വി ഐ പിയെ കിട്ടിയെന്നു പോലീസ്  (പി പി മാത്യു )

(പി പി മാത്യു ) Published on 15 January, 2022
വി ഐ പിയെ കിട്ടിയെന്നു പോലീസ്   (പി പി മാത്യു )

ബിഷപ് ഫ്രാങ്കോ ബലാത്സംഗ കേസില്‍ കുറ്റ  വിമുക്തനായതോടെ നടന്‍ ദിലീപ് പാട്ടും പാടി പുറത്തു പോരും എന്ന് ആക്ഷേപങ്ങള്‍ ഉയര്‍ന്നു തുടങ്ങി. പോലീസിന്റെ കെടുകാര്യസ്ഥതയും ജുഡീഷ്യറിയുടെ അഴിമതിയും വരെ ആരോപിക്കപ്പെടുന്ന നേരത്തു പക്ഷെ നടനെ പൂട്ടി മുഖം രക്ഷിക്കാനുള്ള കഠിന ശ്രമത്തിലാണ്  പോലീസ്. ഇതു വരെ ഒരു പടവും സംവിധാനം ചെയ്തിട്ടില്ലെങ്കിലും സംവിധായകന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബാലചന്ദ്രകുമാര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് ഊര്‍ജിതമായ നീക്കങ്ങള്‍ നടത്തുന്നത്.

ദിലീപിന്റെ വീട്ടില്‍ വച്ച് താന്‍ കണ്ടുവെന്ന് കുമാര്‍ പറഞ്ഞ വി ഐ പിയെ ഇപ്പോള്‍ അദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ട് എന്നാണ് ക്രൈം ബ്രാഞ്ച് സംഘം ശനിയാഴ്ച വെളിപ്പെടുത്തിയത്. ആരാണ് വി ഐ പി എന്ന ചോദ്യത്തിനു പക്ഷെ മറുപടി ഉണ്ടായില്ല. അറസ്റ്റ് ഉടനെ ഉണ്ടാവുമെന്നും അപ്പോള്‍ അറിയാമെന്നും അന്വേഷണ സംഘത്തിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

മൂന്നു ഫോട്ടോകള്‍ കാണിച്ചു കൊടുത്തപ്പോള്‍ അതില്‍ ഒരാളെ കുമാര്‍ തിരിച്ചറിഞ്ഞുവെന്നു ക്രൈം ബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു. 
താന്‍ ആലുവയിലെ ദിലീപിന്റെ വീട്ടില്‍ ഇരിക്കുമ്പോള്‍ 2017 നവംബര്‍ 15 നു ഒരു വി ഐ പി വന്നു കയറിയെന്നും അയാളെ നടന്റെ സഹോദര പുത്രന്‍ 'ശരത് അങ്കിളേ' എന്ന് വിളിച്ചുവെന്നും ആയിരുന്നു കുമാര്‍ നേരത്തെ ടി വി ചാനലുകളില്‍ പറഞ്ഞത്. എന്നാല്‍ കാവ്യാ മാധവന്‍ അയാളെ 'ഇക്കാ' എന്നാണ് വിളിച്ചതെന്നും കുമാര്‍ കൂട്ടിച്ചേര്‍ത്തു. 

ആളെ അറിയില്ല എന്നായിരുന്നു വെള്ളിയാഴ്ച വരെ കുമാറിന്റെ നിലപാട്. എന്നാല്‍ കോട്ടയം സ്വദേശിയായ ഒരു പ്രവാസി വ്യവസായിയാണ് ആ വി ഐ പി എന്ന് കുമാര്‍ തിരിച്ചറിഞ്ഞതായി ശനിയാഴ്ച പോലീസ് പറഞ്ഞു. 

രാഷ്ട്രീയമായി ഉയര്‍ന്ന സ്വാധീനമുള്ള വി ഐ പി, ഉദ്യോഗസ്ഥരെ വിളിച്ചു ഭീഷണിപ്പെടുത്തി എന്നും കുമാര്‍ പറഞ്ഞിരുന്നു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തി എന്ന ദിലീപിനെതിരായ പുതിയ കേസില്‍ ആറാം പ്രതിയായി ഈ വി ഐ പിയെ ലിസ്റ്റ് ചെയ്തിട്ടുണ്ട്. 

എന്നാല്‍ അയാളെ അറസ്റ്റ് ചെയ്യാന്‍ കഴിയുന്ന തെളിവുകള്‍ ഇപ്പോഴും പോലീസിന് കിട്ടിയിട്ടില്ല. 
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ വി ഐ പി കൊണ്ടു  വന്നുവെന്നും ദിലീപും കുടുംബാംഗങ്ങളും ഒന്നിച്ചിരുന്നു അത് കണ്ടുവെന്നുമാണ് കുമാര്‍ പറയുന്നത്. പിറ്റേന്ന് വി ഐ പി ഗള്‍ഫിലേക്ക് പറന്നുവെന്നും ദൃശ്യങ്ങള്‍ അവിടെ മറവു ചെയ്തുവെന്നും സംശയിക്കുന്നു. കുമാര്‍ പറയുന്ന ആള്‍ തന്നെ വി ഐ പി എന്ന് സ്ഥിരീകരിക്കാന്‍ ശബ്ദ പരിശോധന നടത്തും. 

അതേ സമയം, ചില റിപ്പോര്‍ട്ടുകളില്‍ വി ഐ പി എന്ന് വെളിപ്പെടുത്തുന്ന പ്രവാസി വ്യവസായി മെഹ്ബൂബ് അബ്ദുല്ല അത് നിഷേധിച്ചു. അത്തരത്തിലുള്ള ബന്ധങ്ങളൊന്നും തനിക്കു ദിലീപുമായി ഇല്ലെന്നു അദ്ദേഹം വ്യക്തമാക്കി. 

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ഫെബ്രുവരി 16 നകം പൂര്‍ത്തിയാക്കണം എന്ന സുപ്രീം കോടതി ഉത്തരവു നിലനില്‍ക്കുമ്പോള്‍ പോലീസ് ഹാജരാക്കിയ തെളിവുകള്‍ അപര്യാപ്തമാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇരുപതോളം സാക്ഷികള്‍ കൂറ് മാറിയെന്ന നാണക്കേടുമുണ്ട്. അവരെ ദിലീപ് പണം കൊടുത്തു കൂറ് മാറ്റി എന്ന വിശദീകരണത്തിനു മറുപടിയായി ഉയരുന്ന ചോദ്യം, അത്ര ദുര്‍ബലരാണോ അവര്‍ എന്നതാണ്. പോലീസ് എന്തേ കൂറുമാറ്റം തടഞ്ഞില്ല എന്നും. 

വ്യാഴാഴ്ച ആലുവയില്‍ ദിലീപിന്റെയും സഹോദരന്‍ അനൂപിന്റെയും വീടുകളിലും എറണാകുളം ചിറ്റൂര്‍ റോഢില്‍ നടന്റെ നിര്‍മാണ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്റെ ഓഫീസിലും നടത്തിയ തെരച്ചിലില്‍ ലഭിച്ച ഡിജിറ്റല്‍ തെളിവുകള്‍ നിര്‍ണായകമാകും എന്നാണ് പോലിസിന്റെ അവകാശവാദം. കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കുകള്‍ക്കു പുറമെ ദിലീപിന്റെ പേര്‍സണല്‍ ഫോണും പിടിച്ചെടുത്തിരുന്നു. ഇവയുടെ ഡാറ്റാ വിശകലനം ചെയ്തു വരികയാണ്. 
ഈ പുതിയ വിവരങ്ങള്‍ കോടതിയെ അറിയിക്കുമ്പോള്‍ വിചാരണയും അന്വേഷണവും  നീട്ടാനും ദിലീപിനെ വീണ്ടും അറസ്റ്റ് ചെയ്തു ചോദ്യം ചെയ്യാനും അനുമതി ലഭിക്കും എന്ന് പോലീസ് കരുതുന്നു. കോടതിക്ക് തെളിവുകള്‍ ബോധ്യപ്പെട്ടില്ലെങ്കില്‍ ആ ശ്രമം പാഴാകും. 

കുമാര്‍ നല്‍കിയ വിവരങ്ങള്‍ മുദ്ര വച്ച കവറില്‍ ഹാജരാക്കണമെന്ന് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്.  കുമാറിന്റെ മൊഴിയുടെ വിശദാംശങ്ങള്‍ പരിശോധിക്കാതെ തീരുമാനം എടുക്കാന്‍ ആവില്ലെന്ന്  നടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കേള്‍ക്കുന്ന  ജസ്റ്റിസ് പി. ഗോപിനാഥന്‍ വ്യക്തമാക്കി.   
ഏഴു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ 51 പേജുള്ള മൊഴി ആണ് കുമാര്‍ നല്‍കിയത്. 

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക