വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വെള്ളിയാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 14 January, 2022
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വെള്ളിയാഴ്ച (ജോബിന്‍സ്)

കന്യാസ്ത്രിയെ പീഡിപ്പിച്ച് കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിട്ടു. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. ബിഷപ്പിനെതിരായ കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. 
**************************
വിധിയില്‍ സന്തോഷമുണ്ടെന്നും ഒപ്പം നിന്നവര്‍ക്കെല്ലാം നന്ദിയെന്നും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതികരിച്ചു. എന്നാല്‍ വിധി അംഗീകരിക്കില്ലെന്നും അപ്പീല്‍ പോകുമെന്നും കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളും പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥനും പ്രതികരിച്ചു. 
************************
സംസ്ഥാനത്തെ സ്‌കൂളുകള്‍ ഭാഗികമായി അടയ്ക്കാന്‍ തീരുമാനം. കൊവിഡ് രോഗബാധിതരുടെ എണ്ണം കുതിച്ചുകയറവേ ആണ് നിയന്ത്രണങ്ങളുടെ ഭാഗമായി ഒന്ന് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ മതിയെന്ന് തീരുമാനിച്ചത്. ഈ മാസം 21 മുതലാണ് സ്‌കൂളുകള്‍ അടച്ചിട്ട് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുക. രാത്രി കര്‍ഫ്യൂവോ, ഞായറാഴ്ച നിയന്ത്രണമോ ഇപ്പോഴുണ്ടാകില്ല. സ്ഥിതിഗതികള്‍ അടുത്ത രണ്ടാഴ്ച നിരീക്ഷിക്കും. അതിന് ശേഷമാകും കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണോ എന്ന കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുക. 
*************************
നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് പരിഗണിക്കാന്‍ മാറ്റി. അത് വരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉറപ്പ് നല്‍കി. ജസ്റ്റിസ് പി ഗോപിനാഥാണ് ഹര്‍ജി പരിഗണിച്ചത്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി പരിശോധിക്കണമെന്ന് ഹൈക്കോടതി ഹര്‍ജി പരിഗണിക്കവേ പറഞ്ഞു.
***************************
ഇടുക്കി ഗവണ്മെന്റ് എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായിരുന്ന ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയിലായി. ഇടുക്കി മാങ്കുവ സ്വദേശി ജസിന്‍ ജോയിയാണ് അറസ്റ്റിലായത്. പ്രതികളെ രക്ഷപ്പെടുത്താനും തെളിവ് നശിപ്പിക്കാനും ജസിന്‍ ശ്രമിച്ചുവെന്ന് പൊലീസ് പറഞ്ഞു.
*************************
പശ്ചിമ ബംഗാളില്‍ നടന്ന ബികാനീര്‍ എക്സ്പ്രസ് അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഒന്‍പതായി. പ്രദേശത്തെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതായും 36 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായും പൊലീസ് പറഞ്ഞു.
ഇതില്‍ ആറ് പേരുടെ നില അതീവഗുരുതരമാണ്.  പരിക്കേറ്റവരെ ജയ്പാഗുരിയിലും മയ്നാഗുരിയിലുമുള്ള ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
**********************
തിരുവനന്തപുരം കോര്‍പ്പറേഷന്‍ നികുതി വെട്ടിപ്പ് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . പിഎസ്‌സി പരീക്ഷാ തട്ടിപ്പും പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.  തിരുവനന്തപുരം സിപിഎം ജില്ലാ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. ജില്ലയില്‍ ബിജെപി മുന്നേറ്റത്തില്‍ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.
************************
ഉത്തര്‍പ്രദേശിലെ മുന്‍ മന്ത്രിമാരായ സ്വാമി പ്രസാദ് മൗര്യയും ധരം സിംഗ് സൈനിയും ഇന്ന്  സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. യോഗി മന്ത്രിസഭയില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ രാജി വെച്ചവരാണ് ഇരുവരും. ബിജെപി എംഎല്‍എമാരായിരുന്ന റോഷന്‍ലാല്‍ വര്‍മ, ബ്രിജേഷ് പ്രജാപ്തി, മുകേഷ് വര്‍മ, വിനയ് ശാക്യ, ഭഗവതി സാഗര്‍ എന്നിവരും അപ്നാദളിന്റെ ചൗധരി അമര്‍ സിംഗും ഇന്ന് സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു.
*********************
പുതുവര്‍ഷത്തലേന്ന് കോവളത്ത് വിദേശ പൌരനെ അവഹേളിച്ച സംഭവത്തില്‍ സസ്‌പെന്‍ഷനിലായ ഗ്രേഡ് എസ് ഐയ്‌ക്കെതിരായ നടപടി പിന്‍വലിച്ചു. ഗ്രേഡ് എസ്‌ഐ ഷാജിയുടെ സസ്‌പെന്‍ഷനാണ് പിന്‍വലിച്ചത്. നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷനും കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് കാണിച്ച് ഷാജിയും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.ഇതെല്ലാം പരിഗണിച്ചാണ് നടപടി രണ്ടാഴ്ചയ്ക്കുള്ളില്‍ പിന്‍വലിച്ചത്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക