ഇസ്ലാമിക വിശ്വാസത്തിനോട് യോജിച്ച്‌ പോകില്ല; കമ്യൂണിസ്റ്റ് ബന്ധം വേണ്ടെന്ന് സമസ്ത‍

Published on 14 January, 2022
ഇസ്ലാമിക വിശ്വാസത്തിനോട് യോജിച്ച്‌ പോകില്ല; കമ്യൂണിസ്റ്റ് ബന്ധം വേണ്ടെന്ന് സമസ്ത‍

കോഴിക്കോട്: ഇസ്ലാമിക മതവിശ്വാസത്തിന് ഒരിക്കലും കമ്യൂണിസ്റ്റ് ആശയവുമായി യോജിച്ച്‌ പോകാനാവില്ലെന്ന് അടിവരയിട്ട് സമസ്ത യുടെ പണ്ഡിത നേതൃത്വം.

സുന്നി വിഭാഗത്തിന്റെ മതാധ്യാപക വേദിയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുവല്ലി സംസ്ഥാന പ്രസിഡന്റും സമസ്ത മുശാവിറ കമ്മിറ്റി അംഗവും ദാറുല്‍ ഹുദാ ഇസ്ലാമിക യൂണിവേഴ്‌സിറ്റി വിസിയുമായ ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് ജമാലുദ്ദീന്‍ നദ്‌വിയാണ് ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ നയം വ്യക്തമാക്കിയത്.

മതവിശ്വാസവും കമ്യൂണിസവും യാജിച്ചുള്ള പ്രയാണം അസാധ്യമാണെന്ന് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ തന്നെ വ്യക്തമാക്കുന്നുണ്ടെന്ന് നദ്‌വി ഓര്‍മിപ്പിക്കുന്നു. നിരീശ്വരത്വം കമ്യൂണിസത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അതിനാല്‍ മാര്‍ക്‌സിസ്റ്റുകള്‍ നിരീശ്വരത്വത്തിന് വേണ്ടി പ്രചാരവേല ചെയ്യണമെന്നും ലെനിന്‍ അര്‍ത്ഥശങ്കയ്ക്കിടം നല്കാതെ വിശദീകരിച്ചിട്ടുണ്ട്. കമ്യൂണിസത്തിന്റെ അടിസ്ഥാന തത്വം ഇതായിരിക്കെ, മതവിശ്വാസികള്‍ക്ക് പാര്‍ട്ടിയില്‍ അംഗത്വമെടുക്കാമെന്നും പാര്‍ട്ടി അംഗങ്ങള്‍ക്ക് മതവിശ്വാസികളാകാമെന്നുമുള്ള കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെ പുതിയൊരു അടവ് നയമായി മാത്രമേ വിലയിരുത്താനാകൂ എന്നും അദ്ദേഹം പറയുന്നു.

കാലിക സാഹചര്യം അതിജീവിക്കാനുള്ള പോംവഴി മാത്രമാണ് കോടിയേരിയുടെ പ്രസ്താവന. പാര്‍ട്ടി ഭാരവാഹികള്‍ ജാതി-മത സംഘടനകളില്‍ പ്രവര്‍ത്തിക്കരുതെന്നും ആരാധനാലയങ്ങളുടെ ഭാരവാഹിത്വം ഏറ്റെടുക്കരുതെന്നും മുമ്ബ് നിര്‍ദേശം നല്കിയതും ഇതേ സെക്രട്ടറിയാണ്. മതവിശ്വാസികളോടുള്ള വഞ്ചനാപരമായ സമീപനം കമ്യൂണിസ്റ്റുകള്‍ക്ക് പണ്ട് മുതലേയുള്ളതാണെന്നും നദ്‌വി സൂചിപ്പിക്കുന്നു.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക