Image

മഴപെയ്തു തോരുമ്പോൾ...(അമ്പിളി ദിലീപ്)

Published on 09 January, 2022
മഴപെയ്തു തോരുമ്പോൾ...(അമ്പിളി ദിലീപ്)

ഷെറിൻ... "chase your draems " എന്നാ അച്ഛനും അമ്മയും പറഞ്ഞിരുന്നത്. I had chased and almost reached near. പക്ഷെ അത് നേടണമെങ്കിൽ ചിലത് നഷ്ടപ്പെടുത്തേണ്ടി വരും. എന്താ ചെയ്യേണ്ടതെന്ന് അറിയാത്ത അവസ്ഥയിലാ ഞാൻ.😔
"ആന്റി നീതു അയച്ച മെസേജ് ആണിത്. എന്താ കാര്യമെന്നു മനസിലാകുന്നില്ല. വിളിച്ചിട്ട് അവളെ കിട്ടുന്നുമില്ല. അങ്കിളിനോ നീനക്കോ എന്തെങ്കിലും അറിയുവോന്നുചോദിക്ക്. അവൾ ആരെയും വിഷമിപ്പിക്കാൻ ഇഷ്ടമില്ലാത്ത ആളായത്കൊണ്ട് പറഞ്ഞിട്ടുണ്ടാവില്ല. എന്നാലും..."


ഷെറിന്റെ വോയിസ്‌ മെസേജ് അവസാനിച്ചതും, നീതുവിന്റെ വാക്കുകൾ ഒരിക്കൽക്കൂടി വായിച്ചു. അപ്പോൾ മനസ്സിൽ തെളിഞ്ഞത് അവളുടെ ആശങ്ക നിഴലിക്കുന്ന മിഴികളാണ്...
ഏതു നോവിനെയും ചിരിച്ചുകൊണ്ട് സഹിക്കാനറിയാവുന്ന എന്റെ മകളുടെ കണ്ണുകൾ.
ഫോണുമായി നീനയുടെ അടുത്തേക്കാണോടിയത്. ചേച്ചിയുടെ മനസാക്ഷി സൂക്ഷിപ്പുകാരിയല്ലേ?
"അച്ഛാ, നോക്കിയേ ഇതാണ് എന്റെ ഡിസൈൻ. വലതുവശത്തു കാണുന്നത് ലിവിംഗ് റൂം ഇടതു സൈഡിൽ രണ്ട് ബെഡ്‌റൂം. ഈ കാണുന്നത് കിച്ചൻ ഏരിയ യാണ് ". "അല്ല മോളെ, ലീവിങ് റൂമിനും കിച്ചനും ഇടക്ക് ഗ്ലാസ്‌ വാളോ. അപ്പോൾ കിച്ചൺ വിസിബിൾ ആകില്ലേ?"


"യെസ് ഡാഡ്. വേണമല്ലോ?!കിച്ചൺ ഹൈഡിങ് പ്ലേസ് ആയിരുന്നത് പണ്ട്. ഇപ്പോഴേ ഞങ്ങൾ ന്യൂ ജെൻ പിള്ളേര് ഒരുവീട്ടിലെ ഏറ്റവും ലൈവ് ലി ആയ ഏറ്റവും പ്രാധാന്യമുള്ള ഇടമായി കാണുന്നത് അടുക്കളയെ ആണ്. എന്റെ കോൺസെപ്റ് അനുസരിച്ചു കുടുംബത്തിന്റെ ഹൃദയം."


"ഓഹ്!മനസിലായി ന്യൂ ജെന്നെ. സംഭവം കിടു. പക്ഷെ ഒരു ചിന്ന പ്രശ്നമിരുക്ക്. എപ്പോഴുംഹൃദയം വൃത്തിയായി കിടന്നില്ലേലെ ലിവിംഗ് റൂമിലെത്തുമ്പോഴേ വിരുന്നുകാർ വീട്ടുകാർക്ക് മാർക് ഇടും ആർക്കിടെക്ട്ടെ...." ഹരിയേട്ടൻ ഉച്ചത്തിൽ ചിരിച്ചു കൊണ്ട് നീനയുടെ മൂക്കിന്റെ തുമ്പിൽ പിടിച്ചതും അവൾ ആഞ്ഞു തുമ്മി. "ഹൌ ഡയർ യു ഓൾഡ് മാൻ...? മൂക്കിൽ തൊട്ടാൽഞാൻ തുമ്മാൻ തുടങ്ങും എന്നറിയില്ലേ അച്ഛാ "?


"ഓൾഡ് മാൻ നിന്റെ അച്ഛച്ചൻ. ഐ ആം സ്റ്റിൽ യങ്. അല്ലേ ഭാര്യേ?"
അച്ഛന്റെയും മകളുടെയും തമാശകളിൽ പങ്കുചേരനാവാത്ത വിധം ആസ്വസ്ഥമായിരുന്നു എന്റെ മനസ്. "അതേയ്, രണ്ട് പേരോടും എനിക്കൊരു കാര്യം പറയാനുണ്ട്. നീതുന്റെ ലൈഫിൽ എന്തോ പ്രശ്നമുണ്ട്. ഈ മെസ്സേജ് കണ്ടോ അവളിന്ന് ഷെറിനയച്ചതാ. കാര്യമെന്താന്നറിയാൻ ഷെറിൻ വിളിച്ചിരുന്നു പക്ഷെ മോളെ കിട്ടിയില്ലെന്നാ പറഞ്ഞത്. എന്നോട് ഇതേ വരെ അവൾ ഒന്നും പറഞ്ഞിട്ടില്ല. നിങ്ങൾക്കെന്തേലും അറിയാമോ ഇതെപ്പറ്റി?"മെസേജ് വായിച്ചതും ഹരിയേട്ടന്റെ മുഖം ഇരുണ്ടു. എന്താണെങ്കിലും അവൾക്ക് നമ്മളോട് പറഞ്ഞു കൂടെ? ഇതിപ്പോ ഏതു കാര്യത്തെ കുറിച്ചാണെന്ന് പോലും മനസിലാവാത്ത സ്ഥിതിക്ക് നമ്മൾ എന്താ ചെയ്യണ്ടത്?""ചേച്ചി എന്നോടും ഒന്നും പറഞ്ഞിട്ടില്ലമ്മേ. ഞാനെന്നും ചാറ്റ് ചെയ്യണതല്ലേ?ചാറ്റിങ് പണ്ടേ അവൾക്കിഷ്ടല്ലല്ലോ സൊ അത്യാവശ്യം റിപ്ലൈ തന്നിട്ട് ആള് ബൈ പറയും."


"ഹരിയേട്ടനെന്താ മിണ്ടാത്തെ? മോൾ അവിടുത്തെ കാര്യംവല്ലതും പറഞ്ഞിരുന്നോ? " അങ്ങനെ പ്രേത്യേകിച്ചൊന്നും പറഞ്ഞിട്ടില്ല ചാരു.ഇതിപ്പോ മിഥുനെ കുറിച്ച് തന്നെയാണ് അവൾ പറഞ്ഞതെന്ന് പോലും നമ്മൾക്കുറപ്പിക്കാനാവില്ലല്ലോ? "ഞാനെന്താലും മോളെ വിളിക്കട്ടെ എന്താ കാര്യമെന്നു നേരിട്ടറിയാല്ലോ.?"
"ഞാൻവിളിക്കാം ചാരു എന്നോടാകുമ്പോൾ അവൾ മടിക്കാതെ പറയും.നിന്റെ ചോദ്യം ചെയ്യൽ കേട്ടെന്റെ കൊച്ചു വെറുതെ പേടിക്കും. അല്ലേൽ തന്നെ എക്സാം നടക്കുവാ." ഹരിയേട്ടൻ ഫോണെടുത്തു ഡയൽ ചെയ്തു. നീനമോളുടെ  ലാപ് ടോപിലെ സ്ക്രീൻ സേവറിൽ തെളിഞ്ഞു കണ്ട നീതുവിന്റെ മുഖം കണ്ടപ്പോൾ സ്നേഹം കൊണ്ട് നെഞ്ചു വിങ്ങി.


അവൾക്ക് അഞ്ചു വയസുള്ളപ്പോഴാണ് നീന പിറന്നത്."വാവയെ അമ്മയെ പോലെ നോക്കിക്കോളണോട്ടോ "എന്ന് പറഞ്ഞാണ് ഹരിയേട്ടൻ കുഞ്ഞു നീനുവിനെ അവളുടെ മടിയിൽ ആദ്യമായി വച്ചു കൊടുത്തത്. അഞ്ചു വയസുകാരിയുടെ കൗതുകം നിമിഷ നേരം കൊണ്ട്, കരുതലായും വാത്സല്യമായും മാറിയത് അദ്‌ഭുതത്തോടെയാണ് തങ്ങൾ കണ്ടത്.പിന്നെ പലപ്പോഴും നീനയുടെ കുസൃതികൾക്ക് വഴങ്ങുന്നതും വാശികൾക്ക് മുന്നിൽ തോൽക്കുന്നതും, ദേഷ്യത്തിനുമുന്നിൽ ക്ഷമയോടെ നിൽക്കുന്നതും കണ്ട് അമ്പരന്ന് പോയിട്ടുണ്ട്.


മോൾക്കു എന്നെക്കാൾ നല്ല അമ്മയാകാൻ പറ്റുമെന്നു ഹരിയേട്ടനോട് പറഞ്ഞിട്ടുണ്ട് താൻ.
അവൾക്ക് വിവാഹമാലോചിച്ചു തുടങ്ങിയപ്പോഴും അതായിരുന്നു ഒരു സമാധാനം.ഇപ്പോഴത്തെ കുട്ടികളുടെ പിടിവാശിയും സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള മടിയുമൊക്കെയാണ്,കൂടിവരുന്ന വിവാഹ മോചനങ്ങൾക്ക് കാരണമെന്ന് പലരും പറഞ്ഞു കേട്ട് താനും വിശ്വസിച്ചിരുന്നു. നീതുമോളുടെ കാര്യത്തിൽ ആ പ്രശ്നമുണ്ടാവില്ല എന്ന സമാധാനമുണ്ട്.
മിഥുന്റെ ആലോചന വരുമ്പോൾ എം ടെക് ഫസ്റ്റ് ഇയർ എക്സാം കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളു.അവൾക്കേറെ ഇഷ്ടപ്പെട്ട ഇലക്ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷനു കോഴിക്കോട് എൻ ഐ റ്റിയിൽ മെറിറ്റിൽ തന്നെ അഡ്മിഷൻ കിട്ടിയതാണ്. ജോലി കിട്ടി ഒരു വർഷം കഴിഞ്ഞു മതി വിവാഹമെന്നു തങ്ങൾ നാലു പേരും ഒരുമിച്ച് തീരുമാനിച്ചിരുന്നതാണ്.ഹരിയേട്ടന്റെയും തന്റെയും അച്ഛനമ്മമാർ സമ്മതിച്ചില്ല. ജാതകമനുസരിച്ചു ഇരുപത്തിനാലു വയസിനു മുൻപ് കല്യാണം നടത്തണമെന്ന് വാശി പിടിച്ചപ്പോൾ എതിർത്തു നിൽക്കാനായില്ല.നന്നേ യോജിച്ച ബന്ധമെന്നു തോന്നിയത് കൊണ്ടാണ് മിഥുനുമായുള്ള വിവാഹം തീരുമാനിച്ചത്. ബി പി സി എല്ലിൽ മെക്കാനിക്കൽ എഞ്ചിനീയറാണ്.നീതുവിന്റെ പഠിത്തം തുടരുന്ന കാര്യത്തിൽ അവർക്ക് സന്തോഷമേയുള്ളെന്നു പറഞ്ഞതായിരുന്നു ആ വിവാഹം നടന്നതിന്റെ പ്രധാന കാരണം.
   

വിവാഹം കഴിഞ്ഞു രണ്ടാഴ്ച കഴിഞ്ഞതും നീതു കോഴിക്കോട്ടേക്ക് പോയി. വെള്ളിയാഴ്ച വൈകിട്ട് തൃശ്ശൂരിലെ മിഥുന്റെ വീട്ടിലേക്ക് പോകും. മാസത്തിലൊരിക്കൽ രണ്ടു പേരും കൂടി ഇവിടെയും വരും. രാവിലെ വന്നു വൈകിട്ട് തന്നെ തിരിച്ചു പോകാറാണ് പതിവ്. "മോളെന്നാ ഇവിടെ വന്നു കുറച്ചു ദിവസം നിൽക്കുന്നത്" എന്ന് അച്ഛൻ ചോദിക്കാറുണ്ട്. "ഫൈനൽ ഇയറല്ലേ?എക്സാം കഴിയട്ടെ അച്ഛാ."എന്ന് ചിരിച്ചു കൊണ്ട് പറയും."അത് പറഞ്ഞപ്പോൾ ചേച്ചീടെ കണ്ണ് നിറഞ്ഞല്ലോ അമ്മേ"എന്ന് നീന പറഞ്ഞതാണ്. ആഗ്രഹം കാണും മോളെ സാഹചര്യം കൊണ്ട് വരാത്തതല്ലേ? അതാവും. പാവം."എന്ന് പറഞ്ഞു താൻ തന്നെയാണ് നീനയെ ആശ്വസിപ്പിച്ചത്.
മിഥുൻ അധികം സംസാരിക്കാത്ത പ്രകൃതമായ കൊണ്ട് അത്യാവശ്യം കുശലാന്വേഷണവും കാലാവസ്ഥാ നിരീക്ഷണവും കഴിഞ്ഞു ടി വി യുടെ മുന്നിൽ മൗനമായിരിക്കുകയാണ് ഹരിയേട്ടൻ ചെയ്യാറ്. ചോദിക്കുന്നതിനെല്ലാം മൃദു സ്വരത്തിൽ മറുപടി പറഞ് മനോഹരമായി ചിരിക്കുന്ന മിഥുൻറെ പതിഞ്ഞ മട്ടു കണ്ട് നീതുവിനെ പോലെ തന്നെ എന്ന് താൻ പറയുമ്പോൾ നീന കളിയാക്കും ."  പൊന്നു ചാരുസേ.. എന്റെ പാവം മിണ്ടാക്കൊച്ചു മാത്രേ ഈ ഐറ്റത്തിനെ സഹിക്കു."
     

കഴിഞ്ഞയാഴ്ച തിയറി എക്സാം കഴിഞ്ഞു ഇനി പ്രാക്ടിക്കൽ കുറച്ചു ദിവസം  കഴിഞ്ഞാണ്.അതുകൊണ്ട് വീട്ടിലേക്ക് പോന്നു എന്ന് നീതു വിളിച്ചപ്പോൾ പറഞ്ഞിരുന്നു. "എന്താടോ തന്റെ സ്വരത്തിലൊരു മ്ലാനത. എക്സാം അത്ര പാടായിരുന്നോ?അതോ എഞ്ചിനീയറുമായി പിണങ്ങിയോ ".


"ഏയ്‌ അതൊന്നുമല്ല അമ്മേ. കോളേജ് ലൈഫ് ഒക്കെ തീർന്നില്ലേ?ഇനിയിപ്പോ റിയാലിറ്റിയെ അഭിമുഖീകരിക്കണ്ടേ? അതൊക്കെ ഓർത്തപ്പോ ഒരു പേടി. അത്രേ ഉള്ളു."
"ഒന്നും പേടിക്കണ്ട മോളെ. മിഥുനും എഞ്ചിനീയറല്ലേ? നിന്റെ സ്വപ്‌നങ്ങൾ ഒക്കെ സ്വന്തമാക്കാൻ അവനും ഉണ്ടാകും കൂടെ"
."മ്മ്.. മ്മ്.. അതെ അമ്മേ...എന്റെ ഓരോ ഭ്രാന്തുകൾ കേട്ട് അമ്മ വിഷമിക്കണ്ട. അതി പ്പോ തുടങ്ങിയതല്ലല്ലോ."ചിരിച്ചു കളിച്ചു അവൾ ഫോൺ വച്ചിട്ടും തന്റെ മനസിലൊരു കരിന്തിരി പുകഞ്ഞു തുടങ്ങിയതാണ്
     

"ചാരൂ.. ഞാൻ നീതുവിനെ വിളിച്ചെ ടോ.ഞാൻ ചോദിച്ചത് ഒ ന്നും അവൾ കാര്യമായെടുത്തില്ല.എക്സാം നന്നായി എഴുതി എ ന്നും പ്രാക്ടിക്കൽ രണ്ടെണ്ണം കൂടി ഉണ്ടെന്നും പറഞ്ഞു.പിന്നെ ചില ഇക്വേഷൻ സിനെ കുറിച്ച് ഡൗട്ട് ഒക്കെ ചോദിച്ചു. പിന്നെ ഒരു ഇലക്ട്രോണിക് മാഗസിൻ സബ്സ്ക്രൈബ് ചെയ്യാൻ എനിക്ക് മെയിൽ ഐഡി അയച്ചു തരാം എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു."
 ഹരിയേട്ടാ വീഡിയോ കോൾ ആയിരുന്നോ?"
 "അല്ലടോ.. വീഡിയോ കോൾ വിളിച്ചിട്ട് കിട്ടിയില്ല.റെയിഞ്ച് കാണില്ല...പിന്നെ ഞാൻ ഓഡിയോ കോൾ ചെയ്തു."
" മിഥുൻ ഉണ്ടായിരുന്നോ അവിടെ?" ഇല്ല കമ്പനിയുടെ ട്രെയിനിങ് പ്രോഗ്രാം സാറ്റർഡേ ആൻഡ് സൺ ഡേ ആയതുകൊണ്ട് ആൾ ഇന്നും വീട്ടിൽഇല്ല". " മോൾ എന്ത് ചെയ്യുകയായിരുന്നു വിളിച്ചപ്പോൾ?  "പ ഠിക്കുവായിരുന്നു എന്നാ  പറഞ്ഞത്.മോൾക്ക് എന്തേലും സങ്കടം ഉണ്ടെങ്കിൽ പറയാൻ പറഞ്ഞിട്ടും,ഒന്നും പറഞ്ഞില്ലഡോ.ഐ തിങ്ക്.. ഷെറിൻ തെറ്റിദ്ധരിച്ചതാവും. "


 ഹരിയേട്ടൻ ടിവിയുടെ റിമോട്ട് എടുത്ത് സെറ്റിയി ൽ പോയിരുന്നു. വാർത്താ ചാനൽ ആണ്. രാവിലെ മുതൽ ഒരേ വാർത്തയുടെയും ചിത്രങ്ങളുടെയും ആവർത്തനം.പുറത്തേക്ക് നടക്കുമ്പോൾ മനസ്സ് വല്ലാതെ കലങ്ങിമറിഞ്ഞി രുന്നു. നീതു മോൾക്ക് എന്താ പറ്റിയത്.? ഒടുവിൽ നേരിൽ കണ്ടേ പറ്റു എന്ന് തീരുമാനം മനസ്സിൽ തോന്നിയപ്പോൾ, വേഗം പോയി റെഡി ആയിട്ടാണ് ഹരി ഏട്ടനോട് പറഞ്ഞത്. " ഹരിയേട്ടാ എനിക്ക് മോളെ കാണണം. ഇപ്പൊ തന്നെ ഞാൻ ഒന്ന് പോയി വരാം" "ഇപ്പോഴോ?!എന്താ ചാരു ഇത്? അഞ്ചു മണി കഴിഞ്ഞു.ഒരു മണിക്കൂർ എടുക്കും അവിടെ എത്താൻ.സന്ധ്യാനേരത്ത് കയറിച്ചെല്ലുമ്പോൾ അവർ എന്തു വിചാരിക്കും നാളെ പോകാം."
"വേണ്ട എനിക്ക് അവളെ ഇന്നുതന്നെ കാണണം. ഹരിയേട്ടൻ വരണ്ടാ.. നീന ഒറ്റയ്ക്കല്ലേ? നാളെ പ്രോജക്ട് സബ്മിറ്റ് ചെയ്യേണ്ടത് കൊണ്ട് അവൾ എന്തായാലും വരില്ല. " "തന്റെ ഒരു കാര്യം!. വലിയ ധൈര്യശാലി. ഒരു സിറ്റുവേഷൻ വരുമ്പോൾ തന്റെ വെപ്രാളം ഞാനല്ലേ കാണുന്നത്.""അല്ല ഹരിയേട്ടാ, ചെയ്തുതീർക്കാൻ എന്തെങ്കിലുമുണ്ടെങ്കിൽ അതിനു വേണ്ടി ഒരു രാത്രി കാത്തിരിക്കരുത് എന്നല്ലേ? സൊ അയാം ഗോയിംഗ് "."ശരി, താൻ പോയിട്ട് വാ".


 മഴ ചാറുന്നുണ്ടായിരുന്നു. ആകാശം കനത്തു കിടന്നു. വിഷാദ ത്തിന്റെ നേർത്ത പാട പോലെ അത് തന്നെ പൊതിയുന്നതായി തോന്നി.  ആക്സിലേറ്ററിൽ കാൽ അമർത്തുമ്പോൾ നീതുവിന്റെ മെസ്സേജിലെ വരികളായിരുന്നു മനസ്സുനിറയെ. ആർത്തലച്ചു പെയ്യുന്ന മഴക്കൊപ്പമാണ് വീട്ടിൽ എത്തിയത്.

 മുൻവാതിലിലൂടെ ടിവി സ്ക്രീൻ വ്യക്തമായി കാണാമായിരുന്നു ഏതോ സീരിയലാണ്. ഹാളിൽ ആരെയും കണ്ടില്ല. ഒരു പ്രേരണയിൽ സ്റ്റെയർകേസ് കയറി മുകളിലെ മുറിയിലേക്ക് പോവുകയായിരുന്നു"    .......മിഥുൻ  ഞാൻആരോടും ഒന്നും പറയാത്തത് നിന്നെ ഭയന്നിട്ടോ,  എനിക്കു മുന്നിൽ മറ്റു വഴികൾ ഇല്ലാഞ്ഞിട്ടോ അല്ല...നമുക്കിടയിൽ നിലനിൽക്കുന്ന പ്രശ്നങ്ങളെ നീ മനസ്സിലാക്കും എന്നും തിരുത്തുമെന്ന് പ്രതീക്ഷിച്ചാണ്....രണ്ടു സാഹചര്യങ്ങളിൽ നിന്ന് വന്ന നമ്മൾ പരസ്പരം മനസ്സിലാക്കി പൊരുത്തപെട്ടും ക്ഷമിച്ചും കഴിഞ്ഞാലെ ജീവിതം മുന്നോട്ട് പോകു എന്ന തിരിച്ചറിവ് കൊണ്ടാ..പിന്നെ എന്റെ നീനുവിന്റെ ഭാവി കൂടി എനിക്ക് ചിന്തിച്ചേ പറ്റൂ"


 "സ്റ്റോപ്പ് ദിസ് റബ്ബിഷ് ബിച്ച്.  ഈ കാര്യത്തിൽ ഇനി ഒരു സംസാരം വേണ്ട യു ഡു വാട്ട് എവർ മൈ മം ടോൾഡ്. എക്സാം എഴുതണമെങ്കിൽ ആകാം. പക്ഷേ ജോബിനെ കുറിച്ചുള്ള മോഹം എന്നേക്കുമായി നിന്റെ മനസ്സിൽ നിന്ന് കളഞ്ഞേക്ക്.എന്റെ ഭാര്യയെ കുറിച്ച് എന്റെ പേരന്റ്സിന് ചില കോൺസെപ്റ്റ് ഒക്കെ ഉണ്ട്.ഷി ഷുഡ് ബി എഡ്യൂക്കേറ്റഡ്. ബട്ട് നോട്ട്  ഏ കരിയർ വുമൺ." പക്ഷേ കല്യാണത്തിന് മുൻപ് ഇങ്ങനെ അല്ലല്ലോ മിഥുനും വീട്ടുകാരും പറഞ്ഞത്? " " നിനക്ക് പഠിക്കണം എന്നല്ലേ പറഞ്ഞത്?അത് ഞാൻ അനുവദിച്ചു. ". "പക്ഷേ മിഥുൻ എംടെക് നു പഠിക്കുന്ന  ഞാൻ ഒരു ജോലിയാണ് ആഗ്രഹിക്കുന്നത്എന്ന് നിങ്ങൾക്ക് മനസിലായില്ലെന്നാണോ പറയുന്നത്?ഈ വിവരം പറഞ്ഞിരുന്നെങ്കിൽ ഞാനോ എന്റെ വീട്ടുകാരോ ഈ വിവാഹത്തിന് തയ്യാറാകില്ലായിരുന്നു.
എനിക്കൊന്നേ പറയാനുള്ളു ക്യാമ്പസ്‌ സെലക്ഷനിൽ കിട്ടിയ പ്ലേസ്മെന്റിൽ ഞാൻ ജോയിൻ ചെയ്യും."   "എന്താ നീ പറഞ്ഞത് എന്നെ ഇൻസൾട്ട് ചെയ്ത് നീ പോകുമെന്നോ?" "ആ.. മിഥുൻ കൈ വിട്.. വേദനിക്കുന്നു..."


"ഡാ. കൈയ്യെടുക്കടാ..."ഒരു കൈ പിന്നിലേക്ക് പിരിച്ചു വച്ച്  അവളുടെ കഴുത്തിൽ കയ്യമർത്താൻ ശ്രെമിക്കുന്ന മിഥുനോട് അലറുകയായിരുന്നു. ഓർക്കപ്പുറത്തു തന്നെ കണ്ട അമ്പരപ്പിൽ രണ്ടു പേരും പകച്ചു നോക്കി.


"നിന്റെ പേരെന്റ്സിന്റെ കോൺസപ്റ്റ് അനുസരിച്ചു ജീവിക്കാനല്ല ഇവളെ നിന്റെ ഭാര്യയായി ഇങ്ങോട്ട് വിട്ടത്.വ്യക്തമായ ലക്ഷ്യബോധവും ചിന്താ ശക്തിയും ഉണ്ടവൾക്ക്. അത് ചിതലരിച്ച കുറെ കോൺസപ്റ്റ് അനുസരിച്ചു പാവയെപ്പോലെ ജീവിക്കാൻ ഉള്ളതല്ല. തെറ്റ് പറ്റിയത് ഞങ്ങൾക്കാ. ജോലി കിട്ടും മുൻപേ അവളുടെ കല്യാണം നടത്തി എന്ന തെറ്റ്. ആ തെറ്റു തിരുത്തേണ്ടത് എന്റെ ഉത്തരവാദിത്വമാണ്.. ഞാനിവളെ കൊണ്ട് പോവുവാ.അവളുടെ ഏതാഗ്രഹവും നേടിയെടുക്കാൻ ഞങ്ങളുണ്ടാകും കൂടെ. നിന്റെയീ അന്യം നിന്നുപോയ ചിന്താഗതി കത്തിച്ചു കളയാൻ നിനക്ക് പറ്റുമെങ്കിൽ അപ്പൊ വരാം... ഇവളെ വിളിച്ചോണ്ട് പോരാനല്ല. ഇവളുടെ ഭർത്താവായിട്ട്, അവിടെ ഞങ്ങളുടെ മകനായി കഴിയാൻ. കാരണം നിന്റെ പേരെന്റ്സിനെ ഇനി വിശ്വസിക്കാൻ എനിക്ക് പറ്റില്ല. ആ. ഒന്നുകൂടി ഉണ്ട്. ഇപ്പറഞ്ഞതൊക്കെ ഇവൾക്കും കൂടി പൂർണസമ്മതമാണെങ്കിൽ  മാത്രം വന്നാൽ മതി. കേട്ടല്ലോ?"


സ്തംഭിച്ചു നിൽക്കുന്ന നീനുവിന്റെ കൈ പിടിച്ചതും ഒരു തേങ്ങലിൽ അവളുടെ ശരീരം വെട്ടി വിറച്ചതറിഞ്ഞു. നിറഞ്ഞു പോയ കണ്ണുകൾ അവൾ കാണാതിരിക്കാൻ മുഖം തിരിച്ചു കൊണ്ട് പറഞ്ഞു. "മോൾടെ സാധനങ്ങളൊക്കെ പാക്ക് ചെയ്. ഞാനിവന്റെ ഐഡിയൽ പേരന്റ്സിനെ ഒന്ന് കാണട്ടെ. ആ പിന്നെ മിഥുൻ ഓർണമെൻറ്സ് നിങ്ങളുടെ ഷെൽഫിലോ അതോ അമ്മേടെ ഷെൽഫിലോ?" അത്... അമ്മയുടെ..". "ഇനി അത് പ്രത്യേകം പറയണോ മോനെ. വേഗം പോയെടുത്തിട്ടു വാ".മിഥുന്റെ പുറകെ തിടുക്കത്തിൽ നടക്കുമ്പോൾ മോളെ ഒന്ന് നോക്കി.  ആദ്യത്തെ ഞെട്ടലിൽ നിന്നുണർന്നു പുസ്തകങ്ങൾ ബാഗിലാതുക്കി വക്കുകയാണ്.ഉള്ളു വിങ്ങി അത് കണ്ടപ്പോൾ. പാവം എത്ര നോവുന്നുണ്ടാവും.


താഴെ ലിവിങ് റൂമിലെ ടീവീ യിൽ ജനപ്രിയ സീരിയൽ തകർക്കുകയാണ്.കുലസ്ത്രീ മരുമകൾ ജോലിക്ക് പോകാൻ അനുവാദം യാചിക്കുമ്പോൾ എതിർക്കുന്ന അമ്മായിയമ്മയുടെ നെടുങ്കൻ ഡയലോഗ്കൾ കേട്ടിരിക്കുന്ന മിഥുന്റെ അച്ഛനുമമ്മയും. ടിവിയുടെ സ്വിച്ച് ഓഫ് ചെയ്ത് അവർക്ക് മുന്നിൽ പോയി നിന്നപ്പോഴാണ് രണ്ടുപേരും അറിഞ്ഞത്. "അല്ലാ ചാരുലത എന്താ ഈ നേരത്ത്?"
  "ഞാൻ എന്റെ മോളെ കൊണ്ടുപോകാൻ വന്നതാ. കാരണം നിങ്ങൾക്കും അറിയാല്ലോ?ഇനി നിങ്ങളുടെ മോനെന്തു വേണമെന്ന് തീരുമാനിക്കാൻ അവനോട് തന്നെ പറഞ്ഞിട്ടുണ്ട്."


നിങ്ങളെന്തു വർത്താനാ ഈ പറയുന്നേ? തോന്നുമ്പോ വന്നു വിളിച്ചോണ്ട് പോയാലെ തിരിച്ചിങ്ങു കൊണ്ട് വരാൻ എന്റെ മോൻ വരില്ല. പിന്നെ ഞങ്ങൾടെ അനുവാദമില്ലാതെ അങ്ങനങ്ങു കൊണ്ട് പോകാനേ നിങ്ങൾക്കിപ്പോ എന്താ അവകാശം? നീതുവെ എന്റെ മോന്റെ ഭാര്യയാ. നിങ്ങള്ടെ തോന്യാസത്തിനു ചോദിക്കാനും പറയാനും ആളില്ലെന്നു കരുതിയോ? "
ദേ ചേട്ടാ കുന്തം വിഴുങ്ങിയ പോലെ നിൽക്കാതെ ഇവരോട് രണ്ടെണ്ണം പറഞ്ഞെ. "


മിഥുന്റെ അച്ഛൻ പറയും മുൻപേ ഫോൺ ബെൽ മുഴങ്ങി. "ഹരീന്ദ്രനാണല്ലോ? ഭാര്യയെ പറഞ്ഞു വിട്ടിട്ട് താനിപ്പോ എന്തിനാ വിളിക്കണേ?"അയാൾ ശബ്ദമുയർത്തി."മ്മ്...മ്മ്.. ശരി.. അതെ അതെ. ഏയ്‌ വേണ്ട... ഇല്ലയില്ല.. അതിനെന്താ.. ഓ.. ഓ അങ്ങനാവട്ടെ.. അപ്പൊ ശരി ഗുഡ്‌നൈറ്റ്‌ "


ഒരു വിളറിയ ചിരിയും  ചിരിച്ച് അയാൾ ചാരുവിനെ നോക്കാതെ അകത്തേക്ക് തിരക്കിട്ടു നടന്നു.."ഡാ മോനെ ആ താഴത്തെ ഷെൽഫിൽ ഒരു ചെറിയ ബാഗും കൂടിയുണ്ട്. അതൂടി ഇങ്ങേടുത്തോ".
 "നിങ്ങളെന്താ  മനുഷ്യാ ഈ കാണിക്കണേ എന്തിനാ ഈ ബാഗും എടുത്തോണ്ട് പോണേ."


ഇതാ ചാരു ലത മാം. രണ്ടു ബാഗിലും കൂടി 101പവൻ ആഭരണങ്ങളും പിന്നെ മോൾടെ എഫ് ഡി റെസിപ്റ്,പാസ്സ് ബുക്ക്‌ ഒക്കെയുണ്ട്. സന്തോഷമായി പോയിട്ട് വരൂ. "ചേട്ടാ നിങ്ങളെന്തൊക്കെയാ ഈ പറയണേ? ഡാ ചെറുക്കാ നിന്നോടെന്റെ അലമാര തുറക്കാൻ ആര് പറഞ്ഞു?"അത്... ശാലിനി ഞാനാ പറഞ്ഞെ നീതുമോൾ വീട്ടിൽ പോവുകല്ലേ അവളുടെ ആഭരണങ്ങൾ കൂടെ കൊണ്ട് പോട്ടെ.അതല്ലേ അതിന്റെ ശരി."ഇയാൾക്കിത് എന്ത് പറ്റിയെന്നു താൻ പോലും അമ്പരന്ന് നിന്നപ്പോൾ നീതു താഴെ എത്തിയിരുന്നു. അന്തം വിട്ട് മിഴിച്ചു നിൽക്കുന്ന ശാലിനിയെയും  മിഥുനെയും കടന്നു പുറത്തേക്ക് നടക്കുമ്പോൾ ഹരിയേട്ടൻ എന്ത് പറഞ്ഞാണ് മിഥുന്റെയച്ഛന്റെ വായടപ്പിച്ചത് എന്ന സംശയമായിരുന്നു..


ബാഗുകൾ ഡിക്കിയിൽ വച്ച് ഡ്രൈവിങ് സീറ്റിലേക്ക് കയറാനൊരുങ്ങുമ്പോൾ നീതു പറഞ്ഞു. "അമ്മേ ഞാൻ ഓടിക്കാം". അവളുടെ മുഖത്ത് ആശ്വാസത്തിന്റെയൊപ്പം ആത്മവിശ്വാസത്തിന്റെയും തെളിച്ചമുണ്ടായിരുന്നു.
മഴതോർന്നിരിക്കുന്നു.
 "അല്ല മോളെ നിന്റച്ഛൻ,അങ്ങേരോട് എന്ത് വിളിച്ചു പറഞ്ഞിട്ടാ അങ്ങേരു കാറ്റ് പോയ ബലൂൺ പോലെ ആയത്!?നിന്നെ ഞാൻ കൊണ്ടുപോരുന്ന കാര്യം അച്ഛനോട് ഞാൻ പറഞ്ഞുമില്ലാ."
"അപ്പൊ അച്ഛൻ പറഞ്ഞിട്ടല്ലേ അമ്മ എന്നെ കൊണ്ട് പോന്നത്?"
"അല്ലേടാ.. ഞാൻ ആ സിറ്റുവേഷൻ കണ്ട് പെട്ടെന്ന് തീരുമാനിച്ചതല്ലേ അച്ഛനെ വിളിക്കാനൊന്നും നേരം കിട്ടീല്ലല്ലോ? "
"പക്ഷെ അമ്മ താഴേക്കു പോന്നപ്പോൾ അച്ഛനെന്നെ വിളിച്ചിട്ട് മോൾ റെഡിയായോ എന്നാ ചോദിച്ചത്.ഞാൻ പറഞ്ഞു പാക് ചെയ്യുവാന്ന്. അപ്പഴേ ഫോണും വച്ചു.
"ആഹാ.. അത് കൊള്ളാല്ലോ?"


അമ്മ അച്ഛനെ വിളിച്ചേ.. എന്താ കാര്യോന്നറിയാല്ലോ. "
ഒറ്റ ബെല്ലിൽ ഹരിയേട്ടൻ ഫോണെടുത്തു. "പോന്നോ?"
"ഓൺ ദി വേ ആണ്. അല്ല ഹരിയേട്ടാ ഞാൻ മോളെക്കൂട്ടി പോരണ കാര്യൊന്നും പറഞ്ഞില്ലല്ലോ പിന്നെങ്ങനാ അറിഞ്ഞേ?"
"ഡോ..ഈ സന്ധ്യക്ക്‌...മഴയത്തു, താനോടി പോകണമെങ്കിൽ കാര്യമെത്രത്തോളം സീരിയസ് ആയിരിക്കും എന്നറിയാൻ ജ്യോതിഷമൊന്നും വേണ്ട. പിന്നെ അവിടെത്തിയിട്ട് കുഴപ്പമൊന്നുമില്ലേൽ താനെന്നെ അപ്പോഴേ വിളിച്ചു സംസാരിച്ചേനെ. കാര്യം ഒന്ന് കൺഫേം ആക്കാൻ മോളെ വിളിച്ചു റെഡി ആയോന്നു ചോദിച്ചതാ. അവൾ പാക്കിങ് ആണെന്ന് പറഞ്ഞപ്പോ അടുത്ത കടമ്പ ക്ലിയർ ആക്കാന്നു വിചാരിച്ചാ മുകുന്ദനുണ്ണിയെ
വിളിച്ചത്. "


അതാ ഞങ്ങൾക്കറിയേണ്ടത്. ഹരിയേട്ടനെന്താ അയാളോട് പറഞ്ഞത്?"
"ഏഷ്യാനെറ്റ്‌ ന്യൂസ്‌, മനോരമ ന്യൂസ്‌, റിപ്പോർട്ടർ, ട്വന്റിഫോർ ഒക്കെ നല്ല റേറ്റിംഗ് ഉള്ള ചാനലാണെന്നും, അവർക്ക് കൊടുക്കാനുള്ള ക്ലിപ്പിംഗ്സ് നിന്റെ പക്കലുള്ള ഹിഡൻ ക്യാമറയിൽ ഷൂട്ട്‌ ചെയ്യണു ണ്ടെന്നും.. നാളെ ടീവീ യിൽ വന്നു ഫേമസ് ആകണമെങ്കിൽ ചാരുവിനോട്‌ ചെറുതായി ഒന്നുടക്കിക്കൊടുത്താൽ മതിയെന്നും പറഞ്ഞു. ചാരു എന്നെ പോലല്ല അല്പം മുൻകോപിയാ ഒന്ന് ശ്രെദ്ധിച്ചാൽ ഇലക്കും മുള്ളിനും കേടില്ലാതെ അവരെ അവിടുന്നു പറഞ്ഞയക്കാൻ പറ്റുമെന്നും പറഞ്ഞു. അത്രേള്ളൂ ". ഹരിയേട്ടന്റെ വാക്കുകൾക്കൊപ്പം  നീനമോളുടെ പൊട്ടിച്ചിരി മുഴങ്ങിയപ്പോൾ ഡ്രൈവ് ചെയ്തിരുന്ന നീതുവും ഉറക്കെചിരിച്ചു. അവർക്കൊപ്പം ചിരിച്ചു കണ്ണിൽ വെള്ളം നിറഞ്ഞപ്പോൾ മോളുടെ കയ്യിൽ മെല്ലെ തൊട്ടിട്ടു പറഞ്ഞു. "
അതേയ് ഈ കല്യാണം കഴിയുമ്പോൾ ഒരു പെൺകുട്ടി ഭാര്യ ആയി മാറും. അതൊരു വലിയ മാറ്റമാണ്. പക്ഷെ അവളുടെ അച്ഛനും അമ്മയും ഒരു മാറ്റവുമില്ലാത്തവരായി കൂടെ ഉണ്ടാവും ഇപ്പോഴും എപ്പോഴും. ഒറ്റക്ക് ഒരു തീരുമാനമെടുക്കാൻ പറ്റിയില്ലെങ്കിൽ ഞങ്ങൾ ഇവിടെയൊക്കെ തന്നെ ഉണ്ടെന്നോർക്കണം. ഒരു പ്രശ്നമുണ്ടായാൽ അപ്പോഴേ നെഞ്ചു വേദന വന്നു മരിക്കണ അച്ഛനമ്മമാരൊക്കെ കഥകളിലെ ഉണ്ടാവു. പിന്നെ പെണ്മക്കൾ പിറന്ന നാൾ തൊട്ട് അന്യവീട്ടിലേക്കു പോവണ്ടതാണ് എന്ന് പറഞ്ഞു വളർത്തി കൊടുക്കുന്ന സമ്പ്രദായം ഞങ്ങളുടെ മുൻപത്തെ തലമുറയോടെ അവസാനിച്ചു മോളെ. ഒരു വാതിലും അടച്ചിട്ടല്ല നിങ്ങളെ ഭർത്താവിന്റെ വീട്ടിലേക്കയക്കുന്നത്. ചെന്ന് കയറുന്ന വീട് നിന്റെ സ്വന്തമാണെന്ന വിശ്വാസം നിനക്ക് ഉണ്ടാവേണ്ടത് അവിടുള്ളവരുടെ സ്നേഹവും സംരക്ഷണവും അനുഭവിച്ചായിരിക്കണം.അല്ലാതെ എച്ച് കേട്ടുന്നതൊക്കെ മുഴച്ചെ ഇരിക്കു"."അമ്മാ സോറി എനിക്കാ തെറ്റ് പറ്റിയെ "


"സാരമില്ലെടോ.. താൻ നമ്മടെ കുലസ്ത്രീ സംസ്കാരം കാത്തു സൂക്ഷിക്കാൻ നോക്കീതല്ലേ. ഇതുപോലൊരു ആന്റിക് പീസിന്റെ വിലയറിയാനുള്ള ബോധം അവർക്കില്ലാതെ പോയി അതവരുടെ നഷ്ടം..."വീണ്ടും അർത്തിരമ്പി വന്ന മഴയിൽ ഞങ്ങളുടെ ചിരി അലിഞ്ഞു ചേർന്നപ്പോൾ മുന്നിൽ വീട്ടിലേക്കുള്ള വഴിയിലെ അണഞ്ഞു പോയ വഴിവിളക്കുകൾ വീണ്ടും തെളിഞ്ഞു... മഴനൂലുകൾക്കിടയിലൂടെ വീട് കൈ നീട്ടി നിൽക്കുമ്പോലെ തോന്നി. മകളെ മാറോട് ചേർക്കാൻ വാത്സല്യ ചൂടോടെ....

 

Join WhatsApp News
Deepa 2022-01-12 04:19:37
മനോഹരമായ ആഖ്യാന ശൈലി .... നിത്യജീവിതത്തിൽ നാം പരിചയപ്പെടുന്ന വ്യക്തിത്വം തന്നെയാണ് നീതുവും. ആ കുടുംബ ബന്ധത്തിന്റെ കെട്ടുറപ്പാണ് കഥയുടെ പ്രധാന ബിന്ദുവും .... ചാരുലത എന്ന അമ്മയുടെ മനസാന്നിധ്യവും ആത്മവീര്യവും എത്ര സ്ത്രീകൾക്ക് പുലർത്താനാവും... ചാരുവും നീതുവും ഹരിയുമെല്ലാം ഇന്നിന്റെ ആവശ്യങ്ങളാണ്...
Dileepkumar 2022-01-20 16:52:11
ആനുകാലിക പ്രസക്തിയുള്ള കഥ
Kumar 2022-02-05 11:24:57
മനോഹരമായ എഴുതാണ് 😍😍😍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക