Image

ഒരു പലസ്തീൻ യുവതിയുടെ പോരാട്ടങ്ങൾ (വാൽക്കണ്ണാടി - കോരസൺ)

Published on 13 January, 2022
ഒരു പലസ്തീൻ യുവതിയുടെ പോരാട്ടങ്ങൾ (വാൽക്കണ്ണാടി - കോരസൺ)

തണുത്തുറഞ്ഞ ഇരുമ്പു ബെഞ്ചിൽ അമർന്നിരുന്ന ഡോക്ടർ അമീറ, ബാഗിൽനിന്നും എടുത്ത ഇലക്ട്രിക്ക് സിഗറെറ്റ് പുകച്ചുവിട്ടു. ഉച്ഛ്വാസത്തിലെ വെളുത്തുതുടിച്ച പുകച്ചുരുളുകൾ അപ്പോൾ അതിനഭിമുഖമായി കാണാമായിരുന്ന തെക്കേആൽപ്സ്പര്‍വ്വതനിരകളിലെ നിറഞ്ഞ മഞ്ഞുപാളികകളെ ഉരുക്കിക്കളയുമോ എന്ന് ഞാൻ ശങ്കിച്ചു. അവരുടെ കണ്ണുകളിൽ നിറഞ്ഞുനിന്ന കണ്ണീർകണങ്ങൾ ഒഴുകാതെ അവിടെത്തന്നെ തടംകെട്ടി തങ്ങിനിന്നു. പ്രഭാതസൂര്യന്റെ കിരണങ്ങൾ അവരുടെ ചെമ്പൻ മുടിയിൽതട്ടി പ്രകാശവലയം സൃഷ്ടിച്ചു. തൊട്ടടുത്ത് ഉണ്ടായിരുന്ന ചർച് ഓഫ് സെയ്ന്റ് യൂജിൻ കത്തോലിക്ക ദേവാലയത്തിൽനിന്നും പ്രഭാതത്തിലെ ആദ്യമണിമുഴങ്ങി. 

ആരോ രണ്ടുപേർ ആ പള്ളിയിലേക്ക് വേഗം പ്രവേശിച്ചു. പത്തൊൻപതാം നൂറ്റാണ്ടിലെ ഏതോ ഇറ്റാലിയൻ ഗ്രാമപ്രദേശത്തെ ഓർമ്മപ്പെടുത്തിയ മലമുകളിലെ ആ പള്ളിയും അതിനുമുന്നിൽ സ്ഥാപിച്ചിരുന്ന ഇരുമ്പ് ക്രിസ്മസ്ട്രീയും അതിനു അഭിമുഖമായി തലയുയർത്തി നിൽക്കുന്ന ആൽപ്സ് പർവ്വത ശിഖിരങ്ങളും എന്തൊക്കയോ എന്നോടുപറയാൻ കാത്തിരിക്കയാണെന്നു തോന്നിച്ചു. ഞാനാ പള്ളിയിൽ പോയി ഒന്ന് പ്രാർത്ഥിച്ചിട്ടു വരട്ടെ, നിങ്ങളുടെ കാര്യം കൂടിയാണ് ഞാൻ അവിടെ സമർപ്പിക്കാൻ പോകുന്നത്. ഒരുചെറുചിരിയോടെ ഡോക്ടർ അമീറ സമ്മതം അറിയിച്ചു. ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ വീണ്ടും മഞ്ഞുമൂടിയ പർവ്വതത്തെ നോക്കി അവർ പുകച്ചുരുളുകൾ വർഷിച്ചുകൊണ്ടിരുന്നു. ഞാൻ പള്ളിയിലേക്ക് മെല്ലെ കടന്നുചെന്നു.     

പള്ളിയിൽ കയറിയ അപരിചിതനെക്കണ്ടു അവിടെയുണ്ടായിരുന്ന ജോലിക്കാരി ഒന്ന് പരുങ്ങി. ആ സമയത്തു അങ്ങനെ ഒരാളും അവിടെ എത്തിച്ചേർന്നിട്ടുണ്ടാവില്ല, മനോഹരമായി അലങ്കരിച്ചിരുന്ന അൾത്താരയുടെ മുന്നിൽ മുട്ടുവണങ്ങി, കണ്ണുകൾ അടച്ചു. ഓർമ്മയിൽ ഉണ്ടായിരുന്ന എല്ലാ വിഷയങ്ങളും അവിടെ സമർപ്പിച്ചു, ഇരുട്ടിലെ നേർത്തപ്രകാശത്തിൽ മനോഹരമായ അനേകം ചിത്രങ്ങൾകൊണ്ട് അലങ്കരിച്ച ചുവരുകളും തൂണുകളും ആ പള്ളിയിൽഒരു ആത്മീയ പരിവേഷം സൃഷ്ടിച്ചിരുന്നു. വളരെ യാദൃച്ഛികമായിട്ടാണ് അവിടെ എത്തിച്ചേർന്നത്. 

ദുബായിയിൽനിന്നും ന്യൂയോർക്കിലേക്ക് വരുന്നവഴി എമിറേറ്റ്സ് വിമാനം ഇറ്റലിയിലെ മിലാനിൽ ഒരു സ്റ്റോപ്പ് ഉണ്ടായിരുന്നു. ഒരു ചെറിയ ബ്രേക്ക് മാത്രം. അവിടെ ഇറങ്ങി വീണ്ടും സെക്യൂരിറ്റി ഇമ്മിഗ്രേഷൻ ഒക്കെ ക്ലിയർ ചെയ്തു വിമാനത്തിൽ കയറാൻ ലൈൻ നിന്നു. പെട്ടന്നാണ് അറിയിപ്പുവന്നത് വിമാനം ക്യാൻസൽ ചെയ്തുഅടുത്ത ദിവസം മാത്രമേ പോകുന്നുളളൂ. കലാപഅന്തരീക്ഷമായി അവിടം മാറി. പയലറ്റിനു സുഖമില്ലാതാകുക എന്നതിനു വേറെ മറുവഴിയൊന്നുമില്ല. എയർലൈൻസ് തന്നെ അവിടെ ഹോട്ടൽ താമസം ഒരുക്കി, പക്ഷേ വിമാനത്തിൽ കയറ്റിയിരുന്ന പെട്ടികൾ എല്ലാം കൈപ്പറ്റണം പിറ്റേദിവസം അത് ചെക്ക് ഇൻ ചെയ്യുകയും ചെയ്യണം. അതിനുള്ള ലൈനിൽ നിന്നു. വീട്ടുമിടുക്കാണോ എന്നറിയില്ല, ലൈൻ നിന്നു ഒക്കെ ശാന്തമായി പോകാൻ ഏറ്റവും പ്രയാസമുണ്ടായിരുന്നത് ഇറ്റലിക്കാർക്കു തന്നെയായിരുന്നു. അവർ വളരെ ഉച്ചത്തിൽ സംസാരിക്കുകയും, കേട്ടാൽ എന്തോ വലിയ ബഹളം നടക്കുന്ന പ്രതീതി ആണ്, എപ്പോഴാണ് അവരുടെ ഭാവം മാറുന്നത് എന്നറിയില്ല. നോക്കിനില്ലെങ്കിൽ അവർ ലൈൻ കട്ട്ചെയ്തു നമ്മുടെ മുന്നിലൂടെ കടന്നുപോകും. ഇൻഗ്ലീഷിൽ ഒരു വാക്കുപോലും പറയില്ല, ഏറ്റവും ഉച്ചത്തിൽ ഇറ്റാലിയൻ ഭാഷയിൽ എന്തൊക്കൊയോ പുലമ്പിക്കൊണ്ടിരിക്കും. 

ഒരു പ്രായമുള്ള ഇന്ത്യാക്കാരി കസ്റ്റംസ് ലൈനിലേക്ക് പ്രവേശിക്കാൻ തുടങ്ങിയപ്പോൾ ഒരു ഇറ്റലിക്കാരൻ അവരെ പിന്തള്ളി മുന്നോട്ടുകടന്നു. പൊടുന്നനെ ഒരു സ്ത്രീ വളരെ ഉച്ചത്തിൽ അലറി, 'കടന്നു മാറിനില്ക്കൂ, നിങ്ങൾ ഇവിടെനിൽക്കാൻ പറ്റില്ല', ശുദ്ധ ഇറ്റാലിയൻ ഭാഷയിലും ഇൻഗ്ലീഷിലുമായി അവർ പൊട്ടിത്തെറിച്ചപ്പോൾ ആ ഇറ്റലിക്കാരൻ ഒന്ന് പരുങ്ങി, ബഹളം കേട്ടു എത്തിയ പോലീസ് ഉദ്യോഗസ്ഥൻ അയാളെ പിടിച്ചു പുറത്തേക്കുകൊണ്ടുപോയി. ആരാണ് ആ ധീരവനിത എന്ന് എല്ലാവരും നോക്കി. ലൈനിൽ എല്ലാം നോക്കിനിന്നിരുന്ന ഒരു അമേരിക്കക്കാരൻ അവരുടെ അടുത്തുചെന്നു ചെവിയിൽ പറഞ്ഞു, നിങ്ങൾ കുടിച്ച വൈൻ ഏതു ബ്രാൻഡ് ആണെന്ന് ഒന്ന് പറയണേ. കേട്ടവർ എല്ലാവരും പൊട്ടിച്ചിരിച്ചു ആ വനിതയും അതിലേറെ ഉച്ചത്തിൽ ചിരിച്ചു. പിറ്റേദിവസം രാവിലെ പ്രഭാത ഭക്ഷണത്തിനു ഒരു വലിയ ടേബിളിൽ ഞാൻ തനിയെ ഇരിക്കുകയായിരുന്നു. ഒരു വനിത ഭക്ഷണം എടുത്തുകൊണ്ടു എന്റെ ടേബിളിൽ എത്തി ഞാനുംകൂടി ഇവിടെ ഇരുന്നോട്ടെ എന്ന് ചോദിച്ചു. ദയവായി ഇരുന്നാട്ടെ, അപ്പോഴാണ് എനിക്ക് തിരിച്ചറിവുണ്ടായത് അത് ഇന്നലെ ഇറ്റലിക്കാരനെ പുകച്ചുചാടിച്ച പെൺപുലി. ഞാൻ ഡോക്ടർ അമീറാ, ന്യൂയോർക്കിൽ ബ്രൂക്‌ലിൻ ഹോസ്പിറ്റലിൽ പീഡ്യയാട്രിക് വിഭാഗത്തിലാണ് ജോലി. ന്യൂയോർക്കിൽ കോവിഡ് വല്ലാതെ പകരുന്നു, ആശുപത്രിയിൽ എന്റെ സാന്നിധ്യം വളരെ അത്യാവശ്യമാണ്. എന്തുചെയ്യാം ഇനിയും വൈകുന്നേരം മാത്രമേ ഫ്ലൈറ്റ് ഉള്ളൂ എന്നാണ് അറിയാൻ കഴിഞ്ഞത്. പകൽ ഇനി എന്താ ചെയ്യുക?.

അപ്പോഴേക്കും ആസ്ട്രേലിയക്കാരി മറിയയും ഞങ്ങളോട് ഒപ്പം കൂടി. അവർ അവരുടെ പേരക്കുട്ടികളെ കാണാൻ ആദ്യമായി അമേരിക്കക്കു പോകയാണ്. നിങ്ങൾ എന്തുചെയ്യാൻ പോകുന്നു, അമീറാ ചോദിച്ചു. ഏതായാലും പകൽ മുഴുവൻ മിലാനിൽ ഉണ്ട് അപ്പോൾ പുറത്തുപോയി സ്ഥലം ഒന്ന് കാണാൻ ആഗ്രഹമുണ്ട്. പക്ഷേ ഇവിടെയുള്ളവർ ഇറ്റാലിയൻ മാത്രമേ പറയുന്നുള്ളൂ, ലിറ മാത്രമേ പണമായി ചിലവാക്കാനും പറ്റുന്നുള്ളൂ. ഞാൻ റിസപ്ഷനിൽ ഒന്ന് തിരക്കട്ടെ, മറിയ വെളിയിൽപോകാനില്ല എന്ന് മുൻ‌കൂർ ജാമ്യം എടുത്തു. ഞാൻ റിസപ്ഷനിൽ എത്തിയപ്പോഴേക്കും അമീറാ വെളിയിൽ പോകാനുള്ള പ്ലാൻ തയ്യാറക്കുകയായിരുന്നു. താഴെ ട്രെയിൻ ഉണ്ട്, അതുപിടിച്ചാൽ മിലാൻ പട്ടണത്തിൽ പോകാം, സമയക്കുറവുകൊണ്ടു പോയിവരാം എന്ന് മാത്രമേയുള്ളൂ. നേച്ചർ ഇഷ്ടമാണെങ്കിൽ നമുക്ക് അങ്ങനെ പോകാം. അതുമതി സംസ്കാരത്തിന്റെ ഹൃദയം ഗ്രാമങ്ങളിൽ അല്ലേ, അത് കാണാനുള്ള ഒരവസരവും പാഴാക്കരുത്. നമുക്ക് പോകാം. അങ്ങനെ ഞങ്ങൾ യാത്ര തുടങ്ങി.    

ഡോക്ടർ അമീറാ വിദഗ്ദമായി ഉപയോഗിച്ച ഗൂഗിൾ മാപ്പിൽ നോക്കി നടന്നു ഞങ്ങൾ ഒരു വിശാലമായ മുന്തിരിത്തോപ്പിൽ ചെന്നുപെട്ടു. സൂര്യപ്രകാശത്തിൽ കണ്ണുതുറക്കാനായില്ല, കണ്ണട വല്ലാതെ കറുത്തു, അതിശൈത്യത്തിൽ കണ്ണാടിപോലും മുഖത്തു ഒരു ഐസ്‌കട്ട എടുത്തുവച്ചപോലെ തോന്നി. ഞങ്ങളെ അവിടെ കൊണ്ടാക്കിയ ഇറ്റാലിയൻഭാഷ മാത്രം അറിയാവുന്ന ഡ്രൈവർ അപ്പോഴേക്കും പോയിക്കഴിഞ്ഞിരുന്നു. ഞങ്ങൾ തിരിഞ്ഞു നടന്നപ്പോഴേക്കും ഗൂഗിൾ വഴികാട്ടിയായി ഞങ്ങൾക്ക് അടയാളം പറഞ്ഞുകൊണ്ടിരുന്നു. രണ്ടു പഴയ കെട്ടിടങ്ങൾക്കിടയിലൂടെ കല്ലുകൾ പാകിയ ഇടവഴിയിലൂടെ കുറച്ചു നടന്നു. അൽപ്പം ഇടിഞ്ഞുപൊളിഞ്ഞു എന്നുതോന്നുന്ന ഒരു പള്ളിയുടെ മണിമേടയുടെ അടുത്തുകൂടി ഒട്ടുമേ കൗതുകം തോന്നാത്ത നരച്ച കെട്ടിടങ്ങളും, എന്തിനാണ് ഈവഴി വന്നതെന്ന് അറിയാതെ മനസ്സിൽ പറഞ്ഞു.

അമീറാ എന്നെ പിടിച്ചുനിറുത്തി, ഉച്ചത്തിൽ പറഞ്ഞു " അങ്ങോട്ട് നോക്കൂ, എന്താ ആ കാഴ്ച!! . ആ പഴയകെട്ടിടങ്ങൾക്കിടയിലൂടെ കണ്ട കാഴ്ച വർണ്ണിക്കാനാവില്ല. ഞങ്ങൾ അത് കണ്ടു മരവിച്ചുനിന്നു. ഞങ്ങൾ നിൽക്കുന്ന ടൊർണവെൺറ്റോ മലയിൽ നിന്നും നോർത്ത് ഇറ്റാലിയൻ ആൽപ്‌സ് മലനിരയുടെ ഒരു പരിദര്‍ശനം! അതിനപ്പുറം സ്വിറ്റ്സർലാന്റ്, അതിന്റെ ഫ്രഞ്ച്അതിർത്തിയിലാണ് പ്രസിദ്ധമായ മോണ്ട് ബ്ലാങ്ക്, ആൽപ്സ് മലനിരയിലെ ഏറ്റവും ഉയരമുള്ള പർവ്വതം. അൽപ്പംകൂടി മുന്നോട്ടു നടന്നു അറിയാതെ കൈകൾകൂപ്പി കുറച്ചുനേരം അങ്ങനെ നിന്നു. 1200 കിലോമീറ്ററുകൾ ദൂരത്തിൽ യൂറോപ്പിലെ വിവിധ രാജ്യങ്ങളിലായി കടന്നുപോകുന്ന ആൽപൈൻ കൊടുമുടികൾ അതിമനോഹരമായ സ്വപ്ന സ്ഥലം തന്നെയാണ്. വടക്കൻ ഇറ്റലിയിലെ സ്വിസ്സ് ഭാഗത്തോട് ചേർന്നുകിടക്കുന്ന പർവ്വതനിരകൾ അതൊരു അസാധാരണമായ കാഴ്ചയും അവിസ്മരണീയമായ അനുഭവമുമാണെന്നു പറയാതെവയ്യ. പ്രഭാതസൂര്യന്റെ അരുണിമയിൽ വെയ്‌ഷോർൺ ഗ്ലേസിയർ വജ്രങ്ങളുടെ കൂമ്പാരങ്ങൾ ചക്രവാളസീമയിൽ വാരിവിതറിയതുപോലെ തോന്നിച്ചു. 

നമുക്ക് അൽപ്പം നടക്കാൻ പോകാം, അമീറാ പറഞ്ഞു. മനോഹരമായി ചരൽപാകി വെടിപ്പുള്ള നടപ്പാതയിലൂടെ ഞങ്ങൾ ടിസിനോ നദിയെ ലക്ഷ്യമാക്കി യാത്ര തുടങ്ങി. പ്രഭാതസൂര്യൻ മടിച്ചു മടിച്ചു കടന്നുവന്നു തുടങ്ങിയതേയുള്ളൂ. മഞ്ഞുവീണു കുതിർന്ന അനാഥമായി ചിതറിക്കിടന്ന ഇലകളിൽ പതിച്ചുനിന്ന ജലകണങ്ങൾ ഘനീഭവിച്ചു പവിഴംപോലെ വെട്ടിത്തിളങ്ങി. അമീറാ വീണുകിടക്കുന്ന ആ ഇലകളെ കുട്ടികളെപ്പോലെ കൗതുകത്തോടെ നോക്കിയിരുന്നു. ആരും കാണാതെ ആരെയും കാണാതെ അവ അങ്ങനെ വീണുകിടക്കുന്നു. മരിച്ചുകിടക്കുന്ന ആ ഇലകൾക്കും എന്താ ഒരു ഭംഗി!. പാലം കടന്നു വില്ലോറെസി കനാലിന്റെ കരയിലൂടെ കുറേദൂരം നടന്നു. വെള്ളം കുറവായിരുന്നു, ഉള്ളവ ഒഴുകാതെ ഐസ് കട്ടകൾപോലെ തങ്ങിനിന്നു. നേരിയ ചരുവിലെ ഒരു വളവിൽ എന്തോ നോട്ടീസ് പതിച്ചിരുന്നു. ഒക്കെ ഇറ്റാലിയൻ ഭാഷയിൽ ആയിരുന്നതിനാൽ ഞാൻവിട്ടു, അമീറാ വിട്ടില്ല, അവർ അത് വായിക്കാൻ ശ്രമിച്ചു. ഇതെങ്ങനെ ഇറ്റാലിയൻ നിങ്ങൾക്ക് അറിയാമോ ഞാൻ കൗതുകത്തിടെ ചോദിച്ചു. അൽപ്പം അറിയാം, ഇങ്ങോട്ടുവന്നപ്പോൾ ആ ഡ്രൈവർ വഴി മാറ്റി ഡ്രൈവ് ചെയ്യുന്നത് ഞാൻ കണ്ടുപിടിച്ചത് ശ്രദ്ധിച്ചോ? അവനോടു അവന്റെ ഭാഷയിലാണ് ഞാൻ വഴി പറഞ്ഞുകൊടുത്തത്. ഗൂഗിൾ പറഞ്ഞത് ഞാൻ അവന്റെ ഭാഷയിൽ അവനോടു പറഞ്ഞു. എന്റെ ബോയ്ഫ്രൻഡ് തനി ഇറ്റാലിയൻ ആയിരുന്നു. മൂന്നു വർഷം മെഡിക്കൽ സ്കൂളിൽ ഞങ്ങൾ ഒന്നിച്ചായിരുന്നു. അവനിൽ നിന്നാണ് ഞാൻ ഇറ്റാലിയൻ പഠിച്ചത്. അവന്റെ കല്യാണം കഴിഞ്ഞു, അത് പറഞ്ഞു അവൾ പൊട്ടിച്ചിരിച്ചു. അവനു എന്നോട് ഇപ്പോഴും സ്നേഹമുണ്ട് എനിക്കറിയാം. ഞങ്ങൾ ഇപ്പോഴും നല്ല സുഹൃത്തുക്കൾ തന്നെ. അവനു എന്നെ വിവാഹം കഴിക്കാൻ സാധിക്കാഞ്ഞത് ഞാൻ മുസ്ലിം ആയതിനാൽ മാത്രമാണ്. എനിക്ക് മതം ഒരു വിശ്വാസമല്ല, അത് എന്റെ പിതാവിൻറെ ആത്മാവിന്റെ തുടിപ്പാണ്. എനിക്കതു എങ്ങനെ  പകരംവെയ്ക്കാനാവും? അതൊരു കഥയാണ്, ഒരുപക്ഷെ നിങ്ങൾക്ക് എത്രമാത്രം ഉൾകൊള്ളാൻ ആവുമെന്നറിയില്ല. 

എന്നാലും എന്താണ് ആ നോട്ടീസ് ബോർഡിൽ എഴുതിയിരിക്കുന്നത്? ഇവിടെ ഒരു മാനും മഞ്ചാടിയും ഇല്ല, കുറെ പുരാണ അവശിഷ്ട്ടങ്ങൾ ആർക്കോവേണ്ടി കരുതുവാനായി പരിരക്ഷിച്ചിരിക്കുന്നു. അറിയാമെങ്കിൽ ഒന്ന് പറഞ്ഞുതരിക. അമീറാ കുത്തനെയുള്ള പടവുകൾ ഇറങ്ങിക്കൊണ്ടു ഉച്ചത്തിൽ പറഞ്ഞുകൊണ്ടിരുന്നു. ഇടയ്ക്കിടെ നിന്ന് എന്റെ സുരക്ഷയെ അവർ ശ്രദ്ധിക്കുന്നതും ഉണ്ടായിരുന്നു.  

1858-നും 1865-നും ഇടയിൽ ടോർണവെന്റോയ്ക്കും സെസ്റ്റോ കലണ്ടെ മുനിസിപ്പാലിറ്റിക്കും ഇടയിൽ ബോട്ടുകൾ കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്ന ഒരു പ്രത്യേക കുതിരവണ്ടി റെയിൽപ്പാത പ്രവർത്തിച്ചിരുന്നു. ടിസിനോയ്ക്ക് സമാന്തരമായി നിർമ്മിച്ച "ബോട്ട് റെയിൽവേ", വാസ്തവത്തിൽ ഈ ഭാഗത്ത് നദി അവതരിപ്പിക്കുന്ന അപകടകരമായ റാപ്പിഡുകളെ അഭിമുഖീകരിക്കാതെ തന്നെ മിലാനിൽ നിന്ന് കരമാർഗ്ഗം മാഗിയോർ തടാകത്തിലെത്താൻ ബോട്ടുകളെ അനുവദിച്ചു. 

മിലാനീസ് കാർലോ കാറ്റാനിയോ വിഭാവനം ചെയ്ത പദ്ധതി, പാളങ്ങളിൽ വിശ്രമിക്കുന്ന ഒരു വണ്ടി ഉൾക്കൊള്ളുകയും കയറ്റിയ ബോട്ടിന്റെ ഭാരം അനുസരിച്ച് 6 അല്ലെങ്കിൽ 8 കുതിരകൾ വലിക്കുകയും ചെയ്തു. ടോർണവെന്റോയിൽ, നാവിഗ്ലിയോ ഗ്രാൻഡെ ആരംഭിച്ചതിന് തൊട്ടുപിന്നാലെ, മിലാനിൽ നിന്ന് ബോട്ടുകൾ കയറ്റാൻ കാത്തുനിൽക്കുന്ന ഒരു ഡോക്ക് ഉണ്ടായിരുന്നു. ഏകദേശം 18 കിലോമീറ്റർ ദൈർഘ്യമുള്ള പാത, മാൽപെൻസ സമതലത്തിന് കുറുകെയുള്ള ടോർണവെന്റോ ഡോക്കിൽ നിന്ന് സ്ട്രോണ നദിക്ക് സമീപമുള്ള സോമ ലോംബാർഡോ വരെ മാറിമാറി വരുന്ന ഗ്രേഡിയന്റുകളിലൂടെയാണ് സഞ്ചരിച്ചത്. ഇവിടെ നിന്ന്, 400 മീറ്റർ ഇറക്കം, സെസ്റ്റോ കലണ്ടെയിലെ ടിസിനോ ടൗപാത്തിലൂടെ നിർമ്മിച്ച ഡോക്കിൽ വണ്ടിയെ നേരിട്ട് എത്താൻ അനുവദിച്ചു, അവിടെ ബോട്ട് വീണ്ടും വെള്ളത്തിലേക്ക് താഴ്ത്തി. ഒരു ദശാബ്ദത്തിൽ താഴെ സമയത്തേക്ക് ഈ സംവിധാനം പ്രവർത്തനക്ഷമമായി തുടർന്നു, 1868-ൽ വേഗമേറിയതും കൂടുതൽ പ്രവർത്തനക്ഷമവുമായ മിലാൻ-ഗല്ലറേറ്റ്-സെസ്റ്റോ കലണ്ടെ റെയിൽവേ ലൈൻ ഉദ്ഘാടനം ചെയ്യപ്പെട്ടപ്പോൾ പൂർണ്ണമായും ഉപേക്ഷിക്കപ്പെട്ടു. 
ഇതാണ് അവിടെ കുറിച്ചത് എന്ന് പറഞ്ഞു അവർ വളരെ വേഗം മലയിറങ്ങി, എന്നെ കാത്തു താഴെ നിന്നു. എത്രഭംഗിയും ചിട്ടയോടും അടുക്കിലുമാണ് നാട്ടുകാർ ചരിത്രം പരിരക്ഷിച്ചതു എന്നോർത്ത് അത്ഭുതപ്പെട്ടു. 

സമ്മതിച്ചു, ഇനി കണ്ണടച്ച് ഞാൻ നിന്നെ അനുഗമിക്കുകയാണ് . ഒക്കെ പറഞ്ഞോ എങ്ങട്ടാ പോകേണ്ടതെന്ന്. അവർ വലിയ ഉച്ചത്തിൽ ചിരിച്ചു, എന്റെ പിതാവും എപ്പോഴും അങ്ങനെയായിരുന്നു പറയുക, അത്രയ്ക്ക് വിശ്വാസമായിരുന്നു എന്റെ കണ്ടെത്തുലുകളെ. ഞാൻ അടുത്തുണ്ടെങ്കിൽ അച്ഛനു എല്ലാം ഞാൻ പറയുന്നപോലെ മാത്രം. രണ്ടു ആങ്ങളമാർക്കും അതിൽ പരാതിയില്ലായിരുന്നു. അമീറയുടെ അച്ഛനോട് എന്റെ സലാം പറയുക. അച്ഛൻ കഴിഞ്ഞ വർഷം മരിച്ചു. അതുപറഞ്ഞപ്പോൾ അമീറയുടെ കണ്ഡം ഇടറി. 

ഞങ്ങൾ പലസ്തീനിലെ വെസ്റ്റ് ബാങ്കിൽ തലമുറകളായി താമസിച്ചവരാണ്. എന്റെ പിതാവിന്റെ ചെറുപ്പത്തിൽ ഒരു ദിവസം വെടിയൊച്ച കേട്ട് ഭയന്ന് ഒളിച്ചിരുന്നു. അത് ഒന്നിലധികം ദിവസങ്ങൾ നീണ്ടുനിന്നപ്പോൾ 'അമ്മ ചെറിയകുട്ടികളെ എല്ലാം എടുത്തു അടുത്തുള്ള തുർക്കിയുടെ അതിർത്തിയിൽ പോയി. രണ്ടു ദിവസം കഴിഞ്ഞു വന്നപ്പോൾ ഞങ്ങളുടെ വീടുകൾ എല്ലാം യഹൂദന്മാർ കൈയ്യേറി. ഞങ്ങളെ അവിടെ പ്രവേശിപ്പിച്ചില്ല. പിന്നെ കുറച്ചുദിവസങ്ങൾ ജോർദാനിൽ ഉള്ള റെഫ്യൂജി ക്യാമ്പിൽ. തിരികെ വരം എന്ന വിശ്വാസത്തിൽ ഏതാനും ദിവസത്തേക്കു അവിടെ തുടങ്ങിയ ജീവിതം വർഷങ്ങൾ ആയിട്ടും മാറ്റമില്ലാതെ തുടർന്നു. പിതാവ് പിന്നീട് ഈജിപിറ്റൽ പോയി പഠിച്ചു മെഡിക്കൽ ഡോക്ടർ ആയി. എന്റെ ആന്റിയുടെ സഹായത്താൽ അമ്മ അമേരിക്കയിൽ എത്തി, അങ്ങനെ ഞാൻ അമേരിക്കക്കാരിയായി. എന്റെ പിതാവും കുടുംബവും അനുഭവിച്ച ദുരിതത്തിന് കണക്കില്ല. അതുകൊണ്ടുതന്നെ സീയോനിസ്റ്റുകളുടെ ക്രൂരമായ വേട്ടയാടലിനു എതിരെ പ്രതികരിക്കാൻ ഞങ്ങൾ മുന്നിലായിരുന്നു. അച്ഛനും അമ്മയും ദുബായിൽ മെഡിക്കൽ പ്രാക്ടീസ് നടത്തുകയായിരുന്നു. അമ്മ ഇപ്പോൾ ദുബായിയിൽ സ്ഥിരമായി താമസിക്കുന്നു. അമ്മയോടൊപ്പം ഇനി ദുബായിൽ സ്ഥിരതാമസം ആക്കണമെന്നാണ് ആഗ്രഹം. എന്റെ സഹോദരന്മാരും വിവിധ രാജ്യങ്ങളിൽ. പിതാവിനേക്കുറിച്ചു വാചാലമായി സംസാരിക്കുമ്പോൾ അവളുടെ കണ്ണിലെ തിളക്കം ഞാൻ ശ്രദ്ധിച്ചിരുന്നു. അതിനുശേഷം മുഖംകുനിച്ചു തുടിച്ചുവരുന്ന കണ്ണീർതുള്ളികൾ തുടച്ചു, അങ്ങകലെ കാണാവുന്ന ഹിമഗിരിയിലെ മഞ്ഞുപാളികളിൽ നോക്കി ഒരു മന്ദഹാസം, അതിൽ വീണ്ടും മാതൃദേശത്ത് തിരിച്ചു ചെല്ലാനാവും എന്ന നേർത്ത പ്രതീക്ഷയുടെ ഒരു സിന്ധൂരച്ചാർത്തു കാണാനായി.   

വില്ലൊരെസി കനാലിന്റെ സൈഡിലൂടെ നടന്നു ടിസിനോ നദിയുടെ തീരത്തുകൂടി നടന്നുതുടങ്ങി. ഇരുകരകളിലും ഭംഗിയായി ഉറപ്പിച്ച ഇരുമ്പു കൈവരികൾ,തൊട്ടപ്പോൾ ഐസിൽ തൊട്ടപോലെ കൈ പിൻവലിച്ചു. വെള്ളത്തിന് വല്ലാത്ത ഒരു കുത്തുഒഴുക്കു, ചുഴികൾ നിറഞ്ഞ ഒഴുക്കിനു വലിയ സ്പീഡ്, അതിൽനിന്നും പൊടിച്ചുപൊങ്ങിയ ബാഷ്പകണങ്ങൾക്കു ഉദയസ്‌സൂര്യന്റെ കിരണങ്ങൾ അടിച്ചപ്പോൾ നദിക്കുമുകളിൽ തീകാറ്റുവീശുന്നപോലെയുള്ള ഒരു വിസ്മയകരമായ കാഴ്ച.സൈക്ലിങ് ചെയ്യാനും നടക്കാനും ഉള്ള വഴികൾ വ്യക്തമായി അടയാളപ്പെടുത്തിയിരിക്കുന്നു. തണുത്തുറഞ്ഞ പ്രഭാതത്തിലും നടക്കാൻ ഇറങ്ങിയ ചിലരെ കണ്ടു. നമുക്ക് തിരികെ പോയാലോ, അമീറാ ചോദിച്ചു, 11 മണിക്ക് മലമുകളിലെ സിർക്കോലോ ഡി ടോർണവെന്റോ ബാർ തുറക്കുക. ഞങ്ങൾ തിരുച്ചു മലകയറിത്തുടങ്ങി, അതുവരെ എനിക്ക് പിടിച്ചുനിൽക്കാനാവില്ല, പ്രകൃതിയുടെവിളി വല്ലാതെ എനിക്ക് അനുഭവപ്പെട്ടുതുടങ്ങി. അമീറാ ഞാൻ ചിലനിമിഷങ്ങൾ അപ്രത്യക്ഷമാകും മനസ്സിലായല്ലോ, "നോപ്രോബ്ലം എൻജോയ് ദി ആൽപൈൻ മൊമെന്റ്റെസ്‌. അട്ടകളും ചില വിഷകീടങ്ങളും ഇവിടെ ഉണ്ട് എന്നെഴുതിവച്ചിട്ടുണ്ട്, സൂക്ഷിക്കുക" പൊട്ടിച്ചിരിച്ചുകൊണ്ടു അവർ പറഞ്ഞു. തണുത്തുറഞ്ഞ പൈൻമരങ്ങളുടെ ഇടയിൽ ഈ വലിയലോകത്തിൽ ചെറിയ ഒറ്റയാനായി ഹിമഗിരിയെനോക്കിനിന്നു നഗ്നമായിപ്രകൃതിയോടുള്ള ഒരു ഒത്തുചേരൽ.

സിർക്കോലോ ഡി ടോർണവെന്റോ ബാർ തുറക്കുന്ന സമയമാണ്. ബാർ മനോഹരമായി ക്രിസ്മസ് അലങ്കാരങ്ങൾ കൊണ്ട് നിറച്ചിരുന്നു. ബാർ നടത്തിപ്പുകാരൻ ഞങ്ങളെ തിരക്കിവന്നു. ഞങ്ങൾ വെളിയിൽ നിരത്തിയിട്ടിരിന്ന കസേരകളിൽ ഇരിപ്പുറപ്പിച്ചു. അപ്പോഴേക്കും പ്രായമുള്ള ചിലർ അടുത്ത ബെഞ്ചുകളിൽ ഇരിപ്പുണ്ടായിരുന്നു.അമീറാ, നിങ്ങളുടെ കഥ എന്നോട് നേരിട്ടു പറയാമോ എനിക്ക് റെക്കോർഡ് ചെയ്യാനാണ്. എനിക്ക് സമ്മതം, അവർ പറഞ്ഞു. നിങ്ങളുടെ പോരാട്ടത്തിന്റെ കഥ അനേകർക്ക്‌ പ്രചോദനമാകാതിരിക്കില്ല. അടുത്തിടെ എൻറെ വാൽക്കണ്ണാടി എന്ന കോളത്തിൽ മകളുടെ സുഹൃത്ത് റെബേക്കയെക്കുറിച്ചായിരുന്നു. നിറയെ സന്തോഷവതിയായി ഓടിക്കളിച്ചു നടന്ന റെബേക്ക ഒരു സ്‌കീയിങ്ങ് അപകടത്തിൽ നട്ടെല്ലിനു പരിക്കുപറ്റി കഴുത്തിനു താഴെ തളർന്നു, അവളുടെ ജീവിതകഥ അറിഞ്ഞു കുറച്ചുപേർ വേദനപ്പെട്ടു എന്നെ വിളിച്ചു. അവളുടെ ജീവിതം വിശദീകരിച്ച ചിത്രങ്ങളും കാട്ടിക്കൊടുത്തു. അവർ യഹൂദരാണ്, ഇത്രയും നല്ല ആളുകളെ ഞാൻ കണ്ടിട്ടില്ല. അമീറയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു, എന്തിനാണ് ഈ കഥ എന്നോടുപറഞ്ഞത്? എന്റെ ശരിയായകഥ നിങ്ങൾക്കറിയുമോ. മെഡിക്കൽ സ്കൂളിൽ ഓരോവർഷവും തികച്ചു എനിക്ക് പോകാൻ പറ്റിയിരുന്നില്ല. ഒരു പ്രത്യേകതരം കാൻസറാണ്, അതിന്റെ കീമോതെറാപ്പി ഒക്കെയായി, ശരീരത്തിന്റെ ഓരോ ഭാഗത്തും സർജറി നിരന്തരം വേണ്ടിവന്നു, ഇനിയും ഉണ്ട് ചെയ്യാൻ. എന്നെക്കുറിച്ചു ആരും വേദനിക്കുന്നത് എനിക്കിഷ്ടമല്ല. ആരും ഒരു പരിഗണനയും എനിക്ക് അതുകൊണ്ടു നൽകേണ്ടതില്ല. കൊടും തണുപ്പിലിരുന്നു സ്‌കോച്ച് അകത്താക്കിക്കൊണ്ടവൾ പൊട്ടിച്ചിരിച്ചു. ദൈവം എന്തിനാണ് ഇങ്ങനെയൊക്കെ കാട്ടുന്നതെന്നറിയില്ല,സ്തംപിച്ചിരുന്ന എന്റെ ഗ്ലാസിൽ തട്ടിക്കൊണ്ടു അവൾ കുടുകുടെ ചിരിച്ചു, ഒരു ഡ്രിങ്കിങ്സ് കൂടിപറഞ്ഞുകൊള്ളൂ, നിങ്ങളുടെഈ കമ്പനി എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു. 

ഓരോ ഇടത്തു നമ്മൾ അറിയാതെ എത്തിപ്പെടുകയും ഓരോ വ്യക്തികളെ പരിചയപ്പെടാനിടവരികയും ചെയ്യുക സ്വാഭാവികം ആയിരിക്കാം. നമുക്ക് ഒട്ടും നിയന്ത്രണമില്ലാത്ത പ്രപഞ്ചത്തിന്റെ വഴികൾ നിശ്ചിതമാണ് എന്ന് തോന്നുമെങ്കിലും ഏതൊക്കെയോ വിചിത്രമായ ഇടയിലേക്ക് നമ്മെ കൊണ്ടുചെന്നെത്തിക്കുന്ന അദൃശ്യമായ ഏതോ ശക്തി നമ്മെയൊക്കെയോ കൊണ്ടെത്തിക്കുകയാണെന്നു തോന്നും. അതു ഒരുനിമിത്തമാകാം. തന്റെ പിതാക്കന്മാരുടെ ദേശമായ പലസ്തീനിൽ ഒരു അവകാശംപോലെ തിരിച്ചുപോകാനാവാതെ അച്ഛൻ മരിച്ചുപോയി. തന്റെ ജന്മത്തിലെങ്കിലും ആ ദിവസം കാണാനാവുമോ എന്ന് അമീറക്കും അറിയില്ല. നഷ്ടങ്ങളുടെ ഒരു വലിയനിരയിൽ നിൽക്കുമ്പോഴും തനിക്കുചുറ്റും വീഴുന്ന ഓരോ ജീവിതങ്ങൾക്കുമായി പൊരുതാൻ അമീറക്കുള്ള അപാരമായ കഴിവാണ് അവരുടെ മതം. അവർ ഒരു അസാധ്യ പോരാളി, നന്മകൾ ഏറെയുള്ള പ്രകാശങ്ങൾ നിറഞ്ഞ ഒരു പെൺകൊടി. യാത്രാവസാനം സൂര്യനഭിമുഖമായി നിന്നു ഞങ്ങൾ ചിത്രം എടുത്തപ്പോൾ നിഴലുകൾക്ക് വല്ലാതെ വലുപ്പം തോന്നി. പ്രകാശത്തിന് നമ്മെയൊക്കെ എത്രയോ വലുതാക്കാൻ സാധിക്കും. 

Join WhatsApp News
Sudhir Panikkaveetil 2022-01-14 16:16:26
ഹൃസ്വമായ ഒരു സൗഹൃദം വാചാലമാകുന്ന ഭംഗി, എഴുത്തുകാരന്റെ കാൽപ്പനിക ഭാവങ്ങൾ നിറം വച്ച് രൂപം എടുത്ത് വരുന്ന രചനാസൗകുമാര്യം. ശ്രീ കോരസന്റെ തൂലികയിൽ നിന്നും ഇനിയും വിടരട്ടെ കലാപുഷ്പങ്ങൾ.
കോരസൺ 2022-01-15 03:51:42
നന്ദി സുധീർ സാർ, അങ്ങയുടെ മനോഹരമായ വാക്കുകൾ എഴുത്തിനെ വറ്റാത്ത നീരുറവയിലേക്കു നയിക്കുന്നു. കോരസൺ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക