Image

മല്ലപ്പള്ളിയിലേക്ക് ഒരു സൗജന്യയാത്ര (സുധീർ പണിക്കവീട്ടിൽ)

Published on 12 January, 2022
മല്ലപ്പള്ളിയിലേക്ക് ഒരു സൗജന്യയാത്ര (സുധീർ പണിക്കവീട്ടിൽ)

മല്ലപ്പള്ളി യാത്ര എന്ന പേരിൽ ഒരു വീഡിയോ അവതരണം അമേരിക്കൻ മലയാളികളുടെ പ്രിയ കഥാകൃത്ത് ശ്രീ ജോൺ മാത്യു അയച്ചുതന്നത് നോക്കികൊണ്ടിരുന്നപ്പോൾ പഴയകാല സ്മരണകൾ, ചരിത്രങ്ങൾ എന്നിവ അയവിറക്കികൊണ്ട്  മല്ലപ്പിള്ളിക്കാർ നൽകുന്ന വിവരണങ്ങൾ വളരെ രസകരവും വിജ്ഞാനപരവുമായി അനുഭവപ്പെട്ടു. തന്നെയുമല്ല ചിലവില്ലാതെ ഒരു ഗ്രാമത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കണ്മുന്നിലൂടെ മിന്നിമറയുന്ന അനുഭൂതിയും.  തുടക്കം തന്നെ മല്ലപ്പള്ളിയുടെ ഹൃദയഭാഗത്തുകൂടെ ഒഴുകുന്ന മണിമലയാറിന്റെ മനോഹാരിത ക്യാമറ  കണ്ണുകൾ ഒപ്പിയെടുത്തുകൊണ്ടാണ്. ഇരുകരകളുടെയും ചരിത്രം ഓർത്തുകൊണ്ട് അല ഞൊറിയുന്ന നദിയുടെ മാറിടഭംഗി ആകർഷകമായി പകർത്തിയിട്ടുണ്ട്.  മണിമലയാറും അതിനുമേൽ പണിത പാലവും കടന്നു ചരിത്രം മയങ്ങുന്ന നിരത്തുകളിലൂടെ സഞ്ചരിക്കുന്ന ക്യാമറ  ചുറ്റിലുമുള്ള ഗ്രാമീണസൗന്ദര്യത്തിന്റെ മുഴുവൻ അഴകും പ്രദർശിപ്പിച്ചുകൊണ്ട്  മുന്നോട്ട് നീങ്ങി മല്ലപ്പള്ളി കവലയിലെ കച്ചവടതിരക്കും അവിടെ തിങ്ങികൂട്ടുന്ന ജനങ്ങളെയും കാണിക്കുന്നു.  അവരെല്ലാം ആ കൊച്ചു നഗരത്തിന്റെ പൈതൃകസ്മരണയിൽ അഭിമാനപൂരിതമായ ഹൃദയത്തോടെ സുസ്മേരവദ നരായി ക്യാമറയെ അഭിമുഖീകരിക്കുന്നു. 
പത്തനംതിട്ട ജില്ലയിലെ അഞ്ചുഗ്രാമങ്ങളിൽ ഒന്നാണ് മല്ലപ്പള്ളി. തിരുവല്ലയിൽ നിന്നും പതിനാലു കിലോമീറ്റർ അകലത്തിൽ കഴിയുന്ന ഈ  ഗ്രാമം കോട്ടയം ജില്ലയുടെ പ്രവേശനകവാടം എന്നും അറിയപ്പെടുന്നു. മല്ലപ്പള്ളിക്കാർക്ക് കൂടുതൽ കൗതുകം നൽകുന്ന ഈ വീഡിയോവിലെ വിവരങ്ങൾ ജിജ്ഞാസുക്കളായ ആർക്കും മുഷിപ്പില്ലാതെ  കണ്ടിരിക്കാം.

മണിമലയാറും, പാലവും, കവലയും, നിരത്തും അവിടെ ജനസഞ്ചയത്തിന്റെ നിലക്കാത്ത ചലനങ്ങളും, ഇപ്പോൾ ഉയർന്നുനിൽക്കുന്ന കെട്ടിടങ്ങളും, വഴിയോരത്ത് കൗതുകംപൂണ്ടു നിൽക്കുന്ന പഴമക്കാരുടെ മുഖങ്ങളും കാണിച്ചുകൊണ്ട് ക്യാമറകണ്ണുകൾ എത്തിനിൽക്കുന്നത് ശ്രീ ഏബ്രാഹം ജോർജ്ജ് എന്ന ഹൈസ്‌കൂൾ പ്രധാനഅദ്ധ്യാപകനിലാണ്. കുഞ്ഞച്ചയാൻ എന്ന് അദ്ദേഹം വിളിക്കുന്നത് അദ്ദേഹത്തിന്റെ ബന്ധുവായ ശ്രീ ജോൺ മാത്യവിനെയാണെന്ന് നമ്മൾ മനസ്സിലാക്കുന്നു. അദ്ദേഹം മല്ലപ്പള്ളിയെപ്പറ്റി വിശദീകരിക്കുന്നുണ്ട്. അതിന്റെ പ്രാത്യേകത, അദ്ദേഹം നൽകുന്ന വിവരങ്ങൾ ചരിത്രപുസ്തകങ്ങളിൽ നിന്നും പകർത്തുന്നവയല്ല മറിച്ച് പാരമ്പര്യമായി കേട്ടറിഞ്ഞ വിവരങ്ങളാണെന്നുള്ളതാണ്. 

അനർഗ്ഗളമായ  അദ്ദേഹത്തിന്റെ സംഭാഷണം വളരെ ഉത്സാഹത്തോടെ കേട്ടിരിക്കാൻ തോന്നുന്നവിധത്തിൽ ഹൃദയഹാരിയാണ്. മല്ലപ്പള്ളി എന്ന പേര് വന്നത് ആ ഗ്രാമത്തിൽ വളരെ മുമ്പ് താമസിച്ചിരുന്ന ആദിദ്രാവിഡർ എന്ന ഒരു സമൂഹക്കാരുടെ ദേവനിൽ നിന്നാണത്രെ. മല്ലൻ അതായത് ശക്തിമാൻ എന്നർത്ഥമുള്ള ആ പേരും ആ ദേവൻ വസിക്കുന്ന സ്ഥലമെന്ന കാരണംകൊണ്ട് അതിനോട് ചേർന്നു പള്ളിയും ഒരുമിച്ച് മല്ലപ്പള്ളി എന്ന് പേര് വന്നുവെന്നു അദ്ദേഹം പറയുന്നു. അന്നെല്ലാം വന്യമൃഗങ്ങളും വന്മരങ്ങളുമായി ബാഹ്യലോകവുമായി ബന്ധപ്പെടാതെ കിടന്ന സ്ഥലമായിരുന്നു ഇതത്രെ. ഒരു പക്ഷെ ബുദ്ധമതസ്വാധീനം അന്ന് കാലത്തുണ്ടായിരിക്കാം അതുകൊണ്ടാണ് പള്ളി എന്ന വാക്കു വരാൻ കാരണമായിട്ടുണ്ടാകുക. ബുദ്ധവിഹാരങ്ങൾക്ക് പള്ളി എന്ന് പറയും.
കൃസ്തീയകുടുംബങ്ങൾ അവിടേക്ക് കുടിയേറിയ ചരിത്രം വളരെ വ്യക്തമായി നൽകുന്നുണ്ട്. മുന്നൂറ്റിയമ്പത് വര്ഷങ്ങളുടെ പഴക്കമുള്ള സംഭവങ്ങൾ ഒരു കഥപോലെ ഭംഗിയായി അദ്ദേഹം വിവരിക്കുന്നുണ്ട്.  ഇടപ്പള്ളിതമ്പുരാന്റെ അധീനതയിലായിരുന്ന ആ പ്രദേശത്ത് കവുങ്കച്ചേരിൽ എന്ന ഒരു നായർതറവാടാണ് ഉണ്ടായിരുന്നത്. കുറുവിലങ്ങാട്ടുനിന്നും കൃസ്തീയ കുടുംബങ്ങൾ കുടിയേറിയപ്പോൾ പ്രസ്തുത തറവാട്ടുകാർ കാർഷികവിളവിന്റെ  ഒരു അംശം നൽകണമെന്ന വ്യവസ്ഥയിൽ അവർക്കൊക്കെ ഭൂമി പതിച്ചുകൊടുത്തു. അക്കാലത്ത് നാട്ടുരാജാക്കന്മാർ തമ്മിൽ യുദ്ധമുണ്ടായിരുന്നതുകൊണ്ട് മനുഷ്യർക്ക് സമാധാനത്തോടെയുള്ള ജീവിതം സാധ്യമായിരുന്നില്ല. എന്നാൽ മല്ലപ്പള്ളി പ്രദേശം യുദ്ധമില്ലാത്ത ഭൂമിയായിരുന്നു. അന്നുകാലത്ത് നിലനിന്നിരുന്ന ആചാരങ്ങളുടെ സംക്ഷിപ്തരൂപവും അദ്ദേഹം നൽകുന്നു. കൃസ്തീയകുടുംബങ്ങളിൽ കല്യാണം നടക്കുമ്പോൾ നായർ തറവാട്ടിലേക്ക് ഒരു കെട്ട്  പുകയില കാഴ്ച്ചനൽകുക  പതിവായിരുന്നു. കേരളത്തിനുപുറമെ പോയി പഠിച്ച് വന്ന ഒരു യുവാവ്  ആ ആചാരം തെറ്റിക്കുകയും അതിന്റെ അനർത്ഥങ്ങൾ വരുത്തിവയ്ക്കുകയും ചെയ്തതായി അദ്ദേഹം വിവരിക്കുന്നു.   


ചാരുതയാർന്ന ദൃശ്യങ്ങൾ പകർത്തുന്നതിനോടൊപ്പം ഈ വീഡിയോ  തയ്യാറാക്കിയവർ പ്രാദേശിക ചരിത്രത്തിന്റെ താളുകൾ നമ്മുടെ മുന്നിൽ നിവർത്തുന്നു. അവിടത്തെ പള്ളികൾ, അമ്പലങ്ങൾ, സ്‌കൂൾ, കോളേജ് എന്നിവ കാണിക്കുമ്പോഴൊക്കെ അത്തരം  സ്ഥാപനങ്ങളുടെ നിർവ്വഹണത്തിൽ  പങ്കെടുത്ത മഹാത്മാക്കളെ കുറിച്ച് പറയുന്നു. അതേക്കുറിച്ച് വിശദമായി ഇവിടെ പ്രതിപാദിക്കുന്നില്ല. പക്ഷെ വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. ഈ വീഡിയോ കാണുമ്പോൾ മല്ലപ്പള്ളിക്കാർക്ക് തീർച്ചയായും ഒരു ആത്മനിർവൃതിയും മറ്റുള്ളവർക്ക് കൗതുകവും അറിവിന്റെ നേട്ടങ്ങളും അനുഭവപ്പെടും.


മുന്നൂറ്റിയമ്പത് വർഷങ്ങൾക്ക് മുമ്പ് അവിടെ താമസിച്ചിരുന്നവരും കുടിയേറിയവരും തനതായ ഒരു സംസ്കാരം പുലർത്തിപ്പോന്നു. പ്രൊഫസർ തോമസ് വർഗീസ് പറയുന്നത് ഒമ്പതാം നൂറ്റാണ്ടു മുതൽ അവിടെ ജനവാസം തുടങ്ങിയിരുന്നുവെന്നാണ്. കൊച്ചിരാജാവിനോട് തോറ്റ ഇടപ്പള്ളിതമ്പുരാൻ വരുമ്പോൾ മല്ലപ്പള്ളി ഒരു ഘോരാര്യണ്യത്തിന്റെ രൂപത്തിലായിരുന്നു. ആ കാടത്തത്തിൽ ഒരു നാഗരികതയുണ്ടാകണമെന്നു തമ്പുരാൻ മോഹിക്കുകയും ഇടപ്പള്ളിയിൽ വച്ച് സുപരിചിതരായ കൃസ്താനികളെ ഇവിടേക്ക് കൊണ്ടുവരണമെന്ന് അദ്ദേഹം ആഗ്രഹിക്കുകയും ചെയ്തുവെന്ന് പ്രൊഫസ്സർ തോമസ് വർഗീസ് വിവരിക്കുന്നു.

 അന്നത്തെ നായന്മാർ ആയോധനകലയിൽ അഗ്രഗണ്യരെങ്കിലും അവർക്ക് ധനശേഷി കുറവായിരുന്നു. അവരുടെ കയ്യിൽ വാളും അതേപോലെ യുദ്ധസാമഗ്രികളാണുണ്ടായിരുന്നത്. കൃസ്താനികളാണെങ്കിൽ അവർ നല്ല കൃഷിക്കാരും കാര്ഷികവിളയുണ്ടാക്കാൻ പ്രാപ്തരുമായിരുന്നു. തമ്പുരാന് നികുതിപ്പണം കിട്ടണമെങ്കിൽ അവരുടെ സാന്നിധ്യമാവശ്യമായിരുന്നു. അങ്ങനെ കൃസ്തീയസമൂഹം അവിടെ പ്രബലമായി. അദ്ദേഹത്തിന്റെ വിവരണങ്ങളിൽ നിന്നും ഒരു കാലത്ത് വനനിബിഡമായ കുന്നിൻപ്രദേശമായിരുന്നു മല്ലപ്പള്ളി എന്ന് മനസ്സിലാക്കാം.
അവിടെ ഒരു നമ്പൂതിരി-നായർ സമൂഹമല്ല  മറിച്ച് ഇരുണ്ടനിറമുള്ള ആദിമനിവാസികളായിരിയ്ക്കണം താമസിച്ചിരുന്നതെന്നു മനസ്സിലാക്കാം. നവോത്ഥാനപ്രസ്ഥാനവുമായി വന്ന ശ്രീ കുമാരഗുരുദേവൻ പിന്നീട് പൊയ്കയിൽ അപ്പച്ചൻ എന്നപേരിൽ അറിയപ്പെട്ട വ്യക്തി താൻ ദളിത് വിഭാഗത്തിൽ പെട്ടവനായതുകൊണ്ട് കൃസ്തീയസഭകളിൽ ചേർന്നെങ്കിലും വിവേചനം അനുഭവപ്പെട്ടതുമൂലം  പി ആർ ഡി എസ്  ( പ്രത്യക്ഷരക്ഷ ദൈവസഭ) എന്ന പേരിൽ ഒരു സഭയുണ്ടാക്കി അവിടത്തെ ദളിതരെയെല്ലാം ഉദ്ധരിക്കാൻ ശ്രമിച്ചകാര്യം പറയുന്നുണ്ട്. 

പ്രൊഫസ്സർ തോമസ് വർഗ്ഗീസിന്റെ വീട്ടിൽ നിന്നും കുറച്ച്മാറി കുന്നുകൾക്കിടയിലുള്ള സമതലപ്രദേശത്തിൽ അദ്ദേഹത്തിന്റെ പിതാവ് കൃഷി ചെയ്യുമ്പോൾ തൊട്ടാൽ പൊടിഞ്ഞുപോകുന്ന മൺപാത്രങ്ങൾ കണ്ടെത്തിയിരുന്നത്രെ. പ്രളയത്തിൽ നിന്നും രക്ഷതേടി വന്നു കുന്നിൻ ചരുവുകളിൽ പാർത്തവരിൽ നിന്നും ഒരു സംസ്കാരം രൂപപ്പെട്ടിട്ടുണ്ടാകാമെന്നും അദ്ദേഹം പറയുന്നുണ്ട്.
മനുഷ്യർ എന്നും നദീതടങ്ങളിൽ അവന്റെ ജീവിതം ആരംഭിച്ചിരുന്നു. വിശ്വോത്തര സംസ്കാരങ്ങളെല്ലാം നദീതീരങ്ങളിൽ നിന്നും ഉടലെടുത്തതായി ചരിത്രം കുറിക്കുന്നു. മതമൈത്രിയുടെ ദൃഷ്ടാന്തമായി പള്ളികളും, ഹൈന്ദവക്ഷേത്രങ്ങളും കൈകോർത്ത് നിന്നുകൊണ്ട് ആരെയും മല്ലപ്പള്ളി  സ്വാഗതം ചെയ്യുന്നു. പ്രകൃതി ഇവിടെ ലാവണ്യവതിയാണ്. സൗന്ദര്യം എങ്ങും പ്രകടമാണ്.
മല്ലപ്പള്ളിയിലെ പ്രസിദ്ധമായ തിരുമാലിട ഹൈന്ദവക്ഷേത്രത്തിന്റെ വിശദശാംശങ്ങൾ ശ്രീ പി.വി. പ്രസാദ് വിവരിക്കുന്നുണ്ട്.

മണിമലയാറിന്റെ തീരത്ത്  പടിഞ്ഞാറോട്ട് തിരിഞ്ഞിരിക്കുന്നു സ്വയമ്പുവായ ശിവനാണ് ഇവിടത്തെ പ്രതിഷ്ഠ. മാലി എന്ന ഒരു കീഴാളപെൺകുട്ടി പുല്ലരിഞ്ഞുകൊണ്ടിരുന്നപ്പോൾ  അവളുടെ അരിവാൾ മൂർച്ചകൂട്ടാനായി ഒരു കല്ലിൽ ഉരയ്ക്കുകയും ഉടനെ ആ കല്ലിൽ നിന്നും ചോര പൊടിയുകയുമുണ്ടായി. ഭയവിഹലയായ പെൺകുട്ടി അവിടെയടുത്തുള്ള പൂവനതറവാട്ടിലെ തമ്പുരാക്കന്മാരെ അറിയിച്ചു. ആ ശില സാക്ഷാൽ മഹാദേവന്റെ ശിവലിംഗമാണെന്നു പത്തില്ലത്ത് പോറ്റിമാർ അറിയിച്ചതനുസരിച്ച് അവിടെ പ്രതിഷ്ഠനടത്തുകയും താന്ത്രികവിധിപ്രകാരം അർച്ചനയും നിവേദ്യങ്ങളും അർപ്പിക്കുകയും ചെയ്‌തെങ്കിലും  ദേവൻ സ്വീകരിച്ചില്ല. ഇതറിഞ്ഞ മാലി ദുഖിതയായി. പൂവനതറവാട്ടുകാർ അധസ്ഥിതർക്ക് ഇലകുമ്പിളിൽ കഞ്ഞികൊടുക്കുക പതിവുണ്ടായിരുന്നു. മാലി പോയി അത് വാങ്ങി വന്നു അതിലെ വെള്ളം കളഞ്ഞു അതിനു മുകളിൽ നാളികേരം ചെരുകിയിട്ട് ദേവന് സമർപ്പിച്ച് ആ രാത്രി മുഴുവൻ പ്രാർത്ഥിച്ചിരുന്നു. അന്ന് ശിവരാത്രിയായിരുന്നു. ദേവൻ പ്രസാദിച്ചു. ഇന്നും അവിടത്തെ വഴിപാട് മാലി അന്ന് അർപ്പിച്ച പോലെ ചോറും നാളികേരവുമാണ്. അതിനെ നറത്തല എന്ന് പറയുന്നു.

വളരെയധികം വിവരങ്ങൾ  ശ്രീ എബ്രഹാം ജോർജ്ജ്, പ്രൊഫസ്സർ തോമസ് വർഗീസ്, ശ്രീ പി വി പ്രസാദ്, ഡോക്ടർ ജോസ് പാറക്കടവിൽ എന്നിവർ നൽകുന്നുണ്ട്. ഏകദേശം ഒന്നരമണിക്കൂർ ദൈർഘ്യമുള്ള ഈ വീഡിയോ കണ്ടുകഴിയുമ്പോൾ മല്ലപ്പള്ളിയും പരിസരങ്ങളും അവിടെ നൂറ്റാണ്ടുകളായി നിലനിന്നു വരുന്ന നാഗരികതയുടെ ചരിത്രവും നമ്മൾക്ക് ഹൃദിസ്ഥമാകുന്നു. ഈ വീഡിയോവിൽ പ്രത്യക്ഷപ്പെടുന്ന ഓരോ വ്യക്തികളും വളരെ വ്യക്തമായ വിവരങ്ങൾ നമുക്ക് നൽകുന്നു. ഡോക്ടർ ജോസ് പാറക്കടവിൽ മല്ലപ്പള്ളിയിൽ ജീവിച്ചിരുന്ന റെവ.ജോർജ്ജ് മാത്തനെക്കുറിച്ച് പറയുന്നുണ്ട്.  അദ്ദേഹമാണത്രെ മലയാണ്മവ്യാകരണം തയ്യാറാക്കിയത്. കേരള പാണിനീയത്തിനു മുമ്പ് ഈ വ്യാകരണഗ്രൻഥം മലയാളികൾക്ക് ലഭ്യമായിരുന്നു. സി.എം.സ് മിഷനറിമാരുടെ വരവ് മല്ലപ്പള്ളിയെ സാക്ഷരതയിൽ പുരോഗമനം ഉണ്ടാക്കാൻ സഹായിച്ചു.  തന്മൂലം സ്‌കൂളുകളും കോളേജുകളും ഉണ്ടായി. മണിമലയാറിന്റെ തീരം ചേർന്ന് നിൽക്കുന്ന സെന്റ് മേരിസ് എൽ.പി. സ്‌കൂൾ മല്ലപ്പിള്ളിയുടെ വിദ്യാഭ്യാസചരിത്രത്തിലെ പൊൻതിലകമായി തലമുറകൾക്ക് വിജ്ഞാനത്തിന്റെ വെളിച്ചം പരത്തി നിൽക്കുന്നു. ഈ സ്‌കൂളിലെ ക്ലാസ്സ്മുറികളിൽ ഇരുന്നാണ് ശ്രീ ജോൺ മാത്യു അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം നിർവഹിച്ചത്. മണിമലയാറ്റിലെ ഓളങ്ങളുടെ കിന്നാരങ്ങളും ചുറ്റിലുമുള്ള കുന്നിൻപുറങ്ങളും അവിടെ പാറിപ്പറന്ന കിളികളും  കുഞ്ഞു ജോണിന്റെ ഭാവനകളെ അന്നേ തൊട്ടുണർത്തി കാണും.

ബി എ കാരുടെ നാടെന്നു മല്ലപ്പള്ളിയ്ക്ക് പേരുണ്ടത്രേ. ശ്രീ വെണ്ണിക്കുളം ഗോപാലക്കുറുപ്പിന്റെ ജന്മം കൊണ്ട് അനുഗ്രഹീതമാണ് മല്ലപ്പള്ളി. അദ്ദേഹം പിന്നീട് പിതാവിന്റെ നാടായ വെണ്ണിക്കുളത്തേക്ക് താമസം മാറ്റുകയായിരുന്നു.ഡോക്ടർ പാറക്കടവിൽ അഭിമാനപുരസ്സരം മറുനാടൻ മല്ലപ്പള്ളിക്കാരെ ഓർക്കുന്നുണ്ട്.  മല്ലപ്പള്ളിയുടെ സാംസ്കാരിക സാമ്പത്തിക മേഖലകളിൽ അവരുടേതായ സംഭാവനകൾ ഗണനീയമാണെന്നു പറയുമ്പോൾ അദ്ദേഹം ശ്രീ ജോൺ മാത്യുവിനെ പ്രത്യേകം ഓർക്കുന്നു. ശ്രീ ജോൺ മാത്യുവിന്റെ ലേഖനങ്ങളിലും കഥകളിലും മല്ലപ്പള്ളി എന്ന അദ്ദേഹത്തിന്റെ ജന്മനാടിന്റെ ഉൾത്തുടിപ്പുകൾ ഹൃദ്യമായി ചേർത്തിരിക്കുന്നുവെന്നു കോളേജ് അധ്യാപികയായ ശ്രീമതി രേശ്മ സി കെയും പറയുന്നുണ്ട്. ശ്രീ ജോൺ മാത്യുവിന്റെ ഭൂമിക്ക് മീതെ ഒരു മുദ്ര എന്ന നോവലിന്റെ ഒരു ആസ്വാദനപ്രകടനം അവർ നടത്തുന്നുണ്ട്.  കൂടാതെ പുസ്തകത്തെപ്പറ്റി കുറേക്കൂടി വിശദമായി ഡോക്ടർ ഷൈനി തോമസ് എന്ന കോളേജ് അധ്യാപികയും വിവരിക്കുന്നു.

ഈ വീഡിയോവിലെ ഒരു പ്രധാനരംഗമാണ് ശ്രീ ഈപ്പൻ മാസ്റ്ററുടെ  (ശ്രീ ജോൺ മാത്യുവിന്റെ ഇളയ സഹോദരൻ) ഇരിപ്പിടത്തിനു താഴെ തറയിൽ ഇരിക്കുന്ന അവരുടെ കുടിയാനായിരുന്ന കുട്ടിമൂപ്പൻ തന്റെ ഓർമ്മകൾ പങ്കു വയ്ക്കുന്നത്. വളരേ ചെറുപ്പത്തിൽ "കുന്നത്ത് വീട്" എന്ന ശ്രീ ജോൺ മാത്യുവിന്റെ ചിരപുരാതനമായ തറവാട്ടിൽ ജോലിക്കെത്തിയ കുട്ടിമൂപ്പൻ. ഇപ്പോൾ 97 വയസ്സോളം എത്തിനിൽക്കുന്ന ആ സാധുമനുഷ്യൻ വളരെ ആത്മസംതൃപ്തിയോടെയാണ് തന്റെ ജീവിതകാലം മുഴുവൻ ആ തറവാട്ടുക്കാർക്ക് വേണ്ടി സേവനമനുഷ്ഠിച്ച വിവരങ്ങൾ പറയുന്നത്.   ശ്രീ ജോൺ മാത്യുവിന്റെ കുട്ടിക്കാലം വളരെ വാത്സല്യത്തോടെ അദ്ദേഹം ഓർക്കുന്നുണ്ട്. ജന്മി-കുടിയാൻ എന്ന പണ്ടത്തെ ബന്ധത്തിലെ അവസാനത്തെ കണ്ണിയായിരിക്കും ഈ മനുഷ്യൻ. അദ്ദേഹത്തിന്റെ വിവരണങ്ങൾ പ്രിയ വായനക്കാർ ഈ വിഡിയോവിലൂടെ കേൾക്കുമ്പോൾ പഴയകാല ജീവിത രീതികളും ആചാരങ്ങളും വളരെ കൗതുകത്തോടെ അവർക്ക് ആസ്വദിക്കാൻ കഴിയും.

മല്ലപ്പള്ളിയുടെ ഹൃദയധമനികളായ വഴികൾ വന്നുചേരുന്ന "മൂശാരി കവല" പശ്ചാത്തലത്തിൽ പറയുന്ന വിവരണത്തോടെ നമ്മൾ കാണുന്നു..  ചുറ്റിലും അരങ്ങേറുന്ന ഊർജ്ജസ്വലമായ ജീവിതങ്ങളുടെ സ്പന്ദനങ്ങൾ കാതോർത്ത് കിടക്കുന്ന ഭൂതകാലം ഈ കവലക്ക് ഒരു പൗരാണിക രൂപം നൽകുന്നു. തലമുറകൾ ചവുട്ടി കടന്നുപോയ വഴികളിലൂടെ ഇന്നും പ്രവഹിക്കുന്ന മനുഷ്യർ. ചരിത്രവും പുരാണവും ഇഴുകിച്ചേർന്നു കിടക്കുന്ന നമ്മുടെ നാട്ടിലെ ഒരു പ്രദേശത്തിന്റെ കഥ പറയുന്ന ഈ വീഡിയോ കാണാൻ താല്പര്യമുള്ളവർക്കായി അതിന്റെ ലിങ്ക് താഴെ കൊടുക്കുന്നു. ഈ വീഡിയോ നമുക്കായി അവതരിപ്പിക്കാൻ വേണ്ട സംവിധാനം ഒരുക്കിയ ഡോക്ടർ എം. പത്മകുമാർ, ഇതിന്റെ സാക്ഷാത്കാരത്തിനായി വേണ്ട സഹായങ്ങൾ ചെയ്ത ശ്രീ ജോൺ മാത്യു, ഹൂസ്റ്റൺ എന്നിവർ അഭിനന്ദനം അർഹിക്കുന്നു. നമ്മുടെ സംസ്കൃതിയും പാരമ്പര്യവും സംരക്ഷിക്കേണ്ടത് ആവശ്യം തന്നെ. ഈ വീഡിയോയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ ശ്രീ ജോൺ മാത്യുവിനെ അറിയിക്കുക. അദ്ദേഹത്തിന്റെ നമ്പർ 281 -815 -5899.
മല്ലപ്പള്ളി യാത്ര - YouTube  

ശുഭം

Join WhatsApp News
NINAN MATHULLAH 2022-01-13 15:47:10
Although from Mallappally, I heard a new story about the origin of Mallappally today. It was interesting to read and well presented. Thanks to both writers. I have listened to John Mathew talking about Mallappally at Mallappally Sanghamam meeting in Houston. I don’t remember John telling this story at that time. I discussed with him about the origin of Mallappally as ‘Mallanmar pallikonda or anthya vishramam kollunna sthalam’ story with reference from the family history of two prominent families in Mallappally- the Vattasseril Thirumeni family and Modayil family history. I have both the books with me with those stories. This story in the video is not there. It is natural that people want to see the history of their family or traditions or temple in the history of a place and will make up stories about it and spread it. Thus we have more than one story about the origin of many cities of the world available in different books. Anyhow the article was interesting to read. Thanks.
കോരസൺ 2022-01-15 04:04:36
ഇത്തരം ഒരു പദ്ധതി ഓരോ നാടിനെക്കുറിച്ചും ഉണ്ടാവേണ്ടതാണ്. ഇങ്ങനെയാവണം കാലങ്ങളുടെ കണക്കുകൾ നിരത്തിവെയ്ക്കാൻ. ശ്രീ സുധീർ സാർ അത് അനായാസം തന്റെ സ്വതസിദ്ധ ശൈലിയിൽ നിർവഹിച്ചിരിക്കുന്നു. മടികൂടാതെ വായിക്കുവാൻ ഉള്ള ഒഴുക്കു മനസ്സിലാക്കുവാക്കുവാൻ ഈ ലേഖനം ഒരു പാഠം. മല്ലപ്പള്ളി സുപരിചിതമായ ഒരു സ്ഥലമാണെങ്കിലും അതിന്റെ മണ്ണിൽ ഇത്രയധികം നിധികൾ നിറഞ്ഞുനിൽക്കുന്നു എന്നത് ഒരു അനുഭവം.
Sudhir Panikkaveetil 2022-01-15 13:29:27
അഭിപ്രായങ്ങൾ എഴുതി പ്രോത്സാഹിപ്പിച്ച എല്ലാ സുമനസ്സുകൾക്കും നന്ദി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക