Image

ഒഐസിസി യുകെ 'പിറ്റി' അനുസ്മരണം നടത്തി

Published on 29 December, 2021
 ഒഐസിസി യുകെ 'പിറ്റി' അനുസ്മരണം നടത്തി

 

ലണ്ടന്‍: ഒഐസിസി (യുകെ) യുടെ നേതൃത്വത്തില്‍ ലണ്ടനില്‍ നടത്തിയ പിറ്റി തോമസ് എം എല്‍ എ അനുസ്മരണം ജന പങ്കാളിത്തം കൊണ്ടും അനുഭവ സ്പര്‍ശിയായ പങ്കുവക്കലും അനുസ്മരണ സന്ദേശങ്ങളും കൊണ്ട് അവിസ്മരണീയമായി.

സൂം മീറ്റിങ്ങിലൂടെ ഒരുക്കിയ പ്ലാറ്റ്‌ഫോമില്‍ നടത്തിയ അനുശോചന യോഗം വിശ്വസ്ത സുഹൃത്തും കോണ്‍ഗ്രസിന്റെ സന്തത സഹചാരിയുമായ ഡിജോ കാപ്പന്‍ ഉദ്ഘാടനം ചെയ്തു സന്ദേശം നല്‍കി.

അര്‍ബുദ രോഗത്തിന്റെ തീവ്രത മനസിലാക്കുവാനും, മരണത്തെ മുന്നില്‍ക്കണ്ട്, മരണ ശേഷമുള്ള സല്‍ക്രിയകളില്‍ തന്റേതായ അഭിപ്രായം പറയുവാനും രാഷ്ട്രീയ സാമൂഹ്യ പ്രതിബദ്ധതയില്‍ പുലര്‍ത്തി പോന്ന ജീവിത ശൈലിക്കു തെല്ലും പോറലേല്‍ക്കാതെ, സ്വകുടുംബത്തിനോ വിശ്വാസ സംഹിതകള്‍ക്കോ ബാദ്ധ്യതയോ അര്‍ഥശങ്കകള്‍ക്കോ ഇടനല്‍കാതെ അന്ത്യോപചാര-സംസ്‌കാര ശുശ്രൂഷകള്‍ ആവിഷ്‌ക്കരിക്കുവാനും അതെങ്ങനെയൊക്കെ ക്രമീകരിക്കണം എന്നുമുള്ള അന്ത്യാഭിലാഷങ്ങള്‍ പ്രാവര്‍ത്തികമാക്കുവാന്‍ ഭരമേല്പിച്ച ഡിജോ കാപ്പന്‍ എന്ന വിശ്വസ്തന്‍ നല്‍കിയ സന്ദേശം ഏറെ വികാരഭരിതമായിരുന്നു.

കെപിസിസി സെക്രട്ടറി ജോസി സെബാസ്റ്റ്യന്‍ നല്‍കിയ അനുസ്മരണ പ്രസംഗം പിറ്റിയുടെ ദേഹവിയോഗം കോണ്‍ഗ്രസ് പ്രസ്ഥാനത്തിനേല്‍പ്പിച്ച കനത്ത നഷ്ടത്തേയും അദ്ദേഹത്തില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തെയും, ഏതു വിഷയത്തിലും പഠിച്ചു അവഗാഹം നേടിയ ശേഷം മാത്രം നടത്തുന്ന പ്രതികരണങ്ങളും കറകളഞ്ഞ പരിസ്ഥിതി, സാമൂഹ്യ, രാഷ്ട്രീയ സാംസ്‌കാരിക ചിന്തകന്‍ , മാനുഷിക സ്‌നേഹവും പ്രതിബദ്ധതയും പുലര്‍ത്തുന്ന നട്ടെല്ലുള്ള നേതാവ് എന്നീ നിലകളില്‍ കേരള ജനതയ്ക്കു അഭിമതനായ വ്യക്തിത്വത്തെ ഓര്‍മിപ്പിക്കുന്നതായി.


ബ്രിസ്റ്റോള്‍ മുന്‍ മേയറും കൗണ്‍സിലറുമായ ടോം ആദിത്യ, പ്രമുഖ മാധ്യമപ്രവര്‍ത്തകനും ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ടോം ജോസ് തടിയന്‍പാട്, മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജോസ് കുമ്പിളുവേലില്‍ (ജര്‍മനി), കേരള കോണ്‍ഗ്രസ് പ്രതിനിധിയും മലയാളം മിഷന്‍ യു കെ ചാപ്റ്റര്‍ പ്രസിഡന്റ് സി.എ. ജോസഫ് , ഐഒസി പ്രതിനിധി ബോബിന്‍ ഫിലിപ്പ്, മോഡറേറ്ററും മുഖ്യ സംഘാടകനായ ഡോ. ജോഷി ജോസ് എന്നിവര്‍ പിറ്റിയെ അനുസ്മരിച്ചു.

കെഎംസിസി യുകെ ഘടകത്തിന്റെ പ്രതിനിധികളായി എത്തിയ സഫീര്‍ പേരാമ്പ്ര, അര്‍ഷാദ് കണ്ണൂര്‍, കേരള കോണ്‍ഗ്രസ് പ്രതിനിധികളായ ജിപ്‌സണ്‍ തോമസ്, സോണി കുര്യന്‍, ഐഒസി പ്രതിനിധി അജിത് മുതയില്‍, ഒഐസിസി വനിതാ കോഓര്‍ഡിനേറ്റര്‍ ഷൈനു മാത്യു എന്നിവര്‍ സന്ദേശങ്ങള്‍ നല്‍കി.

അപ്ഫാ ഗഫൂര്‍ ആലപിച്ച പിറ്റിയുടെ ഇഷ്ട ഗാനമായ 'ചന്ദ്ര കളഭം ചാര്‍ത്തിയുറങ്ങും തീരം...' എന്ന ഗാനം ആലപിച്ചു. ഒഐസിസി യു കെ പ്രസിഡന്റ് മോഹന്‍ദാസ് പങ്കെടുത്ത ഏവര്‍ക്കും നന്ദി പറഞ്ഞു.

അപ്പച്ചന്‍ കണ്ണഞ്ചിറ

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക