ഇന്ന് രാത്രി കനത്ത സ്നോ വീഴ്ച പല ഭാഗത്തും ഉണ്ടാവുമെന്ന്  വിദഗ്ദർ

Published on 06 January, 2022
ഇന്ന് രാത്രി കനത്ത സ്നോ വീഴ്ച പല ഭാഗത്തും  ഉണ്ടാവുമെന്ന്  വിദഗ്ദർ

വാഷിംഗ്ടൺ, ജനുവരി 6:    മിഡ്-അറ്റ്‌ലാന്റിക്, ന്യൂ ഇംഗ്ലണ്ട് മേഖലകളിൽ വ്യാഴാഴ്ച (ഇന്ന്) രാത്രി മുതൽ വെള്ളിയാഴ്ച വരെ വീണ്ടും സ്നോ സ്റ്റോം  ഉണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചന ഏജൻസി അക്യുവെതർ മുന്നറിയിപ്പ് നൽകി. 

വാഷിംഗ്ടൺ, ഡി.സി., ഫിലാഡൽഫിയ, ന്യൂയോർക്ക് സിറ്റി, ബോസ്റ്റൺ എന്നീ  പ്രധാന നഗരങ്ങൾ ഉൾപ്പെടെ വടക്കുകിഴക്കൻ ഭാഗങ്ങളിൽ മഞ്ഞ് അടിഞ്ഞുകൂടുന്നത് ഗതാഗതം  തടസ്സപ്പെടുത്തും.

ബുധനാഴ്ച രാത്രിയോടെ കൊടുങ്കാറ്റ് രൂപപ്പെടാനും സാധ്യതയുണ്ടെന്ന് അക്യുവെതർ ചീഫ് ഓൺ-എയർ കാലാവസ്ഥാ നിരീക്ഷകൻ ബെർണി റെയ്‌നോ പറഞ്ഞു.

ന്യു യോർക്ക് ട്രൈ -സ്റ്റേറ്റ്  പ്രദേശത്തെ  ചില ഭാഗങ്ങളിൽ  വ്യാഴാഴ്ച മുതൽ വെള്ളിയാഴ്ച വരെ 4 ഇഞ്ച് വരെ മഞ്ഞ് വീഴാൻ സാധ്യതയുണ്ടെന്നും ഇത്  മറ്റൊരു ശൈത്യകാല കൊടുങ്കാറ്റിനു വഴിവയ്ക്കുമെന്നും 
 എൻബിസിയുടെ സ്റ്റോം ടീം 4 പറയുന്നു 

വ്യാഴാഴ്ച വൈകുന്നേരത്തോടെ പലയിടത്തും  സ്നോ ആരംഭിക്കുമെന്നാണ്  പ്രതീക്ഷിക്കുന്നത്.  വെള്ളിയാഴ്ച രാവിലെ മുതൽ തന്നെ മോശം  കാലാവസ്ഥ യാത്രകൾ തടസ്സപ്പെടുത്തുമെന്നാണ്  പ്രതീക്ഷിക്കേണ്ടത് .

ന്യൂയോർക്ക് സിറ്റിയുടെ  തെക്കും കിഴക്കും ഉള്ള സ്ഥലങ്ങളിൽ ഉയർന്നതോതിൽ സ്നോ  ഉണ്ടാകുമെന്നാണ്  കരുതുന്നത്.

ന്യൂയോർക്ക്, ന്യൂജേഴ്‌സി, കണക്റ്റിക്കട്ട് എന്നീയിടങ്ങളിൽ  മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

കനത്ത സ്നോ വ്യാഴാഴ്ച രാത്രി മുതൽ വെള്ളിയാഴ്ച രാവിലെ വരെ ന്യൂയോർക്ക് സിറ്റിയെ ബാധിക്കുമെന്നാണ്  കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങളിൽ നിന്നുള്ള അറിയിപ്പ്.

കൊടുങ്കാറ്റ് എത്രത്തോളം  ശക്തിപ്പെടുമെന്നതിനെ ആശ്രയിച്ചായിരിക്കും കാലാവസ്ഥ മാറുക.

വടക്കുകിഴക്കൻ യുഎസിൽ അടുത്ത ദിവസം മഞ്ഞ് അടിഞ്ഞുകൂടുമെന്ന് ഞായറാഴ്ച പലരും സംശയം പ്രകടിപ്പിച്ചിരുന്നു, തിങ്കളാഴ്ച ഉച്ചയോടെ അഞ്ചോ പത്തോ ഇഞ്ച്   മഞ്ഞ് പ്രദേശത്ത്   നിറഞ്ഞിരുന്നു.

വിർജീനിയയിലെയും മേരിലാൻഡിലെയും അര മില്യണിലധികം  ഉപഭോക്താക്കൾക്ക് വൈദ്യുതി നഷ്ടപ്പെട്ടു. മഞ്ഞിന്റെ ഭാരവും ശക്തമായ കാറ്റും മൂലം  മരക്കൊമ്പുകൾ വീണാണ്  വൈദ്യുതി തടസ്സപ്പെട്ടത്.ഇന്റർസ്റ്റേറ്റ്  95-ൽ  ഗതാഗതം സ്തംഭിച്ചു. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക