ബിസിനസുകൾക്ക് നിർബന്ധിത  വാക്‌സിൻ  സുപ്രീം കോടതി  തടഞ്ഞു 

Published on 14 January, 2022
ബിസിനസുകൾക്ക് നിർബന്ധിത  വാക്‌സിൻ  സുപ്രീം കോടതി  തടഞ്ഞു 

വാഷിംഗ്ടൺ, ജനുവരി 14:  വൻകിട ബിസിനസ് സ്ഥാപനങ്ങളിലെ  ജീവനക്കാർ കോവിഡ് വാക്സിനേഷൻ സ്വീകരിക്കുകയോ പതിവായി പരിശോധനയ്ക്ക് വിധേയരാകുകയോ ചെയ്യണമെന്ന  ബൈഡൻ ഭരണകൂടത്തിന്റെ ഉത്തരവ് യുഎസ് സുപ്രീം കോടതി തടഞ്ഞു. എന്നാൽ, ആരോഗ്യ പ്രവർത്തകർക്ക് ഏർപ്പെടുത്തിയ വാക്സിൻ മാൻഡേറ്റ് കോടതി  അനുവദിച്ചു. 

 നൂറോ  അതിലധികമോ ജീവനക്കാരുള്ള ബിസിനസ്സുകളിൽ, വാക്സിൻ   നിര്ബന്ധമെന്നായിരുന്നു ഫെഡറൽ ഉത്തരവ്.  80 മില്യണിലധികം പേരെ ബാധിക്കുമായിരുന്ന ഉത്തരവാണ് തടഞ്ഞത്.   

 ഫെഡറൽ ധനസഹായത്തോടെയുള്ള മെഡികെയർ, മെഡികെയ്ഡ് പ്രോഗ്രാമുകളിലെ 17 മില്യണിലധികം ആരോഗ്യ പ്രവർത്തകർക്ക് ഉത്തരവ് ബാധകമാകും.

തൊഴിൽമേഖലയിലെ അപകടസാധ്യതകൾ  നിയന്ത്രിക്കാനുള്ള അധികാരം ഒക്യൂപ്പേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്ത് അഡ്മിനിസ്ട്രേഷന് (OSHA) കോൺഗ്രസ് നൽകിയിട്ടുണ്ടെങ്കിലും, പൊതുജനാരോഗ്യത്തെ നിയന്ത്രിക്കാനുള്ള അധികാരം ഏജൻസിക്കില്ലെന്നാണ് കോടതിയിലെ  ഭൂരിപക്ഷാഭിപ്രായം.

മൂന്ന് ലിബറൽ ജസ്റ്റിസുമാർ വിധിയോട് വിയോജിച്ചു. വിദഗ്ധരുടെ വിധിന്യായങ്ങൾ മാറ്റിസ്ഥാപിക്കരുതെന്നും അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് പ്രസിഡന്റിന് ഇതിൽ തീരുമാനമെടുക്കാമെന്നും അവർ അഭിപ്രായപ്പെട്ടു.  മഹാമാരിയുടെ പശ്ചാത്തലത്തിൽ, തൊഴിലാളികളുടെ സുരക്ഷ സംരക്ഷിക്കാൻ ചുമതലപ്പെട്ട ഏജൻസിയോട് അതുവേണ്ടെന്ന് കോടതി പറയുന്നത്തിൽ യുക്തിയില്ലെന്നും ജീവനക്കാർക്കിടയിൽ  രോഗവും മരണവും വർദ്ധിക്കാൻ ഇത് കാരണമാകുമെന്നും അവർ വിലയിരുത്തി.

 പാൻഡെമിക് ഉയർത്തുന്ന വെല്ലുവിളികൾ നേരിടുന്നതിന്  കോൺഗ്രസ് നൽകിയിട്ടില്ലാത്ത അധികാരം പ്രയോഗിക്കാൻ  ഫെഡറൽ ഏജൻസിയെ അനുവദിക്കുന്നില്ലെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു

വിധിയുടെ പശ്ചാത്തലത്തിൽ പുറത്തിറക്കിയ പ്രസ്താവനയിൽ ബൈഡൻ, തൊഴിലാളികളെയും ഉപഭോക്താക്കളെയും കമ്മ്യൂണിറ്റികളെയും സംരക്ഷിക്കുന്നതിനായി വാക്സിനേഷൻ  ആവശ്യമാണെന്നറിഞ്ഞ് മുന്നോട്ട് വരണമെന്ന് സംസ്ഥാനങ്ങളെയും ബിസിനസുകളെയും ഓർമ്മപ്പെടുത്തി.
അമേരിക്കക്കാരുടെ ആരോഗ്യവും സമ്പദ്‌വ്യവസ്ഥയും സംരക്ഷിക്കുന്നതിന് തൊഴിലുടമകൾക്ക് വേണ്ടി വാദിക്കാൻ പ്രസിഡന്റെന്ന നിലയിൽ തന്റെ  ശബ്ദം ഉപയോഗിക്കുന്നത്  തടയാൻ കോടതി വിധിക്ക് ആകില്ലെന്നും ബൈഡൻ കൂട്ടിച്ചേർത്തു.

സെപ്റ്റംബറിലാണ് ഫെഡറൽ  വാക്സിൻ മാൻഡേറ്റ് പ്രഖ്യാപിച്ചത്. ഈ  നടപടിക്കെതിരെ  റിപ്പബ്ലിക്കൻ നേതൃത്വത്തിലുള്ള സംസ്ഥാനങ്ങൾ ശക്തമായി എതിർത്ത് രംഗത്തുവന്നു.  

സ്വകാര്യ തൊഴിലിടങ്ങളിൽ  ഉത്തരവ് ജനുവരി 4 മുതൽ പ്രാബല്യത്തിൽ വന്നു, ജനുവരി 10 മുതൽ നടപ്പിലാക്കാനും  തുടങ്ങി. 

ജനുവരി 27-നുള്ളിൽ ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ്  ലഭിക്കണമെന്ന് ഫെഡറൽ ഹെൽത്ത് ഉദ്യോഗസ്ഥർ പറഞ്ഞു. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക