അയല്‍വാസി അപകീര്‍ത്തിപ്പെടുത്തിയെന്ന് സല്‍മാന്‍ ഖാന്റെ പരാതി

Published on 16 January, 2022
അയല്‍വാസി അപകീര്‍ത്തിപ്പെടുത്തിയെന്ന് സല്‍മാന്‍ ഖാന്റെ പരാതി

മുംബൈ: അയല്‍വാസി അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയെന്നാരോപിച്ച്‌ നടന്‍ സല്‍മാന്‍ ഖാന്‍ കോടതിയില്‍.

നടന്റ പരാതിയില്‍ അയല്‍വാസിയായ കേതന്‍ കക്കാഡിനെതിരെ പൊലീസ് കേസെടുത്തു. ഭൂമി വില്‍പന ഇടപാടുമായി ബന്ധപ്പെട്ട് കേതന്‍ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയെന്നാണ് സല്‍മാന്‍ ഖാന്റെ ആരോപണം.

ഖാന്റെ പന്‍വേല്‍ ഫാംഹൗസിന് സമീപം കേതന്‍ കക്കാഡിന് വസ്തു ഉണ്ടെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട ഇടപാടുകളാണ് കേസിലേക്ക് നയിച്ചത്. യൂട്യൂബ് അഭിമുഖത്തിലാണ് കേതന്‍ നടനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതെന്ന് സല്‍മാന്‍ ഖാന്റെ അഭിഭാഷകന്‍ ആരോപിച്ചു.

നടനെക്കുറിച്ച്‌ മറ്റ് പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ നിന്ന് കക്കാഡിനെ തടയണമെന് അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍, ഈ ആവശ്യം നിരസിച്ച മുംബൈ സിറ്റി സിവില്‍ കോടതി ഇടക്കാല നിരോധന ഉത്തരവൊന്നും പുറപ്പെടുവിച്ചില്ല. കേസ് ജനുവരി 21 ന് വാദം കേള്‍ക്കാന്‍ മാറ്റിവെച്ചതായി ജഡ്ജി അനില്‍ എച്ച്‌ ലദ്ദാദ് അറിയിച്ചു. അന്ന് കക്കാഡിനോട് കോടതിയില്‍ വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കേതന്‍ കക്കാഡിനെ കൂടാതെ അഭിമുഖത്തില്‍ പങ്കാളികളായ മറ്റുരണ്ട് പേര്‍ക്കെതിരെയും നടന്റെ പരാതിയില്‍ കേസെടുത്തിട്ടുണ്ട്. അഭിമുഖം നീക്കം ചെയ്യണമെന്ന് നടന്‍ ആവശ്യപ്പെട്ടതിനാല്‍ ഗൂഗിള്‍, യൂട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയെയും കേസില്‍ കക്ഷിചേര്‍ത്തിട്ടുണ്ട്. അതേസമയം, വ്യാഴാഴ്ചയാണ് തങ്ങളുടെ കക്ഷിക്ക് പരരാതി സംബന്ധിച്ച രേഖകള്‍ ലഭിച്ച​തെന്നും അവ പരിശോധിച്ച്‌ മറുപടി നല്‍കാന്‍ മതിയായ സമയം നല്‍കണമെന്നും കക്കാഡിന്റെ അഭിഭാഷകര്‍ വാദിച്ചു.

കേതന്‍ കക്കാഡിന്റെ പന്‍വേലിലെ ഭൂമി ഇടപാട് റദ്ദാക്കിയതിന് പിന്നില്‍ നടനാ​ണെന്നാരോപിച്ചാണ് ഖാനെതിരെ വിമര്‍ശനം ഉന്നയിച്ചത്. എന്നാല്‍, തന്റെ ഫാം ഹൗസിനോട് ചേര്‍ന്ന് കേതന്‍ ഒരു സ്ഥലം വാങ്ങാന്‍ ശ്രമിച്ചിരുന്നുവെന്നും നിയമപ്രശ്നങ്ങളെ തുടര്‍ന്ന് അധികൃതരാണ് ഇടപാട് റദ്ദാക്കിയെന്നും ഖാന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക