മുന്‍ എംപി എ. സമ്പത്ത് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ നിന്നും പുറത്ത് 

ജോബിന്‍സ് Published on 16 January, 2022
മുന്‍ എംപി എ. സമ്പത്ത് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ നിന്നും പുറത്ത് 

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ സുപ്രധാന മാറ്റങ്ങള്‍. മുന്‍ എംപിയും നിലവില്‍ മന്ത്രി കെ. രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയുമായ എ. സമ്പത്തിനെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി. അപ്രതീക്ഷിത നീക്കമാണ് ഇവിടെ സിപിഎം നടത്തിയിരിക്കുന്നത്. 

അനധികൃത ദത്ത് നല്‍കല്‍ കേസില്‍ ആരോപണ വിധേയനും ശിശുക്ഷേമ സമിതി അധ്യക്ഷനുമായ ഷിജുഖാനെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍, വട്ടിയൂര്‍ക്കാവ് എംഎല്‍എ വി.കെ.പ്രശാന്ത്, അരുവിക്കര എംഎല്‍എ ജി.സ്റ്റീഫന്‍ എന്നിവരെ ജില്ലാ നേതൃത്വത്തിലേയ്ക്ക് പരിഗണിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും പരിഗണിച്ചില്ല. 

എ.സമ്പത്തിനെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം നേരത്തെ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ സമ്പത്ത് സംഘടനാ രംഗത്ത് നിര്‍ജീവമാണ് എന്ന വിമര്‍ശനമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയത്.

ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയും സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.പി.പ്രമോഷ്, എസ്.എഫ്.ഐ സംസ്ഥാന അധ്യക്ഷന്‍ ബിനീഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം, കിസാന്‍ സഭാ ദേശീയ സമിതി അംഗം പ്രീജ, ഏരിയ സെക്രട്ടറി ഡി.കെ.ശശി, ജയദവേന്‍, അമ്പിളി എന്നിവരെയാണ് പുതുതായി ജില്ലാ കമ്മിറ്റിയില്‍ എത്തിയത്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക