Image

'വാഴ്ത്തപ്പെട്ട പൂച്ച'ക്ക് അവാർഡ് നേടി ഗ്രേസി: സ്ത്രീ പക്ഷമല്ല, മനുഷ്യപക്ഷമാണ്! (വിജയ് സി. എച്ച്)

Published on 02 January, 2022
  'വാഴ്ത്തപ്പെട്ട പൂച്ച'ക്ക്  അവാർഡ് നേടി ഗ്രേസി: സ്ത്രീ  പക്ഷമല്ല, മനുഷ്യപക്ഷമാണ്! (വിജയ് സി. എച്ച്)
 
 കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരം നേടിയ ഗ്രേസി പറയുന്നു, കുട്ടിക്കഥകളുടെ ജന്മം സഫലമാകുന്നത് അവ കുട്ടികളുടെ ഭാവനാശക്തി വികസിപ്പിക്കുമ്പോൾ മാത്രമാണെന്ന്.
"ഓരോ കഥ വായിക്കുമ്പോഴും കുട്ടികളുടെ ഭാവനകൾക്ക് ചിറക് ലഭിക്കുകയും, അവർ ഓരോരുത്തരും ഓരോ എഴുത്തുകാരിയോ എഴുത്തുകാരനോ ആയി മാറുകയും ചെയ്യണമെന്നാണ് എൻറെ കഥകളിലൂടെ ഞാൻ ആഗ്രഹിക്കുന്നത്. കടലാസിലല്ലെങ്കിലും, മനസ്സിലെങ്കിലും അവർ എഴുത്തുകാരായിത്തീരണം," ഗ്രേസി വിശദമാക്കി.
ഈയ്യിടെയാണ് ഗ്രേസിയുടെ 'വാഴ്ത്തപ്പെട്ട പൂച്ച' മലയാളത്തിലെ ഏറ്റവും മികച്ച ബാലസാഹിത്യ കൃതിയായി കേന്ദ്ര സാഹിത്യ അക്കാദമി പ്രഖ്യാപിച്ചത്.
 
അഭിമുഖത്തിൽ നിന്ന്:
🟥 'വാഴ്ത്തപ്പെട്ട പൂച്ച'
 
ഞാനൊരു അമ്മൂമ്മ ആയപ്പോഴാണ് ബാലസാഹിത്യകാരിയായത്. പേരക്കുട്ടികൾക്ക് കഥകൾ പറഞ്ഞുകൊടുത്ത്, കൊടുത്ത്! 'വാഴ്ത്തപ്പെട്ട പൂച്ച' എന്ന സമാഹാരത്തിൽ ഒമ്പത് കഥകളാണുള്ളത്. അതിൽ ഏറ്റവും തമാശയുള്ള കഥയാണ് 'വാഴ്ത്തപ്പെട്ട പൂച്ച'. ഇത് ഞാനെൻറെ ചെറിയ പേരക്കുട്ടിക്ക് അവൻ കുഞ്ഞായിരുന്നപ്പോൾ പതിവായി പറഞ്ഞു കൊടുത്തുകൊണ്ടിരുന്ന കഥയാണ്. അവൻ എന്നെക്കൊണ്ട് ഇക്കഥ ആവർത്തിച്ച്, ആവർത്തിച്ച് പറയിപ്പിക്കുമായിരുന്നു. അവനിത് ഇത്രക്ക് ഇഷ്ടമായെങ്കിൽ, മറ്റു കുട്ടികൾക്കും ഇഷ്ടമാകുമല്ലോയെന്ന് ഞാൻ ചിന്തിച്ചു. അങ്ങിനെയാണ് ഞാൻ അതൊന്ന് എഴുതി നോക്കിയത്. തനിക്ക് എന്നും ഭീഷണിയായിരുന്ന പൂച്ചയെ, സൂത്രക്കാരൻ എലി പാടിപ്പുകഴ്ത്തി പരാജയപ്പടുത്തുന്നതാണ് വിഷയം. പുകഴ്ത്തപ്പെട്ട പൂച്ച വീഴ്ത്തപ്പെട്ട പൂച്ചയായിമാറുന്ന കഥ! സൂക്ഷ്‌മബുദ്ധിയോടെ, കുട്ടികൾ രസംപിടിച്ച് വായിക്കും.
ചക്കര കൊതികൊണ്ട്, ഒരു ചക്കര ഭരണിയിൽ തലയിട്ട്, അതിനകത്ത് തലയും ഉടലും കുടുങ്ങി, രണ്ടു കാലുകൾ മാത്രം വെളിയിലിട്ടു പിടപ്പിക്കുന്ന കുട്ടിക്കുറുമ്പൻറെ വിശേഷങ്ങളാണ് 'ചക്കര പൊട്ടൻ' എന്ന കഥയിൽ. 'വാഴ്ത്തപ്പെട്ട പൂച്ച'യെപ്പോലെ ഇതും കുട്ടികളെ ഹരം കൊള്ളിക്കുന്ന ഒന്നാണ്. മറ്റു കഥകളും കുട്ടികൾക്ക് ഏറെ ഇഷ്ടമാണെന്നാണ് ലഭിച്ചുകൊണ്ടിരിക്കുന്ന പ്രതികരണങ്ങൾ.
2017-ൽ, ഡി. സി. ബുക്സാണ് 'വാഴ്ത്തപ്പെട്ട പൂച്ച' പ്രസിദ്ധീകരിച്ചത്. പുസ്തകത്തിൻറെ അഞ്ചാമത്തെ എഡിഷനാണ് ഇപ്പോൾ മാർക്കറ്റിലുള്ളത്.
🟥 മനസ്സുകൊണ്ടു മുതിർന്നവർ
 
പഴയ കാലത്തെ കുട്ടികളുടെ മനസീകാവസ്ഥയല്ല ഇപ്പോഴത്തെ കുട്ടികൾക്കുള്ളത്. ഇന്നത്തെ കുട്ടികൾ മനസ്സുകൊണ്ടു മുതിർന്നവരാണ്. അതുകൊണ്ട്, കുട്ടിക്കഥകൾ വളരെ നിസ്സാരമോ പൊട്ടത്തരമോ ആയ കാര്യങ്ങൾ, വളരെ ബാലിശവും അലക്ഷ്യവുമായ ഭാഷയിൽ എഴുതുന്നതിനോട് എനിക്ക് യോജിപ്പില്ല. കുട്ടികളുടെ ചിന്താശക്തിയും, വിഭാവന ക്ഷമതയും, പരിസ്ഥിതി ബോധവും, പരസ്പര സ്നേഹവും വർദ്ധിപ്പിക്കുന്ന പ്രമേയങ്ങൾ, അവരിലേക്ക് സന്ദേശമെത്തിക്കാൻ പര്യാപ്തമായ ഭാഷ അവരുടേതായ ഏറ്റവും ഉയർന്ന നിലവാരത്തിൽ ഉപയോഗിച്ചാണ് ഞാൻ ബാലസാഹിത്യം കൈകാര്യം ചെയ്യുന്നത്. നിരുപാധികമായ സ്നേഹം സഹജീവികളോട് കാണിക്കണമെന്നാണ് എൻറെ മിക്ക കുട്ടിക്കഥകളുടെയും സാരാംശം. 'കിളിമരം' എന്ന കഥയാണ് ഈ സന്ദേശമുള്ള ഏറ്റവും മികച്ച എൻറെ ബാലരചനയെന്ന് ഞാൻ കരുതുന്നു.
 
🟥 എഴുത്തുജീവിതം
 
എന്നാണ് എഴുത്ത് ജീവിതം തുടങ്ങിയതെന്ന് കൃത്യമായി പറയാൻ കഴിയില്ല. ഒരു വാരികയിലെ, എഴുതിത്തുടങ്ങുന്നവർക്കുള്ള പംക്തിയിൽ, 'അസ്തമയം' എന്നൊരു കഥ ആദ്യമായി അച്ചടിച്ചുവന്നു. 1972-ലായിരുന്നു അത്. ഞാനന്ന് മഹാരാജാസ് കോളേജിൽ ഫൈനൻ ബി. എ. വിദ്യാർത്ഥിയായിരുന്നു. മഹാരാജാസിലെ പഠന കാലത്താണ് എൻറെ എഴുത്തുജീവിതം വികസിച്ചത്. അവിടത്തെ അന്തരീക്ഷം എൻറെ സർഗാത്മഗതയെ പരോക്ഷമായി സ്വാധീനിച്ചിട്ടുണ്ട്.
🟥 എഴുത്തിലെ ഇടവേളകൾ
 
എൻറെ എഴുത്തുജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഇടക്കിടെയുണ്ടായ ഇടവേളകളാണ്. 1977-ൽ ഞാൻ എഴുത്ത് നിർത്തി. പിന്നെ, കുറെ കാലത്തേക്ക് ഒന്നും എഴുതിയില്ല. ഞാനും ഭർത്താവും വിഭിന്ന മതത്തിൽപ്പെട്ടവർ ആയതിതിനാൽ അവനവനോടും, രണ്ടു കുടുംബങ്ങളോടും, സമൂഹത്തോടും സമരത്തിലായിരുന്നു. അതിൻറെ ഭാഗമായാണ് നീണ്ട പന്ത്രണ്ടു കൊല്ലം എഴുത്ത് പൂർണ്ണമായും, വായന മിക്കവാറും നിന്നുപോയത്. പിന്നീട്, പഴയ കഥകളെല്ലാം സമാഹരിച്ച്, 1991-ലാണ് 'പടിയിറങ്ങിപ്പോയ പാർവതി' എന്ന എൻറെ ആദ്യ പുസ്തകം ഇറങ്ങുന്നത്. 2005-മുതൽ വീണ്ടും ഏഴു കൊല്ലത്തേക്ക് ഒരു ഇടവേളയുണ്ടായി. ഇതിൻറെ കാരണം പേരക്കുട്ടികളെ നോക്കാനുണ്ടായിരുന്നതിനാലാണ്. ഇങ്ങിനെ തട്ടിയും തടഞ്ഞുമൊക്കെയാണ് എൻറെ എഴുത്തു ജീവിതം മുന്നോട്ട് പോയത്. ആയതിനാൽ, ഞാൻ ആഗ്രഹിച്ച അത്രയൊന്നും എനിക്ക് എഴുതാൻ കഴിഞ്ഞില്ല. ഇതുവരെ 10 കഥാസമാഹാരങ്ങൾ മാത്രമേ മുതിർന്നവർക്കായി എഴുതിയിട്ടുള്ളൂ. കുട്ടികൾക്കായി നാല് കഥാസമാഹാരങ്ങളുമുണ്ട്.
കഴിഞ്ഞ കൊല്ലം ഇറങ്ങിയ 'പറക്കും കശ്യപ്' എന്ന സമാഹാരത്തിലുള്ളത് കുട്ടികളുടെ ലോകത്തെ പല കോണുകളിൽനിന്ന് നോക്കിക്കാണുന്ന കഥകളാണ്.
ഇക്കൊല്ലം 'മാതൃഭൂമി' ഒരു നോവൽ പുറത്തിറക്കി. 'ആരോ വിളിക്കുന്നുണ്ട്' എന്നാണിതിൻറെ പേര്. നഗരത്തിൽ നിന്ന് ഒരു കുട്ടി അവധിക്കാലത്ത് ഗ്രാമത്തിലെ അപ്പൂപ്പൻറെയും അമ്മൂമ്മയുടെയും കൂടെ താമസിക്കാനെത്തുമ്പോൾ, അവൻറെ ലോകം എങ്ങിനെ മാറിമറയുന്നുവെന്നാണ് ഇതിൽ വിവരിക്കുന്നത്.
'പെൺകുട്ടിയും കൂട്ടരും' എന്ന ഒരു നോവൽ ഇപ്പോൾ അച്ചടിയിലുണ്ട്. പ്രമേയംകൊണ്ടും അവതരണ രീതികൊണ്ടും വളരെ വ്യത്യസ്തമാണ് ഈ നോവൽ. ഇത് 'ബാലഭൂമി' സീരിയലൈസ് ചെയ്തിട്ടുണ്ട്. പേര് സൂചിപ്പിക്കുന്നതു പോലെ, ഒരു പെൺകുട്ടിയാണ് പ്രധാന കഥാപാത്രം. കൂട്ടിന് അവളുടെ ഏട്ടനും, പുസ്തകവും, പെൻസിലും, ഇറേസറും മറ്റും! ഏറെ വിഭിന്നമാണ് ഇതിന് ഉപയോഗിച്ചിരിക്കുന്ന ഭാഷയും എഴുത്തിൻറെ ക്രാഫ്റ്റും!
🟥 സ്ത്രീപക്ഷമായി ചുരുക്കരുത്
താരതമ്യേന അവശത കൂടുതൽ അനുഭവിക്കുന്നത് സ്ത്രീകൾ ആയതുകൊണ്ട് എനിക്ക് അവരോട് ഒരു അനുകൂല നിലപാടുണ്ട് എന്നത് ശരിയാണ്. എന്നാൽ, എൻറെ കഥകളെല്ലാം മനുഷ്യപക്ഷമാണ്. സ്ത്രീപക്ഷമായി എന്നെ ചുരുക്കുന്നതിനോട് എനിക്ക് വിയോജിപ്പുണ്ട്. അഞ്ചാറു കൊല്ലമായി പ്ലസ് ടൂ-വിന് പഠിക്കാനുള്ള 'ഗൗളിജന്മം', അല്ലെങ്കിൽ, അൽപമെങ്കിലും അതുപോലെയിരിക്കുന്ന മറ്റു ചില കഥകൾ, സ്ത്രീ വാദമുള്ളവയായി ചിത്രീകരിക്കപ്പെടാം. പക്ഷെ, അതിലേറെ കഥകൾ ഞാൻ പറയുന്നത് പുരുഷപക്ഷത്തു നിന്നു കൊണ്ടാണ്. 'ലൂയി രണ്ടാമൻറെ വിരുന്ന്' വായിച്ചവർ എന്നെ പുരുഷപക്ഷത്തല്ലാതെ, സ്ത്രീപക്ഷത്തു ചേർക്കുമോ? ഡി. സി. ബുക്സ് പ്രസിദ്ധീകരിക്കുകയും, മാതൃഭൂമി പുനർ പ്രസിദ്ധീകരിക്കുകയും ചെയ്ത 'പടിയിറങ്ങിപ്പോയ പാർവതി'യിലും മറ്റും, ഞാൻ ചില ധീരമായ നിലപാടുകൾ സ്വീകരിക്കുന്നതുകൊണ്ടായിരിക്കാം എനിക്ക് സ്ത്രീ വീക്ഷണമാണെന്ന് ചിലർ കരുതുന്നത്.
സാറാ ജോസഫിൻറെ 'പാപത്തറ' എന്ന കഥാസമാഹാരത്തിന് കവി സച്ചിദാനന്ദൻ ആമുഖമെഴുതിയതിൽ 'പെണ്ണെഴുത്ത്' എന്നൊരു വിശേഷണം ഉപയോഗിച്ചിട്ടുണ്ട്. തുടർന്ന്, ഏത് പെണ്ണെഴുത്തിനും സ്ത്രീപക്ഷവാദമെന്ന മുൻവിധിയും ലഭിച്ചിട്ടുണ്ടാകണം. അതിനുശേഷമായിരിക്കാം ഞാൻ ഉൾപ്പെടെയുള്ളവരെ ഈ ദൃഷ്ടിയിൽ കാണുവാൻ തുടങ്ങിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക