ഫോമ എമ്പയര്‍ റീജിയന്‍ ആര്‍.വി.പിയായി ഷോളി കുമ്പിളുവേലിയെ നാമനിര്‍ദേശം ചെയ്തു

Published on 30 December, 2021
ഫോമ എമ്പയര്‍ റീജിയന്‍ ആര്‍.വി.പിയായി ഷോളി കുമ്പിളുവേലിയെ നാമനിര്‍ദേശം ചെയ്തു

ന്യൂയോര്‍ക്ക്: ഫോമ എമ്പയര്‍ റീജിയന്റെ 2022- 24 വര്‍ഷത്തെ ആര്‍.വി.പി സ്ഥാനത്തേക്ക് ഷോളി കുമ്പിളുവേലിയെ മാതൃസംഘടനയായ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ നാമനിര്‍ദേശം ചെയ്തു. 

ഡിസംബര്‍ 19-ന് റോയല്‍ പാലസ് റെസ്റ്റോറന്റില്‍ കൂടിയ ജനറല്‍ബോഡി യോഗത്തില്‍ പ്രസിഡന്റ് ഗണേഷ് നായര്‍ അധ്യക്ഷത വഹിച്ചു. ഫോമ കംപ്ലയിന്റ്‌സ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ തോമസ് കോശി ആര്‍.വി.പി സ്ഥാനത്തേക്ക് ഷോളി കുമ്പിളുവേലിയുടെ പേര് നിര്‍ദേശിക്കുകയും, യോഗം സമ്പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. അസോസിയേഷനില്‍ നിന്നും ഫൊക്കാനയുടേയും ഫോമയുടേയും നേതൃസ്ഥാനത്തേക്ക് മത്സരിക്കുന്ന എല്ലാവര്‍ക്കും പിന്തുണയും വിജയാശംസകളും യോഗം നേര്‍ന്നു. 

സംഘടനാ നേതാക്കളായ ടെറന്‍സണ്‍ തോമസ്, ജോയ് ഇട്ടന്‍, ജോണ്‍ സി. വര്‍ഗീസ്, ശ്രീകുമാര്‍ ഉണ്ണിത്താന്‍, കുര്യാക്കോസ് വര്‍ഗീസ്, വര്‍ഗീസ് എം കുര്യന്‍, കെ.ജെ. ഗ്രിഗറി, കെ.ജി ജനാര്‍ദ്ദനന്‍, എ.വി. വര്‍ഗീസ്, ഡോ. ഫിലിപ്പ് ജോര്‍ജ്, ചാക്കോ പി. ജോര്‍ജ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. 

ഫോമ മുന്‍ നാഷണല്‍ കമ്മിറ്റി അംഗമായ ഷോളി കുമ്പിളുവേലി നിലവില്‍ ഫോമ എമ്പയര്‍ റീജിയന്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരുന്നു. വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ 2022 വര്‍ഷത്തെ സെക്രട്ടറിയായും ഷോളിയെ കഴിഞ്ഞ ആഴ്ച കൂടിയ ജനറല്‍ബോഡി യോഗം തെരഞ്ഞെടുത്തിരുന്നു. വെസ്റ്റ് ചെസ്റ്റര്‍ വൈസ് മെന്‍ ക്ലബിന്റെ മുന്‍ പ്രസിഡന്റുകൂടിയായ ഷോളി കുമ്പിളുവേലി സാമൂഹിക- സാംസ്‌കാരിക- മാധ്യമ രംഗത്തും ശ്രദ്ധേയനാണ്. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക