മലയാളത്തിൻറെ, മൺമറഞ്ഞ മാർട്ടിൻ ലൂതർ (ജോർജ് നെടുവേലിൽ)

Published on 28 December, 2021
മലയാളത്തിൻറെ, മൺമറഞ്ഞ മാർട്ടിൻ ലൂതർ (ജോർജ് നെടുവേലിൽ)

പുലിക്കുന്നേൽ സാർ നമ്മോടു വിടപറഞ്ഞിട്ട് ഇന്നേക്ക് മൂന്നു വർഷമാകുന്നു.

മലയാള മണ്ണിൽ പതിഞ്ഞ അദ്ദേഹത്തിൻറെ കാൽപ്പാടുകൾ ഇന്നും മായാതെ നിൽക്കുന്നു. ആ കാൽപ്പാടുകളെ പിന്തുടരുന്നവരുടെ എണ്ണം അനുദിനം വണ്ണിച്ചുകൊണ്ടേയിരിക്കുന്നു. കേരള കത്തോലിക്കാ സഭയിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന പലകാര്യങ്ങളും പുലിക്കുന്നേലിനേപ്പറ്റിയുള്ള നമ്മുടെ സ്മരണയെ ഉത്തരോത്തരം ദീപ്തമാക്കുന്നു. വഞ്ചീസ്‌ക്വയറിൽ കണ്ടതതാണ്. മാർ ആലഞ്ചേരിയുടെ ഭൂമിയിടപാടിനെതിരെ ഉയർന്ന വൈദികരുടെ/ സഭാംഗങ്ങളുടെ പ്രതികരണം കാണിച്ചതതാണ്. നായിക്കൻപറമ്പിലച്ചൻ അഞ്ചാം പ്രമാണം കാറ്റിൽ പറത്തിക്കൊണ്ട് സിസ്റ്റർ അഭയെ തേജോവധം ചെയ്ത് ഉറഞ്ഞുതുള്ളിയതിനെതിരെ ജനം പ്രതികരിച്ചപ്പോൾ കണ്ടതതാണ്. പാലാ മെത്രാൻറെയും, തറയിൽ മെത്രാൻറെയും മറ്റുചില മെത്രാന്മാരുടെയും തറപ്പണികൾക്കെതിരെ ജനസ്വരം ഉയർന്നപ്പോൾ കണ്ടതും മറ്റൊന്നുമല്ല!

നാലു പതിറ്റാണ്ടുകാലത്തെ പുലിക്കുന്നേലിൻറെ പ്രയത്‌നം, വേർപാടിനു തൊട്ടുപിന്നാലെ സഫലമാകുന്നതുകണ്ട്‌ അദ്ദേഹത്തിൻറെ ആത്മാവ് ആനന്ദിക്കുന്നുണ്ടാവും!

അദ്ദേഹത്തെപ്പറ്റിയും അദ്ദേഹത്തിന് പ്രചോദനം പകർന്ന മാർട്ടിൻ ലൂതറിനെപ്പറ്റിയുമുള്ള ചില പൊതുവായ ധാരണകൾ ഇത്തരുണത്തിൽ പങ്കുവയ്‌ക്കുന്നത്‌ അസ്ഥാനത്താകയില്ലല്ലോ!

ശ്രീ. പുലിക്കുന്നേലിനെ ഞാൻ പരിചയപ്പെടുന്നത് 1990-നു ശേഷമാണ്. അതിനു മൂന്നു ദശകങ്ങൾക്കു മുൻപുതന്നെ, 1960- ൽ, എസ്. ബി. കോളേജിൽ, ബിരുദ പഠനകാലത്തു്, മാർട്ടിൻ ലൂതറിനെപ്പറ്റി പഠിക്കാനിടയായി. ചങ്ങനാശേരി ഗീതാ ആർട്സ്ക്ലബ്ബിൻറെ പ്രശസ്‌ത നടൻകൂടിയായ പ്രൊഫസ്സർ  ഡി. വർഗീസായിരുന്നു ചരിത്രാധ്യാപൻ. ചരിത്രക്ലാസുകളിൽ, നാടക സംഭാഷണ ശൈലിയിൽ, അദ്ദേഹം മാർട്ടിൻ ലൂതറിനെ അവതരിപ്പിച്ചപ്പോൾ, ലൂതറിനെപ്പറ്റി കൂടുതലറിയാൻ ആഗ്രഹമുണ്ടായി. കൂടുതൽ അറിവുകൾ സമ്പാദിച്ചു. അങ്ങനെയിരിക്കെയാണ് ശ്രീ. പുലിക്കുന്നേലിനെ പരിചയപ്പെടുന്നതും, പഠി ക്കുന്നതും, മനസ്സിലാക്കുന്നതും. 

നൂറ്റാണ്ടുകളുടെ വ്യത്യാസത്തിൽ, ജീവിച്ചിരുന്ന  രണ്ടു ധിഷണാശാലികളായിരുന്നു മാർട്ടിൻ ലൂതറും പുലിക്കുന്നേലും. ഭൂമിശാസ്ത്രപരമായും സാംസ്ക്കാരികമായും കാലികമായും തികച്ചും വ്യത്യസ്തമായ സാഹചര്യത്തിൽ ജീവിച്ചിരുന്നവർ. എന്നിരുന്നാലും ഒരേ ലക്ഷ്യത്തിനുവേണ്ടി, അതിശക്തരായ എതിരാളികൾക്കെതിരായി, പടവെട്ടാൻ ജീവിതം ഉഴിഞ്ഞുവച്ച ധൈര്യശാലികൾ.

റോമ്മായിലെ പോപ്പിൻറെ താളത്തിനൊത്തു തുള്ളിയിരുന്ന ചക്രവർത്തിയുടെ പ്രജയായിരുന്നു മാർട്ടിൻ ലൂതർ. സഭക്കും പോപ്പിനും അനിഷ്ടകരമായ വാദങ്ങളും പ്രവർത്തികളും ഹേതുവായി സഭയുടെ ഏറ്റവും വലിയ ശിക്ഷയായ മഹറോൻ ലൂതറിൻറെ മേൽ പതിച്ചു. തലക്കു വിലയിടപ്പെട്ടു. പ്രച്ഛന്നവേഷനായി, അപരനാമത്തിൽ, ഒരു കോട്ടയ്ക്കുള്ളിൽ ഒരു പതിറ്റാണ്ടോളം ഒളിച്ചു കഴിയേണ്ടിവന്നു. പതിനാറാം ശതകത്തിൽ യൂറോപ്പിൽ അതിശക്തമായി പരിലസിച്ചിരുന്ന റോമൻ കത്തോലിക്കാസഭയിലെ ചില അധാർമ്മിക പ്രവർത്തികൾക്കും അഴിമതികൾക്കും അധികാര മുഷ്‌ക്കിനുമെതിരെയാണ് സഭയിലെ സന്യാസ പുരോഹിതനായിരുന്ന മാർട്ടിൻ ലൂതറിൻറെ ധാർമികരോഷം ആഞ്ഞടിച്ചത്. അദ്ദേഹം ഇളക്കിവിട്ട കൊടുങ്കാറ്റിൽ കത്തോലിക്കാസഭയുടെ പല യൂറോപ്യൻ നെടുംതൂണുകളും തകർന്നു വീണു. പത്രോസിൻറെ പാറ രണ്ടായി പിളർന്നു. നാരകീയ ശക്തികൾക്കതിൽ പങ്കില്ലായിരുന്നു. സഭയിലെ സന്യാസ പുരോഹിതനായ മാർട്ടിൻ ലൂതറാണ്, ദൈവജനം ഏറെനാളായി ആഗ്രഹിച്ച ആ വിശുദ്ധ കർമ്മത്തിൻറെ കാർമ്മികൻ.

ഇരുപതാം നൂറ്റാണ്ടിൽ കൊച്ചു കേരളത്തിലെ അതിശക്തമായ കത്തോലിക്കാ നേതൃത്വത്തിൻറെ കൊള്ളരുതായ്മകൾക്കും അഴിമതികൾക്കും അധികാരഗർവിനുമെതിരെ ഒറ്റയാൾ പട്ടാളമായി പടപൊരുതിയ വ്യക്തിത്വമാണ് പ്രൊഫസ്സർ ജോസഫ് പുലിക്കുന്നേൽ. ഒറ്റനോട്ടത്തിൽത്തന്നെ രണ്ടുപേർക്കും തമ്മിൽ പല സാമ്യങ്ങളും ദർശിക്കാനാവും. ലൂതറും പുലിക്കുന്നേലും മഹാ ധൈര്യശാലികളായിരുന്നു. അവർ ഏറ്റുമുട്ടിയത് അധാർമ്മികതയും, അതിക്രൂരതയും അതിശക്തിയും, അധികാരഭ്രാന്തും അലയടിച്ചുനിന്ന ആഗോള കത്തോലിക്കാ സഭയോടായിരുന്നു. അവരുടെ ധൈര്യം അവർക്ക് തുണയായി വർത്തിച്ചു.

ജർമ്മനിയിലെ പ്രശസ്തമായ വിറ്റൻബർഗ് സർവകലാശാലയിലെ ദൈവശാസ്ത്ര പ്രഫസ്സറായിരുന്ന മാർട്ടിൻ ലൂതർ കത്തോലിക്കാ സന്യാസവൈദികനായിരുന്നു. നന്നേ ചെറുപ്പം, അഗാധ പണ്ഡിതൻ, വാഗ്മി, നലം തികഞ്ഞ എഴുത്തുകാരൻ, സ്വതന്ത്ര ചിന്തകൻ, എല്ലാറ്റിനുപരിയായി കറകളഞ്ഞ ദൈവഭക്തൻ - അതായിരുന്നു മാർട്ടിൻ ലൂതർ.

കത്തോലിക്കാസഭാ സ്ഥാപനമായ കോഴിക്കോടു ദേവഗിരി കോളേജിലെ സാമ്പത്തികശാസ്ത്ര പ്രഫസ്സറായിരുന്നു ജോസഫ് പുലിക്കുന്നേൽ. മാർട്ടിൻ ലൂതറിൽ തിളങ്ങിനിന്നിരുന്ന ഗുണവിശേഷങ്ങളെല്ലാം ഒന്നുപോലെ ഒത്തിണങ്ങിയ വ്യക്തിത്വമായിരുന്നു ജോസഫ് പുലിക്കുന്നേൽ. സഭയിലെ ചില അധാർമ്മികതകൾക്കെതിരെ പോരാടുവാൻ ജീവിതം ഉഴിഞ്ഞു വച്ചവരായിരുന്നു ഇരുവരും.

കേരള കത്തോലിക്ക സഭാംഗങ്ങൾക്ക്  ഇന്നും മനസ്സിലാകാത്ത  ഒരു രഹസ്യമുണ്ട്! സഭാശത്രുവെന്നും, സഭാദ്രോഹിയെന്നും സാത്താൻറെ സഹചാരിയെന്നും കത്തോലിക്കാ മെത്രാന്മാർ ചാപ്പകുത്തിയ പുലിക്കുന്നേലിനെ എന്തുകൊണ്ട് മഹറോൻ ചൊല്ലിയില്ല? തടിക്കു കേടുവരുത്താൻ പള്ളി ഗുണ്ടകൾക്കു ക്വട്ടേഷൻ കൊടുത്തില്ല! ഓശാന മൗണ്ടിൻറെ നിശബ്‌ദതയിൽ, കറങ്ങുന്ന കസേരയിൽ, ആപൽശങ്കയെന്ന്യേ ഇരിപ്പുറപ്പിച്ചു് കേരളകത്തോലിക്കാ  മെത്രാന്മാരെ വട്ടത്തിലാക്കുകയും വിറളിപിടിപ്പിക്കുകയും ചെയ്തിരുന്ന ലഘുലേഘകളും ലേഖനങ്ങളും അദ്ദേഹം നിരന്തരം വിരചിച്ചു് പ്രചരിപ്പിച്ചിരുന്നു. ഓശാന മാസികയുടെ ചില മുഖലേഖനങ്ങൾ മെത്രാന്മാർക്ക് ഇടിയാച്ചേൽപ്പിച്ചിരുന്നു. ഓശാനമൗണ്ടിലും ഇതരവേദികളിലും നടത്തിയ ചർച്ചകളിൽ സഭാനേതൃത്വത്തിൻറെ അധികാരഗർവിനെയും അപചയങ്ങളെയും അദ്ദേഹം ശക്തമായ ഭാഷയിൽ, മുനവച്ച വാക്കുകളിൽ കുത്തിയുയർത്തിക്കാണിച്ചു

കത്തോലിക്കാ മാതാക്കൾ നാലിനുപരിയായി കുട്ടികളെ പ്രസവിച്ചാൽ, ആ കുട്ടികളുടെ സംരക്ഷണം സഭ ഏറ്റെടുക്കുമെന്ന് ചില മെത്രാന്മാർ വാഗ്‌ദാനം ചെയ്തു. സഭയുടെ പരിപാലനയിൽ പരിലസിക്കാൻ പോകുന്ന കുട്ടികളെ  'പള്ളിക്കുട്ടന്മാർ ' എന്നാണ് ശ്രീ. പുലിക്കുന്നേൽ വിശേഷിപ്പിച്ചത്. ആത്മീയകര്യങ്ങളെക്കാൾ നിർമ്മാണപ്രവർത്തനങ്ങളിൽ ഉത്സാഹിച്ച പുരോഹിതന്മാരാണ് 'മരാമത്ത് അച്ചന്മാർ.' സഭാംഗങ്ങളുടെ ക്ഷേമത്തിൽ താൽപര്യം കാണിക്കാതെ കുമ്പസാരവും കുർബാനയും ‘ഒപ്പീരു’മായി നടക്കുന്ന പുരോഹിതവേഷധാരികൾ അദ്ദേഹത്തിന് 'കൂദാശ തൊഴിലാളി'കളാണ്. ആനക്കാര്യത്തിനും ചേനക്കാര്യത്തിനും,ആട്ടിൻപറ്റങ്ങൾക്ക്, ആടിൻറെ ഗന്ധമില്ലാത്ത അജപാലകർ എഴുതുന്ന ചവറെഴുത്തിനെ, അദ്ദേഹം ആടു ലേഖനമെന്ന് ആക്ഷേപിച്ചു.

സഭയെ നവീകരിക്കുന്നതിനുള്ള പ്രഥമ ധർമ്മമായി ഇരുവരും കണ്ടത് ദൈവജനത്തെ ബോധവൽക്കരിക്കുന്നതായിരുന്നു. ബൈബിളിനെപ്പറ്റി കാര്യമായ വിവരമില്ലാത്ത പുരോഹിതർ നൽകിയിരുന്ന തെറ്റായ വിവരങ്ങളായിരുന്നു യൂറോപ്യൻ ക്രിസ്‌ത്യാനികൾ ഗ്രഹിച്ചുവച്ചിരുന്നത്. ജർമ്മൻ ഭാഷയിലേക്കു പരിഭാഷപ്പെടുത്തിക്കൊണ്ട്, ലൂതർ,ബൈബിൾ ജനസാമാന്യത്തിൻറെ കരങ്ങളിൽ എത്തിച്ചു. പതിറ്റാണ്ടുകൾക്കുമുമ്പ്, ബൈബിൾ പാരായണം, കേരളത്തിലെ കത്തോലിക്കർക്ക് നിഷിധമായിരുന്നു. അതിനെ വെല്ലുവിളിച്ചുകൊണ്ട് ശുദ്ധമലയാളത്തിൽ രചിച്ച 'ഓശാന ബൈബിൾ' കുറഞ്ഞ വിലക്ക്  സഭാംഗങ്ങൾക്കു സമ്മാനിക്കാൻ പുലിക്കുന്നേൽ മുൻകൈയ്യെടുത്തു. ചൂടപ്പംപോലെ ജനങ്ങൾ അതു  സ്വീകരിച്ചു.

സഭയുടെ വികലമായ അധികാരശ്രേണി വളം കൊടുത്തു വളർത്തിയ പുരോഹിതന്മാരുടെ തമ്പുരാൻ സംസ്ക്കാരം ദൈവജനത്തിൻറെമേൽ നിസ്സാരകാര്യങ്ങൾക്ക് കുതിരകയറാൻ അവർക്കു പ്രേരണ നൽകുന്നു. മാമ്മോദീസാ മുതൽ മരിച്ചടക്കുവരെ അവരുടെ പിത്തലാട്ടം സഭാംഗങ്ങൾ സഹിക്കേണ്ടിവരുന്നു. ഇമ്മാതിരി ധർമ്മസങ്കടങ്ങളിൽ മുന്നോട്ടുവന്ന് ജനപിന്തുണയോടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ശ്രീ. പുലിക്കുന്നേൽ ശ്രദ്ധിച്ചിരുന്നു.

നാക്കുകൊണ്ടു കുമ്പാള ഉടുപ്പിക്കുന്നതിൽ വിശ്വസിക്കുന്നവരായിരുന്നില്ല ലൂതറും പുലിക്കുന്നേലും. പുരോഹിതന്മാർ അവിവാഹിതരായിരിക്കണമെന്നുള്ള സഭാ നിയമത്തോടുള്ള എതിർപ്പ് ലൂതർ പ്രകടിപ്പിച്ചത് ഒരു പൂർവ കന്യാസ്‌ത്രിയെ വിവാഹം ചെയ്ത്കൊണ്ടായിരുന്നു. പള്ളിസെമിത്തേരിയിൽ കബറടങ്ങുന്നതിനെ നിരുത്സാഹപ്പെടുത്തിയിരുന്ന പുലിക്കുന്നേൽ തൻറെ സഹധർമ്മിണിയുടെയും തൻറെയും ശവദാഹം സ്വന്തം പുരയിടത്തിലാക്കി മാതൃക കാണിച്ചു.

 ശത്രുവിനെ സ്നേഹിക്കണമെന്നുള്ള യേശുദേവൻറെ പ്രബോധനം കേരളത്തിലെ മെത്രാന്മാരെ ഹഡാദാകർഷിച്ചതു കൊണ്ടാ, സഭാദ്രോഹികളെ ഭൂമിക്കുമുകളിൽ വസിക്കാൻ അനുവദിച്ചുകൂടെന്ന മതദ്രോഹ വിചാരണക്കോടതികളുടെ ക്രൂരതയിൽ മനസ്സുമടുത്തതു മൂലമോ, സാത്താനുമായി സൗഹൃദം പുലർത്തുന്നതിൽ അപാകതയില്ലെന്നു സിനഡിൽ തീരുമാനമുണ്ടായതുകൊണ്ടോ: കാരണം എന്തായാലും ശ്രി. പുലിക്കുന്നേൽ സർവതന്ത്രസ്വതന്ത്രനായി നാലുപതിറ്റാണ്ടുകാലത്തോളം കേരളത്തിലെ മുതലവായൻ തൊപ്പിക്കാർക്കു തലചൊറിച്ചിലും പല്ലുകടിയും പിറുപിറുപ്പും മനഃസാക്ഷിക്കുത്തും സമ്മാനിച്ചു കടന്നുപോയി.

പുലിക്കുന്നേലിൻറെ മരണവാർത്ത കേട്ടനിമിഷം, സാത്താൻറെ സഹചാരിയുടെ മൃതശരീരത്തിനടുത്തേയ്ക്കു ഓടിയെത്തുവാനുള്ള ധൈര്യം ചിലമെത്രാന്മാർക്കെങ്കിലും ഉണ്ടായതായിക്കാണപ്പെട്ടു.

പുലിക്കുന്നേലിൻറെ മറ്റൊരു മുഖവുമായി അടുത്ത ഡിസംബറിൽ പരിചയപ്പെടാമെന്നു വിശ്വസിക്കുന്നു!

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക