പള്ളിയിൽ രണ്ടാളെ കൊന്ന  കേസ്: ശിക്ഷ ഒഴിവാക്കാൻ സനീഷ് ഹർജി നൽകി 

Published on 07 January, 2022
പള്ളിയിൽ രണ്ടാളെ കൊന്ന  കേസ്: ശിക്ഷ ഒഴിവാക്കാൻ സനീഷ് ഹർജി നൽകി 

സനീഷും രേഷ്മയും: ഫയൽ ഫോട്ടോ

ന്യു ജേഴ്‌സി: 2008-ൽ  ക്ലിഫ്‌ടണിലെ സെന്റ് തോമസ് സിറിയൻ ഓർത്തഡോക്‌സ് ക്നാനായ പള്ളിയിയിൽ ഭാര്യ രേഷ്മ ജെയിംസിനെയും ഡെന്നിസ് ജോൺ  മള്ളൂശേരിയെയും വെടിവച്ച് കൊന്ന    ജോസഫ് എം. പള്ളിപ്പുറത്ത് (40)  ശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേറ്റ്  സുപ്രീം കോടതിയിൽ ഹർജി നൽകി.

മാനസികമായി സുബോധമില്ലായിരുന്നുവെന്നാണ്  (ഇൻസാനിറ്റി) പ്രധാന വാദം. മാനസിക രോഗത്തിന് ഇന്ത്യയിൽ വച്ച് ആശുപത്രിയിൽ കിടക്കുകയും ചികിൽസിക്കുകയും  ചെയ്തിരുന്നുവെന്നും അതൊന്നും കോടതിയിൽ അവതരിപ്പിച്ചില്ലെന്നുമാണ് പുതിയ ഹർജിയിൽ പറയുന്നത്.

രണ്ട് പേരെ കൊന്നതിനും സിൽവി പെരിഞ്ചേരിയെ, 47,  വെടിവച്ച് പരുക്കേൽപ്പിച്ചതിനും ജോസഫ് എന്ന സനീഷ് ഇപ്പോൾ ഇരട്ട ജീവപര്യന്തം അനുഭവിക്കുകയാണ്. 2153-ൽ മാത്രമേ പുറം ലോകം കാണാനാകൂ.  സംഭവം നടക്കുമ്പോൾ സനീഷിനു 27 , രേഷ്മക്ക് 25 , ഡെന്നിസിനു 23  വയസായിരുന്നു.

അതിനു ശേഷം വീല്ചെയറിലായ സില്വിയും കുടുംബവും പിന്നീട് ടെക്സസിലേക്കു താമസം മാറ്റി. ഡെന്നീസിന്റെ ഹൃദയമടക്കം  അവയവങ്ങൾ സ്വീകരിച്ചവർ ഇപ്പോൾ ആരോഗ്യത്തോടെ ജീവിക്കുന്നു. 

കാലിഫോർണിയയിൽ നിന്ന് ന്യൂജേഴ്‌സിയിലേക്ക്  അഞ്ചു ദിവസമെടുത്താണ്   വാഹനമോടിച്ച് സനീഷ് എത്തിയത്. ആറു  മാസം മുൻപ് പിണങ്ങിപ്പോയ ഭാര്യയെ കാണാനായിരുന്നു തോക്കുമായി പള്ളിയിൽ വന്നത് . കസിനായ  സില്വിയുടെ കുടുംബത്തോടോപ്പമായിരുന്നു രേഷ്മ താമസിച്ചിരുന്നത്.

വെടിവയ്പ്പ് അബദ്ധത്തിലുണ്ടായ അപകടം ആയിരുന്നെന്നാണ്   സനീഷ്  വിചാരണയ്ക്കിടെ പറഞ്ഞത്. വെടിവയ്പ്പിന് ശേഷം ജോര്ജിയയിലേക്ക് സ്ഥലം വിട്ട സനീഷ് അവിടെ വച്ച്  കുറ്റസമ്മതം നടത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലായിരുന്നു ശിക്ഷ പ്രധാനമായും ലഭിച്ചത്.  കുറ്റ സമ്മതത്തിൽ  മെഷീൻ ഗൺ ഉണ്ടായിരുന്നവെങ്കിൽ പള്ളിയിലെ എല്ലാവരെയും കൊല്ലുമായിരുന്നുവെന്ന് സനീഷ്  പോലീസിനോട് പറഞ്ഞിരുന്നു.

എന്നാൽ അന്നത്തെ  അറ്റോർണി ഹാർലി ബ്രൈറ്റ്,  മാനസിക  പ്രശ്നത്തിന്റെ പേരിലുള്ള  പരിഗണന തന്റെ കക്ഷിക്കു നൽകണമെന്ന് വാദിച്ചില്ലെന്നാണ് ഇപ്പോഴത്തെ  അഭിഭാഷകൻ ജോൺ വിൻസെന്റ് സൈക്കാനിക്ക്  പറയുന്നത്  . 

സനീഷിന്റെ  മാനസികാവസ്ഥയാണ് സംഭവത്തിലേക്ക് നയിച്ചതെന്നും വീണ്ടും കേസ് കേൾക്കണമെന്നും കാണിച്ച്  സൈക്കാനിക്ക്  സംസ്ഥാന  സുപ്രീം കോടതിക്ക് ഹർജി നൽകി.

വീണ്ടും തെളിവെടുപ്പ് നടക്കുകയാണെങ്കിൽ, താൻ എങ്ങനെ കേസ് കൈകാര്യം ചെയ്തുവെന്ന്  അറ്റോർണി ബ്രൈറ്റിനു  സത്യവാങ്മൂലം നൽകേണ്ടിവരും.  ശിക്ഷാവിധി ഒഴിവാക്കാനും പുതിയ വിചാരണയ്ക്ക് ഉത്തരവിടാനും സംസ്ഥാന സുപ്രീം കോടതിയെ ബോധ്യപ്പെടുത്താനുമാണ്  സയ്കാനിക്ക് ശ്രമിക്കുന്നത്.
കുറ്റകൃത്യം എത്ര ഭയാനകമാണെങ്കിലും, ജനാധിപത്യ രാജ്യത്ത് വ്യക്തിയുടെ ഭാഗം ചിന്തിക്കേണ്ടതുണ്ടെന്ന്  സയ്കാനിക് വ്യക്തമാക്കി. മനോനില ശരിയല്ലെന്നിരിക്കെ  പള്ളിപ്പുറത്ത് വിചാരണ നേരിടേണ്ടിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സാധാരണയായി, സംസ്ഥാന സുപ്രീം കോടതിക്ക്  മുമ്പാകെ വരുന്ന ബഹുഭൂരിപക്ഷം അപ്പീൽ കേസുകളും അവലോകനം ചെയ്യാൻ വിസമ്മതിക്കുന്നതാണ്  പതിവ്. ഇക്കാര്യത്തിൽ  മാറ്റം വരുമോ എന്ന വ്യക്തമല്ല.

നിറതോക്കുമായി 2008 നവംബർ 23-ന് പുലർച്ചെ  ജീപ്പിൽ   ഭാര്യ രേഷ്മ ജെയിംസിനെ അന്വേഷിച്ച് കാലിഫോർണിയയിൽ നിന്ന് ഭാര്യയെ അന്വേഷിച്ച് ന്യൂജേഴ്‌സിയിലേക്ക് പോകുമ്പോൾ  തന്നെ സനീഷ്  ഭ്രാന്തമായ അവസ്ഥയിലായിരുന്നു.  ഭാര്യയുമായി വഴക്കിടുമ്പോൾ ഡെന്നിസ്  ഇടപെട്ടപ്പോഴാണ് സനീഷ് വെടിയുതിർത്തത്-സൈക്കാനിക്ക് ചൂണ്ടിക്കാട്ടുന്നു.  

ഓടി രക്ഷപ്പെട്ട പള്ളിപ്പുറത്ത് രണ്ട് ദിവസത്തിന് ശേഷം ജോർജിയയിൽ വെച്ച് പിടിയിലാവുകയും പോലീസിനോട് കുറ്റസമ്മതം നടത്തുകയും ചെയ്തു.  വീഡിയോ ടേപ്പ് ചെയ്ത മൊഴി പിന്നീട് വിചാരണയിൽ അദ്ദേഹത്തിനെതിരെ നിര്ണായകതെളിവായി.  

മനോനില  വിലയിരുത്താൻ ആദ്യമേ  സൈക്യാട്രിസ്റ്റിനെ ഏർപ്പെടുത്തിയിരുന്നെന്ന്  അറ്റോർണി ബ്രൈറ്റ് പറഞ്ഞു. എന്നാൽ, ഡോക്ടർ ഒരിക്കലും അത്തരത്തിലൊരു  റിപ്പോർട്ട് ഹാജരാക്കിയില്ലെന്നും  സനീഷ്   ഇന്ത്യയിൽ വച്ച് മനോരോഗത്തിന്  ചികിത്സയിലായിരുന്നോ എന്നത്തിനു   കൂടുതൽ രേഖകൾ ലഭിച്ചില്ലെന്നും ബ്രൈറ്റ്   പറഞ്ഞു.

കാലിഫോർണിയയിൽ നിന്ന് ന്യൂജേഴ്‌സിയിലേക്ക് അഞ്ച് ദിവസമെടുത്ത് വണ്ടിയോടിച്ച് എത്തിയത് കൃത്യമായ ഉദ്ദേശത്തോടെയാണെന്നതിന്  ധാരാളം തെളിവുകളുണ്ടെന്ന് ബ്രൈറ്റ് പറഞ്ഞു. ന്യൂജേഴ്‌സിയിൽ എത്തിയപ്പോൾ, അയാൾ ഒരു മുറി വാടകയ്‌ക്കെടുത്തു. കസിനോടൊപ്പം താമസിക്കുന്ന ൾ ഭാര്യയെ  നിരീക്ഷയിക്കുകയും   പള്ളിയിലേക്കുള്ള വഴിയിൽ പിന്തുടരുകയും ചെയ്‌തു.

ചെയ്യുന്നത് തെറ്റാണെന്ന ഉത്തമബോധ്യം അയാൾക്കുണ്ടായിരുന്നെന്നും  വെടിവയ്പ്പിന് ശേഷം    ജോർജിയയിലേക്ക് അയാൾ രക്ഷപ്പെടാൻ ശ്രമിച്ചത് അതുകൊണ്ടാണെന്നും  ബ്രൈറ്റ് വിശദീകരിച്ചു.

Josettan 2022-01-08 15:23:51
ഇൻഡ്യയിൽ നിന്ന് ആർക്കു വേണമെങ്കിലും മനോരോഗ സർട്ടിപ്പിക്കേറ്റ് വാങ്ങാമല്ലൊ. ചെറുക്കൻ ജയിലിൽ കിടന്ന് മടുത്തു കാണും, അതു കൊണ്ടുള്ള പുതിയ നമ്പർ. ചെയ്യുന്നതിന് മുമ്പ് ആലോചിക്കണമായിരുന്നു!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക