ഓര്‍മ്മച്ചിന്തുകള്‍ (കവിത: അമ്പിളി ദിലീപ്)

Published on 16 January, 2022
ഓര്‍മ്മച്ചിന്തുകള്‍ (കവിത: അമ്പിളി ദിലീപ്)

എന്റെ ബാല്യത്തിന്റെ ഓര്‍മചിന്തുകള്‍ക്ക്
ഏകാന്തതയുടെ മടുപ്പിക്കുന്ന നിറമാണ്....
മീനവെയില്‍ ജ്വലിക്കുന്ന....
കൊയ്‌തൊഴിഞ്ഞ പാടവരമ്പിലൂടെ,
ഒറ്റയ്ക്ക് നടക്കുമ്പോഴുള്ള
വരണ്ട മണ്ണിന്റെ പൊള്ളല്‍...
ആകാശത്തെ ഇലത്തുമ്പ് തൊടാന്‍
ആയമിട്ടാടിയ, ഊഞ്ഞാല്‍
കയറുരഞ്ഞുപൊട്ടിയ,
കൈത്തണ്ടയിലെ നീറ്റല്‍...
അറിയാതെ ചവിട്ടിയ
ഉറമ്പിന്‍ പുറ്റുടഞ്ഞു....
ഉടലാകെ നോവായ് പടര്‍ന്ന
കട്ടുറുമ്പിന്റെ അമ്ലദംശനം...
മഴ മറന്ന മാനത്തൊറ്റയ്ക്ക് വന്ന
കാര്‍മുകിലിന്റെ കണ്ണേറേറ്റു
ഞട്ടറ്റുവീണ കണ്ണിമാങ്ങയുടെ
കടുംചവര്‍പ്പ്...
കാട്ടുപൊന്തയിലെ
പൂച്ചപ്പഴച്ചെടിയിലഴിഞ്ഞുവീണ
പാമ്പിന്‍തോലിന്റെ ഓര്‍മ്മപ്പെടുത്തല്‍.
നരച്ച ഇരുട്ടിലേക്ക് തുറന്നുവെച്ച
ഉറക്കമറ്റ കണ്ണുകള്‍ കണ്ടെത്തിയ
ഓലപ്പഴുതിലെ തേരട്ട നിഴലുകള്‍.
ഒളിച്ചുകളി കൂട്ടത്തില്‍ ഒരാളെയും
കണ്ടെത്താനാവാതെ ഒറ്റയ്ക്ക്
വിതുമ്പിപ്പോയ നിസ്സഹായത...
ആരാണ് പറഞ്ഞത്
ബാല്യത്തിന് ഏഴുനിറമെന്ന്?
കാണാത്ത മഴവില്ലും, അപ്പൂപ്പന്താടിയും
മയില്‍പ്പീലിയും, പിന്നൊരു
കൈക്കുമ്പിള്‍ നിറയെ മഞ്ചാടിയും...
കാത്തുവച്ചിനിയും
ഒരു ബാല്യമുണ്ടെങ്കില്‍ 
തിരിച്ചുപോകാമായിരുന്നു...
ഉണ്ടെങ്കില്‍ മാത്രം....

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക