അത്ഭുതമായി കോവിഡ് വാക്‌സിന്‍ ; കിടപ്പിലായിരുന്ന ആള്‍ എണീറ്റ് നടന്നു

ജോബിന്‍സ് Published on 15 January, 2022
അത്ഭുതമായി കോവിഡ് വാക്‌സിന്‍ ; കിടപ്പിലായിരുന്ന ആള്‍ എണീറ്റ് നടന്നു

അഞ്ചു വര്‍ഷമായി കിടപ്പിലായിരുന്ന ആള്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് എണീറ്റ് നടന്നു. ജാര്‍ഖണ്ഡിലാണ് സംഭവം. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.  ബൊക്കാറോ ജില്ലയിലെ സല്‍ഗാദിഹ് ഗ്രാമത്തില്‍ താമസിക്കുന്ന ദുലാര്‍ ചന്ദിനാണ് അത്ഭുതകരമായ മാറ്റം സംഭവിച്ചത്. വ്യാഴാഴ്ചയാണ് ദുലാര്‍ചന്ദ് കോവിഷീല്‍ഡിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. ഇതിന് പിന്നാലെയാണ് മാറ്റങ്ങള്‍ അനുഭവപ്പെട്ടത്.

ദുലാര്‍ ചന്ദ് വടിയുടെ സഹായത്തോടെ നടക്കാന്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വാക്സിന്‍ എടുത്തത് കൊണ്ടാണ് തനിക്ക് വീണ്ടും നടക്കാന്‍ സാധിച്ചത്. ഇതില്‍ വളരെ സന്തോഷമുണ്ട് എന്നും ദുലാര്‍ ചന്ദ് പറഞ്ഞു. അത്ഭുതകരമായ മാറ്റമാണ് ദുലാര്‍ ചന്ദിന് ഉണ്ടായിരിക്കുന്നത്. ഇതേ കുറിച്ച് പഠനം നടത്താന്‍ മെഡിക്കല്‍ ടീമിനെ രൂപീകരിച്ചിട്ടുണ്ട് എന്നും ബൊക്കാറോയിലെ സിവില്‍ സര്‍ജന്‍ ജിതേന്ദ്രകുമാര്‍ അറിയിച്ചു.

അഞ്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ച ഒരു അപകടത്തില്‍ നട്ടെല്ലിന് പരിക്കേറ്റ് ദുലാര്‍ ചന്ദ് കിടപ്പിലായിരുന്നു. അപകടത്തില്‍ സംസാര ശേഷിയും നഷ്ടപ്പെട്ടിരുന്നു. കിടപ്പു രോഗി ആയതിനാല്‍ ദുലാറിന് വീട്ടില്‍ എത്തിയാണ് വാക്സിന്‍ നല്‍കിയത്. വാക്സിന്‍ എടുത്ത് ഒരു ദിവസം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ശരീരം വാക്സിനോട് പ്രതികരിക്കാന്‍ തുടങ്ങി. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ദുലാര്‍ ചന്ദ് സംസാര ശേഷി വീണ്ടെടുക്കുകയും, പിന്നീട് നടക്കാന്‍ തുടങ്ങുകയും ചെയ്തതായി പെറ്റാര്‍ വാര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഡോക്ടറായ ആല്‍ബെല്‍ കെര്‍ക്കേറ്റ പറഞ്ഞു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക