Image

ആരോഗ്യ മാര്‍ഗനിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് കുവൈറ്റ് സ്‌കൂള്‍ അധികൃതര്‍

Published on 09 January, 2022
 ആരോഗ്യ മാര്‍ഗനിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് കുവൈറ്റ് സ്‌കൂള്‍ അധികൃതര്‍

 

കുവൈറ്റ് സിറ്റി :കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തെ പൊതു,സ്വകാര്യ സ്‌കൂളുകളിലും കിന്റര്‍ഗാര്‍ട്ടനുകളിലും പ്രൈമറി,അപ്പര്‍ പ്രൈമറി ക്ലാസുകള്‍ ഓണ്‍ലൈനാകുന്നു. അതിനിടെ സ്‌കൂളുകള്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ ആക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനം എടുത്തിട്ടില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.

പ്രൈമറി ക്ലാസുകളിലും അപ്പര്‍ പ്രൈമറി ക്ലാസുകളിലും അടുത്താഴ്ച വരെ താല്‍ക്കാലികമായാണ് ഓണ്‍ലൈന്‍ പഠനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞാഴ്ച നടന്ന മന്ത്രിസഭാ യോഗത്തില്‍ കൊറോണ എമര്‍ജന്‍സി കമ്മിറ്റിയുടെ ശുപാര്‍ശകളില്‍ തീരുമാനമെടുക്കുന്നത് നീട്ടിവച്ചിരുന്നു.സര്‍ക്കാര്‍ തലത്തില്‍ ഇത് സംബന്ധമായ ഒരു തീരുമാനവും ഔദ്യോഗികമായി കൈകൊണ്ടില്ല. അതിനിടെ ചില വിദ്യാലയങ്ങള്‍ ഓണ്‍ലൈന്‍ പഠനം നടത്തുവാന്‍ മന്ത്രാലയത്തില്‍ നിന്നും പ്രത്യേക അനുമതി വാങ്ങിയതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ന്യൂഇയര്‍- ക്രിസ്മസ് അവധിക്കായി നാട്ടില്‍ പോയി തിരികെ വന്ന അധ്യാപകര്‍ ഹോം ക്വാറന്റൈന്‍ പ്രവേശിച്ചതിനെ തുടര്‍ന്നുണ്ടായ അധ്യാപക ക്ഷാമത്തെ തുടര്‍ന്നാണ് ഓണ്‍ലൈന്‍ പഠനം തുടരുവാന്‍ വിദ്യാലയങ്ങള്‍ അപേക്ഷിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. കുട്ടികളെ സ്‌കൂളിലേക്ക് അയക്കുന്നതില്‍ രക്ഷിതാക്കള്‍ ഉത്കണ്ഠപ്പടേണ്ടെന്നും കൃത്യമായ മുന്‍കരുതല്‍ നടപടികളും ആരോഗ്യ ജാഗ്രതയുമാണ് വേണ്ടതെന്നും അല്‍ അദാന്‍ ഹോസ്പിറ്റലിലെ പീഡിയാട്രിക് എമര്‍ജന്‍സി യൂണിറ്റ് മേധാവി ഡോ. മര്‍സൂഖ് അല്‍ അസ്മി പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നതാണ് നല്ലതെന്നും ഓണ്‍ലൈനിലേക്ക് വീണ്ടും പോകുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായതും പ്രതികൂലവും മാനസികവുമായ സ്വാധീനത്തിന് കാരണമാകുമെന്നും അല്‍ അസ്മി അല്‍ വ്യക്തമാക്കി.


സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നതിനെതിരെ യുണിസെഫ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഓണ്‍ലൈന്‍ പഠനം കുട്ടികളില്‍ ഉണ്ടാക്കുന്ന ആഘാതം ഏറെ വലുതാണെന്നും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സ്‌കൂളുകള്‍ തുറക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പഠനങ്ങള്‍ അനുസരിച്ച് പുതിയ വകഭേദമായ ഒമൈക്രോണ്‍ കുട്ടികളില്‍ തീവ്രത കുറഞ്ഞതും അപകടകരവുമാണെന്ന് ഡോ. അല്‍-അസ്മി ചൂണ്ടിക്കാട്ടി.

സലിം കോട്ടയില്‍

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക