ലാനാ: അനിലാൽ ശ്രീനിവാസൻ പ്രസിഡൻ്റ്, ശങ്കർ മന  സെക്രട്ടറി, ഗീതാ രാജൻ ട്രഷറർ

(പി ഡി ജോർജ് നടവയൽ) Published on 16 January, 2022
ലാനാ: അനിലാൽ ശ്രീനിവാസൻ പ്രസിഡൻ്റ്, ശങ്കർ മന  സെക്രട്ടറി, ഗീതാ രാജൻ ട്രഷറർ

ചിക്കാഗോ: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (LANA)-യുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. അനിലാൽ ശ്രീനിവാസൻ (പ്രസിഡണ്ട്), ജോർജ്ജ് നടവയൽ (വൈസ് പ്രസിഡണ്ട്), ശങ്കർ മന (ജനറൽ സെക്രട്ടറി), ഷിബു പിള്ള (ജോയിന്റ് സെക്രട്ടറി), ഗീതാ രാജൻ (ട്രഷറർ), ഹരിദാസ് തങ്കപ്പൻ (ജോയിന്റ് ട്രഷറർ), പ്രസന്നൻ പിള്ള (പബ്ലിക്ക് റിലേഷൻസ് ചെയർ), സാമുവൽ യോഹന്നാൻ (പ്രോഗ്രാം കമ്മിറ്റി ചെയർ), കെ. കെ. ജോൺസൺ (എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം).

കേരളത്തിൽ നിന്ന് യു എസ് എ. യിലേയ്ക്കും കാനഡ യിലേയ്ക്കും കുടിയേറിപ്പാർത്ത ഭാഷാസ്നേഹികളുടെ ദേശീയ സാഹിത്യ സംഘടനയാണ് ലാന. സ്വതന്ത്ര മതേതര പുരോഗമന കാഴ്ചപ്പാടുള്ള എഴുത്തുകാരും സാഹിത്യാസ്വാദകരും ലാനയിൽ കൂട്ടുകൂടുന്നു.

ചിക്കാഗോയിൽ, 'സുഗതകുമാരി നഗറിൽ' (ക്നാനായ കാത്തലിക് സെന്ററിൽ -1800 Oakton st, Des Plaines),  ഒക്ടോബർ 1,2,3 തീയതികളിൽ നടന്ന, ലാനയുടെ പന്ത്രണ്ടാം ദ്വൈവാർഷിക സമ്മേളനത്തിലാണ്, പുതിയ ഭാരവാഹികളെ ഏകകണ്ഠമായി തിരഞ്ഞെടുത്തത്.

2022 ജനുവരി 9ന്, ജോസൻ ജോർജിൻ്റെ നേതൃത്വത്തിലുള്ള ലാനാ മുൻ ഭാരവാഹികളും, അനിലാൽ ശ്രീനിവാസൻ്റെ നേതൃത്വത്തിലുള്ള പുതു ഭാരവാഹികളും, സംയുക്ത യോഗം ചേർന്ന്, ലാനാ പുതുഭരണസമിതിയ്ക്ക്, ചുമതലകൾ കൈമാറി. കഴിഞ്ഞ വർഷങ്ങളിൽ ലാനയെ മുന്നോട്ടു നയിച്ച എല്ലാ എഴുത്തുകാർക്കും ലാനാ പ്രേമികൾക്കും പ്രസിഡണ്ട് അനിലാൽ ശ്രീനിവാസൻ നന്ദി രേഖപ്പെടുത്തി. 2022-23 വർഷങ്ങളിലേക്കുള്ള, ലാനയുടെ പ്രവർത്തന രേഖ, അനിലാൽ അവതരിപ്പിച്ചു. പുതു സമിതിയുടെ നേതൃത്വത്തിലുള്ള ലാനാ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഫെബ്രുവരിയിൽ നടത്തും.

ജോസെൻ കാലഘട്ടത്തിൽ, ലാനയിൽ,  ഇൻ്റർനെറ്റ് സാങ്കേതിക വിദ്യകളെയും യുവപങ്കാളിത്തത്തെയും വിപുലമായി പ്രയോജനപ്പെടുത്താൻ കഴിഞ്ഞെന്നെന്നും, ജോസെൻ്റെയും, അനിലാലിൻ്റെയും ജെയ്ൻ ജോസഫിൻ്റെയും  സേവനം അവിസ്‌മരണീയമായിരുന്നെന്നും ജോർജ് നടവയലും കെകെ ജോൺസണും വ്യക്തമാക്കി. മുൻ പ്രസിഡണ്ട് ജോസെൻ ജോർജ്ജും, മുൻ വൈസ് പ്രസിഡണ്ട് ജയ്ൻ ജോസഫും, മുൻ ഭരണ സമിതിയിലെ സഹപ്രവർത്തകർക്ക് നന്ദിയും, പുതു ഭരണ സമിതിയ്ക്ക് ഭാവുകങ്ങളും നേർന്നു.

ജോർജ്ജ് നടവയൽ, ഷിബു പിള്ള, ഹരിദാസ് തങ്കപ്പൻ, പ്രസന്നൻ പിള്ള, കെ. കെ. ജോൺസൺ എന്നിവർ പ്രവർത്തന രേഖാ ചർച്ചയിൽ ആശയങ്ങൾ അവതരിപ്പിച്ചു. പ്രോഗ്രം കമ്മിറ്റി ചെയർ സാമുവൽ യോഹന്നാൻ  പ്രവർത്തന പരിപാടികൾക്ക് പ്രാഥമിക രൂപം നൽകും. സെക്രട്ടറി ശങ്കർ മന സ്വാഗതവും, ട്രഷറർ ഗീതാ  രാജൻ കൃതജ്ഞതയും പ്രകാശിപ്പിച്ചു.

ലാനാ ചരിത്രത്തിലെ പ്രധാന നാൾ വഴി:

 ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക (FOKANA ) യുടെ ഏഴാമത് അന്തർദ്ദേശീയ സമ്മേളനം 1996-ൽ ഡാളസ്‌ , ടെക്സസിൽ ഉള്ള വിൻഡം  അനറ്റോൾ ഹോട്ടലിൽ വെച്ചു നടന്നു .

കാലങ്ങളായി ഫൊക്കാന  സമ്മേളനത്തിന്റെ ഭാഗമായി നടന്നിരുന്ന  സാഹിത്യ സമ്മേളനത്തിന്, ആ വർഷം ഹ്യൂസ്റ്റൺ മലയാളി എഴുത്തുകാരായിരുന്നു ചുക്കാൻ പിടിച്ചത്. പ്രശസ്‌ത സാഹിത്യകാരൻ എം. മുകുന്ദൻ ആയിരുന്നു മുഖ്യപ്രഭാഷകൻ.  പ്രസ്‌തുത  യോഗത്തിൽ,  സാമൂഹ്യ സമ്മേളനങ്ങളുടെ മേളക്കൊഴുപ്പുകൾക്കൊടുവിൽ , സാഹിത്യ സമ്മേളനത്തിന് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല എന്നൊരു ആശങ്ക അമേരിക്കൻ മലയാളി സാഹിത്യ സ്നേഹികളിൽ സജീവമായി. സാഹിത്യ വിഷയങ്ങൾ ചർച്ച ചെയ്യ്യുവാനും ആസ്വദിക്കുവാനും തനതായ ഒരു തട്ടകം ആവശ്യമാണെന്ന ശക്തമായ ആശയം രൂപപ്പെട്ടു. പ്രധാന യോഗവേദിയിൽ ഫൊക്കാന തിരഞ്ഞെടുപ്പ് ബഹളങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോൾ,  ഏകദേശം മുപ്പതോളം വരുന്ന സാഹിത്യപ്രേമികൾ, അതേ   ഹോട്ടലിലെ  താഴത്തെ നിലയിൽ  ഒത്തുചേർന്നു . അവിടെ നടന്ന ചർച്ചകളുടെ ഫലമായി മലയാള സാഹിത്യത്തെ  പ്രോത്സാഹിപ്പിക്കുക എന്ന ഒരേയൊരു ലക്ഷ്യത്തിനു വേണ്ടി മാത്രം നിലകൊള്ളുന്ന,  ഒരു  ദേശീയ സാഹിത്യ സംഘടന  രൂപപ്പെടുത്തുവാനുള്ള ശ്രമം ആരംഭിച്ചു . ഇതിന്റെ സാദ്ധ്യതകൾ പഠിക്കുന്നതിനായി ഡോക്ടർ എം. എസ്. ടി . നമ്പൂതിരി ചെയർമാനായുള്ള ഒരു പ്രാഥമിക കമ്മിറ്റി നിലവിൽ വന്നു. ഫിലഡൽഫിയയിലെ ‘രജനി’ മാസികയുടെ എഡിറ്ററും നോവലിസ്റ്റുമായ, ചിരസ്‌മരണീയനായ, ചാക്കോ ശങ്കരത്തിലിൻ്റെ ശ്രമങ്ങൾ വലിയ തുണയായി.

തുടർന്ന് 1997-ൽ, ഈ സംരംഭത്തിന്റെ സ്വപ്നസാക്ഷാൽക്കാരമായ ആദ്യ ദേശീയ കൺവെൻഷൻ ടെക്സസിലെ  ഡാളസ് കേരള സെന്ററിൽ നടന്നു. ചെയർമാൻ എബ്രഹാം തെക്കേമുറിയുടെ നേതൃത്വത്തിൽ ഈ ദേശീയ സംഘടനയുടെ നിയമാവലി അംഗീകരിക്കുകയും "ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക" എന്ന ലാന (LANA ) രൂപം കൊള്ളുകയും ചെയ്‌തു . ഡോക്ടർ എം. എസ്.ടി.  നമ്പൂതിരി (പ്രസിഡണ്ട്), ജോസഫ് നമ്പിമഠം (സെക്രട്ടറി ), സി. എം. ചാക്കോ (ട്രഷറർ) എന്നിവർ ലാനയുടെ ഒന്നാമത്തെ കമ്മിറ്റിയായി സ്ഥാനമേൽക്കുകയും ചെയ്‌തു. രണ്ടു വർഷമായിരുന്നു കമ്മിറ്റിയുടെ കാലപരിധി. 

Vayanakkaran 2022-01-16 16:48:02
ലാനയുടെ പുതിയ ഭരണസമിതിക്ക് അഭിനന്ദനങ്ങൾ! നിങ്ങളുടെ കൂട്ടായ ചിന്തക്കായി ഒന്ന് രണ്ടു കാര്യങ്ങൾ പറയട്ടെ. കുറ്റപ്പെടുത്തുകയല്ല, ഇത് നന്നാകണമെന്ന്‌ ആത്മാർഥമായി ആഗ്രഹിക്കുന്നതുകൊണ്ട് പറയുകയാണ്. ആദ്യമായി ചോദിക്കട്ടെ ഈ സംഘന കൊണ്ട് ആർക്കെന്തു പ്രയോജനം? അമേരിക്കയിലെ മലയാളികളിൽ എഴുതുന്നവരെ കുറേക്കൂടി നന്നായി എഴുതുവാനോ പുതിയതായി ആരെയെങ്കിലും എഴുത്തിന്റെ മേഖലയിലേക്കു കൈപിടിച്ച് കൊണ്ടു വരാനോ എന്തെങ്കിലും ഈ സംഘടന ചെയ്യുന്നുണ്ടോ? കാലഹരണപ്പെട്ട ഫൊക്കാനാ ഭരണഘടയുടെ ചുവടുപിടിച്ചുണ്ടാക്കിയ വകുപ്പനുസരിച്ച്‌ അടുത്തതായി ആരൊക്കെയാണ് ഈ സംഘടനയെ മുന്നോട്ടു നയിക്കാൻ പോകുന്നത് എന്ന് നേരത്തെ തീരുമാനിച്ചിരിക്കുകയാണ്. അത് വ്യക്തിബന്ധങ്ങളുടെയും സ്വാധീനത്തിന്റെയും പേരിൽ മാത്രമാണ്. കാരണം ഇപ്പോൾ സെക്രട്ടറി ആയിരിക്കുന്നയാൾക്കു മാത്രമേ അടുത്ത പ്രസിഡന്റാകാൻ സാധിക്കൂ. ആദ്യം തന്നെ ഇപ്പോൾ ഓരോ സ്ഥാനത്തിരിക്കുന്നവർ അടുത്ത പ്രാവശ്യം പ്രൊമോഷൻ കിട്ടി മുകളിലേക്കു പൊകുന്ന പരിപാടി നിർത്തണം. മറ്റു കാര്യങ്ങൾ നോക്കുന്നതിലുപരി ഈ സംഘടനയുടെ ഭരണസമിതിയിലേക്കു തെരഞ്ഞെടുക്കപ്പെടുന്നവരുടെ സാഹിത്യ സംഭാവനകളും അവർ പ്രോത്സാഹിപ്പിക്കുന്ന ആശയരീതികളും വിഷയമാക്കണം. ഇവിടെയുള്ള എഴുത്തുകാരുടെ ശ്രദ്ധിക്കപ്പെടേണ്ട കൃതികൾക്കു പ്രചരണം നൽകണം. ആ ആളിനെ വ്യക്തിപരമായി ഒന്നു വിളിച്ചഭിനന്ദിക്കുക. അദ്ദേഹം ഈ സംഘടനയിൽ അംഗമല്ലെങ്കിൽ ആകാൻ പ്രേരിപ്പിക്കുക. പ്രാദേശിക സാഹിത്യ കൂട്ടായ്മകളിൽ ലാനയുടെ പ്രതിനിധികളെ ക്ഷണിക്കയും അദ്ദേഹം അവിടത്തെ പ്രവർത്തനങ്ങൾ നിരീക്ഷിക്കയും അവിടെ കണ്ട നല്ല ആശയങ്ങൾ മറ്റുള്ളവരെ അറിയിക്കുകയും ചെയ്യുന്നതു നന്നായിരിക്കും. സംഘടനക്ക് ആധികാരികമായി അംഗങ്ങളുടെ ഒരു ഡാറ്റാബേസ് ഉണ്ടായിരിക്കണം. മെമ്പർഷിപ്പിനു ഫീസായി ഒരു ചെറിയ തുക വയ്ക്കുകയും നിർബന്ധമായും അംഗങ്ങൾ അത് കൊടുത്തിരിക്കയും ചെയ്യണം. ലാനയുടെ സമ്മേളങ്ങൾക്കു കേരളത്തിൽ നിന്നും സാഹിത്യകാരന്മാരെ കൊണ്ടുവരുന്ന പരിപാടി നിർത്തണം. നിങ്ങൾ അവരെ കൊണ്ടുവരുമ്പോൾ ഇവിടെ നല്ല സാഹിത്യകാരനോ സാഹിത്യകാരിയോ ആയി ഒരാൾ പോലുമില്ല എന്നു സ്വയം പ്രഖ്യാപിക്കുകയാണ്. ഈ പതിവു മാറ്റി ഇവിടെയുള്ള നല്ല എഴുത്തുകാരെ മുഖ്യാതിഥിയായി ക്ഷണിക്കുക. വാർത്തക്ക് പ്രാധാന്യം നൽകുക. ലാനക്ക് ഒരു ത്രൈമാസിക വിഭാവനം ചെയ്യണം. അമേരിക്കയിലെ സാഹിത്യകാരന്മാരുടെ നല്ല രചനകളുൾക്കൊള്ളുന്ന ലേഖങ്ങളും കവിതകളും കഥകളും ഉൾപ്പെടുന്ന ഒരു സംരംഭം. ലാനയിലെ എല്ലാ അംഗങ്ങളും അതിൽ വരിക്കാരാകുക. അതിന്റെ വരിസംഖ്യ ഉൾപ്പടെയാകണം മെമ്പർഷിപ് ഫീ. ഇതിൽ വരുന്ന നല്ല ആശയങ്ങൾ പുതിയ എഴുത്തുകാർക്ക് പുതിയ ആശയങ്ങൾ നൽകുകയും എഴുത്തിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ലാനയുടെ ഭാരവാഹിത്വം ഏറ്റെടുക്കുന്നവർ സ്വയം ചിന്തിക്കണം, സംഘടനക്ക് വേണ്ടി എനിക്കെന്തു ചെയ്യാൻ സാധിക്കുമെന്ന്. വെറുതെ കുറെ വർഷങ്ങൾ ലാനയുടെ ഭാരവാഹി ആയിരുന്നു എന്നു മാത്രം പറയിക്കാനായി ആ സ്ഥാനം ഏറ്റെടുക്കാതിരിക്കുക. ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നവർക്ക് ഒരിക്കൽ കൂടി ആശംസകൾ!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക