അയല്‍വാസിയെ കൊന്ന കേസില്‍ പിടിയിലായ അമ്മയും മകനും മുമ്പ് പീഡനം മറയ്ക്കാനും കൊലപാതകം നടത്തി

ജോബിന്‍സ് Published on 16 January, 2022
അയല്‍വാസിയെ കൊന്ന കേസില്‍ പിടിയിലായ അമ്മയും മകനും മുമ്പ് പീഡനം മറയ്ക്കാനും കൊലപാതകം നടത്തി

വിഴിഞ്ഞത്ത് അയല്‍വാസിയെ കൊന്ന് മച്ചിലൊളിപ്പിച്ച കേസില്‍ അറസ്റ്റിലായ റഫീഖയേയും മകനേയും ചോദ്യം ചെയ്തതില്‍ നിന്നും മറ്റൊരു കേസുകൂടി ചുരുളഴിയുന്നു. ഒരു വര്‍ഷം മുമ്പ് നടന്ന പതിനാലുകാരിയുടെ കൊലപാതകത്തിന് പിന്നില്‍ റഫീക്കാ ബീവിയും മകനുമാണ് എന്ന് പുതിയ കണ്ടെത്തല്‍. അയല്‍വാസിയായ ശാന്തകുമാരിയെ കൊന്ന് മച്ചില്‍ ഒളിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ റഫീക്ക ബീവിയെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മകന്‍ പീഡിപ്പിച്ച വിവരം പുറത്ത് വരാതിരിക്കാനാണ് പെണ്‍കുട്ടിയെ കൊന്നത് എന്ന് റഫീക്ക പൊലീസിനോട് പറഞ്ഞു. ശാന്തകുമാരിയുടെ തലയക്കടിച്ച അതേ ചുറ്റിക ഉപയോഗിച്ച് തലക്കടിച്ചാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് എന്നും റഫീക്ക സമ്മതിച്ചു. ഒരു വര്‍ഷംമുമ്പ് പെണ്‍കുട്ടിയെ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും രക്ഷിക്കാനായില്ല. തലയ്ക്കേറ്റ ക്ഷതമാണ് പെണ്‍കുട്ടിയുടെ മരണകാരണം എന്ന പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയെങ്കിലും കുറ്റക്കാരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

ഈ കേസില്‍ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചതും കേസില്‍ പ്രധാന സാക്ഷികളും പെണ്‍കുട്ടികളുടെ അയല്‍ക്കാരായ റഫീഖയും മകനുമായിരുന്നു. പെണ്‍കുട്ടിയുടെ വളര്‍ത്തച്ഛനും അമ്മയും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നായിരുന്നു ഇവരുടെ സാക്ഷിമൊഴി.

തിരുവനന്തപുരത്ത് വയോധികയെ കൊലപ്പെടുത്തി മൃതദേഹം മച്ചില്‍ ഒളിപ്പിച്ച സംഭവത്തില്‍ ഇന്നലെയാണ് സംഭവത്തില്‍ റഫീക്കാ ബീവി, മകനായ ഷഫീക്ക്, സുഹൃത്ത് അല്‍ അമീന്‍, എന്നിവര്‍ അറസ്റ്റിലായത്. മുല്ലൂരിലെ വീടിന് മുകളിലുള്ള മച്ചില്‍ നിന്നാണ് ശാന്തകുമാരിയുടെ മൃതദേഹം കണ്ടെടുത്തത്. ശാന്തകുമാരിയെ കൊലപ്പെടുത്തി ആഭരണങ്ങള്‍ കൈക്കലാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക