കോവിഡ് വകഭേദങ്ങളുടെ പൂരം (ദുര്‍ഗ മനോജ്)

Published on 15 January, 2022
കോവിഡ് വകഭേദങ്ങളുടെ പൂരം (ദുര്‍ഗ മനോജ്)

മാടനും, മറുതയും, ചാത്തനും, കാളിയും, കൂളിയും ചേര്‍ത്തു മുപ്പത്തിമുക്കോടി ദൈവങ്ങളെക്കുറിച്ചു പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാല്‍ ആ എണ്ണിയാല്‍ തീരാത്ത കണക്കുകളെ പിന്തള്ളി മറ്റൊന്നു കുതിക്കുന്നുണ്ട്. കോവിഡിന്റെ വേരിയന്റുകള്‍. ഇപ്പോഴത് ആഗോളവ്യാപകമാണെങ്കില്‍ നാളെയത് ന്യൂയോര്‍ക്കില്‍ ഒരെണ്ണം തിര്വോന്തോരത്ത് വേറൊരെണ്ണം സിഡ്‌നിയില്‍ വേറൊന്ന് എന്ന നിലയിലാവും. എന്തായാലും സംഗതി നല്ല ഞെരിപ്പായിട്ട് അങ്ങോട്ട് മുന്നേറുന്നുണ്ടെന്ന് പറയാതെ വയ്യ. ഓരോ ദിവസവും കേസുകളുടെ കാര്യത്തില്‍ കേസുക്കെട്ടായി മാറുകയാണവ. ആദ്യം കോവിഡ് 19 എന്ന് ഓമനപ്പേരിട്ടു. കാരണം 2019 ല്‍ ആണല്ലോ പിറവി. അപ്പോള്‍ കരുതി അവിടം കൊണ്ടു തീരുമെന്ന്. എന്നാല്‍ 2020 ല്‍ ലോകം മുഴുവന്‍ നിറഞ്ഞാടിയ ശേഷം അല്പമൊന്നു റെസ്റ്റ് എടുത്ത് അടുത്ത രൂപത്തില്‍ ആള്‍ കളത്തിലിറങ്ങി. ഡെല്‍റ്റ എന്ന ഓമനപ്പേരില്‍. അതോടെ രണ്ടാം തരംഗം ഉഷാറായി. നടുവൊടിഞ്ഞവന്റെ മുതുകില്‍ ഒത്ത തേങ്ങ വീണ പോലെ രണ്ടാം തരംഗം കൂടുതല്‍ ജീവനുകള്‍ കവര്‍ന്നു. വീണ്ടും ഒരു റെസ്റ്റിങ്ങ് പിരീഡ്. മനുഷ്യര്‍ ഓര്‍ത്തു ഇവിടം കൊണ്ട് തീര്‍ന്നുവെന്ന്. ഇല്ല, പറഞ്ഞു തീരും മുന്‍പ് ഒമിക്രോണ്‍ എന്ന പേരില്‍ പുതു അവതാരം. മൂന്നാം തരംഗം. ഇക്കുറി പുതിയ രൂപക്കാരന് കൊന്നു തള്ളാന്‍ വലിയ താല്‍പ്പര്യമില്ല. പരമാവധി മനുഷ്യരില്‍ ചെന്നു കേറുവാന്‍ മാത്രമാണ് താല്‍പ്പര്യം. എന്നാലോ ഒന്ന് തുമ്മിയും ചീറ്റിയും കടന്നു പോവുകയല്ല. ചെന്നു കേറുന്ന ഓരോ ശരീരത്തില്‍ നിന്നും പുതിയ വകഭേദങ്ങളെ സൃഷ്ടിക്കും എന്ന സാധ്യതയും മുന്നിലുണ്ട്. വാക്‌സിന്‍ എടുക്കാത്തവരില്‍ നിന്നും ഉണ്ടാകുന്ന പുത്തന്‍ വേരിയന്റുകള്‍ കൂടുതല്‍ അപകടകാരികള്‍ ആകാന്‍ സാധ്യത ഏറെ.

കോവിഡ് ഇല്ലാക്കാലം ഇനി ഉണ്ടാകുമെന്ന പ്രതീക്ഷ വേണ്ട. ഉണ്ടാകാവുന്ന പുതിയ വേരിയന്റുകളെ എതിരിടാന്‍ മാത്രം പുത്തന്‍ വാക്‌സിനുകളും ബൂസ്റ്റര്‍ ഡോസും സ്വീകരിക്കേണ്ടി വന്നേക്കാം. പനിക്ക് പാരസെറ്റാമോള്‍ എന്നതു പോലെ കോവിഡിന് ഇനി ഗുളികയും അതിവിദൂരമല്ല. എന്തായാലും യാത്ര ചെയ്യേണ്ടവരെയാണ് കോവിഡ് ഓടിച്ചിട്ട് ഇടിച്ചത്. പ്രത്യേകിച്ചും ബിസിനസ് ആവശ്യങ്ങള്‍ക്കും മറ്റുമായി നിരന്തരം യാത്ര ചെയ്യേണ്ടവര്‍ക്ക്. ചിലര്‍ നാലും അഞ്ചും ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചിട്ടും അത്രയും തവണ പോസിറ്റീവ് ആയവരാണ്. ഇനിയും ചിലര്‍ നിരത്താവുന്ന എല്ലാ ന്യായവാദങ്ങളും നിരത്തി ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിക്കാത്തവരും. അതിനിടയ്ക്ക് ക്വാറന്റൈന്‍, ആര്‍ടിപിസിആര്‍, നിരവധി ആപ്പ് കോപ്പ് അങ്ങനെ സംഗതി ബഹുവിധം കേമം.

അമേരിക്കയില്‍ സ്‌കൂളുകള്‍ അടച്ചിടണമെന്ന് റിപ്പബ്ലിക്കന്‍സും തുറക്കണമെന്ന് ഡെമോക്രാറ്റുകളും. എന്തായാലും കേരളത്തില്‍ ഇത് ഒറ്റക്കെട്ടാണ്. കോവിഡാണ്, മോനെ തൊട്ടാല്‍ കൈപൊള്ളും. അതു കൊണ്ടു പിന്നെയും പള്ളിക്കൂടങ്ങള്‍ അടച്ചിടാന്‍ തീരുമാനിച്ചതോടെ പിള്ളയ്ക്കും തള്ളയ്ക്കും പണി പിടിപ്പതായിരിക്കുന്നു.
വീണ്ടും സ്‌ക്കൂളുകള്‍ ഓണ്‍ ലൈനിലേക്കു മാറുകയാണു കേരളത്തില്‍. വീട്ടിനകത്ത് അടച്ചിരുന്നു മടുത്ത കുഞ്ഞുങ്ങള്‍ക്ക് ആശ്വാസമായിരുന്നു സ്‌ക്കൂള്‍ തുറന്നത്. ഏതായാലും ഈ ഒരു മാസത്തേക്കാണ് നിയന്ത്രണം. ഇത്ര കാലം തുടര്‍ന്നു വന്ന ജീവിതരീതികള്‍ അപ്പാടെ മാറി മറിഞ്ഞു ഈ രണ്ടു വര്‍ഷക്കാലം കൊണ്ട്. ഈ അവസ്ഥയില്‍ നിന്നും രക്ഷ നേടാന്‍ ഒരു വഴിമാത്രമേ ഉള്ളൂ എത്രയും വേഗം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുക. അത് മാലപ്പടക്കം പോലെ ഒരറ്റത്ത് നിന്നും പൊട്ടി മറ്റേ അറ്റത്തേക്ക് വരുമ്പോഴേയ്ക്ക് അടുത്ത വേരിയന്റ് ഗുണ്ടു പോലെ വെടിപ്പൊട്ടിക്കുന്നു എന്നതാണ് ദുരിതം.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക