസ്ഥാനങ്ങളിലും കോവിഡ് സമ്പര്‍ക്കം കണ്ടെത്തുന്നത് നിര്‍ത്തിവച്ചിരിക്കുകയാണ്. ചില പ്രദേശങ്ങളില്‍ ജീവനക്കാരുടെ കുറവാണ് ഇതിനു കാരണമായി പറയുന്നത്.

രാജ്യത്തെ ജനസംഖ്യയുടെ 73.8 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു തവണ പ്രാഥമിക വാക്‌സിനേഷനെങ്കിലും ലഭിച്ചിട്ടുണ്ട്. 70.8 ശതമാനം പേര്‍ ഇതിനകം കോവിഡിനെതിരെ പൂര്‍ണമായി വാക്‌സിനേഷന്‍ എടുത്തിട്ടുണ്ട്. 35.9 ശതമാനം പേര്‍ക്ക് (29.9 ദശലക്ഷം ആളുകള്‍) ബൂസ്റ്റര്‍ വാക്‌സിനേഷന്‍ ലഭിച്ചു . 21.7 ദശലക്ഷം ആളുകള്‍ (ജനസംഖ്യയുടെ 26.2 ശതമാനം) ഇതുവരെ വാക്‌സിനേഷന്‍ എടുത്തിട്ടില്ല

അതേസമയം ഞായറാഴ്ച 14,000 ഓളം പുതിയ അണുബാധകള്‍ ഉണ്ടായതായി ആര്‍കെഐ റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രി സംഭവ മൂല്യങ്ങ്യള്‍ 3,26. കഴിഞ്ഞ 7 ദിവസത്തെ സംഭവമൂല്യം 222,7 ആയി കുറഞ്ഞു. 24 മണിക്കൂറിലെ മരണങ്ങള്‍ കുറഞ്ഞ് 100 ല്‍ താഴെത്തെി.

ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക