Image

എയ്മിലിൻ തോമസിന് അമേരിക്കൻ പ്രസിഡൻ്റിൻ്റെ അഭിനന്ദനം

Published on 15 January, 2022
എയ്മിലിൻ തോമസിന് അമേരിക്കൻ പ്രസിഡൻ്റിൻ്റെ അഭിനന്ദനം

ഈഗിൾവിൽ (പെൻസിൽവേനിയ):  ഐക്യരാഷ്ട്രസഭയിൽ അമേരിക്കൻ പ്രതിനിധിയായി ബാലാവകാശ വിഷയം പ്രസംഗിച്ച മലയാളി വിദ്യാർത്ഥിനി എയ്‌മിലിൻ തോമസിന് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ്റെ  അഭിനന്ദനം.

നമ്മുടെ രാജ്യത്തെക്കുറിച്ച്, ഞാൻ ഇന്ന് കൈവരിച്ചിരിക്കുന്ന ശുഭാപ്തി വിശ്വാസ്സം, ഏറ്റവും ഉജ്ജ്വലമാണ് എന്ന ചിന്ത, തെറ്റായ ചിന്ത അല്ല, എന്നതിന്, ഏയ്‌മിലിനെപോലുള്ള യുവ നേതാക്കളാണ് കാരണക്കാർ എന്നു അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ തൻ്റെ അഭിനന്ദന സന്ദേശത്തിൽ പറഞ്ഞു.

അഭിനന്ദനക്കുറിപ്പിൻ്റെ പൂർണ്ണ രൂപം:

കുട്ടികളുടെ അവകാശങ്ങളെയും ആശ്വാസപരിപാലനത്തെയും കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ പൊതുചർച്ചാദിനത്തിലെ താങ്കളുടെ  ആമുഖ പരാമർശങ്ങൾ അതിശയകരമായിരുന്നു. നമ്മുടെ രാജ്യത്തെ മികച്ച വാഗ്‌മിത്വത്തോടെ പ്രതിനിധീകരിച്ചതിനും കുട്ടികളുടെ അവകാശങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള താങ്കളുടെ പ്രചോദനാത്മകമായ പ്രതിബദ്ധതയ്ക്കും നന്ദി. ഇത് യഥാർത്ഥത്തിൽ അതീവപ്രധാനമായ കാര്യമാണ്.

അഭിപ്രായപ്രകടനങ്ങളുടെ ഭാഗമായി താങ്കൾ പങ്കുവെച്ച വ്യക്തിഗത കഥ എന്നെ വളരെ ആഴത്തിൽ സ്പർശിച്ചു. എയ്‌മിലിൻ്റെ സഹോദരൻ ഇമ്മാനുവേലിനെ എയ്‌മിലിൻ സ്നേഹിക്കുകയും പരിചരിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന രീതി എന്റെ അമ്മ പണ്ടേ എന്നെ പഠിപ്പിച്ച ഒരു പാഠം എന്നെ ഓർമ്മിപ്പിക്കുന്നു: നിങ്ങളുടെ സഹോദരങ്ങളെക്കാൾ നിങ്ങൾക്ക് ഉറ്റവരായി മറ്റാരുമില്ല. പരസ്പരം ആശ്രയമർപ്പിക്കാൻ കഴിയണം.

നമ്മുടെ രാജ്യത്തെക്കുറിച്ച് ഞാൻ ഇന്ന് കൈവരിച്ചിരിക്കുന്ന ശുഭാപ്തി വിശ്വാസ്സം ഏറ്റവും ഉജ്ജ്വലമാണ് എന്ന ചിന്ത തെറ്റായ ചിന്ത അല്ല  എന്നതിന് ഏയ്‌മിലിനെപോലുള്ള യുവ നേതാക്കളാണ് കാരണക്കാർ. ജിജ്ഞാസയും സർഗ്ഗാത്മകതയും നിർഭയയത്വവും ഉള്ളവരായിത്തുടരാൻ  ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. മാറ്റത്തിനായി നിങ്ങളുടെ ശബ്ദം ഉപയോഗിക്കുന്നത് തുടരുക, ശരിയായതിന് വേണ്ടി നിലകൊള്ളുക. നിങ്ങളുടെ ഭാവി നിങ്ങളെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് കാണാൻ എനിക്ക് കാത്തിരിക്കാനാവില്ല!!

ആത്മാർത്ഥതയോടെ,

ജോ ബൈഡൻ

   
   

പെൻസിൽ വേനിയാ ഗവർണ്ണർ ടോം വൂൾഫ്, യുനൈറ്റഡ് സ്റ്റേറ്റ് സെനറ്റർ പാറ്റ് റ്റൂമി, കോൺഗ്രസ്സ് വുമൻ മാഡലിൻ ഡീൻ, പെൻസിൽവേനിയാ സ്റ്റേറ്റ് സെനറ്റർ കെയ്റ്റീ മ്യൂറ്റ്,  ലൂറ്റെനൻ്റ് ഗവർണർ ജോൺ ഫെട്ർമെൻ, സ്റ്റേറ്റ് റെപ്രസെൻ്റേറ്റിവ് മാർടിനാ വൈറ്റ്, ന്യൂ യോർക് സെനറ്റർ കെവിൻ തോമസ് എന്നീ രാഷ്ട്രീയ പ്രമുഖരുടെ പ്രശംസാ പത്രങ്ങളും എയ്‌മിലിനെ തേടി വന്നു.

കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച ഐക്യരാഷ്ട്രസഭാക്കമ്മിറ്റി 2021 സെപ്റ്റംബർ 17ന് സംഘടിപ്പിച്ച ചർച്ചാസമ്മേളനത്തിൽ, ഹൈസ്കൂൾ വിദ്യാർഥിനയായ എമിലിൻ റോസ് തോമസാണ് ആമുഖ പ്രഭാഷണം നിർവഹിച്ചത്. യു എന്നിൽ അമേരിക്കൻ പ്രതിനിധിയായി ബാലാവകാശ പ്രസംഗം മുഴക്കി അമേരിക്കൻ മലയാളി വിദ്യാർത്ഥി നിരയിൽ നിന്ന് ഡിപ്ളോമാറ്റുകളുടെ ശ്രദ്ധ നേടിയ ഉദയതാരമാണ് എയ്‌മിലിൻ റോസ് തോമസ്.

എയ്‌മിലിൻ തോമസ്സിനെ പെൻസിൽ വേനിയാ ഗവർണ്ണർ ടോം വൂൾഫ്, ഹാരിസ് ബർഗിലെ കാപ്പിറ്റോൾ ഗവർണ്ണേഴ്സ് ഓഫീസ്സിൽ ആദരിച്ചു. ഡോ. ശശി തരൂർ, മാണി സി കാപ്പൻ എം എൽ എ, മദ്രാസ് ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഡോ ജസ്റ്റീസ് കെ നാരായണക്കുറുപ്പ് ഉൾപ്പെടെയുള്ളവരും  എയ്‌മിലിൻ റോസ് തോമസിന് ആശംസ അറിയിച്ചിരുന്നു. വേൾഡ് മലയാളി കൗൺസിലിൻ്റെ "റൈസിങ്ങ് ഡിപ്ളോമാറ്റ് ഡയമണ്ട് അവാർഡും എയ്‌മിലിൻ തോമസിനെ തേടിയെത്തി.

പാലാ അവിമൂട്ടിൽ  ജോസ് തോമസിൻ്റെയും  മൂലമറ്റംകുന്നക്കാട്ട് മെർലിൻ അഗസ്റ്റിന്റെയും മകളായ എയ്‌മിലിൻ യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവേനിയയിൽ ന്യൂറോ സയൻസിനു പഠിക്കാനുള്ള തയ്യാറെടുപ്പിലാണ്. സ്പ്രിംഗ് ഫോർഡ് ഏരിയ ഹൈസ്കൂളിൽ ഗണിത അധ്യാപകനായി ജോസ് തോമസ് ജോലി ചെയ്യുന്നു. ഫാർമ മേജർ ഫൈസർ ഇൻകോർപ്പറേഷനിൽ ഗ്ലോബൽ കംപ്ലയിൻസ് അസോസിയേറ്റ് ഡയറക്ടറാണ് മെർലിൻ അഗസ്റ്റിൻ.

 

എയ്മിലിൻ തോമസിന് അമേരിക്കൻ പ്രസിഡൻ്റിൻ്റെ അഭിനന്ദനം
അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ എയ്മലിൻ റോസ് തോമസിന് അയച്ച അഭിനന്ദന സന്ദേശം
എയ്മിലിൻ തോമസിന് അമേരിക്കൻ പ്രസിഡൻ്റിൻ്റെ അഭിനന്ദനം
. പെൻസിൽവേനിയ ഗവർണർ ടോം വൂൾഫ് എയ്മിലിൻ റോസ് തോമസിൻ്റെ അഭിനന്ദിക്കുന്നു.
എയ്മിലിൻ തോമസിന് അമേരിക്കൻ പ്രസിഡൻ്റിൻ്റെ അഭിനന്ദനം
പെൻസിൽവേനിയ ഗവർണ്ണറുടെ അഭിനന്ദന സന്ദേശം
എയ്മിലിൻ തോമസിന് അമേരിക്കൻ പ്രസിഡൻ്റിൻ്റെ അഭിനന്ദനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക