പി.സി ജോര്‍ജിനെ സന്ദര്‍ശിച്ച്  നന്ദി അറിയിച്ച് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍

ജോബിന്‍സ് Published on 15 January, 2022
പി.സി ജോര്‍ജിനെ സന്ദര്‍ശിച്ച്  നന്ദി അറിയിച്ച് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍

പീഡനാരോപണത്തില്‍ കുറ്റവിമുക്തനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പൂഞ്ഞാര്‍ മുന്‍ എം.എല്‍.എ പിസി ജോര്‍ജിനെ സന്ദര്‍ശിച്ചു. പിസി ജോര്‍ജിന്റെ ഈരാട്ടുപേട്ടയിലെ വീട്ടിലെത്തിയാണ് ഇന്ന് രാവിലെ കൂടിക്കാഴ്ച നടത്തിയത്. കുറ്റാരോപിതനായ സാഹചര്യങ്ങളില്‍ തനിക്കൊപ്പം നിന്നതിന് നന്ദി പറയാനായിട്ടാണ് ബിഷപ്പ് എത്തിയതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പി.സി. ജോര്‍ജ് പ്രതികരിച്ചു.

ഇതിന് പിന്നാലെ വാദി ഭാഗത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് പി.സി ജോര്‍ജ് ഉന്നയിച്ചത്. വിധി വന്നതിന് ശേഷം എഐജി ഹരിശങ്കര്‍ ജഡ്ജിയെ അപമാനിക്കുന്ന രീതിയിലാണ് സംസാരിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അയാള്‍ക്ക് ഈ വിഷയത്തില്‍ എന്താണ് ഇത്ര ആവേശമെന്നും മഠത്തില്‍ വച്ച് മദ്യപിക്കുന്നത് കണ്ട അന്വേഷണ ഉദ്യോഗസ്ഥരെ താനാണ് ഓടിച്ചതെന്നും പി.സി ജോര്‍ജ് അവകാശപ്പെട്ടു.

ചിലര്‍ക്ക് മത വിശ്വാസവും, കുടുംബ ബന്ധവും തകര്‍ക്കുക എന്ന ലക്ഷ്യമാണുള്ളതെന്ന് പി.സി ജോര്‍ജ് പറഞ്ഞു. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആരാണെന്ന് ജനങ്ങള്‍ക്ക് അറിയാം. കുടുംബ ബന്ധം തകര്‍ത്ത് മത വിശ്വാസം തകര്‍ത്താല്‍ മാത്രമേ കമ്മ്യൂണിസം വിജയിക്കൂ എന്ന തെറ്റിദ്ധാരണയാണ് എല്ലാത്തിനും കാരണമെന്നും അദ്ദേഹം പറഞ്ഞു.

ബിഷപ്പിനെ എതിരെ പിഡനാരോപണമുയര്‍ന്നപ്പോള്‍ പരസ്യമായും അതിശക്തമായും ബിഷപ്പിന് അനുകൂല നിലപാട് സ്വീകരിച്ച കേരളത്തിലെ ഏക രാഷ്ട്രീയ നേതാവായിരുന്നു പി.സി. ജോര്‍ജ്. പി.സി. ജോര്‍ജ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കന്യാസ്ത്രിമാര്‍ക്കെതിരായ ചില പരാമര്‍ശങ്ങള്‍ ഏറെ വിവാദമാവുകയും ചെയ്തിരുന്നു.

അന്വേഷണത്തിന്റെ ആദ്യഘട്ടില്‍ റിമാന്‍ഡിലായി ജയിലില്‍ കിടന്ന സമയത്ത് പി.സി. ജോര്‍ജ് ബിഷപ്പിനെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. 

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക