Image

റോബർട്ട് കെന്നഡിയുടെ ഘാതകന് പരോൾ നിഷേധിച്ചു 

Published on 14 January, 2022
റോബർട്ട് കെന്നഡിയുടെ ഘാതകന് പരോൾ നിഷേധിച്ചു 

പ്രസിഡന്റ് സ്ഥാനാർഥി ആയിരുന്ന റോബർട്ട് എഫ് കെന്നഡിയുടെ (ആർഎഫ്കെ) ഘാതകൻ  സിർഹൻ സിർഹനെ ജയിൽ മോചിതനാക്കാനുള്ള അപേക്ഷ കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോം  തള്ളിക്കളഞ്ഞു. 

അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഭയാനകമായ കുറ്റകൃത്യങ്ങളിൽ ഒന്നായ ഇത് നടന്നിട്ട് അരനൂറ്റാണ്ടിലധികമായി. ഇപ്പോൾ 77 കാരനായ പ്രതിക്ക് പരോൾ നല്കാതിരിക്കാനുള്ള കാരണങ്ങൾ ന്യൂസോം 9 പേജുള്ള വിധിന്യായത്തിൽ വ്യക്തമാക്കി. സിർഹനെ പുറത്തുവിട്ടാൽ അത് ജനങ്ങൾക്ക് ദോഷമാകുമെന്ന ആശങ്ക ഗവർണർ പങ്കുവച്ചു.

ന്യൂയോർക്ക്  സെനറ്ററായിരുന്ന  കെന്നഡിയുടെ കൊലപാതകത്തിന്റെ പൂർണ  ഉത്തരവാദിത്തം സിർഹൻ ഇതുവരെ ഏറ്റെടുക്കാൻ കൂട്ടാക്കിയിട്ടില്ല.
25 വർഷത്തിലധികമായി ശിക്ഷ അനുഭവിക്കുന്ന തടവുകാർക്ക് റിലീസ് നൽകുന്നുണ്ടെങ്കിലും 53 വർഷമായി ജയിലിൽ കഴിയുന്ന സിർഹൻ തന്റെ കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാത്തതുകൊണ്ട് ആ ഇളവിന് യോഗ്യനല്ലെന്ന് ന്യൂസോം പറഞ്ഞു.

പലസ്തീൻ കുടിയേറ്റക്കാരനായ സിർഹൻ ജൂൺ 5 ,1968 -നാണ് ലോസ് ആഞ്ചലസിലെ അംബാസഡർ ഹോട്ടലിന് മുന്നിൽ ഡെമോക്രാറ്റിക്‌ പ്രസിഡൻഷ്യൽ പ്രൈമറിയിൽ വിജയിച്ച സന്തോഷം അനുയായികളുമായി ആഘോഷിച്ച ആർഎഫ്കെ യെ വെടിവെച്ചത്. മെയ് 22 ,1969 ന് പ്രതിക്ക് വധശിക്ഷ വിധിച്ചിരുന്നെങ്കിലും 1972 ൽ കാലിഫോർണിയ സുപ്രീം കോടതി ശിക്ഷ ഇളവ് ചെയ്ത്  ജീവപര്യന്തമാക്കി.

ഓഗസ്റ്റിൽ നടന്ന പരോൾ ഹിയറിങ്ങിനിടയിൽ രണ്ടംഗ പാനലിന് മുൻപാകെ കുഅബോധം പ്രകടിപ്പിച്ച സിർഹൻ, ശിഷ്ടജീവിതം സമാധാനപരമായി നയിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞിരുന്നു. അടുത്ത പരോൾ ഹിയറിങ് ഫെബ്രുവരി 2023 നാണ്. ഗവർണറുടെ ഉത്തരവിനെതിരെ ജഡ്ജിനെ സമീപിക്കുമെന്ന് പ്രതിയുടെ അറ്റോർണി ഏഞ്ചല ബെറി അറിയിച്ചു.

തങ്ങളുടെ പിതാവ് സിർഹന്റെ തെറ്റ് ക്ഷമിക്കുമായിരുന്നു എന്ന്  കെന്നഡിയുടെ  മക്കളായ ഡഗ്ലസ് കെന്നഡിയും റോബർട്ട് കെന്നഡി ജൂനിയറും അഭിപ്രായപ്പെട്ടു.
കെന്നഡിയെ രാഷ്ട്രീയ ഗുരുവായി കാണുന്ന വ്യക്തിയാണ് ഗവർണർ  ന്യൂസോം. ന്യൂസോമിന്റെ ഓഫീസിൽ വച്ചിരിക്കുന്ന രണ്ടു ചിത്രങ്ങളിലൊന്ന് അദ്ദേഹത്തിന്റെ പിതാവിന്റേയും (ജഡ്ജ് വില്യം ന്യൂസോം) മറ്റൊന്ന് കെന്നഡിയുടേതുമാണ്.

ആർഎഫ്‌കെ യുടെ ജീവൻ കവർന്നതിലൂടെ സിർഹൻ ഇല്ലാതാക്കിയത് ഒരു കുടുംബത്തിന്റെ പ്രതീക്ഷ മാത്രമല്ലെന്നും യുവനേതാവിൽ ജനങ്ങൾ നെയ്ത  സ്വപ്നങ്ങളും അയാൾ തകർത്തെന്നും ന്യൂസോം വിശദീകരിച്ചു.

മുൻ പ്രസിഡന്റ് ജോൺ എഫ് കെന്നഡിയുടെ (ജെഎഫ്കെ) സഹോദരനാണ് ആർഎഫ്കെ. ഡാലസിൽ വച്ച് ജെഎഫ്കെയും കൊല്ലപ്പെട്ടിരുന്നു 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക