ഹൈ സ്‌പീഡ് റെയിൽ കേരളത്തിലും റഷ്യയിലും (നടപ്പാതയിൽ ഇന്ന്- 17-ബാബു പാറയ്ക്കൽ)

Published on 13 January, 2022
 ഹൈ സ്‌പീഡ് റെയിൽ കേരളത്തിലും റഷ്യയിലും (നടപ്പാതയിൽ ഇന്ന്- 17-ബാബു പാറയ്ക്കൽ)

"എന്താ പിള്ളേച്ചാ, രാവിലെ ഇത്ര ധൃതിയിൽ എങ്ങോട്ടാ?"
 "എടോ ഒന്നും പറയണ്ട. ഈ കെ-റെയിലുകാരെ കൊണ്ടു പൊറുതിമുട്ടി എന്നു പറഞ്ഞാൽ മതിയല്ലോ."
"അതെന്താ പിള്ളേച്ചാ?"
"അവരിപ്പോൾ സർവ്വേക്കല്ലിടാൻ വന്നിരിക്കുന്നെന്നു കേട്ടു. ഇട്ടാൽ അത് പിഴുതെറിയണം."
"കുറെ നാളായി കേരളം ഇതിന്റെ പിന്നാലെ ആണല്ലോ."
"എന്തു ചെയ്യാം, പ്രതിരോധിക്കാതിരിക്കാൻ പറ്റുമോ?"
"എന്തിനാ പ്രതിരോധിക്കുന്നത്? സെമി-ഹൈസ്‌പീഡ് ട്രെയിൻ അല്ലേ, വരട്ടെ എന്നു കരുതണം. അത് നല്ലതല്ലേ?"
"ഇതിൽ എന്താണ് നല്ലതെന്നു പറയൂ."
പിള്ളേച്ചാ, വിദേശ രാജ്യങ്ങളിൽ പോകുമ്പോൾ മാത്രമേ ഇതിന്റെ ഗുണം നമുക്കു മനസ്സിലാകൂ."
"അതെന്താണെന്നു തെളിച്ചു പറയെടോ?"
"ഞാൻ ഈ കഴിഞ്ഞയിടെ റഷ്യക്കു പോയപ്പോൾ മോസ്കോയിൽ നിന്നും സെന്റ് പീറ്റേഴ്‌സ്ബർഗിലേക്കു ട്രെയിനിലാണ് പോയത്. ഈ രണ്ടു തലസ്ഥാന നഗരങ്ങൾ തമ്മിലുള്ള 680 കിലോമീറ്റർ താണ്ടാൻ കഷ്ടിച്ചു നാലു മണിക്കൂർ മാത്രമേ എടുത്തുള്ളൂ. ഈ ട്രെയിൻ 250 കിലോമീറ്റർ സ്പീഡിൽ വരെ പോകും. സുഖകരമായ യാത്ര."
"അവർ എന്നാണതു നിർമ്മിച്ചത്?"
"അതാണതിന്റെ തമാശ. 1842 ൽ തുടങ്ങിയ പണി 9 വർഷം കൊണ്ട് പൂർത്തിയാക്കി 1851 ൽ ആദ്യത്തെ ട്രെയിൻ സർവീസ് നടത്തി."
"അവർ 170 വർഷം മുൻപു ചെയ്ത കാര്യമാണ് നമ്മൾ ഇപ്പോൾ ചെയ്യുന്നത്."
"അല്ല. അന്ന് തുടങ്ങിയപ്പോൾ ഈ ദൂരം 19 മണിക്കൂർ എടുത്താണ് ഓടിയിരുന്നത്. പിന്നീട് 1931 ൽ അത് 10 മണിക്കൂർ ആക്കി ചുരുക്കി. ഇപ്പോൾ 4 മണിക്കൂർ കൊണ്ട് ഓടുന്ന ഈ ദൂരം 2022 ആഗസ്റ്റിൽ താണ്ടുവാൻ രണ്ടര മണിക്കൂർ മതിയാകും. മണിക്കൂറിൽ 400 കിലോമീറ്റർ സ്പീഡിലാകും പുതിയ ട്രെയിൻ ഈ ട്രാക്കിൽ ഓടുക."
"എടോ, ഇതിൽ രണ്ടു കാര്യമുണ്ട്. ഒന്ന്, നമ്മൾ ഈ പ്രോജക്ട് നടപ്പിലാക്കിയാൽ തന്നെ അതിനു കുറഞ്ഞത് പത്തു വർഷമെങ്കിലും വേണം. അതു കഴിഞ്ഞു നമ്മൾ മഹാസംഭവമായി 150 കിലോമീറ്റർ സ്പീഡിൽ ട്രെയിൻ ഓടിക്കുമ്പോൾ വിദേശരാജ്യങ്ങൾ 500 കിലോമീറ്ററിലായിരിക്കും ഓടുക. നമ്മൾ ഒരുലക്ഷം കോടി മുടക്കി 10 വർഷം കഴിഞ്ഞു ലോകരാജ്യങ്ങൾക്കു പുറകെ ഓടേണ്ട ഗതികേട് വേണോ? രണ്ട്, സോവിയറ്റ് യൂണിയനിൽ ആയിരക്കണക്കിന് മൈൽ ദൂരം വിജനമായ പ്രദേശമാണ്. ട്രെയിനിൽ പോയപ്പോൾ ഇയാൾ കണ്ടുകാണുമായിരിക്കുമല്ലോ. ആരെയും കുടിയൊഴുപ്പിക്കേണ്ട ആവശ്യമില്ല. കേരളത്തിന്റെ അവസ്ഥ അതാണോ? ആയിരക്കണക്കിനു കുടുംബങ്ങളെ പുനരധിവസിപ്പിക്കേണ്ടേ? ഇനി ഈ പ്രോജക്ട് പൂർത്തിയാക്കിയാൽ തന്നെ യാത്രക്കാരെ എവിടെ ചെന്ന് കൊണ്ടുവരും? തിരുവനന്തപുരത്തു നിന്നും കാസർഗോട്ടേക്കു ദിവസവും എത്ര പേർ യാത്ര ചെയ്യും? പിന്നെ ഇതുകൊണ്ടാർക്കെന്തു ഗുണം? ഞാൻ നോക്കിയിട്ട് സിപിഎം ന് ഇതുകൊണ്ടു ഗുണമുണ്ട്. പണ്ടു സരിതാ കുംഭകോണത്തിന്റെ സമയത്തു ലക്ഷം സഖാക്കളെ തിരുവന്തപുരത്തു കൊണ്ടുവന്നു നാണം കെട്ടതുപോലെ ഇനിയുണ്ടാവില്ല. ഈ ട്രെയിൻ ഓടാൻ തുടങ്ങിയാൽ ആയിരക്കണക്കിനു സഖാക്കളെ തിരുവനന്തപുരത്തേക്കും തിരിച്ചും മണിക്കൂറുകൾക്കകം കൊണ്ടുവരാനാകും."


"അങ്ങനെ നമ്മൾ ചിന്തിക്കേണ്ട ആവശ്യമുണ്ടോ?"
"ഉണ്ട്. കാരണം, റഷ്യയിൽ 170 വർഷം മുൻപ് ഇട്ട ട്രാക്കിൽ കൂടി 400 കിലോമീറ്റർ സ്പീഡിൽ ഇന്ന് ട്രെയിൻ ഓടിക്കാം. ട്രെയിൻ മാറിയാൽ മതി. അതാണ് അവരുടെ ദീർഘവീക്ഷണം. എന്നാൽ ഇവിടെ പിന്നീട് ഹൈ സ്പീഡ് ട്രെയിൻ ഓടിക്കണമെങ്കിൽ തൂണും പാലവും ട്രാക്കും എല്ലാം മാറേണ്ടി വരും. വീണ്ടും ആയിരക്കണക്കിനു കോടി മുടക്കണം. ഇപ്പോഴത്തെ ഈ ബഹളം മുഴുവൻ കോടികൾ കമ്മീഷൻ അടിക്കാനായി മാത്രമുള്ളതാണ്."
"അങ്ങനെ പറയുന്നതു ശരിയാണോ? തെളിവില്ലാതെ വെറുതെ എന്തെങ്കിലും പറയുന്നതു ന്യായമാണോ?"
"ആരു പറഞ്ഞു തെളിവില്ലെന്ന്? കെ-റെയിൽ കോർപറേഷനുവേണ്ടി ഉണ്ടാക്കിയ തട്ടിക്കൂട്ടു കൺസൾട്ടൻസി എത്ര കോടിയാണ് വിഴുങ്ങുന്നത്? ഈ മേഖലയിൽ വൈദഗ്ധ്യമുള്ള എത്ര പേർ ഈ ടീമിലുണ്ട്? എല്ലാം അവർക്കു വേണ്ടപ്പെട്ട ശിങ്കിടികളാണ്. 
വിദേശത്തുനിന്നും വല്ലപ്പോഴുമൊരിക്കൽ നാട്ടിൽ വരുന്ന നിങ്ങൾക്കു മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ചില കാര്യങ്ങളുണ്ട്? അഞ്ചും പത്തും സെന്റ് വസ്തുവിൽ താമസിക്കുന്ന പാവപ്പെട്ടവർ എങ്ങോട്ടൊഴിഞ്ഞു പോകും? രണ്ടു വശത്തും കൂറ്റൻ മതിലുകൾ പണിതാൽ പിന്നെ ഞങ്ങൾ അപ്പുറത്തേക്കും ഇപ്പുറത്തേക്കും എങ്ങനെ പോകും? റഷ്യയിൽ നിങ്ങൾ കണ്ട റയിൽവേ ട്രാക്കിന്റെ രണ്ടു സൈഡിലും ഇങ്ങനെ വൻ മതിലുണ്ടോ?"
"ഇല്ല. ചെറിയ വേലി മാത്രമേയുള്ളൂ. അവിടെ വിജനമായ പ്രദേശമായതുകൊണ്ടു വന്യമൃഗങ്ങളെ മാത്രം നോക്കിയാൽ മതി. ജനവാസമുള്ള സ്ഥലങ്ങളിൽ അണ്ടർ പാസ്സുകൾ നിർമിച്ചിട്ടുണ്ട്‌. ഓരോ സ്റ്റേഷനിലും ഇറങ്ങേണ്ട യാത്രക്കാരെ ഓരോ നിശ്ചിത കാറിലായിരിക്കും കയറ്റുക. ആ സ്റ്റേഷനിൽ ചെല്ലുമ്പോൾ ആ കാർ മാത്രം തുറന്നാൽ മതി. മറ്റു കാറുകളിൽ യാത്ര ചെയ്യുന്നവരെ ബുദ്ധിമുട്ടിക്കേണ്ട ആവശ്യമില്ല."
"അവിടെയൊക്കെ ചിട്ടയോടുകൂടി നടക്കുന്നതുപോലെ ഇവിടെ നടക്കുമോടോ? ഇവിടെ ഓരോ അഞ്ചുവർഷം കൂടുമ്പോഴും വ്യത്യസ്ത മുന്നണിയാണ് അധികാരത്തിൽ വരുന്നത്. കിട്ടുന്ന സമയം കൊണ്ട് പരമാവധി കീശ വീർപ്പിക്കാനും എതിർമുന്നണിക്കിട്ടു പാര വയ്ക്കാനുമല്ലാതെ നാടിനോട് എന്തു പ്രതിബദ്ധതയാണിവർക്കുള്ളത്?"
"ആരുടെ കുഴപ്പമാണത്? എന്നെങ്കിലും ഇതിനൊരു വ്യത്യാസമുണ്ടാകുമോ?"
"ഒരദ്ധ്യാപകൻ എന്ന നിലക്ക് ഞാൻ ഓരോ വിദ്യാർഥിയോടും പറയുന്ന ഒരു കാര്യമുണ്ട്. നിങ്ങൾക്ക് ഈ നാടിനെ മാറ്റാനാകുമെന്ന്. എടോ, ആരെങ്കിലും ഒരിക്കൽ അതു യാഥാർഥ്യമാക്കുമെന്നു ഞാൻ വിശ്വസിക്കുന്നു."
"അന്ന് മതിയോ കെ-റെയിൽ?"
"മതി. അന്നു നമുക്കു ഹൈ സ്പീഡ് റെയിൽ ആകാം."
"ശരി പിള്ളേച്ചാ നമുക്ക് പിന്നെ കാണാം."
"അങ്ങനെയാവട്ടെ."

Sudhir Panikkaveetil 2022-01-13 20:23:49
എന്റെ കാര്യം കുശാൽ. അയല്പക്കക്കാരനു എന്തുപറ്റിയാൽ എന്ത് എന്ന് ഭാരതീയർ ചിന്തിക്കുന്നോളം രാഷ്ട്രീയക്കാർ അവരെ വിറ്റു സുഖജീവിതം നയിക്കും. കെ റെയിൽ പോലുള്ള പുരോഗമനം വരുന്നത് നല്ലത്. പക്ഷെ നിലവിലുള്ള ട്രെയിനും, ബസ്സുകളും അതേപോലെയുള്ള വാഹനങ്ങളും സമയത്തിനു ഓടിയാൽ അവയിലുള്ള യാത്ര സുഖമാക്കിയാൽ എത്ര നന്നായിരുന്നു. കെ റെയിലിനു പകരം പത്ത് വർഷത്തേക്ക് ട്രെയ്‌ഡ്‌ യൂണിയൻ നിരോധിക്കട്ടെ അപ്പോൾ കാണാം പുരോഗമനം. ശ്രീ പാറക്കൽ നയചാതുര്യതയോടെ ലേഖനം അവസാനിപ്പിച്ചു.
Babu Parackel 2022-01-15 00:42:28
Thank you Sudheer Sir for your valuable comment.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക