ഫൊക്കാനക്ക്  വനിതകളുടെ നേതൃത്വം വരും: പ്രശസ്ത കലാകാരി ഡോ. കല ഷഹി  ജനറൽ സെക്രെട്ടറി സ്ഥാനാർഥി 

ഫ്രാൻസിസ് തടത്തിൽ Published on 16 January, 2022
ഫൊക്കാനക്ക്  വനിതകളുടെ നേതൃത്വം വരും: പ്രശസ്ത കലാകാരി ഡോ. കല ഷഹി  ജനറൽ സെക്രെട്ടറി സ്ഥാനാർഥി 

ന്യൂജേഴ്സി: ഫൊക്കാനയുടെ 2022 -2024  വർഷത്തെ ജനറൽ സെക്രെട്ടറി ആയി പ്രശസ്‌ത നർത്തകിയും കലാ- സംസ്‌കാരിക പ്രവർത്തകയുമായ ഡോ. കലാ ഷഹി മത്സരിക്കുന്നു. ലീല മാരേട്ട് നേതൃത്വം നൽകുന്ന ടീമിൽ നിന്നാണ് ഡോ. കല മത്സരരംഗത്തുള്ളത്. ഫൊക്കാനയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് പ്രധാന സ്ഥാനങ്ങളായ പ്രസിഡണ്ട്, ജനറൽ സെക്രട്ടറി പദവികളിലേക്ക് സ്ത്രീകൾ കടന്നു വരുന്നത്. ഇവർ തെരഞ്ഞെടുക്കപ്പെട്ടാൽ അമേരിക്കയിലെ മലയാളികളുടെ സംഘടനകളുടെ സംഘടനകളിൽ ആദ്യമായിട്ടായിരിക്കും വനിതകൾ ഫൊക്കാനയുടെ ഭരണത്തിന്റെ വളയം നിയന്ത്രിക്കുക.

ഫൊക്കാനയുടെ ഇപ്പോഴത്തെ ഭരണ സമിതിയിൽ വിമൻസ് ഫോറം ചെയർപേഴ്സൺ ആയി പ്രവർത്തിച്ചുവരുന്ന ഡോ.കല ഷഹിയുടെ നേതൃത്വത്തിൽ സ്ത്രീ ശാക്തീകരണ രംഗത്ത് വിപ്ലവകരമായ നേട്ടങ്ങളാണ് കൈവരിച്ചിട്ടുള്ളത്. ഫൊക്കാനയിൽ ഇന്നു വരെ കണ്ടിട്ടില്ലാത്ത ഒട്ടേറെ മാറ്റങ്ങൾക്ക് നാന്ദി കുറിക്കാൻ കലയുടെ നേതൃത്വത്തിലുള്ള വിമൻസ് ഫോറത്തിനു കഴിഞ്ഞു. സ്ത്രീ ശാക്തീകരണത്തിലൂന്നിക്കൊണ്ട് കലയും മറ്റു വിമൻസ് ഫോറം പ്രവവർത്തകരും നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഫൊക്കാനയുടെ ഇത്തവണത്തെ പ്രധാന പ്രവർത്തനങ്ങളിൽ ഒന്നായി മാറിയിരുന്നു.

പ്രമുഖ മജീഷ്യനും മോട്ടിവേഷണൽ സ്പീക്കറും  ജീവകാരുണ്യ പ്രവർത്തകനുമായ പ്രൊഫ. ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ തിരുവന്തപുരം കഴക്കൂട്ടത്തുള്ള മാജിക്ക് അക്കാഡമിയിലെ ഭിന്ന ശേഷിയുള്ള കുട്ടികളുടെ അമ്മമാർക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനായി രൂപം കൊണ്ട കരിസ്മ എന്ന പദ്ധതി ഏറ്റെടുത്തുകൊണ്ടാണ് കലയുടെ നേതൃത്വത്തിലുള്ള വിമൻസ് ഫോറം പ്രവർത്തനം ആരംഭിച്ചതു തന്നെ. സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന കുടുംബത്തിൽ നിന്നുള്ളവരാണ് പ്രഫ.മുതുകാടിന്റെ സംരക്ഷണത്തിൽ കഴിയുന്ന ഭിന്നശേഷിക്കാരായ കുട്ടികൾ.  നൂറിലധികം വരുന്ന അവരുടെ  അമ്മമാർക്ക് ഒരു വരുമാനത്തിനുള്ള ഒരു പദ്ധതിയായിട്ടാണ് കരിസ്മ എന്ന പദ്ധിതി ആരംഭിച്ചതും അതിനു വേണ്ട സാമ്പത്തിക ബാധ്യതകൾ ഫൊക്കാന വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഏറ്റെടുക്കുകയും ചെയ്തത്. ജോർജി വർഗീസ് ടീം ചുമതലയേറ്റ ശേഷം ആദ്യത്തെ മെഗാ പദ്ധതിയായിരുന്നു ഇത്.

വിമൻസ് ഫോറം ചെയർപേഴ്സൺ ആയി ഡോ. കല ഷഹി ചുമതലയേറ്റശേഷം ഫൊക്കാന വിമൻസ് ഫോറത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിക്കുന്ന പ്രവർത്തനങ്ങളാണ് നടപ്പിൽ വരുത്തിയത്. 150ൽപരം അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ഫൊക്കാന വിമൻസ് ഫോറം നാഷണൽ കമ്മിറ്റി ഒരു മെഘാ കമ്മിറ്റിയായി വിപുലീകരിച്ചതാണ് മറ്റൊരു ചരിത്ര സംഭവം. വിവിധ റീജിയനുകളിൽ കമ്മിറ്റികൾ രൂപീകരിച്ചതിനു പുറമെ അന്താരാഷ്ട്ര തലത്തിൽ ഫൊക്കാന വിമൻസ് ഫോറത്തെ വളർത്തിക്കൊണ്ടു വരുന്നതിന്റെ ഭാഗമായി ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രഗത്ഭരായ വനിതാ  നേതാക്കളെ ഉൾപ്പെടുത്തിക്കൊണ്ട് ഫൊക്കാന ഇന്റർനാഷണൽ വിമൻസ് ഫോറവും രൂപീകരിച്ചു.

വാക്കിലും പ്രവർത്തിയിലും പൂർണമായും സത്യസന്ധത പുലർത്തുന്ന കല  സ്വന്തം പേരിനെപ്പോലെ തന്നെ സ്വന്തം ജീവിതത്തിലും കലയുടെ മൂർത്തീഭാവമാണ്.  ഒരു ഡോക്ടർ എന്ന നിലയിൽ തന്റെ കർത്തവ്യങ്ങൾ നൂറു ശതമാനം നിറവേറ്റുമ്പോഴും വിവിധ നൃത്തകലകളുടെ  പ്രോത്സാഹനത്തിനും അവതരണത്തിനും ജീവിതം ഉഴിഞ്ഞു വച്ച വ്യക്തിയാണ്. കലയെ ജീവിതത്തിൽ അത്രമേൽ പ്രണയിച്ച വനിതയാണ് പേരിനെപ്പോലെ തന്നെ കർമ്മമണ്ഡലമായ കലയെയും അന്യർത്ഥമാക്കിയ ഈ അപൂർവ കലാകാരിയായ ഡോ. കല എന്ന മനുഷ്യ സ്‌നേഹി. ജീവിതത്തിൽ പല പ്രതിസന്ധികളിലൂടെയും കടന്നുപോയ ഡോ. കല അവയെല്ലാം തന്റെ നിശയദാർഢ്യംകൊണ്ട് പൂച്ചെണ്ടുകളാക്കി മാറ്റി.

 ഇന്റർനാഷണൽ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ നിന്ന് മെഡിസിൻ ബിരുദമെടുത്ത ഡോ.കല ഷഹി വാഷിംഗ്ടൺ ഡി.സി , മെരിലാൻഡ് മേഖലകളിൽ ഇന്റെർണൽ മെഡിസിനിൽ  രണ്ടു ക്ലിനിക്കുകൾ നടത്തി വരികയാണ് ഇപ്പോൾ. ഇതിനിടെ പബ്‌ളിക്ക് ഹെൽത്തിലും ഹെൽത്ത് കെയർ അഡ്മിനിസ്ട്രേഷനിലും  ഡോക്ടറേറ്റും കരസ്ഥമാക്കി. കോവിഡ് തുടങ്ങിയ കാലത്ത് രണ്ട് ക്ലിനിക്കുകളും നൂറുകണക്കിന് കോവിഡ് രോഗികളെ ചികിൽസിക്കാൻ രാത്രി വൈകി വരെ സമയം ചെലവഴിച്ച ഡോ. കലയ്ക്ക് കോവിഡ് വന്നു ദീർഘകാലം ചിൽകിത്സയിൽ കഴിയേണ്ടി വന്നു. ഇതിൽനിന്നുമെല്ലാം കല കരകയറിയത് കലയും ദൈവവും തമ്മിലുള്ള ഇഴപിരിഞ്ഞ ബന്ധംകൊണ്ട് മാത്രമാണെന്ന്  ഡോ. കല വിശ്വസിക്കുന്നു.  

 അമേരിക്കയിലെ അറിയപ്പെടുന്ന കലാകാരിയായ  ഡോ. കലാ ഷഹി  നര്‍ത്തകി, നൃത്താധ്യാപിക, ഡാൻസ് കൊറിയോഗ്രാഫർ, ഗായിക, സംഘാടക, സന്നദ്ധ പ്രവർത്തക തുടങ്ങിയ നിരവധി തലങ്ങളിൽ വാഷിംഗ്ടൺ ഡി.സി മേഖലയ്ക്കപ്പുറം അമേരിക്കയിലുടനീളം അറിയപ്പെടുന്നകലാകാരിയായി വളർന്നു. നിരവധി വേദികളിൽ പല വിധകലാരൂപങ്ങളിൽ  അരങ്ങിലും അരൊങ്ങൊരുക്കുന്നതിലും കഴിവ് തെളിയിച്ച കല  ഫൊക്കാന ഉള്‍പ്പെടെയുള്ള സംഘടനകള്‍ നടത്തുന്ന പരിപാടികള്‍ക്ക് മാറ്റുകൂട്ടാന്‍ മുമ്പിൽ നിന്ന് നയിച്ചിട്ടുണ്ട്. ഫൊക്കാന വിമെൻസ് ഫോറത്തിന്റെ അരങ്ങത്ത് നിന്നുകൊണ്ട് ശ്രദ്ധേയമായ ഒട്ടനവധി പരിപാടികൾ  വിഭാവനം ചെയ്‌തു അവ നടപ്പിൽ വരുത്തിയ കല വിമൻസ് ഫോറത്തിന്  ഒരു പുതിയ ദിശാബോധം തന്നെ നൽകി.

കുട്ടിക്കാലം മുതല്‍ക്കേ നൃത്തത്തില്‍ താല്‍പ്പര്യം കാണിച്ച കലാ ഷാഹി മൂന്നാം വയസ്സില്‍ പ്രമുഖ കലാകാരനായ സ്വന്തം പിതാവ് ഗുരു ഇടപ്പള്ളി അശോക് രാജില്‍ നിന്നും നൃത്തമഭ്യസിച്ചു. ശേഷം പ്രശസ്ത ഗുരുക്കന്മാരായ കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ, സേലം രാജരത്‌നം പിള്ള എന്നിവരില്‍ നിന്നും മോഹിനിയാട്ടം, കഥക്, ഭരതനാട്യം കുച്ചുപ്പുടി  തുടങ്ങിയവ അഭ്യസിച്ചു. കൂടാതെ നാടോടി നൃത്തത്തെ അങ്ങേയറ്റം പ്രണയിച്ച കല വിവിധ വേദികളിൽ വ്യത്യസ്തമായ നാടോടി നൃത്തങ്ങൾ കൊറിയോഗ്രാഫി ചെയ്ത് അവതരിപ്പിക്കുയും ചെയ്തു. അഖിലേന്ത്യാ തലത്തില്‍ നൃത്ത പര്യടനവും നടത്തി. പിന്നീട് മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയെങ്കിലും  കലയോടും കലാരംഗത്തോടും ഒപ്പം തന്നെ നിൽക്കുകയാണ് കല ചെയ്തത്.

ഫൊക്കാനയുടെ ഫിലാഡല്‍ഫിയ, ആല്‍ബനി കണ്‍വെന്‍ഷനുകളുടെ എന്റര്‍ടൈന്‍മെന്റ് കോര്‍ഡിനേറ്ററായും കേരള കള്‍ച്ചറല്‍ സൊസൈറ്റി പ്രോഗ്രാമിന്റെ കോര്‍ഡിനേറ്ററായും തിളങ്ങിയ കല  കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണ്‍ എന്റര്‍ടൈന്‍മെന്റ് ചെയര്‍, തുടങ്ങിയ  നിലകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. വാഷിംഗ്‌ടൺ ഡി.സി. മേഖലകളിലെ നിരവധി നർത്തകരെ നൃത്തം അഭ്യസിച്ചത്  കല ഡയറക്ടർ ആയ കലാഞ്ജലി സ്കൂൾ ഓഫ് ഡാൻസിൽ നിന്നാണ് . 150പരം ആർട്ടിസ്റ്റുകളെ ഉൾപ്പെടുത്തി മഹാബലി,  ശ്രീകൃഷ്ണ, മംഗല്യ തിലകം, വെറോണിക്ക ഡാൻസ് ഡ്രാമ എന്ന കലാരൂപം കലയുടെ നേതൃത്വത്തിൽ കൊറിയോഗ്രാഫി  ചെയ്ത് ഡി.സി. മെട്രോപൊളിറ്റൻ- ന്യൂയോർക്ക് മേഖല അവതരിപ്പിക്കുകയും ചെയ്തിരുന്നു. കൂടതെ മിഡ്‌ലി ഈസ്റ്റിൽ പല വേദികളിലും  ഈ കലാരൂപം അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചതും ഒരു വലിയ നേട്ടമായി കാണുന്നതായി കല പറയുന്നു.

മഹാകവി ചെങ്ങമ്പുഴയുടെ സ്മരണകൾ ഉറങ്ങുന്ന ഇടപ്പളിയിലെ ചെങ്ങമ്പുഴ പാർക്കിനു സമീപത്താണ്‌ കല ജനിച്ചു വളർന്നത്. അനശ്വര കലാകാരനായ പിതാവ് ഇടപ്പള്ളി അശോക് രാജിൽ നിന്ന്  പൈതൃകമായി ലഭിച്ച കലകൾ അഭ്യസിച്ചുകൊണ്ടാണ് കല തന്റെ കലാജീവിതം ആരംഭിച്ചത്. പിതാവിൽ നിന്ന് നൃത്തം അഭ്യസിക്കാൻ എത്തുന്നവരെക്കൊണ്ട് വീട്ടിൽ എന്നും തിരക്കായിരുന്നു. കലയോടുള്ള അടങ്ങാത്ത അഭിവാഞ്ജയാണ്  പിതാവ് ഇടപ്പള്ളി അശോക് രാജ് മകൾ ജനിച്ചപ്പോൾ കല എന്ന പേരു നൽകാൻ തീരുമാനിച്ചത്. പിതാവിന്റെ ആഗ്രഹം നൂറു ശതമാനം സാക്ഷാത്കരിക്കാൻ കലയ്ക്ക് കഴിഞ്ഞുവെന്നത് ചരിത്രത്തിന്റെ മറ്റൊരു സാക്ഷ്യപത്രം.

 കേരള ഹിന്ദു സൊസൈറ്റി, ഫെഡറേഷൻ ഓഫ് ശ്രീനാരായണ അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക  (FSNONA) അഡിക്ഷൻ സെന്റർ ന ( BHARAT USA) തുടങ്ങി നിരവധി പ്രാദേശിക, ദേശീയ, അന്തരാഷ്ട്ര തലങ്ങളിലുള്ള സംഘടനകളിൽ സജീവ പ്രവര്‍ത്തകയുമാണ് ഡോ. കല ഷഹി. ഫസ്റ്റ് ക്ലിനിക്  ഫാമിലി പ്രാക്ടീസ് (First Clinic family practice) സ്ഥാപകയും സി.ഇ.ഒയുമാണ്. വാഷിംഗ്‌ടൺ ഡി.സി.യിലെ സെക്കൻഡ് ചാൻസ്  അഡിക്ഷൻ സെന്റരറിന്റെ  (Second chance addiction center) മെഡിക്കൽ ഡയറക്ടർ, മെരിലാൻഡ്- വാഷിംഗ്‌ടൺ ഡി.സി മേഖലയിലുള്ള സെന്റർ ഫോർ ബിഹേവിയറൽ ഹെൽത്തിന്റെ ( Center for Behavior Health) റിസർച്ച് കോർഡിനേറ്റർ തുടങ്ങിയ പദവികളും അലങ്കരിക്കുന്നു. ബിഹേവിയറൽ ഹെൽത്ത് ആൻഡ് അഡിക്ഷൻ മാനേജ്മെന്റിൽ  പ്രത്യേക പരിശീലനം നേടിയിട്ടുള്ള ഡോ.കല ഈ മെഖലയിൽ ഒട്ടേറെ പ്രവർത്തനങ്ങൾ നിർവഹിച്ചിട്ടുണ്ട്. കോസ്മിറ്റോളജിയിൽ ലേസർ ഹെയർ റിമൂവൽ ബോട്ടെക്സ് ( laser hair removal botox in cosmetology) എന്ന aesrtic medicine ശാഖയിലും പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്. 
 
ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന 'താങ്ങും തണലും'  എന്ന പദ്ധതി, സൊളൈസ് (SOLACE)  സംഘടനകൾക്ക് വേണ്ടി നിരവധി ധനസമാഹാര പ്രവർത്തനങ്ങൾക്കും  കല നേതൃത്വം നൽകിയിട്ടുണ്ട്. അടുത്തയിടെ ഭാരത് യു.എസ്. എ ആഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ വുമൺ ഐക്കൺ അവാർഡും കലയെ തേടി എത്തിയിരുന്നു. കല-സാംസ്‌കാരിക- ആതുരസേവന രംഗങ്ങളിൽ നൽകിയ സമഗ്ര സംഭാവനകൾ മാനിച്ചായിരുന്നു ഈ അവാർഡ്. കൂടാതെ മറ്റു നിരവധി പുരസകരങ്ങളും നേടിയിട്ടുള്ള കല നൃത്തത്തിനു പുറമെ സംഗീതം, നാടകം, പെൻസിൽ സ്കെച്ച് , പെയിന്റിംഗ്,  ക്ലേ മോഡലിംഗ്, ന്യൂസ് ആങ്കറിംഗ് , പ്രോഗ്രാം ആങ്കറിംഗ് തുടങ്ങിയ വിവിധ മേഖളകിലും മികവ് തെളിയിച്ചിട്ടുണ്ട്. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക