Image

മാര്‍ ജോസഫ് പാംപ്ലാനി (തലശേരി), മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ (പാലക്കാട്): പുതിയ ഇടയന്‍മാര്‍

Published on 16 January, 2022
മാര്‍ ജോസഫ് പാംപ്ലാനി (തലശേരി), മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ (പാലക്കാട്): പുതിയ ഇടയന്‍മാര്‍

കൊച്ചി: തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പായി മാര്‍ ജോസഫ് പാംപ്ലാനിയും പാലക്കാട് രൂപതയുടെ ബിഷപ്പായി മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കലും നിയമിക്കപ്പെട്ടു. കാക്കനാട് മൗണ്ട് സെയ്ന്റ് തോമസില്‍ നടന്ന സിറോ മലബാര്‍ സഭാ സിനഡില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തി.

തലശ്ശേരി അതിരൂപതയിലെ ചരള്‍ ഇടവകാംഗയിലെ പാംപ്ലാനിയില്‍ തോമസ് മേരി ദമ്പതിമാരുടെ മകനാണ് മാര്‍ ജോസഫ് പാംപ്ലാനി. 2017 മുതല്‍ തലശ്ശേരി അതിരൂപത സഹായമെത്രാനാണ്. 1997 ഡിസംബറിലാണ് പൗരോഹിത്യം സ്വീകരിച്ചത്. തലശ്ശേരി ബൈബിള്‍ അപ്പൊസ്തലേറ്റ് ഡയറക്ടറായിരുന്നു. 

ആല്‍ഫ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനായ ബിഷപ്പ് പാംപ്ലാനി ആലുവ, വടവാതൂര്‍, കുന്നോത്ത്, തിരുവനന്തപുരം സെയ്ന്റ് മേരീസ്, ബാംഗ്ലൂര്‍ സെയ്ന്റ് പീറ്റേഴ്‌സ് എന്നീ മേജര്‍ സെമിനാരികളില്‍ വിസിറ്റിങ് പ്രൊഫസറായിരുന്നു. തലശ്ശേരി അതിരൂപത അധ്യക്ഷനായിരുന്ന മാര്‍ ജോര്‍ജ് ഞറളക്കാട്ട് വിരമിച്ച ഒഴിവിലാണ് നിയമനം. പാലക്കാട് രൂപതയുടെ മൂന്നാമത്തെ മെത്രാനായിട്ടാണ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ നിയമിതനായത്. പാലാ മരങ്ങോലി ഇടവകയിലെ കൊച്ചുപുരയ്ക്കല്‍ പരേതരായ മാണിയുടെയും ഏലിക്കുട്ടിയുടെയും മകനാണ്. 1990-ല്‍ പൗരോഹിത്യം സ്വീകരിച്ചു.

പാലക്കാട് രൂപതയിലെ വിവിധ ഇടവകകളില്‍ ശുശ്രൂഷചെയ്ത അദ്ദേഹം, സഭാ കോടതിയുടെ അധ്യക്ഷനായും രൂപത ചാന്‍സലറായും വികാരി ജനറാളായും മൈനര്‍ സെമിനാരി റെക്ടറായും സേവനമനുഷ്ഠിട്ടുണ്ട്. 2020 മുതല്‍ പാലക്കാട് രൂപതയുടെ സഹായമെത്രാനാണ്. പാലക്കാട് രൂപത അധ്യക്ഷനായിരുന്ന മാര്‍ ജേക്കബ് മനത്തോടത്ത് വിരമിച്ച ഒഴിവിലാണ് നിയമനം.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക