ആത്മരതിയുടെ  പൊങ്കാലകള്‍...(ഉയരുന്ന ശബ്ദം-44: ജോളി അടിമത്ര)

Published on 11 January, 2022
ആത്മരതിയുടെ  പൊങ്കാലകള്‍...(ഉയരുന്ന ശബ്ദം-44: ജോളി അടിമത്ര)

കേരളത്തില്‍ പലവിധത്തിലുള്ള പൊങ്കാലകള്‍   ഉണ്ട്.ആറ്റുകാല്‍ പൊങ്കാല,ചക്കുളത്തുകാവ് പൊങ്കാല തുടങ്ങി ഒട്ടേറെ പ്രശസ്തമായ പൊങ്കാലകള്‍ മലയാളിക്ക് പരിചിതമാണ്.പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ഭക്തിനിര്‍ഭരമായ ചടങ്ങാണത്.ഇതിപ്പം അതിപ്രശ്‌സ്തമായ മറ്റൊരു പോങ്കാല മലയാളിമനസ്സുകളില്‍ ഇടിച്ചുകയറി ഇടംപിടിച്ചു കഴിഞ്ഞു.അതാണ് സോഷ്യല്‍ മീഡിയയിലെ പൊങ്കാല.രാവിലെ എണീറ്റു വരുമ്പോഴേ ,നാടന്‍ഭാഷയില്‍ പറഞ്ഞാല്‍ ചിലര്‍ക്കു കുരു പൊട്ടും.ആരെയെങ്കിലും പൊങ്കാലയിട്ടില്ലെങ്കില്‍ ,ഒരു ഗോസിപ്പ് അടിച്ചു പരത്തിയില്ലെങ്കില്‍ ,വല്ലാത്ത അസ്വസ്ഥത.അപ്പോള്‍പിന്നെ 'ലോകസാഹിത്യരംഗമായ '  ഇന്റര്‍നെറ്റിലോട്ടു വച്ചുപിടിക്കും.സോഷ്യല്‍ മീഡിയയില്‍ വരുന്ന അളിപിളി ് ചൂടോടെ ഷെയര്‍ചെയ്ത് സായൂജ്യമടയുന്ന ചില അവതാരങ്ങളുമുണ്ട്.
നമ്മള്‍ക്കിഷ്ടമില്ലാത്ത  ഏതു വിഷയത്തെയും ഏതു വ്യക്തിയെയും എന്തിനെയും അവിടെക്കയറി പൊങ്കാലയിടാം.കണ്ടുരസിക്കുന്നതാവട്ടെ ലക്്ഷക്കണക്കിന് ആളുകളും.ഇത്തിരി രസം തോന്നിയാല്‍ അടുത്ത ഗ്രൂപ്പിലേക്ക് ഷെയര്‍ ചെയ്യുകയായി.നിര്‍ദ്ദോഷമായ കമന്റുകള്‍ മുതല്‍ തെറിയഭിഷേകം കൊണ്ടുവരെയുള്ള ആറാട്ട്.ചോദിക്കനും പറയാനും ആരുമില്ലെങ്കില്‍ അഴിഞ്ഞാടാനാണോ പ്രയാസം.പൊങ്കാലകള്‍ക്കു താഴെ വരുന്ന തെറികമന്റുകളാണ് ചുരുളി സിനിമയിലെ തെറിക്കു പ്രചോദനമായതെന്നു പറയുന്നത് സത്യമാണെന്നു തോന്നുന്നു.  
 കേരളത്തില്‍ സര്‍ക്കുലേഷനില്‍ ഒന്നാം സ്ഥാനത്തുനില്‍ക്കുന്ന പ്രശസ്തമായ ഒരു വനിതാ പ്രസിദ്ധീകരണമാണ് ഏറ്റവും ഒടുവില്‍ സോഷ്യല്‍ മീഡിയയിലെ പൊങ്കാലയ്ക്കു വിധേയമായത്.മലയാളിസ്ത്രീകള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന പ്രസിദ്ധീകരണം.യുട്യൂബ് രംഗത്തില്ലാതിരുന്ന ഒരു കാലത്ത് മലയാളി പെണ്ണുങ്ങളുടെ വസ്ത്രധാരണം മുതല്‍ വീട്ടില്‍ എന്തു കറി എങ്ങനെ വയ്ക്കണമെന്നുവരെ  അവരെ  പഠിപ്പിച്ചിരുന്ന  പ്രസിദ്ധീകരണം.അതിന്റെ  പുതിയ ലക്കത്തില്‍ വന്ന ഒരു കവര്‍ സ്്്്‌റ്റോറിയാണ് പൊങ്കാലയ്ക്കു കാരണം. പ്രമുഖനായ ഒരു നടന്റെ കുടുംബചിത്രമാണ് കവര്‍ഫോട്ടോ.അദ്ദേഹവുമായുള്ള അഭിമുഖം ഉള്ളില്‍.സത്യത്തില്‍ എക്‌സ്‌ക്‌ളൂസീവ് സ്‌റ്റോറിയെന്നു മാത്രമേ പത്രാധിപസമിതി ചിന്തിച്ചു കാണുകയുള്ളു.മാര്‍ക്കറ്റില്‍ പ്രസിദ്ധീകരണം വലതുകാല്‍
വച്ചിറിങ്ങിയപ്പോഴാണ് നടനെതിരെയുള്ള പുതിയ ആരോപണങ്ങള്‍ കോളിളക്കമുണ്ടാക്കിയത്.അതോടെ പ്രസിദ്ധീകരണത്തിനെതിരെ പൊങ്കാലയിടാന്‍ ഉടുത്തൊരുങ്ങി പതിനായിരങ്ങളെത്തി.പരിഹാസത്തിന്റെ അമിട്ടുകള്‍ പൊട്ടിക്കുന്ന ഭാവനയുണര്‍ന്നു. ആയിരക്കണക്കിനു ഷെയറുകള്‍ പാറിപ്പറന്നു.
എന്റെ അടുത്ത  സുഹൃത്ത് കഴിഞ്ഞദിവസം  വിളിച്ചു.പ്രശസ്തയായ വക്കീലാണ്.അവര്‍ നേതൃത്വം നല്‍കുന്ന ഒരു വനിതാകൂട്ടായ്മ ഈ പ്രസിദ്ധീകരണത്തിനെതിരെ ഒരു വിയോജനക്കുറിപ്പെഴുതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയത് എനിക്കയച്ചു തന്നു.അത് പത്രത്തിലൊന്നു കൊടുക്കണം.വനിതകള്‍ക്കു  മാര്‍ഗ്ഗനിര്‍ദ്ദേശം  നല്‍കുന്ന മാസികയില്‍ സ്ത്രീ പീഢകനായ ആ നടന്റെ അഭിമുഖം കൊടുക്കാന്‍ പാടില്ലായിരുന്നുവത്രേ...അതിനാല്‍ മാസിക മാര്‍ക്കറ്റില്‍നിന്നു പിന്‍വലിക്കണമെന്നതാണ് സംഘടനയുടെ ആവശ്യം!.
 ഞാനവരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി.ഒന്നാമത്  കോടതിയുടെ പരിഗണനയിലിരിക്കുന്ന സംഭവമാണ്.നടന്‍ കുറ്റാരോപിതന്‍ മാത്രമാണ്.തെറ്റുകാരനാണോയെന്ന് കോടതി കണ്ടെത്തട്ടെ. ഇനിയും യാഥാര്‍ത്ഥ്യം പുറത്തുവന്നിട്ടില്ല.മാധ്യമവാര്‍ത്തകളും പൊടിപ്പും തൊങ്ങലും വച്ച ഊഹാപോഹങ്ങളും മാത്രമാണ് നമ്മള്‍ക്കറിയാവുന്നത്. ഒരു പത്രവും അവരെഴുതിയ പ്രതിഷേധവാര്‍ത്ത കൊടുക്കാന്‍ പോണില്ല.പത്രസ്ഥാപനങ്ങളൊക്കെ ഒരേ തൂവല്‍ പക്ഷികളാണ്.ഇന്നല്ലെങ്കില്‍ നാളെ മറ്റുള്ളവര്‍ക്കും ഇതേ അമളികള്‍ സംഭവിക്കാം.ഇത്തരം അബദ്ധങ്ങള്‍ പറ്റാത്ത ഒരു പത്രസ്ഥാപനവുമില്ല.ഒന്നും മനപൂര്‍വ്വമായി ചെയ്യുന്നതല്ല.സ്വന്തം വായനക്കാരെ പിണക്കാന്‍ ഒരു പത്രസ്ഥാപനവും ഇഷ്ടപ്പെടില്ല. പറ്റിപ്പോകുന്നതാണ്. ദിവസങ്ങള്‍ക്കുമുമ്പ് അഭിമുഖമെടുത്തപ്പോള്‍ നടന്‍ പുതിയ സിനിമയുടെ വന്‍ വിജയത്തിളക്കത്തിലായിരുന്നു.അപ്പോഴദ്ദേഹം അഭിമതനായിരുന്നു.വീണ്ടും വിജയത്തിന്റെ വെള്ളിവെളിച്ചത്തിലായിരുന്നു.ആ സാഹചര്യത്തിലാണ് അഭിമുഖം തയ്യാറാക്കിയത്.മാസികയുടെ ലക്ഷക്കണക്കിനു കോപ്പികള്‍ അച്ചടിച്ചു പുറത്തിറക്കിയ ശേഷമാവാം  കാര്യങ്ങളാകെ കുഴഞ്ഞു മറിഞ്ഞത്  .അത് പാവം എഡിറ്ററുടെ കുറ്റമല്ലല്ലോ.കേസിന്റെ നീതിന്യായ നടത്തിപ്പിനെത്തന്നെ ഈ അഭിമുഖം മാറ്റിമറിക്കുമെന്ന് സംഘടന  ഭയപ്പെടുന്നത്രേ.അഭിമുഖങ്ങളും പത്രവാര്‍ത്തകളും വായിച്ച് അത് വിശ്വസിച്ചിട്ടാണോ  വിവാദമായ കേസുകളില്‍ പ്രഗത്ഭരായ ജഡ്ജിമാര്‍ വിധിപറയുന്നത് ?.

പക്ഷേ  ഒരു കാര്യമുണ്ട്. ഈ പൊങ്കാലയിടല്‍ അവരുടെ കോപ്പി തീര്‍ച്ചയായും കൂട്ടിയിട്ടുണ്ടാവും.ചിലപ്പോള്‍ രണ്ടാമത് അച്ചടിക്കേണ്ടതായും വന്നുകൂടെന്നില്ല.നടന്‍അഭിമുഖത്തില്‍ പറഞ്ഞതെന്തൊക്കെയാണെന്നും  കുടുംബജീവിതം വിജയകരമാണോയെന്നും അവിടെ അസ്വാരസ്യങ്ങളുടെ കാര്‍മേഘം ഉരുണ്ടുകൂടുന്നുണ്ടോയെന്നും ചികയാനുള്ള തത്രപ്പാടില്‍ മാസിക വാങ്ങിക്കൂട്ടുന്നത് പൊങ്കാലക്കാര്‍ തന്നെയായിരിക്കും.അതവിടെ നില്‍ക്കട്ടെ.നമ്മള്‍ക്ക് പൊങ്കാലയുടെ പിന്നാമ്പുറത്തേക്കു പോകാം.
   
 പ്രശസ്തരെ പൊങ്കാലയിടാനാണ് നമ്മുടെ നാട്ടില്‍ മത്സരം.അല്ലാതെ ആപ്പഊപ്പകളെ പൊങ്കാലയിട്ടിട്ടെന്തു കാര്യം. നേരുപറഞ്ഞാല്‍ കടുത്ത അസൂയയാണ് പല പൊങ്കാലകള്‍ക്കും പിന്നില്‍.തനിക്കില്ലാത്ത പേരും പ്രശസ്തിയും മറ്റൊരാള്‍ നേടുന്നതു കാണുമ്പോഴുള്ള കുശുമ്പ് പകയായി മാറുമ്പോഴാണ് സോഷ്യല്‍ മീഡിയവഴി വിഷം ചീറ്റുന്നത്.തനിക്കിഷ്ടപ്പെട്ട നടിയെ ഒരു നടന്‍ സ്വന്തമാക്കിയാല്‍പ്പോലും അവനെ വലിച്ചുകീറി ഭിത്തിയിലൊട്ടിച്ച്  പൊങ്കാലയിടും.സത്യത്തില്‍ ഈ പൊങ്കാലക്കാരുടെ ഭാവനയും അവതരണശൈലിയും അപാരമാണ്.ചിലതു നമ്മളെ അമ്പരപ്പിച്ചുകളയുന്നത്ര സര്‍ഗ്ഗാത്മകമാണ്.  
ഒരു നടി പ്രശസ്ഥയായാല്‍ അവളെങ്ങനെ ജീവിക്കണം,ആരെ പ്രണയിക്കണം ,ആരെ കല്യാണം കഴിക്കണം, എന്നൊക്കെ തീരുമാനിക്കുന്നത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയും ഫാന്‍സുമാണ്.ഒരു നടനോ നടിയോ വിവാഹമോചനം നേടിയാല്‍ അതിന്റെ പിന്നാമ്പുറകഥകളുടെ സാഹിത്യരചനകളായി.എരിവും പുളിയും ഒപ്പത്തിനൊപ്പം ചേര്‍ക്കാന്‍ മറക്കാത്ത രചനകള്‍.സത്യം പറഞ്ഞാല്‍ ഒരുതരം ആത്മരതിയാണ് സോഷ്യല്‍ മീഡിയയിലെ പൊങ്കാലകള്‍ക്കു കാരണം.അത് അവതരിപ്പിച്ചവന് ഷെയറുകള്‍ പാറിപ്പറക്കുമ്പോള്‍ കിട്ടുന്ന സംതൃപ്തി ഒരുതരം രതിസുഖം തന്നെയാണ്.
ഇനി സിനിമ ലോകത്തെ കാര്യം. ഒരു നടന്റെ ജീവിതം താറുമാറാകുന്നതു കാണാന്‍ കാത്തിരിക്കുന്ന വലിയോരു സംഘം സിനിമാ മേഖലയില്‍ തന്നെയുണ്ട്. ഒരാള്‍ പാതി വഴിയില്‍ വീണുകിടന്നാല്‍ അവനെ ചവിട്ടി മെതിച്ച് അവശനാക്കിയാല്‍ അയാളുടെ ചാന്‍സുകൂടി തനിക്കു നേടാമെന്ന വ്യാമോഹം.കുതികാല്‍ വെട്ടിന്റെയും ചതിയുടെയും ഒതുക്കുകളുടെയും മായാലോകമാണ് ഫിലിംവേള്‍ഡ്.ഇവിടെ ജന്‍മമെടുക്കുന്ന ഗോസിപ്പുകളുടെ  പിതാക്കന്‍മാരെ  തിരക്കിചെന്നാല്‍ സഹനടന്‍മാരോ ഉറ്റസുഹൃത്തുക്കളോ തന്നെയാവും.അങ്ങനെ തെറ്റി ധരിക്കപ്പെട്ട എത്രയോ അഭിനേതാക്കളുടെ അനുഭവം കേട്ടിട്ടുണ്ട്.നന്ദിയില്ലാത്തവരുടെ ലോകമാണത്.ചവിട്ടിക്കയറിയാന്‍ കൊടുത്ത തോളിലിരുന്ന് ആ  തലവെട്ടുന്ന നന്ദികേടുകളുടെ തുടര്‍ക്കഥകളാണേറെയും.വിരലിലെണ്ണാവുന്ന മാന്യര്‍ ഇല്ലെന്നല്ല,പക്ഷേ അവരുടെ എണ്ണം വിരളമാണ്.

 ഓര്‍മിക്കാന്‍-
ആരേലും പൊങ്കാലയിട്ടതുകൊണ്ട് തകര്‍ന്നടിയുന്നതല്ല  ആത്മധൈര്യമുള്ളവരുടെ തന്റേടം.അങ്ങനാരുന്നെങ്കില്‍ നമ്മുടെ മന്ത്രിമാരും പ്രതിപക്ഷക്കാരും എന്നേ നാടു വിട്ടേനേ.
തങ്ങള്‍ക്കി്ഷ്്ടമില്ലാത്ത വ്യക്തിയുടെ അഭിമുഖം കൊടുത്ത മാസിക ബഹിഷ്‌കരിക്കാനൊക്കെ ചുമ്മാതെ കേറിയങ്ങ്  ആഹ്വാനം ചെയ്‌തേക്കല്ലേ.ഒന്നും സംഭവിക്കില്ല.സോഷ്യല്‍ മീഡിയയില്‍ ആരാണ്ട്് ഏതാണ്ട് പറഞ്ഞതുകൊണ്ട് മാസികആരും വാങ്ങാതിരിക്കില്ല.പൊങ്കാലകാരണം മാസിക പിന്‍വലിക്കാനും പോണില്ല.എലിയെപ്പേടിച്ച് ആരാണ്ട് ഇല്ലം ചുടാന്‍ പോകുമോ ?.സത്യത്തില്‍  വില്‍പ്പനയില്‍ ഇരട്ടി വര്‍ധനവുമുണ്ടായേക്കും..ഉര്‍വ്വശ്ശീശാപം ഉപകാരം എന്നു കേട്ടിട്ടുണ്ടല്ലോ.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക