നവാബ് രാജേന്ദ്രൻ എന്ന വിസിൽ ബ്ലോവർ (ജയ്‌മോന്‍ ജേക്കബ് പുറയംപള്ളില്‍)

Published on 16 January, 2022
നവാബ് രാജേന്ദ്രൻ എന്ന വിസിൽ ബ്ലോവർ  (ജയ്‌മോന്‍ ജേക്കബ് പുറയംപള്ളില്‍)

അയഞ്ഞു തൂങ്ങിയ ജുബ്ബയും ,തോളിൽ ഒരു തുണിസഞ്ചിയും, സ്‌ഥിരം വ്യവഹാരി എന്ന കിരീടവുമായി മൂന്ന് പതിറ്റാണ്ടുകാലം കേരളത്തിലെ കോടതികളിലെ സ്ഥിര സാന്നിധ്യമായിരുന്ന നവാബ് രാജേന്ദ്രനെ "വിസിൽ ബ്ലോവർ" എന്ന ഗണത്തിൽ പെടുത്താം.

ഫേസ്ബുക്ക് കമ്പനിക്കെതിരെ ഏതാനും മാസങ്ങൾക്ക് മുൻപ് ഫ്രാൻസെസ്‌ ഹൊഗെൻ എന്ന ജീവനക്കാരി, വിസിൽ ബ്ലോവർ എന്ന തലത്തിൽ പറത്തുവിട്ട വെളിപ്പെടുത്തലുകൾ ഈയിടെ ലോകശ്രദ്ധ ആകർഷിച്ചിരുന്നല്ലോ. ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിലെ ലോഗ്‌രിതം,കൗമാരപ്രായത്തിലുള്ള പെൺകുട്ടികളിൽ അഡിക്ഷനും,മാനസിക പിരിമുറുക്കത്തിനും കാരണമായി ഭവിക്കും എന്നുള്ള വിവിധ ഡേറ്റ ,കമ്പനിയുടെ സാമ്പത്തിക കൊതിക്കായി മറച്ചുവെച്ചു എന്നുള്ളതായിരുന്നു ലോകത്തോടുള്ള വെളിപ്പെടുത്തൽ.

വിസിൽ ബ്ലോവർ എന്ന പദത്തിന് നിഘണ്ടു നൽകുന്ന  വ്യാഘ്യാനം, ഒരു സ്ഥാപനത്തിലോ ,ഗവർമെൻറ്റിലോ  ജോലി ചെയ്യുന്നവർ, അവിടെ നടക്കുന്ന അഴിമതിയൊ, ക്രമക്കേടുകളോ പൊതുജന മദ്ധ്യേ വെളിപ്പെടുത്തുന്നതിനെ ആണെങ്കിൽക്കൂടി,നവാബ് രാജേന്ദ്രൻ തൻ്റെ ജീവിതാവസാനം വരെ, പൊതുഖജനാവിന്‌ നഷ്ടം വരുത്തുന്നവരെ സമൂഹമധ്യത്തിൽ തുറന്ന് കാട്ടുന്ന ധീരകർമങ്ങളിൽ വ്യാപൃതനായിരുന്നു.

തെക്കേ അരങ്ങത്ത്‌ രാജേന്ദ്രൻ ,തൃശ്ശൂർ ആസ്ഥാനമാക്കി,"നവാബ്" എന്ന പേരിൽ അന്വേഷാത്മക പത്രം പ്രസിദ്ധീകരിക്കാൻ തുടങ്ങിയപ്പോളാണ് നവാബ് രാജേന്ദ്രൻ എന്ന് വിളിക്കപ്പെടാൻ ആരംഭിച്ചത്. ഉപ്പ് സത്യഗ്രഹം തുടങ്ങി വിവിധ പൊതുജന താൽപ്പര്യങ്ങൾക്ക് മുന്നിട്ടിറങ്ങി പ്രവർത്തിച്ചിട്ടുള്ള കെ.വി.കുഞ്ഞുരാമ പൊതുവാളുടെ മകനിലും,ആ സമര വീര്യങ്ങൾ എന്നും നിറഞ്ഞുനിന്നിരുന്നു.

അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന ശ്രീ.കെ കരുണാകരനെ പ്രതിക്കൂട്ടിൽ നിർത്തിക്കൊണ്ട്,തട്ടിൽ എസ്റ്റേറ്റ് വിവാദത്തിലെ കത്ത്, നവാബിൽ പ്രസിദ്ധികരിച്ചതിലൂടെ,രാജേന്ദ്രൻ കിരാതമായ പോലീസ് മർദ്ദന പരമ്പരകൾ ക്ഷണിച്ചുവരുത്തി. ലഭ്യമാകുമായിരുന്ന സാമ്പത്തിക, സ്വകാര്യ സാധ്യതകളും നേട്ടങ്ങളും ഉപേക്ഷിച്ച്, ഭീഷണികളും പോലീസ് മർദ്ദനങ്ങളും തൃണവൽക്കരിച്ചുകൊണ്ട് ,ഭരണകൂട ഭീകരതയും,മനുഷ്യാവകാശ ധ്വംസവും നിരന്തരം  നവാബിൽ എക്സ്പോസ് ചെയ്ത്‌കൊണ്ടിരുന്നു.

ആരോഗ്യപരമായ ജനാധിപത്യത്തിന് ഉതകേണ്ട, നാലാമത്തെ നെടുംതൂണായ പൊതുതാൽപര്യ നവാബ് രാജേന്ദ്രന്മാർ ഇനിയും പൊരുതട്ടെ എന്ന് ആശംസിക്കാം.

sakhaavu 2022-01-19 02:26:46
ithonnu vayichittu navabine kuricchu ezhuthaamaayirunnu. Nawab Rajendran: Oru Manushyavakasa Porattathinte Charithram by Kamalram Sajeev
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക