Image

സൗഹൃദപൂക്കൾ  (കവിത: ജോയ് പാരിപ്പള്ളില്‍)

Published on 08 January, 2022
സൗഹൃദപൂക്കൾ  (കവിത: ജോയ് പാരിപ്പള്ളില്‍)

ഓർക്കുന്നുവോ പ്രിയ സ്നേഹിതാ നീ
അറിയുന്നുവോ എന്റെ നൊമ്പരങ്ങൾ?
ഒരു നാളും പിരിയില്ല എന്നന്ന് ചൊല്ലിയ
മറുവാക്കതൊക്കെയും  നീ മറന്നോ?

അന്നു നാമൊന്നിച്ചൊരുക്കുടക്കീഴിൽ
പുസ്തക സഞ്ചിയും തോളത്തു തൂക്കി
കളിവാക്ക് ചൊല്ലിയും കഥകൾ പറഞ്ഞും
അക്ഷര മുറ്റത്ത്‌ പോയതും ഓർക്കുമോ?

പൊട്ടിയ സ്ലേറ്റുമായി ഒട്ടിയ വയറുമായി
പള്ളിക്കൂട പടിവാതിൽക്കലെത്തവേ
ഒരുപൊതി ചൊറെന്റെ സഞ്ചിയിൽ വച്ചു  നീ
ഒരു പുഞ്ചിരി പൂവ്  തന്നതും ഓർത്തുപോയ്

കാലം കടന്നു പോയ്  എന്നെ പിരിഞ്ഞു  നീ
ഏഴാം കടലിന്റെ അക്കരെയെത്തവേ -
കത്തിലൂടൊത്തിരി കാണാവിശേഷങ്ങൾ
കൺമുന്നിലെന്നപ്പോൾ ചൊല്ലി പറഞ്ഞു നീ

നീ  ഒരുനാൾ വരും എന്നു നിനച്ച്‌ ഞാൻ
ഉമ്മറപടിയിൽ പ്രതീക്ഷിച്ചു നിത്യവും
എങ്കിലും വന്നില്ല സ്നേഹം മൊഴിഞ്ഞില്ല
സൗഹൃദ പൂവിന്നിതളും കൊഴിഞ്ഞു പോയ്

പെറ്റമ്മയെന്നെ പിരിയുന്ന നേരത്തും
ദുഃഖം നിറഞ്ഞ് കരയുന്ന രാവത്തും
ഒരു വാക്ക് പോലും ഉരിയാടിയില്ല  നീ
സ്നേഹം മറക്കുവാനാവുമോ സ്നേഹിതാ

നീ അകലത്തിൽ തിരക്കിലാണെങ്കിലും
ഒത്തിരി കൂട്ടുകാർ ചുറ്റിലുണ്ടെങ്കിലും
ബാല്യകാലത്തിന്റെ സ്പന്ദനം നമ്മളിൽ
മാറുമോ ജീവിതം മാറുന്ന നേരത്തും..?

ഓർത്തിടേണം പണം പിണമെന്ന സത്യം
സൗഹൃദസ്നേഹം തരും സുഖം നിത്യം
കാണാമറയത്ത്  നാം എത്തിയാലും
ഉൾക്കണ്ണിലായിരം സൗഹൃദം നിറയേണം.

Join WhatsApp News
Sudhir Panikkaveetil 2022-01-09 13:24:01
ഇത്രയും ഹൃദ്യമായി ലളിതമായി ഒരു അനുഭവത്തെ കവിതയായി ആവിഷ്കരിക്കുന്നതല്ലേ വായനക്കാർക്ക് ആസ്വാദനം പകരുന്നത്. കുറെ വാക്കുകൾ പെറുക്കിയെടുത്ത് പൊട്ടൻ കാണാൻ മാവേൽ എറിയുന്നപോലെ നമ്മൾക്ക് നേരെ പാഞ്ഞുവരുന്ന കല്ലാണോ, കമ്പാണോ എന്നറിയാത്ത ആധുനിക കവിതകൾക്കിടയിൽ ഇത്തരം കവിതകൾ ശ്രദ്ധിക്കപ്പെടണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക