ന്യൂയോർക്കിലെ ആശുപത്രികളിൽ കോവിഡ് രോഗികൾ കുറയുന്നു; കാലിഫോർണിയയിൽ കേസുകൾ ഉയരുന്നു 

Published on 15 January, 2022
ന്യൂയോർക്കിലെ ആശുപത്രികളിൽ കോവിഡ് രോഗികൾ കുറയുന്നു; കാലിഫോർണിയയിൽ കേസുകൾ ഉയരുന്നു 

ഒമിക്രോൺ കുതിച്ചുയരുന്നതിനിടയിലും  ആശുപത്രിയിൽ പ്രവേശനം കുറയുന്നു എന്ന ആശ്വാസം ന്യൂയോർക്ക് ഗവർണർ കാത്തി ഹോക്കൽ  വെള്ളിയാഴ്ച പങ്കുവച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച കോവിഡ് ബാധിതരുടെ  എണ്ണം തുടർച്ചയായി രണ്ട് ദിവസവും കുറഞ്ഞ്  12,207 ആയെന്ന്  സംസ്ഥാന ഡാറ്റ വ്യക്തമാക്കുന്നു.
വ്യാഴാഴ്ച 49,027 കേസുകളാണ് രേഖപ്പെടുത്തിയത്. ഒരാഴ്ച മുമ്പ് 90,000-ത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.
ജനുവരി 3 ന്  പോസിറ്റിവിറ്റി നിരക്ക് ഉയർന്ന്  23.17 ശതമാനത്തിൽ എത്തിയിരുന്നെങ്കിലും പിന്നീട് കുറഞ്ഞ് 16.3 ശതമാനം വരെയായി.
എന്നാൽ,  ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന്  പത്രസമ്മേളനത്തിൽ ഹോക്കൽ ഓർമ്മപ്പെടുത്തി. വ്യാപനം തടയാനും സ്വയം സുരക്ഷിതരായിരിക്കാനും  വാക്സിനും ബൂസ്റ്ററും എടുക്കണമെന്നും മാസ്ക് ധരിക്കണമെന്നും രോഗലക്ഷണം അനുഭവപ്പെട്ടാൽ വീട്ടിൽ തന്നെ തുടരണമെന്നും ഗവർണർ നിർദ്ദേശിച്ചു.
വ്യാഴാഴ്ച 195 മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്, തലേദിവസത്തെ മരണസംഖ്യ 177 ആയിരുന്നു.
കുറഞ്ഞുവരുന്ന ഡാറ്റ കണക്കിലെടുത്ത്, ഒമിക്രോൺ വേരിയന്റ് ഇനി ഒരു ഭീഷണി ഉയർത്താൻ സാധ്യതയില്ലെന്നും  ഇൻഡോർ മാസ്‌ക് ഇല്ലാതാക്കാനുള്ള ആലോചനയിലാണെന്നും ഹോക്കൽ അഭിപ്രായപ്പെട്ടു.
 കാലിഫോർണിയ ഇപ്പോഴും കേസുകൾ കുതിച്ചുയരുകയാണ്. ആശുപത്രികളിലും രോഗികൾ കൂടുതലാണ്.
 114,000 പുതിയ കേസുകളാണ് കാലിഫോർണിയയിൽ പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത്. ലോസ് ആഞ്ചൽസിൽ മാത്രം ഏഴ് ദിവസത്തിനിടെ പ്രതിദിനം ശരാശരി 41,000 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 4,257 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിൽ  25 ശതമാനം പേരും ഐസിയുവിലാണ്. ലോസ് ആഞ്ചൽസിലെ തീവ്രപരിചരണവിഭാഗത്തിലെ 80 ശതമാനത്തിലേറെയും കിടക്കകളിൽ രോഗികളുണ്ട്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക