കോവിഡ്: സംഗീത സംവിധായകനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് അന്തരിച്ചു

Published on 16 January, 2022
 കോവിഡ്: സംഗീത സംവിധായകനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് അന്തരിച്ചു

കോട്ടയം: സംഗീത സംവിധായകനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് (70) അന്തരിച്ചു. കോവിഡ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

 മലയാളത്തിലും തമിഴിലുമായി ഏകദേശം ആയിരത്തി അഞ്ഞൂറോളം ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. 'സ്വാമി സംഗീതമാലപിക്കും', 'എന്‍മനം പൊന്നമ്പലം', 'എല്ലാ ദുഃഖവും തീര്‍ത്തുതരൂ' തുടങ്ങിയ നിരവധി അയ്യപ്പ ഭക്തിഗാനങ്ങളിലൂടെ ശ്രോതാക്കള്‍ക്ക് സുപരിചിതനായി. 

കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം ആലപ്പി രംഗനാഥിന് സമ്മാനിച്ചത്. ശബരിമല സന്നിധാനത്ത് നടന്ന ചടങ്ങില്‍ ദേവസ്വം മന്ത്രിയില്‍ നിന്ന് പ്രശസ്തി പത്രം അടങ്ങിയ പുരസ്‌കാരം ഏറ്റുവാങ്ങി. ഇതിനു പിന്നാലെയാണ് കോവിഡ് ബാധിതനായ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

 മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരു പിടി ഭക്തിഗാനങ്ങള്‍ക്ക് പുറമേ നാടക - ചലച്ചിത്ര മേഖലയിലെ സംഗീത ഗാന ശാഖയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകളുമാണ് ആലപ്പി രംഗനാഥിനെ ഹരിവരാസനം പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക