ആപ്പുണ്ടാക്കി ആപ്പിലാകരുതേ, മി. ട്രംപ് (ദുർഗ മനോജ് )

Published on 09 January, 2022
ആപ്പുണ്ടാക്കി ആപ്പിലാകരുതേ, മി. ട്രംപ് (ദുർഗ മനോജ് )
 
നമ്മുടെ നാട്ടിലിപ്പോൾ കേശവൻ മാമനാണ് ട്രെൻഡ്. ഭരണ മികവുകൊണ്ടു മാമൻ്റെ പഞ്ചായത്തു പ്രസിഡൻറ് ഭരണം നാട്ടുകാർ മതിയാക്കിച്ചു. അമ്മാവൻ പഞ്ചായത്ത് ഓഫീസ് ഒഴിയൂലാ എന്നു കട്ടായം പറഞ്ഞു നോക്കി. പക്ഷേ, പോലീസ് തൂക്കി എടുത്തു വീട്ടിലെത്തിച്ചു. ഒരു അനുയായിയും ഒപ്പമില്ല. പക്ഷേ, തീയിൽ കുരുത്തതല്ലേ? അമ്മാവൻ ഒരു മെഗാ ഫോണും സംഘടിപ്പിച്ചു കവലയിൽ ചെന്നു നിന്ന് പ്രസംഗിക്കാൻ തുടങ്ങി. ഒറ്റയാൾ പോരാട്ടം. എന്തെല്ലാം സഹിക്കുന്നു എന്നാപ്പിന്നെ അമ്മാവൻ മൂലയ്ക്കിരുന്നു പ്രസംഗിച്ചോട്ടെ എന്നു നാട്ടുകാരും തീരുമാനിച്ചു. എന്നിട്ടെന്തായി എന്നു ചോദിക്കാൻ വരട്ടെ, സംഗതി കണ്ടു നിന്നൊരാൾ അതു വീഡിയോ എടുത്തു, അതു പിന്നെ എഫ് ബിയും ട്വിറ്ററും യൂട്യൂബും ഏറ്റെടുത്തു.അമ്മാവൻ വൈറലായി. ഏതാണ്ടിതു പോലെ ചിലതൊക്കെ യുഎസ്സിൽ സംഭവിക്കുന്നുണ്ട്.
 
ഓർമയുണ്ടല്ലോ ക്യാപിറ്റോൾ ആക്രമണം? ഒഴിയില്ല, ഒഴിഞ്ഞു പോകില്ല എന്നൊക്കെ പറഞ്ഞ് ട്രംപും അദ്ദേഹത്തിൻ്റെ അനുകൂലികളും കാട്ടിക്കൂട്ടിയത് ലോകം മൊത്തം കണ്ടിരുന്നതു മറക്കാനിടയില്ല. ഏതായാലും അതോടെ ഒന്നു സംഭവിച്ചു. ഫേസ് ബുക്കും, ട്വിറ്ററും, യു ട്യൂബും ഒക്കെ ട്രംപിനോടു കൂട്ടു വെട്ടി. ഇനി ഇങ്ങോട്ട് നോക്കണ്ട എന്നു കട്ടായം പറഞ്ഞു.
 
അപ്പോൾപ്പിന്നെ എന്ത് വഴി? അടുത്ത തവണ വീണ്ടും പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ പയറ്റേണ്ടതാണ്. സോഷ്യൽ മീഡിയയിൽക്കൂടി മാത്രമേ ജനങ്ങളിലേക്ക് എത്താനാകൂ. ജനങ്ങളുമായി സംവദിക്കാതെ നേതാവിനു നിലനിൽപ്പില്ലല്ലോ. പക്ഷേ, ജനപിന്തുണയുള്ള ഒരൊറ്റ സോഷ്യൽ മീഡിയയും ട്രംപിനെ അടുപ്പിക്കുന്നില്ല. പിന്നെന്ത് വഴി? ഒരു വഴി അടയുമ്പോൾ ചുരുങ്ങിയത് വേറെ ഒരു വഴിയെങ്കിലും തുറക്കുമല്ലോ? കളി ആരോടാണ്? മടിയേതും കൂടാതെ കല്പനയുണ്ടായി... "ആരവിടെ പുതിയ സോഷ്യൽ മീഡിയ ആപ്പ് തയ്യാറാവട്ടെ. ദാ നല്ല പെടപ്പൻ ഡോളർ എണ്ണി എടുത്തോ. സംഭവം പൊളിക്കണം." കേട്ടപാതി കേൾക്കാത്ത പാതി ദാ സംഗതി റെഡി. ട്രൂത്ത് സോഷ്യൽ എന്നാണ് പുതിയ അവതാരത്തിനു പേര്. സത്യമേ പറയൂ. സത്യം മാത്രമേ ബോധിപ്പിക്കൂ, അതിനി അപ്രിയ സത്യമാണെങ്കിൽക്കൂടി. പൊളിട്രിക്സിൽ സത്യമോ എന്നൊക്കെ നെറ്റി ചുളിക്കല്ലേ. എങ്ങാനും സത്യം പറഞ്ഞാലോ? സംഗതി ഉടൻ പുറത്തു വരും. ഫെബ്രുവരി 21 ന് "സത്യം" പുറത്തുവരുമെന്നു ചുരുക്കം. അന്ന്  ട്രൂത്ത് സോഷ്യൽ, ട്രംപ് മീഡിയ & ടെക്നോളജി ഗ്രൂപ്പിൻ്റെ സ്വന്തം "ട്രൂത്ത് സോഷ്യൽ " പുറത്തിറങ്ങും എന്നു മീഡിയാ പാണന്മാർ പാടിത്തുടങ്ങിയിരിക്കുന്നു. ഇപ്പോൾത്തന്നെ ആപ്പിൾ സ്റ്റോറിൽ ലിസ്റ്റ് ചെയ്തിട്ടുമുണ്ട് പുത്തൻ ആപ്പ്. ട്വിറ്ററിനു സമാനമായിരിക്കും ഈ ആപ്പിൻ്റെ പ്രവർത്തനം എന്നാണു കേൾവി. ഒപ്പം യൂട്യൂബിനു സമാനമായ ഒരു പ്ലാറ്റ്ഫോം തയ്യാറാണ്. കൂടാതെ പോഡ്കാസ്റ്റ് നെറ്റ് വർക്കും യുദ്ധസജ്ജമാണ്. പിന്നെ ഒരു തവണ കൂടി ലോകം ഭരിക്കാൻ റോയിട്ടേഴ്സ് പറയുന്നതു ശരിയാണെങ്കിൽ 39430 കോടി രൂപ അഥവാ 5.3 ബില്യൺ ഡോളർ ഒരു ആപ്പിനു വേണ്ടി ചെലവാക്കാൻ സ്വന്തം ഖജനാവിൽ ഉണ്ടെങ്കിൽ പിന്നെ മറ്റുള്ളവർക്കെന്താ വിഷയം? അതൊക്കെ ട്രംപിനു മാത്രം പയറ്റാൻ പറ്റുന്ന പയറ്റ്.
 
പക്ഷേ, ഒരു ചോദ്യം മാത്രം, നൂറുകണക്കിനു സ്റ്റാർട്ടപ്പുകളും, അതുപോലെ ആപ്പുകളും ഉണ്ടായി വരുന്ന കാലഘട്ടത്തിൽ ഒരു പുത്തൻ സോഷ്യൽ മീഡിയ ആപ്പു വഴി ജനഹൃദയങ്ങൾ കവർന്നെടുക്കാനാകുമോ?
കാലമല്ലേ മുന്നിൽ...കാത്തിരുന്നു കാണാം, ആപ്പൊരു പൊല്ലാപ്പാകുമോ മിസ്റ്റർ ട്രംപിനെന്ന്.
Aapp 2022-01-09 16:38:50
This writer is writing about something she doesn't have clue about, just to make for a name for herself.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക