Image

'ഭൂമിയിലെ മനോഹര' ഗാനങ്ങൾ! (വിജയ് സി. എച്ച്)

Published on 05 January, 2022
'ഭൂമിയിലെ മനോഹര' ഗാനങ്ങൾ! (വിജയ് സി. എച്ച്)
 
ഈയ്യിടെ പ്രഖ്യാപിച്ച കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച ഗാനരചയിതാവിനുള്ളതു നേടിയ അൻവർ അലി, പ്രമേയ ബന്ധിതമായ സിനിമകളിൽ വേറിട്ട രീതിയിൽ പാട്ടുകളെഴുതി ജനശ്രദ്ധ നേടിയ ഒരു സാഹിത്യകാരനാണ്.
ഗാനങ്ങളുടെ വരികളിൽ മാത്രമല്ല, അൻവറിൻ്റെ കവിതകളിലും, തിരക്കഥകളിലും, ഡോക്യുമെൻ്ററി എഴുത്തുകളിലും നിറഞ്ഞു നിൽക്കുന്നത് നിലപാടുകളിൽ ഗൗരവം പുലർത്തുന്നൊരു
വ്യക്തിത്വമാണ്.
താൻ കവിതയെഴുതുന്നത് ശ്രദ്ധയോടെ അത് വായിക്കുന്നവർക്കു വേണ്ടിയാണെന്നും, താൻ പാട്ടെഴുതുന്നത് ശ്രദ്ധയോടെ അത് ശ്രവിയ്ക്കുന്നവർക്ക് വേണ്ടിയാണെന്നും അൻവർ വ്യക്തമാക്കുന്നു. 'അന്നയും റസൂലും', 'കമ്മട്ടിപ്പാടം', 'കിസ്മത്ത്', 'മായാനദി', 'സുഡാനി ഫ്രം നൈജീരിയ', 'കുമ്പളങ്ങി നൈറ്റ്സ്', 'തൊട്ടപ്പൻ', 'നായാട്ട്' മുതലായ അമ്പതോളം പടങ്ങളിലെ ഗാനങ്ങളാൽ ആസ്വാദകരുടെ മനം കവർന്ന അൻവർ, 'ഭൂമിയിലെ മനോഹര സ്വകാര്യ'ത്തിലും, 'മാലിക്കി'ലും താനിപ്പോൾ നേടിയ അംഗീകാരത്തിൻ്റെ പ്രസക്തിയിൽ സംസാരിക്കുന്നു:
 
🟥 2013-ൽ, 'അന്നയും റസൂലി'ലും തുടക്കമിട്ട താങ്കളുടെ സിനിമാ പാട്ടെഴുത്ത്, 2021-ൽ രണ്ടു പടങ്ങളിലെ മൂന്നു പുരസ്കാര ഗാനങ്ങളിലെത്തുമ്പോൾ, താണ്ടിയ നാഴികക്കല്ലുകളും, സർഗ വഴിയിൽ വിധേയമാകേണ്ടിവന്ന പരിണാമങ്ങളും പങ്കുവയ്ക്കാമോ?
 
💎 പാട്ടെഴുത്ത് തൊഴിലായി സ്വീകരിച്ച് സിനിമയിൽ എത്തിപ്പെട്ട ഒരു വ്യക്തിയല്ല ഞാൻ. വളരെ യാദൃച്ഛികമായാണ് പാട്ടെഴുതാൻ തുടങ്ങിയത്. അതിനാൽ, നാഴികക്കല്ല് മുതലായ മുന്നേറ്റ മാനങ്ങളെക്കുറിച്ചൊന്നും എനിക്ക് ഉത്കണ്‌ഠയില്ല. 'അന്നയും റസൂലി'ൻ്റെ സംവിധായകൻ രാജീവ് രവി ദീർഘകാല സുഹൃത്താണ്. താൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിൽ പഴയ സുഹൃത്തുക്കളെയൊക്കെ പങ്കാളികളാക്കുന്നതിൻ്റെ ഭാഗമായി രാജീവ് എന്നെ പാട്ടെഴുതാൻ നിർബന്ധപൂർവ്വം ക്ഷണിച്ചു. അങ്ങനെയാണ് ആ സിനിമയ്ക്ക് ഞാൻ എഴുതിയത്. എഴുതിക്കഴിഞ്ഞപ്പോൾ നല്ല ഉഷാറു തോന്നി. പുതിയൊരു എഴുത്തു സങ്കേതം എന്ന നിലയ്ക്കുള്ള ഉത്സാഹം, ചെറുപ്പക്കാർക്കൊപ്പം പണിയെടുക്കുന്നതിലെ പുതുമ ഒക്കെ തോന്നി. തുടർന്ന് രാജീവിൻ്റെ പടങ്ങൾക്കു വേണ്ടി, വീണ്ടും എഴുതി. ഒരു പ്രവൃത്തി തുടർച്ചയായി ചെയ്യുമ്പോൾ സ്വാഭാവികമായും അതിൻ്റെ രീതികളെക്കുറിച്ചും മറ്റു സാങ്കേതിക വശങ്ങളെക്കുറിച്ചും കൂടുതൽ ഗ്രഹിക്കാൻ അവസരം ലഭിക്കുമല്ലോ. അങ്ങനെ ക്രമേണ എൻ്റെതായ ചേർപ്പുകളും രീതികളും എൻ്റെ പാട്ടെഴുത്തിൽ വന്നിട്ടുണ്ടാവണം. ഒരു ഗാനത്തെ സ്വയം പൂർണ്ണതയുള്ളൊരു ശിൽപ്പമാക്കി മാറ്റാനാണ് ഞാൻ ശ്രമിക്കാറ്. രചനയിലെ ഇത്തരത്തിലുള്ള നിഷ്ഠകൾ സഹൃദയർ ചിലർ ശ്രദ്ധിക്കുകയും എന്നോടത് പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്.
🟥 ഒരു ഗാനരചനയുടെ തുടക്കം എങ്ങനെയാണ് സംഭവിക്കുന്നത്? അൻവറിൻ്റെ അനുഭവം?
 
💎 കവിതയുടെ രൂപീകരണം താരതമ്യേന ആത്മ പ്രചോദിതമായി അനുഭവപ്പെടുമെങ്കിലും,
സിനിമാഗാനരചന അങ്ങനെയല്ല. പാട്ടെഴുതുന്നത് സിനിമയിലെ ഓരോരോ ആവശ്യങ്ങൾക്കുവേണ്ടിയാണ്. കഥയെ മുന്നോട്ടു കൊണ്ടുപോകൽ, കഥാപാത്രങ്ങളെയും അവരുടെ ബന്ധങ്ങളെയും അനാവരണം ചെയ്യൽ തുടങ്ങി ഇന്ത്യൻ മ്യൂസിക്കലുകളുടെ ആഖ്യാനഘടനയ്ക്ക് പാട്ടു കൊണ്ട് ചില ആവശ്യങ്ങളുണ്ട്. അവയ്ക്കായുള്ള ബോധപൂർവ്വമായ രചനകളാണ് വേണ്ടത്. ചിലപ്പോൾ സിനിമയുടെ സ്ക്രിപ്റ്റ് വായിക്കാൻ കിട്ടും, അല്ലെങ്കിൽ രംഗം വിവരിച്ചു തരും. ഷൂട്ടിംങ് സമയത്ത് വേണ്ടതാണെന്നോ ഷൂട്ടിംങ്ങിനു മുന്നെ ആവശ്യമുള്ളതാണെന്നോ ഉള്ള നിർദ്ദേശങ്ങളുണ്ടാകും. മിക്കവാറും മുൻകൂട്ടി ചിട്ടപ്പെടുത്തിയ ട്യൂൺ അനുസരിച്ചാണ് എഴുതേണ്ടിവരിക. 'കുമ്പളങ്ങി നൈറ്റ്സി'ലെയും, 'മാലികി'ലെയും ഒക്കെ പാട്ടുകൾ അങ്ങനെ എഴുതിയവയാണ്. പ്രതിപാദ്യത്തിന് പരമപ്രധാന്യമുള്ള സന്ദർഭങ്ങളിൽ വരികൾ ആദ്യമെഴുതേണ്ടിയും വരും. 'കമ്മട്ടിപ്പാട'ത്തിലെ 'പുഴു പുലികൾ', 'തൊട്ടപ്പനി'ലെ 'പ്രാന്തങ്കണ്ടലിൻ...' തുടങ്ങിയവ എഴുതിയ ശേഷം ഈണമിട്ടവയാണ്. രണ്ടു രീതിയിലും ഞാൻ കംഫർട്ടബിൾ ആണ്.
 
🟥 മലയാള ഗാനരചനാ ശാഖയിൽ താങ്കളുടെതൊരു വേറിട്ട രീതിയാണ്. പതിവു ഭാവുകത്വത്തെ മാറ്റിമറിച്ചപ്പോൾ ശ്രോതാക്കളുടെയും നാടിൻ്റെ പൊതുവെയും പ്രതികരണങ്ങൾ എങ്ങനെയായിരുന്നു?
 
💎 വേറിട്ട രീതിയാണെന്നും പതിവു ഭാവുകത്വത്തെ മാറ്റിയെന്നും ഒക്കെയുള്ളത് എൻ്റെ പാട്ടു കേട്ടവരിൽ ചിലരുടെ പ്രതികരണമാണ്. മനോജ് കുറൂറിനെപ്പോലുള്ള ചില കവികൾ അത് പറയുകയും എഴുതുകയും ചെയ്തിട്ടുണ്ട്. ഈ മാറ്റമൊന്നും നമ്മൾ ബോധപൂർവം കൊണ്ടുവരുന്നതാണെന്ന് പറയാനാവില്ല. ആളുകൾ കേട്ടും അഭിപ്രായം പറഞ്ഞുമെല്ലാം കുറച്ചു കാലം കഴിയുമ്പോൾ, തുടർന്നുപോന്ന എഴുത്തു മുറയെപ്പറ്റി നാം ബോധവാന്മാരായി മാറുന്നുവെന്നേയുള്ളൂ. ചില പാറ്റേണുകൾ ഉണ്ടായി വരുന്നതായി തോന്നുമ്പോൾ അറിഞ്ഞോ അറിയാതെയോ മാറ്റിപ്പിടിക്കാനും നോക്കും. അതാണ് എൻ്റെ രീതി.
🟥 ഒരു സാഹിത്യകാരൻ എന്ന നിലയിൽ സൃഷ്ടി സമയത്ത് കവിതകളും സിനിമാഗാനങ്ങളും തമ്മിൽ പ്രമേയപരമായി എന്തു വ്യത്യാസമാണ് താങ്കൾക്ക് അനുഭവപ്പെടുന്നത്?
 
💎 കവിത ഒരു മൗലികമായ കലാശാഖയാണ്. എന്നാൽ, സിനിമാഗാനം ഒരു പ്രയുക്തകലയും (Applied art). ഒ.എൻ.വി യൊക്കെ ഇക്കാര്യം മുമ്പേ പറഞ്ഞിട്ടുണ്ട്. അതായത്, ആപേക്ഷികമായി കവിതയ്ക്കു തന്നെയാണ് മൗലികത്വം കൂടുതലുള്ളത്. കാരണം, കവിത അടിസ്ഥാനപരമായൊരു കലാഗണ (Elemental art) മാണ്. സിനിമാ ഗാനമാവട്ടെ, ഒരു പ്രത്യേക ആവശ്യത്തിനു വേണ്ടി നടത്തുന്ന സൃഷ്ടിയും.
 
🟥 'കിസ്മത്തി'ലെ 'ഖിസ പാതിയിൽ...' ആയാലും ശരി, ഇപ്പോൾ പുരസ്കാരം നേടിയ രചനകളിലൊന്നായ ചിത്രയുടെ ആലാപനം 'തീരമേ തീരമേ...' ആയാലും ശരി, താങ്കളുടെ വരികൾക്ക് പൊതുവിൽ എന്തെല്ലാമോ ഉണ്ട്. രചയിതാവിൻ്റെ കാഴ്ചപ്പാടിൽ ഇതൊന്ന് വ്യക്തമാക്കാമോ?
 
💎 എൻ്റെ രചനയുടെ പൊതുസ്വഭാവം വിശദീകരിക്കൽ എൻ്റെ ജോലിയല്ല. കേൾക്കുന്നവരോ നിരൂപകരോ അതു ചെയ്യട്ടെ. 'മാലികി'ലെ പാട്ടിനെ സംബന്ധിച്ച ഒരു കാര്യം പറയാം. 'തീരമേ തീരമേ...' എന്ന പാട്ടിലെ 'ശന്തിരപ്പുതു നാരിയിന്മനം...' എന്നു തുടങ്ങുന്ന കോറസ്സ് വരികൾ എൻ്റെ സ്വന്തമല്ല. ലക്ഷദ്വീപുകളിലൊന്നിൽ വിവാഹവേളയിൽ പാടാറുള്ളതാണ്. അതിൻ്റെ മീറ്ററിലും വരികളുടെ, വാക്കുകളുടെ, ക്രമത്തിലും ചില മാറ്റങ്ങൾ വരുത്തി എൻ്റെ പാട്ടിന് പാകപ്പെടുത്തിയെടുക്കുകയാണ് ചെയ്തത്. തുടരെഴുത്ത് (After writing) എന്നൊരു സങ്കേതമുണ്ട് കവിതയിൽ -- നിലവിലുള്ള ഒരു രചനയെ തൻ്റെതായ മാറ്റങ്ങളോടെ പുനരാവിഷ്കരിക്കുക. അത് പാട്ടെഴുത്തിലും ആവാം. 'മാലിക്കി'ലെ പാട്ടിൻ്റെ കോറസ് അത്തരമൊരു തുടരെഴുത്തും, പാട്ടിൻ്റെ മുഖ്യഭാഗം ഞാൻ എഴുതിയതുമാണ്.
മനുഷ്യ സംസ്കൃതിയുടെ ഓർമകളിലുടനീളം പാട്ടുകൾ ഉറങ്ങിക്കിടപ്പുണ്ട്. തോറ്റമ്പാട്ടും, കല്യാണപ്പാട്ടും, നാവേറും, ചാവേറും, കൃഷിപ്പാട്ടും, യാത്രപ്പാട്ടും, തീനും കുടിയും പ്രേമവും കാമവും കലഹവും ഒക്കെയായി നാടൻപാട്ടുകളുണ്ട്. ക്ലാസിക്കലോ, പോപ്പുലറോ ആയ ആധുനിക സംഗീത പദ്ധതികളൊക്കെ രൂപപ്പെടും മുന്നെയുള്ള ജനകീയ സംഗീതത്തിൻ്റെ വമ്പിച്ച ശേഖരം തന്നെയാണ് എല്ലാ ഭാഷകളിലെയും ഫോക് സോങ്ങുകൾ. അത്തരം ശേഖരങ്ങൾ കണ്ടെത്തി അവ അപ്പടിയോ തുടരെഴുത്തായോ ആവിഷ്കരിക്കുന്നതിൽ എനിക്ക് പ്രത്യേക താൽപ്പര്യമുണ്ട്. അൽപ്പം ആലങ്കാരികമായി പറഞ്ഞാൽ, ഗാനരചയിതാവെന്ന ആധുനിക കർത്തൃത്വത്തെ തന്നെ അതു വഴി റദ്ദാക്കണമെന്നുണ്ട്. തുടരെഴുത്തിൻ്റെ മറ്റൊരു സാധ്യത അതിലൂടെ സമകാലീന ഗാനശിൽപ്പങ്ങളിലെ നിരവധി യാന്ത്രിക പ്രവണതകളെ മറികടക്കാം എന്നതാണ്. പല കാലങ്ങളുടെ പാട്ടുകൾ കണ്ടെടുക്കുക, വീണ്ടെടുക്കുക, സമാഹരിക്കുക, പുനർനിർവചിക്കുക... ഇതെല്ലാം നരവംശശാസ്‌ത്രപര (anthropological) മായിക്കൂടി നമ്മൾ നടപ്പാക്കേണ്ട ആർക്കൈവൽ പദ്ധതിയാണ്. പൊതുവായ ദീർഘകാല ചരിത്രത്തിൻ്റെ ഭാഗമാണ് കാവ്യഭാഷയും പാട്ടുഭാഷയും. ഇക്കാര്യം തിരിച്ചറിയണമെങ്കിൽ ആദ്യം ഇല്ലാതാകേണ്ടത് ഓതർഷിപ്പിൻ്റെ ഹാലോയാണ്!
🟥 മുന്നെയൊക്കെ നടീനടന്മാർ പിന്നണി ഗാനങ്ങൾ പാടി അഭിനയിക്കുകയായിരുന്നു. അവരുടെ മുഖഭാവങ്ങളും അംഗചലനങ്ങളും വരികളുടെ അർത്ഥം ദീപ്തമാക്കിയിരുന്നു. പുതിയ പടങ്ങളിൽ പാട്ടു സമയത്ത് അതിനോടു ബന്ധമില്ലാത്ത കാര്യങ്ങളിൽ നടീനടന്മാർ വ്യാപൃതരാണ്. പാട്ടിനിടയിൽ അഭിനേതാക്കൾ മറ്റ് എന്തൊക്കെയോ സംസാരിക്കുക കൂടി ചെയ്യുന്നു. ഗാന സാഹിത്യത്തിൻ്റെ ശോഭ കുറയ്ക്കാൻ ഇത്രയും മതി...
 
💎 നേരേ തിരിച്ചാണെന്നാണ് എൻ്റെ അഭിപ്രായം. പഴയ സിനിമകളിലെ നടീനടൻമാരുടെ പാട്ടഭിനയം മഹാബോറായിരുന്നു. അല്ലെങ്കിൽ തന്നെ അംഗവിക്ഷേപങ്ങളും ചുണ്ടനക്കലും കൊണ്ട് എങ്ങനെയാ വരികളുടെ അർത്ഥം ദീപ്തമാകുന്നത്?
 
ചരിത്രപരമായി നോക്കിയാൽ, ഇന്ത്യൻ മ്യൂസിക്കലുകളിലെ പാടി അഭിനയം പാർസി തിയ്യറ്ററിൻ്റെയും സംഗീതനാടക പാരമ്പര്യത്തിൻ്റെയും തുടർച്ചയാണ്. അത് സിനിമയെന്ന ആഗോള വിനോദവ്യവസായത്തിൽ ഇന്ത്യയുടെ സംഭാവനയുമാണ്. എന്നാൽ, കലാത്മകമായി നോക്കുമ്പോൾ സിനിമയ്ക്ക് അത്യാവശ്യമുള്ളൊരു സംഗതിയല്ല ഗാനം. വിനോദസിനിമയിലെ ഒരു ചേരുവ മാത്രമായേ അതിനെ കണക്കാക്കേണ്ടതുള്ളൂ. ചില പ്രത്യേക സന്ദർഭങ്ങളിൽ, മറ്റു പല ഘടകങ്ങൾക്കുമൊപ്പം സിനിമയിൽ പാട്ടിന് പ്രസക്തിയുണ്ടാവുകയുമാവാം. കഥ ചുരുക്കിപ്പറയാനും ടൈം ജമ്പിനുമൊക്കെ അത് പ്രയോജനപ്പെടാം. ദൃശ്യാവിഷ്കാരം -- അത് പഴയതാകട്ടെ, പുതിയതാകട്ടെ, അഭിനേതാവിൻ്റെതാകട്ടെ, സംവിധായകൻ്റെതാകട്ടെ -- നന്നല്ലെങ്കിൽ പാട്ടും പാളും, പടവും പാളും! 60-കളിലും, 70-കളിലും ഒന്നാന്തരം മലയാള സിനിമാഗാനങ്ങൾ തീർത്തും മോശമായി ചിത്രീകരിച്ചിട്ടുണ്ട്. കണ്ണടച്ചിരുന്നാലേ ചില പാട്ടുകൾ കേൾക്കാനാവൂ എന്ന അവസ്ഥ പോലുമുണ്ട്! ഉദാഹരണത്തിന്, 'ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ ശകുന്തളേ നിന്നെ ഓർമ്മ വരും...' എന്നു തുടങ്ങുന്ന ഗാനത്തിൻ്റെ ചിത്രീകരണം ഒന്നു കണ്ടു നോക്കൂ. 'മാനത്തെ വനജ്യോത്സ്ന നനയ്ക്കുവാൻ പൗർണ്ണമി മൺകുടം കൊണ്ടു നടക്കുമ്പോൾ...' എന്ന വരിയുടെ ദൃശ്യം, മേഘങ്ങൾക്കിടയിൽ ഒക്കത്തു കുടവുമായി ബാലെ വേഷത്തിൽ നിർക്കുന്ന കെ.ആർ.വിജയയുടെ ഒരു സൂപ്പർ ഇംപോസ്ഡ് രൂപമാണ്. ഇപ്പോൾ കാണുമ്പോൾ എന്തൊരു കോമഡിയാണത്! വകതിരിവു കുറഞ്ഞ ഒരു സിനിമാ ഭാഷയിലൂടെയാണ് ദീർഘകാലം നമ്മുടെ പാട്ടു ചിത്രീകരണം ഒട്ടുമുക്കാലും സഞ്ചരിച്ചിട്ടുള്ളത്. ഇപ്പോൾ അതിന് ഒരുപാട് വ്യത്യാസം വന്നിട്ടുണ്ട്.
 
🟥 പുതിയ കാലത്ത് ഗാനസാഹിത്യത്തിൻ്റെ സാധ്യതകൾ എങ്ങനെ? അതിൻ്റെ ഭാവി?
 
💎 സിനിമയിൽ നിന്നു മാറി പുതിയൊരു ആൽബം സംസ്കാരം കേരളത്തിൽ ഉണ്ടാകുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ചലച്ചിത്രങ്ങൾക്കു വേണ്ടിയല്ലാത്ത സ്വതന്ത്രസംഗീതം ഉണ്ടാവുകയാണെങ്കിൽ ഗാനസാഹിത്യത്തിൻ്റെ ഗുണനിലവാരവും വർദ്ധിച്ചേക്കാം.
'ഭൂമിയിലെ മനോഹര' ഗാനങ്ങൾ! (വിജയ് സി. എച്ച്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക