ഒരു മാത്ര (കവിത: ഡോളി തോമസ് കണ്ണൂർ)

Published on 05 January, 2022
ഒരു മാത്ര (കവിത: ഡോളി തോമസ് കണ്ണൂർ)

ഒരു മാത്ര മൊഴിയേണ്ട
ഒരു മാത്ര കാണേണ്ട
ഒരു മാത്ര നീയെന്നിൽ
കുളിരായ്‌ പൊഴിയാൻ.

ഒരു മാത്ര നീയെന്റെ
വിരൽത്തുമ്പു തൊട്ടില്ല
എങ്കിലുമൊരു പൂക്കാലമെന്നിൽ
 വിരുന്നു വന്നു.

ഒരു മാത്ര നിന്റെ,
മിഴികളിൽ പൂത്ത
കനൽച്ചൂടനുമാത്രയെ-ന്നിലഗ്നിശലാകയായ് മാറി.

ഒരു മാത്ര നീയെന്നിൽ
പെയ്തിറങ്ങേണ്ട,
എങ്കിലുമൊരു കുളിരലയെന്നെ 
തഴുകി നിൽപു.

ഒരു മാത്ര നിൻമാറിൽ
തലയൊന്നു ചായ്‌ച്ചില്ല
എങ്കിലും ഞാനറിയുന്നു 
നിന്റെയുൾത്തുടിപ്പുകൾ.

ഒരു മാത്രയെൻ 
ചാരെയണഞ്ഞില്ല നീ, 
എങ്കിലുമനുമാത്ര
നീയെന്നിൽ പൂത്തു നിൽപ്പൂ.

ഒരു ചാൽ നടന്നില്ല
ഒപ്പമീ വീഥിയിൽ,
എങ്കിലും നീയെൻ 
കനവിലുണ്ടെന്നും.

ഒരു മാത്രയെന്തേയെൻ
മിഴികളും നിറയുന്നു
നിന്റെ മിഴികളിൽ പൂത്ത
പ്രണയരേണുക്കളെൻ
മിഴികളിൽ കലരവേ.

ഒരു മാത്ര നമുക്കൊന്ന്
പോയ് വരാമീ
സ്വപ്നം വിരിച്ച
വീഥിയിലൂടെ.

ഒരു മാത്ര മൊഴിയേണ്ട
ഒരു മാത്ര കാണേണ്ട
ഒരു മാത്ര നീയെന്നിൽ
കുളിരായ്‌ പൊഴിഞ്ഞല്ലോ.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക