Image

ന്യൂയോർക്ക് സിറ്റിയിൽ കോവിഡ്  ബാധിച്ച  90 ശതമാനം പേരിലും ഒമിക്രോൺ  (കോവിഡ്  വാർത്തകൾ)

Published on 14 January, 2022
ന്യൂയോർക്ക് സിറ്റിയിൽ കോവിഡ്  ബാധിച്ച  90 ശതമാനം പേരിലും ഒമിക്രോൺ  (കോവിഡ്  വാർത്തകൾ)

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റിയിൽ  ക്രിസ്മസ് കാലം മുതൽ കോവിഡ് ബാധിച്ചവരുടെ സാമ്പിൾ പരിശോധിച്ചതിൽ  90 ശതമാനം പേരുടെയും രോഗം ഒമിക്രോൺ  വേരിയന്റ് മൂലമാണെന്ന് കണ്ടെത്തിയതായി  നഗര ആരോഗ്യ വകുപ്പ് അറിയിച്ചു.
അഞ്ച് ബോറോകളിൽ നിന്നുള്ള  സാമ്പിളുകളിലാണ് വിശകലനം നടത്തിയത്.
ഡെൽറ്റ വേരിയന്റിനേക്കാൾ നാലിരട്ടി വേഗത്തിലാണ് ഒമിക്രോൺ പടർന്നുപിടിച്ചത്.ആദ്യമായി സ്ഥിരീകരിച്ച്  അഞ്ച് ആഴ്ചകൾക്കുള്ളിൽ തന്നെ  നഗരത്തിലെ പ്രബലമായ സ്‌ട്രെയിനായി ഒമിക്രോൺ മാറിയെന്നും ആരോഗ്യ വകുപ്പ് കണ്ടെത്തി.
സിറ്റിയിലെ കോവിഡ് കേസുകളുടെ എണ്ണം എക്കാലത്തെയും ഉയർന്ന നിലയിലേക്ക് കുതിച്ചുയരുകയാണെന്ന് ആരോഗ്യ വകുപ്പ് അഭിപ്രായപ്പെട്ടു.
പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവരും 75 വയസ്സിനു മുകളിലുള്ളവരും കറുത്ത വർഗക്കാരായ ന്യൂയോർക്ക് നിവാസികളും ഒമിക്രോൺ ബാധിച്ച്  ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു.ദീർഘകാലമായി തുടരുന്ന വംശീയ അസമത്വമാണിതിന്  കാരണമെന്ന് അവർ വിശദീകരിച്ചു.
വാക്സിൻ  ലഭിക്കാത്ത കുട്ടികൾക്കും കുത്തിവയ്പ്പ് നടത്തിയ സമപ്രായക്കാരേക്കാൾ വൈദ്യസഹായം ആവശ്യമായി വരാനുള്ള സാധ്യത കൂടുതലാണ്.
ന്യൂയോർക്ക് സിറ്റിയിൽ , ഈ ആഴ്ചത്തെ  പ്രതിദിന ശരാശരി 28,507 കേസുകളാണ്. പുതുവർഷത്തിന്റെ ആദ്യ ദിവസങ്ങളിൽ ഇത് 42,000 വരെ എത്തിയിരുന്നു.

കോവിഡ് ബാധിച്ച്  ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുന്ന കൗമാരക്കാർ  വാക്സിൻ സ്വീകരിക്കാത്തവർ 

കോവിഡ് ബാധിച്ച്  ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുന്ന കൗമാരക്കാരിൽ  98 ശതമാനവും വാക്സിൻ സ്വീകരിക്കാത്തവരാണെന്ന്   ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ ബുധനാഴ്ച പ്രസിദ്ധീകരിച്ച പഠനത്തിൽ  കണ്ടെത്തി.കോവിഡുമായി ബന്ധപ്പെട്ട 94 ശതമാനം ആശുപത്രിവാസങ്ങളും ഫൈസർ വാക്സിൻ തടഞ്ഞതായും പഠനഫലം വ്യക്തമാക്കുന്നു.
 കഴിഞ്ഞ വർഷം ജൂലൈ 1 നും ഒക്ടോബർ 25 നും ഇടയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 12 മുതൽ 18 വരെ പ്രായമുള്ള 1,222 കൗമാരക്കാരിൽ നിന്നുള്ള ഡാറ്റ ഉൾപ്പെടുത്തി നടത്തിയ പഠനം സിഡിസി.
ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ട രണ്ട് രോഗികൾക്ക് മാത്രമേ പൂർണമായി വാക്സിനേഷൻ നൽകിയിട്ടുള്ളൂവെന്ന് പഠനം പറയുന്നു.

പഠനത്തിൽ രേഖപ്പെടുത്തിയ ഏഴ് മരണങ്ങളും വാക്സിനേഷൻ എടുക്കാത്ത രോഗികളിലാണ് സംഭവിച്ചത്.

യുഎസിൽ  12 നും 17 നും ഇടയിൽ പ്രായമുള്ള 36 ശതമാനം പേരാണ്  നിലവിൽ വാക്സിനേഷൻ എടുക്കാത്തതെന്ന് ഏറ്റവും പുതിയ സിഡിസി  ഡാറ്റ കാണിക്കുന്നു.

ഡെൽറ്റയെ അപേക്ഷിച്ച് മാരകമാകാനുള്ള സാധ്യത ഒമിക്രോണിൽ  91 ശതമാനം കുറവെന്ന് സിഡിസി പഠനം

ഡെൽറ്റയുമായി താരതമ്യപ്പെടുത്തുമ്പോൾ ഒമിക്രോൺ ബാധിച്ചാൽ   ഗുരുതരമായ രോഗാവസ്ഥയിലേക്ക് കടക്കാനുള്ള സാധ്യത  91 ശതമാനം കുറവായിരിക്കുമെന്ന് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ബുധനാഴ്ച പുറത്തിറക്കിയ പഠനത്തിൽ പറയുന്നു.
രോഗബാധിതരായ 70,000-ലധികം കാലിഫോർണിയക്കാരുടെ  ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയാണ് വിലയിരുത്തൽ.
ഡെൽറ്റയിലുള്ളവരെ അപേക്ഷിച്ച് ഒമിക്‌റോണുള്ളവർ ആശുപത്രിയിൽ ചികിത്സ തേടേണ്ട  വന്നത് പകുതിയിൽ  താഴെയാണ് . തീവ്രപരിചരണം ആവശ്യമായി വരാനുള്ള സാധ്യത 75 ശതമാനം കുറവാണെന്നും പഠനത്തിൽ കണ്ടെത്തി.

 ഒമിക്രോൺ ബാധിതർ  ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ശേഷം  രോഗം ഭേദമാകാൻ  70 ശതമാനം കുറവ് സമയം മതിയാകുമെന്നും പഠനത്തിൽ പറയുന്നു.
മുൻ  വേരിയന്റ് ബാധിച്ചവർ  അഞ്ച് ദിവസം ചികിത്സ തേടിയപ്പോൾ ഒമിക്രോണിന് ശരാശരി 1.5 ദിവസത്തെ ചികിത്സാസമയം മതി.ഒമിക്രോൺ ബാധിതർക്ക്   ആശുപത്രിയിൽ വെന്റിലേറ്ററിൽ പോകേണ്ട ആവശ്യമില്ലെന്നും കണ്ടെത്തി.ഒമിക്രോൺ  ബാധിച്ച 52,297 പേരിൽ ഒരാൾ മാത്രമാണ്  മരിച്ചത്. ഡെൽറ്റ ബാധിച്ച  16,982 പേരിൽ  14 പേർ മരണപ്പെട്ടെന്ന് ഡാറ്റയിൽ കാണാം. താരതമ്യം ചെയ്യുമ്പോൾ 91 ശതമാനം കുറവ്. മരിച്ചവരുടെ പ്രായം എത്രയെന്നോ വാക്‌സിൻ എടുത്തിരുന്നോ എന്നോ പറഞ്ഞിട്ടില്ല.

നേസൽ സ്‌പ്രേ എല്ലാ കോവിഡ്  വേരിയന്റുകളിൽ നിന്നും 8 മണിക്കൂർ സംരക്ഷണം നൽകുമെന്ന്  പഠനം

 പുതിയ പരീക്ഷണാത്മക നേസൽ സ്പ്രേ എട്ട് മണിക്കൂർ വരെ കോവിഡ് വകഭേദങ്ങളിൽ നിന്ന് സംരക്ഷണം നൽകുമെന്നാണ് ഫിൻലൻഡിലെ ഹെൽസിങ്കി സർവകലാശാലയിലെ ഗവേഷകർ എലികളിൽ നടത്തിയ പഠനം വ്യക്തമാക്കുന്നത്. ഈ സാങ്കേതികവിദ്യയ്ക്ക് ചിലവ് കുറവായതിനാൽ തന്നെ  ഉയർന്ന തോതിൽ നിർമ്മിക്കാനാകും.
രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്കും ഉയർന്ന അപകടസാധ്യതയുള്ളവർക്കും വേണ്ടിയാണിത്  വികസിപ്പിച്ചെടുത്തത്.
 ആന്റിബോഡി പോലുള്ള സിന്തറ്റിക് പ്രോട്ടീൻ ഉപയോഗിച്ചാണ് സ്പ്രേ  നിർമ്മിച്ചിരിക്കുന്നത്. ഒരു ചെറിയ ഡോസ് ഒമിക്രോൺ ഉൾപ്പെടെയുള്ള കൊറോണ വൈറസിന്റെ എല്ലാ വകഭേദങ്ങളെയും  തടയുന്നുവെന്ന് ഗവേഷകർ കണ്ടെത്തി.കോവിഡ്  ബീറ്റ വേരിയന്റുമായി സമ്പർക്കം പുലർത്തിയതിന് ശേഷം ചികിത്സ നൽകിയ എലികൾക്ക് സ്പ്രേ ഉപയോഗിച്ചതിന്റെ ഫലമായി  ശ്വാസകോശത്തിൽ  പ്രശ്‌നമുണ്ടാകാനുള്ള സാധ്യത വളരെ കുറഞഞ്ഞെന്നും  അവർ കണ്ടെത്തി.
   നേസൽ സ്പ്രേ ഇതുവരെ മനുഷ്യരിൽ പരീക്ഷിച്ചിട്ടില്ല. ലാബ് പഠനങ്ങൾ ഇതുവരെ അവലോകനം ചെയ്തിട്ടുമില്ല. കൂടുതൽ ഗവേഷണം ആവശ്യമാണെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു.വാക്സിനുകൾക്കോ  മറ്റ് മരുന്നുകൾക്കോ പകരമായി ഇതിനെ കാണരുതെന്നും മുന്നറിയിപ്പുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക