മലയാളിയായ രഞ്ജിത് ജോസഫ് അയര്‍ലന്‍ഡില്‍ പീസ് കമ്മീഷണര്‍

Published on 12 January, 2022
 മലയാളിയായ രഞ്ജിത് ജോസഫ് അയര്‍ലന്‍ഡില്‍ പീസ് കമ്മീഷണര്‍

 

പാലാ: അയര്‍ലന്‍ഡിലെ ഇന്ത്യന്‍ സമൂഹത്തിന് അംഗീകാരം നല്‍കി, മലയാളിയും പാലാ സ്വദേശിയുമായ രജ്ഞിത് ജോസഫിനെ പീസ് കമ്മീഷണറായി നിയമിച്ചു.

കൗണ്ടി ഗോള്‍വേയില്‍ നിന്നുള്ള പാലാ കുറുമണ്ണ് സ്വദേശി രജ്ഞിത് കെ ജോസഫിനാണ് ഡിപ്പാര്‍ട്ടമെന്റ് ഓഫ് ജസ്റ്റിസ്, പീസ് കമ്മീഷണര്‍ സ്ഥാനം നല്‍കിയത്.

ഗോള്‍വേ, സമീപ കൗണ്ടികളായ മേയോ, റോസ് കോമണ്‍, ഓഫലി, ക്ലെയര്‍, ടിപ്പററി എന്നി കൗണ്ടികളിലും പ്രവര്‍ത്തനാധികാരമുള്ള ചുമതലയാണ് രഞ്ജിത്തിന് നല്‍കിയിരിക്കുന്നത്.

വിവിധ സേവനങ്ങള്‍ക്ക് ആവശ്യമായ രേഖകളും സര്‍ട്ടിഫിക്കേറ്റുകളും സാക്ഷ്യപെടുത്തുക, ഓര്‍ഡറുകള്‍ ഒപ്പിടുക എന്നിവയാണ് പീസ് കമ്മീഷണറുടെ പ്രധാന ചുമതലകള്‍. അത്യാവശ്യമായ സാഹചര്യങ്ങളില്‍ സമന്‍സും വാറന്റുകളും പുറപ്പെടുവിക്കാനുള്ള അധികാരവും പീസ് കമ്മീഷണര്‍മാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

മനുഷ്യോപയോഗത്തിന് ഹാനികരമായ ഭക്ഷ്യവസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുകയോ, വില്‍പ്പന നടത്തുകയോ ചെയ്യുന്നത് നിരോധിക്കാനോ, അപ്രകാരം ചെയ്യുന്നവര്‍ക്കെതിരെ നടപടി നിര്‍ദ്ദേശിക്കാനുമുള്ള പുതിയ ഉത്തരവാദിത്വവും പീസ് കമ്മീഷണര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്.

 

കുറുമണ്ണ് കല്ലറയ്ക്കല്‍ കുടുംബാംഗമായ രഞ്ജിത് 2003 ലാണ് അയര്‍ലന്‍ഡിലെ സെന്റ് ജോണ്‍ ഓഫ് ഗോഡ് ഡിസബിലിറ്റി സര്‍വീസില്‍ ജോലിയില്‍ പ്രവേശിച്ചത്. 2006 മുതല്‍ ഗോള്‍വേയില്‍ എബിലിറ്റി വെസ്റ്റ് ഗ്രൂപ്പിലെ ഹെഡ് ഓഫ് ഡിസിപ്ലിന്‍/സീനിയര്‍ ഡിസബിലിറ്റി സ്‌പെഷലിസ്റ്റായി ജോലി ചെയ്യുന്നു.

അയര്‍ലണ്ട്, ഇറ്റലി, മാള്‍ട്ട, ഡെന്‍മാര്‍ക്ക്, സ്‌പെയിന്‍ എന്നി രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ഐറിഷ് സമാചാര്‍ മീഡിയ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ കൂടിയായ രഞ്ജിത് , ഗോള്‍വേയിലെ സീറോ മലബാര്‍ കമ്യുണിറ്റിയുടെ സ്ഥാപകാംഗവും മുന്‍ ട്രസ്റ്റിയുമാണ്.

അമേരിക്കയിലെ ഫ്‌ലോറിഡ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡിസബിലിറ്റി സ്റ്റഡീസില്‍ പ്രാഥമിക ബിരുദം നേടിയ രഞ്ജിത് , ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡബ്ലിനിലെ ട്രിനിറ്റി കോളജില്‍ നിന്നും ഉപരി പഠനവും പൂര്‍ത്തിയാക്കിയിരുന്നു.

ഭാര്യ: ഡോ. ശില്പ (എച്ച് എസ് ഇ, ഗോള്‍വേ). മക്കള്‍: മരീസ, മേരി, മരിയ, മാര്‍ക്ക്.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക