കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തം യന്ത്രത്തകരാറോ അട്ടിമറിയോ അല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

Published on 15 January, 2022
കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തം യന്ത്രത്തകരാറോ അട്ടിമറിയോ അല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 14 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം യന്ത്രത്തകരാറോ അട്ടിമറിയോ അല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. കാലാവസ്ഥ വ്യതിയാനം മൂലം ഹെലികോപ്റ്റര്‍ മേഘങ്ങളില്‍ കുടുങ്ങി ഭൂപ്രദേശത്ത് ഇടിച്ചതാണ് അപകടത്തിന് കാരണമെന്ന് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. അപകടകാരണം സംബന്ധിച്ച പ്രാഥമിക കണ്ടെത്തലുകള്‍ അന്വേഷണ സംഘം പ്രതിരോധ മന്ത്രിക്ക് കഴിഞ്ഞ ആഴ്ച സമര്‍പ്പിച്ചിരുന്നു.

ഫ്ളൈറ്റ് ഡേറ്റ റെക്കോര്‍ഡറും കോക്ക്പിറ്റ് വോയ്‌സ് റെക്കോര്‍ഡറും അന്വേഷണ സംഘം വിശകലനം ചെയ്തു. കൂടാതെ അപകടത്തിന്റെ കാരണം കണ്ടെത്താന്‍ ലഭ്യമായ എല്ലാ സാക്ഷികളെയും ചോദ്യം ചെയ്തു. മെക്കാനിക്കല്‍ തകരാര്‍, അട്ടിമറി അല്ലെങ്കില്‍ അശ്രദ്ധ എന്നിവ അപകട കാരണമല്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിങ്ങിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. 

ഡിസംബര്‍ എട്ടിനാണ് വ്യോമസേനയുടെ ങശ17 ഢ5 ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് ജനറല്‍ ബിപിന്‍ റാവത്തുള്‍പ്പെടെ 14 പേര്‍ മരിച്ചത്. സുലൂരില്‍ നിന്ന് വെല്ലിംഗ്ടണിലേക്ക് പോകവെയായിരുന്നു അപകടം. കോയമ്പത്തൂര്‍ സൂലൂര്‍ വ്യോമസേനാ കേന്ദ്രത്തില്‍ നിന്നാണ് വെല്ലിങ്ടണ്‍ ഡിഫന്‍സ് സര്‍വീസ് സ്റ്റാഫ് കോളേജില്‍ (ഡി.എസ്.എസ്.സി.) നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനായി സേനാ മേധാവിയടക്കമുള്ളവര്‍ പുറപ്പെട്ടത്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക