Image

കോവിഡ്, അമ്മയ്ക്ക്‌ പറയാനുള്ളത് (കവിത: അമ്പിളി ദിലീപ്)

Published on 02 January, 2022
കോവിഡ്, അമ്മയ്ക്ക്‌ പറയാനുള്ളത് (കവിത: അമ്പിളി ദിലീപ്)

അടച്ചിടപ്പെട്ട ലോകത്തിന്റെ വാതിലുകൾ,  എന്നിൽ നിറയ്ക്കുന്നത് ആശങ്കകളാണ്.. 
എന്നു തുറക്കുമെന്നോർത്ത് കാത്തു നിൽക്കാനോ,  എനിക്കുചുറ്റും അതിലേക്ക് മിഴിനട്ടു നിൽക്കുന്നവരോട് ആരായാനോ, 
 ഞാൻ ഭയപ്പെടുന്നു. 
എന്റെ വിരലിൽ തൂങ്ങുന്ന,  
എന്റെ പുടവ തുമ്പിൽ മുഖം ഒളിപ്പിക്കുന്ന,  അക്ഷമയാർന്ന  പൈതങ്ങളുടെ ചോദ്യങ്ങളെ ... എനിക്കതിലും ഭയമാണ്.
അവർക്കു നൽകാൻ,  വിസ്മയങ്ങൾ നിറച്ച പുതുലോകം ചമച്ചു,  
കാവലിരുന്നതാണ് ഞാനും..
ഒരു പ്രളയപ്പെയ്ത്തിൽ ഒലിച്ചു പോയ സ്വപ്നങ്ങൾ പിന്നെയും തേടിപ്പിടിച്ച് 
അടവച്ചു വിരിയിച്ചതാണ്...
വാവൽ തുപ്പിയിട്ട മൃതിയുടെ വിഷവിത്ത്,  മുളപൊട്ടി   വളർന്നത്  കണ്ട്  
ഭയന്നു തുടങ്ങിയതാണ്...
കരുതലിന്റെ  വാൾത്തലപ്പുകൾ 
ആ വേരറുത്തപ്പോൾ ഞാനും ആശ്വസിച്ചു... 
എന്നാലോ, പുതിയ പേരിൽ മൃതിയുടെ 
വിഷനാമ്പുകൾ പടർന്നു വളരുകയാണ്... 
മലയും കടലും താണ്ടി,  
ദേശങ്ങളിൽനിന്ന് ദേശങ്ങളിലേക്ക്.... കൊയ്തെടുക്കാൻ ആവാത്ത ഏരകപ്പുല്ലുപോലെ.... 
കുലം മുടിക്കാൻ ഉയിരിട്ട വിഷാണുക്കൾ..... 
പാതി വഴിയെങ്കിലും പിന്നിട്ടുവെന്നോർത്ത് എനിക്കാശ്വസിക്കാം.. 
എങ്കിലും, ഇളം തൂവൽ ചിറകു നീർത്ത്.. പറക്കാൻ വെമ്പുന്ന പൈതങ്ങളോ?  അവർക്കുമുന്നിൽ,  വാതിലുകൾ ചേർത്തടച്ച്,  കാവലിലാണ് ഞാൻ... അവർക്കു പറക്കാൻ വിഷം പുരളാത്ത 
ഒരു തുണ്ട് ആകാശമെങ്കിലും 
ബാക്കി വയ്ക്കാൻ ആരോടാണ് യാചിക്കുക?  നാം അടച്ചിട്ട വാതിലുകൾക്ക് 
പിന്നിലായിപ്പോയില്ലേ തേവരും, ദേവനും പിന്നെ സ്വർഗ്ഗത്തിന്റെ ദൂതരായ , 
പ്രവാചകർ  പോലും? 
പ്രതീക്ഷയുടെ എണ്ണ വറ്റി, 
കരിന്തിരി ആകുംവരെ, ജനാല പടിയിൽ ജീവന്റെ വിളക്ക് തെളിച്ച് നമുക്ക്,  കുഞ്ഞുങ്ങളുടെ കാവൽമാലാഖമാരാകാം... പുതിയ പ്രഭാതങ്ങൾ,  മുഖംമൂടിയില്ലാതെ  പുലരും എന്ന സ്വപ്നം കണ്ടു കാത്തിരിക്കാം...
                     

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക