ലോ കോളജിലെ എസ്എഫ്‌ഐ കൊടിമരം തകര്‍ത്തു; കോണ്‍ഗ്രസ് കൗണ്‍സിലറും പ്രവര്‍ത്തകരും അറസ്റ്റില്‍

ജോബിന്‍സ് Published on 16 January, 2022
ലോ കോളജിലെ എസ്എഫ്‌ഐ കൊടിമരം തകര്‍ത്തു; കോണ്‍ഗ്രസ് കൗണ്‍സിലറും പ്രവര്‍ത്തകരും അറസ്റ്റില്‍

എറണാകുളം ഗവണ്‍മെന്റ് ലോ കോളജില്‍ കയറി എസ്.എഫ്.ഐയുടെ കൊടിമരവും പ്രചാരണ വസ്തുക്കളും തകര്‍ത്ത സംഭവത്തില്‍ കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലറും കെ.എസ്.യു യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരും അറസ്റ്റില്‍. വാത്തുരുത്തി ഡിവിഷന്‍ കോണ്‍ഗ്രസ് കൗണ്‍സിലറായ ടിബിന്‍ ദേവസി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ ഷാജഹാന്‍, കെ.എസ്.യു കളമശേരി മണ്ഡലം പ്രസിഡന്റ് കെ.എം കൃഷ്ണലാല്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

എറണാകുളം സൗത്തിലെ ലോഡ്ജില്‍ കഴിഞ്ഞിരുന്ന ഇവരെ സെന്‍ട്രല്‍ പോലീസാണ് അറസ്റ്റ് ചെയ്തത്. എസ്എഫ്ഐ ലോ കോളേജ് യൂണിറ്റ് സെക്രട്ടറിയുടെ പരാതിയിലാണ് അറസ്റ്റ്. കോളജില്‍ അതിക്രമിച്ച് കയറിയവര്‍ക്ക് എതിരെ പ്രിന്‍സിപ്പാള്‍ ബിന്ദു എം. നമ്പ്യാരും പരാതി നല്‍കിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡില്‍ വിട്ടു.

ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ആയിരുന്നു സംഭവം. മതില്‍ ചാടിയെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എസ്എഫ്ഐയുടെ കൊടിമരം തകര്‍ക്കുകയും പ്രചാരണ വസ്തുക്കളും നശിപ്പിക്കുകയും ചെയ്തു. സംഭവത്തിന്‍രെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചരുന്നു. എസ്എഫ്ഐ എറണാകുളം ജില്ലാ കമ്മിറ്റിയാണ് വീഡിയോ പുറത്തുവിട്ടത്. ആക്രമണത്തെ തുടര്‍ന്ന് പൊലീസ് ഡോഗ് സ്‌ക്വാഡും, ഫോറന്‍സിക് വിഭാഗവും കോളജില്‍ എത്തി പരിശോധന നടത്തിയിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ ഏരിയ കമ്മിറ്റി പ്രകടനവും സംഘടിപ്പിച്ചിരുന്നു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക