ബിഷപ് ഫ്രാങ്കോ രൂപതാ ചുമതലകളിലേക്ക് ഉടനെത്തില്ല

Published on 15 January, 2022
ബിഷപ് ഫ്രാങ്കോ രൂപതാ ചുമതലകളിലേക്ക് ഉടനെത്തില്ല

കോട്ടയം: കുറ്റക്കാരനല്ലെന്നു കോടതി വിധിച്ചെങ്കിലും ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനു സഭാപരമായ ചുമതലകള്‍ ഉടനെ തിരികെ ലഭിക്കില്ല. എതിര്‍കക്ഷി അപ്പീല്‍ നല്‍കാനുള്ള സാധ്യതയും വിഷയത്തില്‍ സഭ നടത്തുന്ന അന്വേഷണവും അതിനു കാരണമാണ്. കേസിന്റെ പശ്ചാത്തലത്തിലാണ് ബിഷപ് ഫ്രാങ്കോയെ ജലന്തര്‍ രൂപതയുടെ ഭരണച്ചുമതലയില്‍നിന്നു മാറ്റിനിര്‍ത്തിയത്.

സഭയുടെ ഭാഗത്തുനിന്നുള്ള അന്വേഷണം തല്‍ക്കാലം നിര്‍ത്തിവച്ചിരിക്കുകയാണ്. പൊലീസ്  കോടതി നടപടികളുടെ പശ്ചാത്തലത്തിലാണ് സഭയുടെ അന്വേഷണം നിര്‍ത്തിവച്ചത്. സഭ നടപടിയെടുത്താല്‍ അതു കേസിനെ ബാധിക്കാമെന്നതും ഒരേസമയം സമാന്തരമായി രണ്ട് അന്വേഷണം ഉചിതമല്ലെന്നതും പരിഗണിച്ചു.

കോടതിവിധി ബിഷപ് ഫ്രാങ്കോയ്ക്ക് അനുകൂലമായാലും അദ്ദേഹത്തെ ഏതെങ്കിലും രൂപതയുടെ ചുമതലയില്‍ തുടരാന്‍ അനുവദിച്ചേക്കില്ലെന്ന് സഭാവൃത്തങ്ങള്‍ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. കോടതിയുടെ തീരുമാനത്തിന്റെയല്ല, സ്വന്തം അന്വേഷണത്തിന്റെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലാണ് സഭ തീരുമാനമെടുക്കുക.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക