ബ്രിട്ടീഷ് കുടിയേറ്റ നയത്തില്‍ ഇന്ത്യക്കാര്‍ക്ക് വന്‍ ഇളവുകള്‍

Published on 03 January, 2022
 ബ്രിട്ടീഷ് കുടിയേറ്റ നയത്തില്‍ ഇന്ത്യക്കാര്‍ക്ക് വന്‍ ഇളവുകള്‍

 

ലണ്ടന്‍: ഇന്ത്യയുമായുള്ള സഖ്യ സുദൃഢമാക്കുക എന്ന തന്ത്രപരമായ നിലപാടിന്റെ അടിസ്ഥാനത്തില്‍ ബ്രിട്ടീഷ് കുടിയേറ്റ നിയമനത്തില്‍ ഇന്ത്യക്കാര്‍ക്കായി പ്രത്യേക ഇളവുകള്‍ പരിഗണിക്കുന്നു. സ്റ്റുഡന്റ് വിസയ്ക്ക് ഫീസ് ഒഴിവാക്കുന്നത് അടക്കമുള്ള സുപ്രധാന തീരുമാനങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

പഠനത്തിനുശേഷം ബ്രിട്ടനില്‍ ജോലി ചെയ്യാനുള്ള അവസരവും ലഭ്യമാക്കും. ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക് മൂന്നു വര്‍ഷത്തെ വര്‍ക്ക് വിസ നല്‍കാനുള്ള നിര്‍ദേശവും സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്.

ഈ വര്‍ഷം തന്നെ പുതിയ ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്ന തരത്തിലാണ് സര്‍ക്കാരിന്റെ നടപടികള്‍. ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ യാഥാര്‍ഥ്യമാക്കുന്നതിനു പ്രത്യുപകാരം എന്ന നിലയില്‍ കൂടിയാണ് ഇതു പരിഗണിക്കുന്നത്. ഇതിനൊപ്പം, ദക്ഷിണേഷ്യയിലെ ചൈനയുടെ വര്‍ധിച്ചു വരുന്ന സ്വാധീനത്തെ പ്രതിരോധിക്കുന്നതിനും ബ്രിട്ടന് ഇന്ത്യയുടെ സഹായം അനിവാര്യമാണ്.


ഓസ്‌ട്രേലിയന്‍ പൗരന്‍മാര്‍ക്ക് നല്‍കുന്നതിനു സമാനമായ ഇളവുകളാണ് ഇപ്പോള്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്കായും പരിഗണിക്കപ്പെടുന്നത്. നിലവില്‍ 1400 പൗണ്ട് ഫീസ് ഈടാക്കുന്ന വര്‍ക്ക്, ടൂറിസ്റ്റ് വിസകള്‍ക്ക് നിരക്ക് ഇളവ് നല്‍കുന്നതും പരിശോധിക്കുന്നു.

ചെറുപ്പക്കാരായ ഇന്ത്യാക്കാര്‍ക്ക് ബ്രിട്ടനില്‍ മൂന്ന് വര്‍ഷത്തേക്ക് താമസിക്കുവാനും ജോലിചെയ്യുവാനുമുള്ള വിസ ലഭിക്കും. ഇതിനു പുറമെ ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് സ്റ്റുഡന്റ് വിസ ഫീസ് എടുത്തുകളയുവാനും പഠനശേഷം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ബ്രിട്ടനില്‍ താല്‍ക്കാലികമായി താമസിക്കുവാനുള്ള അനുമതിയും ലഭിക്കും.

ജോസ് കുന്പിളുവേലില്‍

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക