മുലായം സിംഗിന്റെ മരുമകള്‍ അപര്‍ണ യാദവ് ബിജെപിയിലേക്ക്

Published on 16 January, 2022
മുലായം സിംഗിന്റെ മരുമകള്‍ അപര്‍ണ യാദവ് ബിജെപിയിലേക്ക്

ന്യൂഡല്‍ഹി; സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിന്റെ മരുമകള്‍ ബിജെപിയിലേക്കെന്ന് സൂചന.

മുലായം സിംഗിന്റെ ഇളയമകന്‍ പ്രതീക് യാദവിന്റെ ഭാര്യ അപര്‍ണ യാദവാണ് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന സൂചന നല്‍കുന്നത്.

2017ല്‍ നടന്ന ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ എസ്പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചയാളാണ് അപര്‍ണ യാദവ്. എന്നാല്‍ ബിജെപിയുടെ റിത ബഹുഗുണയോട് 33,796 വോട്ടുകള്‍ക്ക് തോല്‍ക്കുകയായിരുന്നു. ശേഷം നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ഭരണനേട്ടങ്ങള്‍ക്കും നിരവധി തവണ അവര്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാമക്ഷേത്ര നിര്‍മാണത്തിന് 11 ലക്ഷം രൂപ സംഭാവന ചെയ്തും ദേശീയ പൗരത്വ രജിസ്റ്ററിനെ പരസ്യമായി പിന്തുണച്ചും ബിജെപി സര്‍ക്കാരിനോടുള്ള അനുഭാവം അപര്‍ണ യാദവ് നേരത്തെ പ്രകടിപ്പിച്ചിട്ടുണ്ട്.

എല്ലാ ഇന്ത്യക്കാരും തന്നാലാകുന്ന വിധം രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവനകള്‍ നല്‍കണമെന്നും അപര്‍ണ ആവശ്യപ്പെട്ടിരുന്നു. രാജ്യത്തിന്റെ സംസ്‌കാരവും വിശ്വാസവുമാണ് ശ്രീരാമന്‍. അതിനാല്‍ എല്ലാ ഇന്ത്യക്കാരനും സംഭാവന ചെയ്യാന്‍ തയ്യാറാകണമെന്നായിരുന്നു അപര്‍ണയുടെ പ്രതികരണം. എസ്പിയുടെ സിര്‍സഗഞ്ച് എംഎല്‍എയായിരുന്ന ഹരിയോം യാദവ് കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നിരുന്നു. ബുധനാഴ്ച ഡല്‍ഹിയില്‍ നടന്ന ചടങ്ങിലായിരുന്നു പാര്‍ട്ടി പ്രവേശം.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക