Image

കോവിഡ് നെഗറ്റീവ് ആയവര്‍ക്ക് 7 ദിവസത്തെ നിര്‍ബന്ധിത കൊറന്റൈന്‍ ഒഴിവാക്കുക: നവയുഗം  

Published on 10 January, 2022
കോവിഡ് നെഗറ്റീവ് ആയവര്‍ക്ക് 7 ദിവസത്തെ നിര്‍ബന്ധിത കൊറന്റൈന്‍ ഒഴിവാക്കുക: നവയുഗം  

ദമ്മാം: കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാനദണ്ഡം അനുസരിച്ചു, വിദേശങ്ങളില്‍ നിന്നും  നാട്ടില്‍ വിമാനമിറങ്ങുന്ന പ്രവാസികള്‍ ഏഴു ദിവസത്തെ നിര്‍ബന്ധിത കൊറന്റൈനില്‍ പോകണമെന്ന നിര്‍ദ്ദേശത്തില്‍ നിന്നും, വിമാനത്താവളങ്ങളില്‍ നടത്തുന്ന കോവിഡ് ടെസ്റ്റില്‍ നെഗറ്റീവ് ആകുന്ന പ്രവാസികളെ ഒഴിവാക്കണമെന്ന് നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.

വിദേശത്തു രണ്ടു വാക്‌സിനും എടുത്തു, ബൂസ്റ്റര്‍ ഡോസും എടുത്തു, 72 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് PCR ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി വിമാനം കയറുകയും, നാട്ടിലെ വിമാനത്താവളങ്ങളില്‍ വെച്ച് വീണ്ടും കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെന്ന് തെളിയുകയും ചെയ്യുന്ന പ്രവാസികളോട്, വീണ്ടും 7 ദിവസം കൊറന്റൈന്‍ ഇരിയ്ക്കണെമെന്നു പറയുന്നത്  തികഞ്ഞ അനീതിയാണ്.

നാട്ടിലേയ്ക്ക് വരുന്ന പ്രവാസികള്‍ക്ക് വലിയൊരു തിരിച്ചടിയാണ്  ഈ കൊറന്റൈന്‍ നിര്‍ദ്ദേശം. വിമാനത്താവളത്തിലെ കൊറോണ ടെസ്റ്റില്‍ പോസിറ്റീവ് ആയവരെ കൊറന്റൈന്‍ ചെയ്യുന്നതില്‍ യാതൊരു തെറ്റുമില്ല. എന്നാല്‍ കൊറോണ നെഗറ്റീവ് ആയവരോടു ഏഴു ദിവസം  കൊറന്റൈന്‍ ഇരിയ്ക്കണെമെന്നു പറയുന്നത് എതിര്‍ക്കപ്പെടേണ്ട കാര്യമാണ്.

കൊറോണ രോഗബാധ സൃഷ്ട്ടിച്ച സാമ്പത്തികപ്രതിസന്ധിയില്‍ വിഷമിയ്ക്കുന്ന പ്രവാസികളെ സംബന്ധിച്ചിടത്തോളം, നാട്ടില്‍ വെക്കേഷന് വരിക എന്നത് തന്നെ വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമായി മാറിയിരിയ്ക്കുകയാണ്. പലരും അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രമാണ് നാട്ടില്‍ വരുന്നത്. ഒന്നോ രണ്ടോ ആഴ്ച മാത്രമായി നാട്ടിലേയ്ക്ക് വരുന്നവരും അനവധിയാണ്. അവരെ സംബന്ധിച്ചിടത്തോളം ഏഴു ദിവസം കൊറന്റൈന്‍ എന്നത് ഒട്ടും പ്രായോഗികമല്ല. ശാസ്ത്രീയമായ ഒരു  അടിസ്ഥാനവുമില്ലാത്ത നിര്‍ദ്ദേശമാണിത്.

അതിനാല്‍ വിമാനത്താവളങ്ങളിലെ കോവിഡ് ടെസ്റ്റില്‍ നെഗറ്റീവ് ആകുന്ന പ്രവാസികളെ കൊറന്റൈന്‍ നിബന്ധനയില്‍ നിന്നും ഒഴിവാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട്, നവയുഗം കേന്ദ്രകമ്മിറ്റി, കേരള മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക